ലൈഫ് @ 40
ലൈഫ് @ 40
Wednesday, May 22, 2019 3:08 PM IST
നമ്മുടെ സംഭാഷണത്തില്‍ വില്ലനായി കടന്നുവരുന്ന ഒരു കാര്യമാണ് പ്രായം മുന്നോട്ടു നീങ്ങുന്നു എന്ന യാഥാര്‍ഥ്യം. ഓരോ ജന്മദിനാഘോഷത്തിന്റെയും ഇടയിലെ നെടുവീര്‍പ്പുകളാണ് പ്രായത്തിന്റെ അക്കസൂചി മുന്നോട്ടു കയറി എന്ന വസ്തുത. വരാനിരിക്കുന്ന സമയങ്ങളിലെ വിരസതയും സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളുമൊക്കെ ഈ ആകുലതകളെ ശരിവയ്ക്കുന്നു. ദാമ്പത്യബന്ധത്തിലും പ്രായം ഒരു വില്ലനായി കടന്നുകയറാറുണ്ട്. പ്രായം ഏതാണ്ട് നാല്പതാവുമ്പോഴേക്കും ഒരു മനുഷ്യായുസിന്റെ പകുതിയിലധികം താണ്ടിയെന്നും ഇനി വരാനുള്ള കാലങ്ങള്‍ അത്രകണ്ട് നിലവാരമില്ലാത്തതാണെന്നും ധരിക്കുകയാണു പതിവ്. കൗതുകവും ഉല്ലാസവും വിനോദവും നഷ്ടസ്വപ്‌നങ്ങളായി കാണാന്‍ നമ്മള്‍ പ്രേരിപ്പിക്കപ്പെടുന്നു. കൗമാരപ്രായത്തിലെത്തിയ കുട്ടികളുടെ പഠനവും കുടുംബത്തിന്റെ സാമ്പത്തികഭദ്രതയുടെ സംഘര്‍ഷവും പല ദാമ്പത്യബന്ധത്തിലും ആവശ്യമില്ലാത്ത ഒരു അകല്‍ച്ച സൃഷ്ടിക്കുന്നു.

മിക്കവാറും ദമ്പതികള്‍ ഉദ്യോഗസ്ഥരാകയാല്‍ വീടും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കാന്‍ ബദ്ധപ്പെടുന്നവരായിരിക്കും. ഇതിനിടയില്‍ കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെയും കാര്യങ്ങള്‍ ശ്രദ്ധിച്ചുവരുമ്പോള്‍ മറന്നുപോകുന്ന റോളുകള്‍ ഭാര്യയുടെയും ഭര്‍ത്താവിന്‍േറതുമായിരിക്കും.


നാല്പതുകള്‍ ഉല്ലാസമാക്കാം

എന്തുവിലകൊടുത്തും ഒരു ക്വാളിറ്റി ടൈം നമ്മള്‍ കുടുംബത്തിനായി മാറ്റിവയ്ക്കുക. ദമ്പതികള്‍ തങ്ങള്‍ ക്കു മാത്രമായി നിത്യേന കുറെ സമയമെങ്കിലും നീക്കിവയ്ക്കണം. രണ്ടുപേരും ഒരുപോലെ ആസ്വദിക്കുന്ന ഒരു വിനോദത്തിന് ഇതു പ്രയോജനപ്പെടുത്താം. കൃഷിയിലോ ചെടികള്‍ നനയ്ക്കുന്നതിലോ വളര്‍ത്തുമൃഗങ്ങളുടെ പരിചരണത്തിലോ ആകാം ഈ സമയം. നിത്യേനയുള്ള വ്യായാമവും ഒരുമിച്ചു ചെയ്യുന്നെങ്കില്‍ ഏറ്റവും മെച്ചം. ശാരീരികാരോഗ്യത്തോടൊപ്പം മാനസിക ഐക്യം ഉറപ്പിക്കാന്‍ ഇത് ഉതകും.

യാത്രയുടെ പ്രസക്തി

ഏതാനും മാസം കൂടുമ്പോള്‍ കുടുംബവുമൊന്നിച്ചു നടത്തുന്ന യാത്രകളും അതു നല്‍കുന്ന പുതിയ ജീവിതാനുഭവങ്ങളും മധ്യവയസിലെ മുരടിപ്പ് കുറയ്ക്കാന്‍ സഹായിക്കും. ദൈനംദിന ജീവിതത്തിന്റെ വിരസ തയില്‍നിന്നും ഉത്തരവാദിത്വങ്ങളുടെ മടുപ്പിക്കുന്ന കെട്ടുപാടുകളില്‍നിന്നും ഓടിയൊളിക്കാന്‍ യാത്രകള്‍ നമ്മളെ സഹായിക്കും. കുടുംബത്തിലെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും.

ഡോ.നമിത. എം ദാസ്
സീനിയര്‍ സ്‌പെഷലിസ്റ്റ് സൈക്യാട്രിസ്റ്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം