ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം
നിതിന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. പരീക്ഷ കഴിഞ്ഞതോടെ ഇപ്പോള്‍ പഠിക്കുന്ന സ്‌കൂള്‍ മാറാനുള്ള ഒരുക്കത്തിലാണ്. അതിനു പല കാരണങ്ങളും ഉണ്ട്. ടീച്ചര്‍ പ്രോജക്ട് എഴുതാന്‍ പറഞ്ഞിട്ട് അവസാന ദിവസം കഴിഞ്ഞിട്ടും എഴുതിയില്ല. ചോദ്യംചെയ്തപ്പോള്‍, അത് എനിക്കു പ്രധാനപ്പെട്ട കാര്യമായി തോന്നാത്തതുകൊണ്ട് എഴുതിയില്ല എന്നായിരുന്നു മറുപടി. അന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി താക്കീതു ചെയ്ത് പറഞ്ഞയച്ചതാണ്.

കൂട്ട് മൊബൈലിനോട്

സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയാല്‍ ജിതിന്‍ മുഴുവന്‍ സമയവും മൊബൈലിലായിരിക്കും. പാതിരാത്രിവരെ മുറിയില്‍നിന്നു അട്ടഹാസവും ചീത്തവിളിയും കേള്‍ക്കാം. വിവിധ സ്ഥലങ്ങളിലുള്ള കൂട്ടുകാരുമായി (അതില്‍ ആണും പെണ്ണുമുണ്ട്) ഫോണിലൂടെ ഗെയിംകളിക്കലാണ് അവന്റെ വിനോദം. രാത്രിയില്‍ ഉച്ചത്തിലുള്ള അട്ടഹാസം കേട്ട് വീട്ടിലുള്ളവര്‍ പലപ്പോഴും ഞെട്ടിയുണരാറുണ്ട്. അതേപ്പറ്റി പറയുമ്പോള്‍ ഇതൊക്കെ എല്ലാ വീട്ടിലെയും കുട്ടികള്‍ ചെയ്യുന്നതാണെന്നായിരുന്നു അവന്റെ മറുപടി. ഇതൊന്നും കേള്‍ക്കാതിരിക്കാന്‍ കതക് നന്നായി അടച്ചാല്‍ മതിയെന്നു ധിക്കാരത്തോടെ അവന്‍ പറയും. അമ്മയുടെ അമ്മ അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുന്നതു കാണാന്‍ വീട്ടില്‍നിന്ന് എല്ലാവരും പോയി. എന്നാല്‍ ജിതിന്‍ മാത്രം അതില്‍നിന്നു വിട്ടുനിന്നതില്‍ എല്ലാവര്‍ക്കും അമര്‍ഷവും ദേഷ്യവുമുണ്ടായി. അതൊന്നും ജിതിന്‍ കാര്യമായെടുത്തില്ല. അ പള്ളിപ്പെരുന്നാളിന് പോകണമെന്ന് നിര്‍ബന്ധംപിടിച്ചപ്പോള്‍ രാത്രിയിലെ പരിപാടികള്‍ക്ക് ജിതിന്‍ അമ്മയ്ക്കു കൂട്ടുപോയി. പ്രദക്ഷിണം പള്ളിയിലെത്തി സമാപനപ്രാര്‍ഥന നടന്നുകൊണ്ടിരിക്കുമ്പോള്‍ ജിതിന്‍ വൈദികമന്ദിരത്തിന്റെ വരാന്തയിലിരുന്ന് മൊബൈല്‍ കുത്തുന്നത് ഒരു വൈദികന്‍ കണ്ടു. ഉപദേശിക്കാനൊരുമ്പെട്ടപ്പോള്‍ അവന്‍ അദ്ദേഹത്തോടു കയര്‍ത്തു സംസാരിച്ചെന്ന് പിന്നീട് വൈദികന്‍ മാതാപിതാക്കളോടു പരാതിപ്പെട്ടു. വിദേശത്തായിരുന്ന മാതൃസഹോദരന്‍ വളരെക്കാലത്തിനുശേഷം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഗെയിമില്‍ ലയിച്ചിരുന്ന ജിതിന്‍ മുറിക്കു പുറത്തുവരാന്‍പോലും കൂട്ടാക്കിയില്ല. ജിതിന്റെ ഗെയിം കളിക്കാരായ കൂട്ടുകാരെല്ലാവരും വര്‍ഷാരംഭത്തില്‍ മറ്റൊരു സ്‌കൂളിലേക്കു മാറിയപ്പോള്‍ ജിതിനും മാറാന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും സാമ്പത്തികപ്രശ്‌നങ്ങളും മറ്റു കാരണങ്ങളാലും മാതാപിതാക്കള്‍ അനുവദിച്ചില്ല. അന്നുതൊട്ട് ജിതിന്‍ പഠനകാര്യങ്ങളില്‍ പിന്നോക്കംപോകാനും എതിര്‍വാക്കുകള്‍ പറയാനും തുടങ്ങി.

കൃഷിക്കാരനായ അപ്പന്‍ തൊടിയിലേക്കിറങ്ങി എന്തെങ്കിലും ഒരു സഹായം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ കേ ട്ടഭാവം നടിക്കില്ല. മുറ്റത്തെ മാവിന്‍ചുവട്ടില്‍ നിന്ന് ബക്കറ്റ് എടുത്തുകൊണ്ടു വരാന്‍ അമ്മ പറഞ്ഞപ്പോള്‍ എവിടെയാണ് മാവ് നില്‍ക്കുന്നതെന്ന് ജിതിന്‍ ചോദിച്ചപ്പോള്‍ ധിക്കാരം പറയുകയാണെന്നു കരുതി അമ്മ കലിതുള്ളി. സത്യത്തില്‍ മാവ് എവിടെയാണ് നില്‍ക്കുന്നതെന്ന് ജിതിന് അറിയില്ലായിരുന്നു. കാരണം ജിതിന്‍ പുറത്തിറങ്ങിയാലുടന്‍ വാഹനത്തില്‍ കയറി സ്ഥലംവിടുന്ന പതിവാണുണ്ടായിരുന്നത്. വീട്ടുകാര്‍ മറ്റൊന്നും ചെയ്യാന്‍ ജിതിനെ ഏല്‍പ്പിച്ചിരുന്നുമില്ല. ഈയിടെ തലവേദന വര്‍ധിച്ചപ്പോള്‍ കണ്ണ് ടെസ്റ്റ് ചെയ്ത് കണ്ണട വയ്ക്കുകയും ചെയ്തു. തുടര്‍ച്ചയായ തുമ്മലും ജലദോഷവും ജിതിനെയും മാതാപിതാക്കളെയും അസ്വസ്ഥമാക്കുന്നു.

ചെറുപ്പത്തില്‍ തന്നെ കുട്ടികളെ വീട്ടിലെ പൊതുവായ ജോലികളില്‍ പങ്കാളികളാക്കി കൂട്ടുത്തരവാദിത്വത്തിന്റെയും വ്യക്തിപരമായ കടമകളുടെയും ബോധം അവരില്‍ ജനിപ്പിക്കണം. പ്രകൃതിയുമായും സഹപാഠികളുമായും സമൂഹവുമായും ബന്ധപ്പെടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം. വീട്ടുജോലികള്‍ ഉള്‍പ്പെടുന്ന കൃത്യമായ ടൈംടേബിളുകള്‍ക്കനുസരിച്ച് ജീവിക്കാന്‍ (കുടുംബ പ്രാര്‍ഥനയുള്‍പ്പെടെ) പരിശീലനം നല്‍കാന്‍ മാതാപിതാക്കള്‍ പ്രതിജ്ഞാബന്ധരാകണം. ആധുനിക മാധ്യമങ്ങള്‍ക്ക് ഉചിതമായ പ്രാധാന്യം മാത്രം കൊടുത്ത് ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ മാതൃകയാകണം. ഉത്തരവാദിത്വം ശീലിയ്ക്കുന്നവര്‍ ലക്ഷ്യബോധത്തില്‍ വളരും. ആവശ്യമുള്ളവയെയും ഇല്ലാത്തവയെയും തിരിച്ചറിഞ്ഞ് അവര്‍ ജീവിക്കും.

പഴയ കാലത്തിന്റെ ഓര്‍മയിലേക്ക്

വളരെക്കാലം പല യൂറോപ്യന്‍ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ച് നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ എന്റെ ഒരു വൈദിക സുഹൃത്തിനോട് വിദേശവര്‍ത്തമാനം അറിയാനുള്ള കൗതുകത്തോടെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദപ്രദമായ അനുഭവം പങ്കുവയ്ക്കാമോ എന്ന് ഞാന്‍ ചോദിച്ചു. തീര്‍ച്ചയായും, കുളിര്‍മനല്‍കുന്ന പാശ്ചാത്യരാജ്യാനുഭവം അദ്ദേഹം വിവരിക്കും എന്ന് ഞാന്‍ ഉറപ്പിച്ച് അദ്ദേഹത്തെ നോക്കിയിരുന്നു. ഒരു പുഞ്ചിരിയോടെ അദ്ദേഹം ഒരു മറുചോദ്യം ചോദിച്ചു. യൂറോപ്യന്‍ അനുഭവങ്ങളാണോ ജീവിതത്തിലെ സന്തോഷപ്രദമായ അനുഭവങ്ങളാണോ വേണ്ടത്? ഞാന്‍ ചോദിച്ചു. രണ്ടും യൂറോപ്പില്‍തന്നെയല്ലേ? അല്ല. അദ്ദേഹം ഒന്നു നിവര്‍ന്നിരുന്നി് വിവരണം ആരംഭിച്ചു.

എന്റെ വീട്ടില്‍നിന്ന് ഏതാണ്ട് നാലു കിലോമീറ്ററോളം അകലെയാണ് സ്‌കൂള്‍. നേര്‍പാതകളിലൂടെ നടന്നാല്‍ ദൂരം കൂടും. അതുകൊണ്ട് ഞങ്ങള്‍ കുന്നുകള്‍ കയറിയും തോടുകള്‍ കടന്നും കയ്യാലകള്‍ ചാടിക്കയറിയുമൊക്കെയായിരുന്നു യാത്ര. സ്‌കൂളിലേക്കു പോകുമ്പോള്‍ നല്ല മാമ്പഴമുള്ള മാവുകളും ചാമ്പങ്ങ നിറഞ്ഞുനില്‍ക്കുന്ന ചാമ്പയും ഫലമേന്തിനില്‍ക്കുന്ന പേരകളും ഒക്കെ നോക്കിവയ്ക്കും. ഏതൊക്കെ വീട്ടിലെ ആളുകള്‍ പേരയ്ക്കാ പറിച്ചാല്‍ വഴക്കുണ്ടാക്കുമെന്നും ആരുടെയൊക്കെ വീട്ടില്‍ പട്ടിയുണ്ടെന്നും മനഃപാഠമാക്കും. അത്യാവശ്യത്തിന് ഓടി രക്ഷപ്പെടേണ്ടിവന്നാല്‍ കിണറുകളും കുഴികളുമില്ലാത്ത വഴികളും മനസില്‍ കണ്ടുവയ്ക്കും. മാവിലെറിയാനുള്ള കല്ലുകള്‍ എവിടെയൊക്കെയുണ്ടെന്നു മനസിലാക്കും. കൂട്ടംകൂട്ടമായാണ് യാത്ര. ചിലപ്പോള്‍ ഇതിനിടെ വീണ് പരിക്കുപറ്റും. ഇന്നത്തെ കുട്ടികളെപ്പോലെ വീട്ടിലേക്കു ഫോണ്‍ ചെയ്ത് വാഹനം വരുത്തി ആഘോഷമായി ആശുപത്രിയിലെത്തി ടിടിയും ഡ്രസിംഗും ഒന്നും സാധാരണക്കാര്‍ ചെയ്തിരുന്നില്ല. കൂട്ടുകാര്‍തന്നെ വെള്ളമൊഴിച്ച് കഴുകി വേനല്‍പ്പച്ചയോ കമ്യൂണിസ്റ്റ് പച്ചയോ കൈകൊണ്ട് ചതച്ച് മുറിവില്‍ ചേര്‍ത്തുവയ്ക്കും. ഒരിക്കല്‍ ഒരു കൂട്ടുകാരന്റെ മൂക്കിലൂടെ രക്തം വന്നയുടന്‍ മറ്റുള്ളവര്‍ പാണലിന്റെ ഇല ചതച്ച് മണപ്പിച്ച് കൈയിലുള്ള തൂവാല നനച്ച് മൂക്കിനു മുകളിലിട്ടു. എല്ലാവരും കുറച്ചു സമയം ചുറ്റും കുശലംപറഞ്ഞ് കുത്തിയിരുന്നു. രക്തം വരവ് നിലച്ചപ്പോള്‍ പതുക്കെ സ്‌കൂളിലേക്കു പോകുകയും ചെയ്തത് ഓര്‍ക്കുമ്പോള്‍ അന്നത്തെ കുട്ടികളുടെ കാര്യക്ഷമതയും സ്വാശ്രയബോധവും എത്രത്തോളമായിരുന്നു എന്ന് സന്തോഷത്തോടെ ഓര്‍ത്തുപോകുന്നു.ഏതേതു മരത്തിലാണ് അണ്ണാന്റെയോ കിളികളുടെയോ കൂടുണ്ടെന്ന് അറിഞ്ഞുവച്ച് സ്‌കൂളില്‍നിന്നു തിരിച്ചുവരുമ്പോള്‍ കൂട്ടുകാരെ താഴെ കാവല്‍നിന്നുകൊണ്ട് ഒരാളെ മരത്തില്‍ കയറ്റി കൂടെടുപ്പിച്ച് കുഞ്ഞുങ്ങളുമായി വീട്ടിലേക്കു പോകും. ചില അവസരങ്ങളില്‍ പക്ഷികളുടെ കൊത്തും വാങ്ങേണ്ടിവന്നിട്ടുണ്ട്. മരച്ചുവട്ടിലെ പൊത്തില്‍നിന്ന് തലനീട്ടുന്ന പാമ്പിനെ കണ്ട് ഓടിയിച്ചുണ്ട്. വാഴച്ചുണ്ടിലെ തേന്‍ ഇതളുകള്‍ വിടര്‍ത്തി കഴിച്ചതോര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു. ചില ദിവസം വീട്ടില്‍നിന്ന് തോര്‍ത്ത് ഒളിപ്പിച്ചുകൊണ്ടുവന്ന് തോട്ടില്‍നിന്ന് കുഞ്ഞു മീനുകളെ കോരിപ്പിടിച്ചതും ചിലപ്പോള്‍ തോില്‍ മുങ്ങിക്കളിച്ചതു ഓര്‍ക്കുന്നു.

രാവിലെ അമ്മ വിളിച്ചുണര്‍ത്തി കപ്പക്കാലായില്‍ കപ്പയില്‍ക്കയറി പന്തലിച്ചു കിടക്കുന്ന പയറില്‍നിന്ന് പച്ചപ്പയര്‍ പറിക്കാന്‍ പറഞ്ഞുവിടും. വരുന്നവഴി കാന്താരിമുളകും കറിവേപ്പിന്റെ ഇലയും ഇഞ്ചിത്തടത്തില്‍നിന്ന് ഒരുമൂട് ഇഞ്ചിയുംകൂടി കൊണ്ടുപോരാന്‍ അമ്മ പിന്നില്‍നിന്നു വിളിച്ചുപറയുന്നത് ഇന്നെത്തെപോലെ ഓര്‍ക്കുന്നു. ചക്കരമാവിന്റെ ചുവട്ടില്‍വച്ച് ചെങ്കല്‍പ്പൊടിയും പച്ചിലയും ചേര്‍ത്ത് മാവിന്റെ തിട്ടയില്‍വച്ച് ചതച്ച് മാവിന് ഒരു മുറുക്കാന്‍ കൊടുക്കുകയാണിവിടെ ചെയ്യുക. അങ്ങനെ ചെയ്താല്‍ മാവ് മാമ്പഴം പെെട്ടന്നു വീഴിക്കുമെന്നാണ് സങ്കല്പം. മരത്തിന്റെ തൊലി പോകുന്നത് കാണുന്ന മാവിന്റെ ഉടമസ്ഥന്‍ വടിയുമായി വരുമ്പോള്‍ എല്ലാവരും പുസ്തകക്കെട്ടും കൈയില്‍ കിട്ടിയ മാങ്ങയുമൊക്കെ വാരി ഓടി രക്ഷപ്പെടും.

അവധിക്കാലത്ത് വീടിനു മുമ്പിലെ വിശാലമായ നെല്‍പ്പാടം കൃഷികഴിഞ്ഞ് വെയിലില്‍ ഉണങ്ങി പരന്നുകിടക്കും. അര കിലോമീറ്ററോളം നീണ്ടുകിടക്കുന്ന വയലില്‍ നാലുമണിയാകുമ്പോള്‍ കുട്ടികള്‍ പല കൂട്ടങ്ങളായി വന്നുതുടങ്ങും. പെണ്‍കുട്ടികള്‍ കക്ക് കളിയും, വളയത്തില്‍ ചാട്ടവും കുടുകുടുകളിയും ഒക്കെയായി രംഗം തകര്‍ക്കുമ്പോള്‍ ആണ്‍കുട്ടികള്‍ കാളികളിയും നാടന്‍ പന്തുകളിയും കുഴിപ്പന്ത് കളിയും വട്ട് (ഗോലി)കളിയും ഒക്കെയായി തിമിര്‍ത്തുല്ലസിക്കും. ഗോലികളിയില്‍ തോല്‍ക്കുമ്പോള്‍ ശിക്ഷയായി മുഷ്ടിചുരുട്ടി നിലത്തുവച്ചി് മറ്റേയാള്‍ ഗോലി വിരല്‍കൊണ്ട് തൊടുത്തുവിടുമ്പോള്‍ അത് വിരലിന്റെ കണ്ണയില്‍ കൊണ്ടു വേദനിക്കുന്നത് ഇന്ന് സുഖമുള്ള ഓര്‍മ. വഴക്ക്, ഉന്തും തള്ളും, വെല്ലുവിളിയുമൊക്കെക്കഴിഞ്ഞ് രമ്യതയില്‍ പുഞ്ചിരിച്ചുകൊണ്ട് അടുത്ത ശനിയാഴ്ച കാണാം എന്ന് പറഞ്ഞ് സന്ധ്യയോടെ വയല്‍വരമ്പത്തുകൂടി വീട്ടിലേക്കു മടങ്ങിയിരുന്ന കൂട്ടുകാര്‍ നിഷ്‌കളങ്കതയോടെ പരസ്പരം സ്‌നേഹിച്ചു സഹായിച്ചു ജീവിച്ചതോര്‍ക്കുന്നു. കളിച്ചു മടുത്ത് വിശക്കുമ്പോള്‍ വീടിനു താഴത്തെ ശീമപ്പേരയുടെ കമ്പില്‍ കയറിയിരുന്ന് മഞ്ഞ നിറത്തില്‍ പഴുത്തു തുടത്തുനില്‍ക്കുന്ന പേരയ്ക്ക പറിച്ചു തിന്ന് വിശപ്പടക്കിയതും ഇന്ന് മധുരിക്കുന്ന ഓര്‍മയാണ്.

പുസ്തകക്കെട്ടില്‍ ഹാര്‍ഡ്‌ബോര്‍ഡും റബര്‍ബാന്റും ഇട്ട് ഉറപ്പിച്ചാണ് പോയിരുന്നത്. കൊച്ചുക്ലാസുകളില്‍ കോലുമഷിയും ചേമ്പിന്റെ സ്‌പോഞ്ചുപോലുള്ള ഭാഗവും സ്ലേറ്റിലെ എഴുത്തു മായ്ക്കാന്‍ കരുതിയിരുന്നത്. അതിനായി രാവിലെ പറമ്പിലൂടെ തപ്പിനടക്കുന്നതും എല്ലാ കുട്ടികളുടെയും ദിനചര്യയുടെ ഭാഗമായിരുന്നു.

മരത്തില്‍ കയറരുതെന്നു മാതാപിതാക്കള്‍ താക്കീത് ചെയ്തിട്ടും ഒളിച്ചു മരത്തില്‍ കയറിയശേഷം ഇറങ്ങാനറിയാതെ മരത്തില്‍ കെട്ടിപ്പിടിച്ചു ഊര്‍ന്നിറങ്ങി നെഞ്ചിലെ തൊലി മുഴുവന്‍ പോയതും താഴെവന്നപ്പോള്‍ പാത്തുനിന്ന അമ്മ ചാടിവന്ന് അടിതന്നതും ഇന്നെന്നപോലെ ഓര്‍ക്കുന്നു. ക്രിസ്മസിനും ഈസ്റ്ററിനും വയല്‍വരമ്പിലൂടെയും റോഡിലൂടെയും ചൂട്ടുകറ്റകള്‍ മിന്നിച്ചുകൊണ്ട് ആളുകള്‍ നീങ്ങുന്നതും അവര്‍ക്കൊപ്പം ചൂട്ടുവെട്ടത്തില്‍ താനും പള്ളിയിലേക്കു നടന്നുപോയിരുന്നതും ഓര്‍ക്കുന്നു. പള്ളിയിലെത്തിയാല്‍ അവരവരുടെ ചൂട്ടുകറ്റ കെടുത്തി ഓരോ സ്ഥലങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കും. തിരിച്ചുപോരുമ്പോള്‍ ഇരുട്ടാണെങ്കില്‍ ഉപയോഗിക്കാന്‍.

അമ്മ തരുന്ന കഞ്ഞിയും ചമ്മന്തിയും കപ്പ പുഴുങ്ങിയതും ശര്‍ക്കരയും തേങ്ങയുംവച്ച അടയും കൊഴുക്കട്ടയും ഉണക്കമീന്‍ ചുട്ടതും തേങ്ങാക്കൊത്ത് ഇട്ടുവച്ച കോഴിക്കറിയും ഇലയില്‍ ചുട്ട അടയും ചക്കപ്പുഴുക്കും ഉണക്കക്കപ്പയും തേങ്ങാപ്പീരയും വച്ച പുഴുക്കും ചേന, കാച്ചില്‍ ഇവ പുഴുങ്ങിയതും പയറ് മെഴുക്കുവരട്ടിയും ചക്കരക്കാപ്പിയും തുടങ്ങി വിശാലമായ മെനു അകത്താക്കി സന്തോഷത്തോടെ കഴിഞ്ഞിരുന്നു അക്കാലത്ത്. വീട്ടില്‍വരുന്ന വിരുന്നുകാര്‍ക്കുവേണ്ടി മാത്രം അപൂര്‍വമായി വാങ്ങുന്ന ബേക്കറിസാധനങ്ങള്‍ അവര്‍ പോയിക്കഴിയുമ്പോള്‍ മാത്രമാണ് കുട്ടികള്‍ക്കു ലഭിച്ചിരുന്നത്. അത്തരമൊരു സുന്ദരബാല്യം നഷ്ടപ്പെട്ട് യാന്ത്രികയുഗത്തില്‍ വസിക്കുന്ന കുട്ടികള്‍ക്ക് പഴയ പ്രകൃതി അനുഭവങ്ങളിലേക്ക് പോകാന്‍ അവസരം നല്‍കുന്നില്ലെങ്കില്‍ ഭ്രാന്തുപിടിച്ച ഒരു തലമുറയെ നാം കാണേണ്ടിവരുന്നെന്നോര്‍ക്കുക.

അതേ, സുഹൃത്തിന്റെ വാക്കുകളിലൂടെ നഷ്ടബാല്യത്തെക്കുറിച്ച് ഓര്‍മ വന്നു. ഇന്നത്തെ കുട്ടികള്‍ക്ക് സ്‌കൂള്‍ അവധി തുടങ്ങിയാല്‍ പിന്നെ വെക്കേഷന്‍ ക്ലാസുകളാണ്. പ്രകൃതിയിലേക്കും തൊടിയിലേക്കുമൊന്നുമിറങ്ങാന്‍ ആര്‍ക്കും സമയമില്ല. ഈ തലമുറയുടെ പോക്ക് വേദനിപ്പിക്കുന്നു.

ഡോ.പി.എം ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പല്‍, നിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റര്‍, കാഞ്ഞിരപ്പള്ളി