ലോക്കില്ലാതെ ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍
ലോക്കില്ലാതെ ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍
Wednesday, July 22, 2020 3:43 PM IST
പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്നു വാട്‌സ്ആപ്പ് ഗ്രൂപ്പു കളിലൂടെയാണ് സ്ട്രീമീംഗ് ക്ലാസുകള്‍ ആവിഷ്‌കരിക്കുന്നത്. പഠിപ്പിക്കാന്‍ പോകുന്ന വിഷയത്തെക്കുറിച്ചു തലേന്നു തന്നെ വ്യക്തമായ വിവരം അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നു.

നീ രാവിലെ മുതല്‍ മൊബൈലില്‍ തോണ്ടിക്കൊണ്ടിരിക്കുവാണല്ലോ...പോയി എന്തേലും പഠിക്കെടീ...അടുക്കളയില്‍ നിന്നും അമ്മ പറഞ്ഞു തീരും മുന്‍പേ മകളുടെ മറുപടിയെത്തി. ഞാന്‍ പഠിക്കുകയാണമ്മേ...രാവിലെ തുടങ്ങിയതാ ഓണ്‍ലൈന്‍ ക്ലാസ്...പാശ്ചാത്യലോകമാണ് ഓണ്‍ലൈനിലൂടെയുള്ള പഠനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതെങ്കിലും ഇന്നു കേരള ത്തിലും വ്യാപകമായിരിക്കുകയാണ് ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍. സാങ്കേതികപ്രവര്‍ത്തന തലങ്ങളില്‍ വന്‍ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഓണ്‍ലൈന്‍ പഠന രീതിക്ക് ഇന്ന് ഒട്ടേറെ സാധ്യതകളാണുള്ളത്. മുന്‍പുതന്നെ പ്രചാരത്തിലുണ്ടെങ്കിലും ലോക്ക് ഡൗണ്‍ കാലഘട്ടത്തിലാണ് കേരളത്തില്‍ ഇതിന് ഏറെ പ്രചാരം ലഭിച്ചത്. കേരളത്തില്‍ മാത്രമല്ല ലോകത്തിലെ നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠന രീതിക്കു പ്രസക്തി യേറുകയാണ്. ഏറെ കാര്യക്ഷമമാണെങ്കിലും വെല്ലുവിളികളും നിറഞ്ഞതാണ് ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍.

പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇന്ന് സ്ട്രീമീംഗ് ക്ലാസുകള്‍ ആവിഷ്‌കരിക്കുന്നത്. പഠിപ്പിക്കാന്‍ പോകുന്ന വിഷയത്തെക്കുറിച്ചു തലേന്നു തന്നെ വ്യക്തമായ വിവരം അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നു. ഇത് ചെറിയ വീഡിയോകളിലോടെയോ ടെക്സ്റ്റ് ഫോര്‍മാറ്റിലോ ആകാം. പഠിപ്പിക്കുന്ന വിഷയത്തെക്കുറിച്ചുള്ള പവര്‍ പോയിന്റ് പ്രസന്‍േറഷനുകള്‍ ചില അധ്യാപകര്‍ നേരത്തെതന്നെ ലഭ്യമാക്കാറുണ്ട്. ഒപ്പം ആവശ്യമായ റഫറന്‍സുകളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറും.

ഒരു സ്‌കൂളിന്റെയോ കോളജിന്റെയോ മുഴുവന്‍ സിലബസും സ്മാര്‍ട്ട് ഫോണില്‍ ഒതുക്കിക്കൊണ്ടുള്ള സ്ട്രീമിംഗ് ക്ലാസുകളാണ് ഇന്നു നടക്കുന്നത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്ലാസ് മുറികളില്‍ ഇരുന്നുള്ള പഠനം അസാധ്യമായതോടെ കേരളത്തില്‍ വര്‍ച്വല്‍ ക്ലാസ് മുറികള്‍ സജീവമാകുകയാണ്. തടസമില്ലാത്ത വിദ്യാഭ്യാസം കുട്ടികള്‍ക്കു നില്‍കുന്നതില്‍ വലിയ പങ്കാണ് ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്നത്. ലാപ്‌ടോപ്പോ ടാബോ വേണമെന്നില്ല സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ ഏതു സമയത്തും പഠനം സുഗമമാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. വ്യത്യസ്ത ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകളാണ് ഇന്ന് തത്സമയ സ്ട്രീമിംഗ് ക്ലാസ് മുറികള്‍ ഒരുക്കുന്നത്.

പ്ലാറ്റ്‌ഫോമുകള്‍

വര്‍ച്വല്‍ ക്ലാസ് മുറികള്‍ക്കായി ഉപയോഗിക്കാവുന്ന നിരവധി പ്ലാറ്റ്‌ഫോമുകളാണുള്ളത്. ഇന്റലിജന്റ് ഇന്ററാക്ടീവ് പാനലുകള്‍ ഏറ്റവും മികച്ച പഠന അനുഭവം വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നു. ഇന്ററാക്ടീവ് പാനലുകളുടെ ഭാഗമായ ഓഡിയോ വിഷ്വല്‍ ഉപകരണങ്ങള്‍ വിഷയം ഏതാണെങ്കിലും അതിനനുസരിച്ച് കസ്റ്റം ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്നവയാണ്. ഇവയിലെ വൈറ്റ് ബോര്‍ഡ് ഫീച്ചര്‍ ഉപയോഗിച്ച് അധ്യാപകര്‍ക്കു ക്ലാസുകള്‍ എടുക്കാം. ഈ ക്ലാസുകള്‍ കുട്ടികളിലേക്കു ഷെയര്‍ ചെയ്യാനും റെക്കോര്‍ഡ് ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഈ പാനലുകള്‍ക്കുണ്ട്. സൂം, ഗൂഗിള്‍ ഹാംഗൗ്, ടീം വ്യൂവര്‍ തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ തത്സമയ മീറ്റിംഗുകളും സ്‌ക്രീന്‍ ഷെയറിംഗും സാധ്യമാകും.

എല്ലാം സാധ്യം

തിയറി ക്ലാസുകള്‍ മാത്രമല്ല, പ്രാക്ടിക്കല്‍ ലാബ് എക്‌സ്‌പെരിമെന്റ്‌സ് പോലും ചെയ്തു പഠിക്കാന്‍ സഹായകമാകുന്ന നിരവധി ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറുകളും വലിയ ഓണ്‍ലൈന്‍ പഠന സാധ്യതകളാണ് വിദ്യാഭ്യാസ രംഗത്തു തുറന്നിടുന്നത്. മുന്‍പ് നടന്ന ക്ലാസുകള്‍ ഓണ്‍ലൈനിലേക്കു മാറ്റുന്നതിനും വീഡിയോ പാഠങ്ങളാക്കുന്നതിനുമെല്ലാം വര്‍ച്വല്‍ ക്ലാസ്മുറികള്‍ നമ്മെ സഹായിക്കും. ക്ലാസ് സമയം ചര്‍ച്ചയ്ക്കും ഇന്‍ ക്ലാസ് അസൈന്‍മെന്റുകള്‍ക്കുമായി ചെലവഴിക്കുന്നതിനും സാധിക്കും. ഇതിനായി ഓണ്‍ലൈന്‍ വീഡിയോ ഉപകരണങ്ങള്‍ ഉപയോഗിച്ച് അധ്യാപകര്‍ക്ക് വീഡിയോ ലക്ചറുകള്‍ തയ്യാറാക്കാം. അധ്യാപകര്‍ ഇല്ലാതിരിക്കുമ്പോള്‍ പോലും വിദ്യാര്‍ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയും വീഡിയോകള്‍ പ്ലേ ചെയ്തുകൊണ്ട് ക്ലാസുകളില്‍ പങ്കെടുക്കാം. പരീക്ഷാ റിവിഷനുകള്‍ക്കും ഇതിലൂടെ സാധിക്കും.

ഊഷ്മളമാക്കുന്ന നര്‍മങ്ങള്‍

ഓണ്‍ലൈന്‍ ക്ലാസുകള്‍ വിരസമാണെന്നു പലരും പരാതിപ്പെടാറുണ്ട്. എന്നാല്‍ ഓരോരുത്തരുടെയും നര്‍മവും ഭാവനയും അനുസരിച്ചു സ്ട്രീമിംഗ് ക്ലാസ് മുറികള്‍ ഊഷ്മളമാക്കാം. വീഡിയോകളിലും പിഡിഎഫുകളിലുമെല്ലാം ചെറിയ ക്വോട്ടുകളിലൂടെയും മറ്റും നര്‍മവും സര്‍ഗാത്മകതയും കലര്‍ത്താം. ഇത് കുട്ടികളുടെ താല്‍പര്യം വര്‍ധിപ്പിക്കുന്നതിനും പഠന വിരസത മാറ്റുന്നതിനും ക്ലാസുകള്‍ ആകര്‍ഷകമാക്കുന്നതിനും സഹായിക്കും.



കരുതല്‍ വേണം

ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍ക്കായി മൊബൈല്‍ ഫോണുകള്‍, ടാബ്ലറ്റുകള്‍, ലാപ്‌ടോപ്പുകള്‍, ഡെസ്‌ക് ടോപ്പുകള്‍ തുടങ്ങിയവയെല്ലാം കുട്ടികള്‍ ഉപയോഗിക്കുന്നു. ഇത്തരം ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികള്‍ക്കു ദോഷമാണെന്നുകൂടി മാതാപിതാക്കള്‍ മനസിലാക്കിയിരിക്കണം. പഠനത്തിന്റെ പേരില്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ പഠനത്തിനായിതന്നെയാണ് ഇത് ഉപയോഗിക്കുന്നതെന്നും മാതാപിതാക്കള്‍ ഉറപ്പു വരുത്തണം. ഗാഡ്ജറ്റ് ഉപയോഗത്തിനും നിയന്ത്രണവും ആവശ്യമാണ്.

ഗൂഗിളിന്റെ ക്ലാസ് മുറി

ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഒരു സൗജന്യ വെബ് സേവന മാണ് ഗൂഗിള്‍ ക്ലാസ് റൂം. ഇതിലൂടെ ക്ലാസുകളുടെ വീഡിയോ, യൂട്യൂബ് ലിങ്കുകള്‍, പഠന ലേഖനങ്ങള്‍, റീഡിംഗ് മെറ്റീരിയലുകള്‍ തുടങ്ങിയവ വിദ്യാര്‍ഥികളുമായി ഷെയര്‍ ചെയ്യുന്നതിനായി ഉപയോഗിക്കാം. പേപ്പര്‍ ഇല്ലാത്ത രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക് അസൈന്‍മെന്റുകള്‍ നല്‍കുന്നതിനും അത് മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് പ്രസിദ്ധീകരിക്കുന്നതിനും സാധിക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ കാര്യക്ഷമമായി ഫയലുകള്‍ പങ്കിടുന്നതിനു സഹായിക്കുന്നതാണ് ഗൂഗിളിന്റെ പല സംവിധാനങ്ങളും. അസൈന്‍മെന്റുകള്‍ നല്‍കുന്നതിനായി ഗൂഗിള്‍ ഡ്രൈവ് ഉപയോഗപ്പെടുത്താം. ഗൂഗിള്‍ ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ് എന്നിവയാണ് എഴുതുന്നതിനായി ഉപയോഗിക്കുന്നത്. വിവരങ്ങള്‍ കൈമാറുന്നതിനായി ജിമെയില്‍ ഉപയോഗിക്കുന്നു. ഷെഡ്യൂളിംഗിനായി ഗൂഗിള്‍ കലണ്ടര്‍ ഉപയോഗിക്കുന്നത് കൃത്യതയ്ക്കു സഹായിക്കും. ആഗോള ഓണ്‍ലൈന്‍ പഠനരംഗത്ത് കോഴ്‌സെറ, എഡക്‌സ്, ഉഡാസിറ്റി, ഉഡേമി, ഖാന്‍ അക്കാദ മി എന്നീ പ്ലാറ്റ്‌ഫോമുകളും വിദ്യാര്‍ഥികള്‍ക്കു മികച്ച പഠനാനുഭവം നല്‍കുന്നു. കോഴ്‌സേറ, ഉഡേമി എന്നീ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ കോഴ്‌സുകള്‍ സൗജന്യമായി നല്‍കുന്നുവെന്നതും വിദ്യാഭ്യാസമേഖലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

അതിജീവനത്തിന്റെ സാധ്യതകള്‍ തുറന്നു തരുന്നു

ഗൗരി ബാബു

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി, ഭാവന്‍സ് ന്യൂസ്പ്രിന്റ് വിദ്യാലയ, വെള്ളൂര്‍

കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിനു ജനസമ്പര്‍ക്കം ഒഴിവാക്കേണ്ടതായി വരും. ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ഥികളുടെ കൂട്ടം ചേരല്‍ ഒഴിവാകുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അതിജീവനത്തിന്റെ സാധ്യതകള്‍ തുറന്നു തരുന്നതാണ് ഒര്‍ഥത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍.

ഓണ്‍ലൈന്‍ ക്ലാസുകള്‍ കാര്യക്ഷമമായി തോന്നുന്നു

ആന്‍മരിയ ബെന്നി

എം.എ. ഹിന്ദി ഒന്നാം വര്‍ഷം, മൂവാറ്റുപുഴ നിര്‍മലാ കോളജ്

പതിവായി കോളജില്‍ പോയുള്ള പഠനം ഇല്ലെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാര്യക്ഷമമായി തോന്നുന്നു. ഗൂഗിള്‍ ക്ലാസ് വഴിയാണ് ഞങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നത്. അസൈന്‍മെന്റുകള്‍ ലഭിക്കുന്നതിനും അത് സബ്മിറ്റ് ചെയ്യുന്നതിനുമെല്ലാം കൃത്യമായ സംവിധാനങ്ങളുണ്ട്. നോട്ടുകളും കൃത്യമായി ലഭിക്കുന്നു. അതേസമയം സ്മാര്‍്‌ഫോണിനു റേഞ്ചില്ലാത്ത അവസ്ഥ ചിലപ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

സംശയങ്ങള്‍ ചോദിക്കുന്നതിനും അവസരമുണ്ട്

നേഹ ബിജു

പത്താം ക്ലാസ് വിദ്യാര്‍ഥിനി, സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയ, നാലാഞ്ചിറ

വീില്‍ ഇരുന്നാണ് പഠനമെങ്കിലും ക്ലാസ് മുറിയില്‍ ഇരുന്നുള്ള പഠനത്തിന്റെ അതേ അനുഭവമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്നത്. അധ്യാപകരോട് സംശയങ്ങള്‍ ചോദിക്കുന്നതിന് അവസരം ലഭിക്കുന്നുണ്ട്. അശ്രദ്ധമായി ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യുന്നവരെ സാധാരണ ക്ലാസില്‍ എന്നപോലെ അധ്യാപകര്‍ക്കു ഓണ്‍ലൈന്‍ ക്ലാസ് മുറികളിലും ശ്രദ്ധിക്കാം.

റിച്ചാര്‍ഡ് ജോസഫ്