കീടങ്ങൾക്ക് കെണിവയ്ക്കാം...
കീടങ്ങൾക്ക് കെണിവയ്ക്കാം...
Tuesday, August 23, 2016 5:05 AM IST
കാർഷികവിളകളിലെ കീടരോഗ നിയന്ത്രണത്തിന് രാസകീടനാശിനികളുടെയും കുമിൾ നാശിനികളുടെയും അനിയന്ത്രിതമായ ഉപയോഗം കുറ ക്കാം. സംയോജിത കീടരോഗനിയന്ത്രണം വഴി കാർഷിക വിളകളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കാർഷിക വിളകളിലെ കീട–രോഗ നിയന്ത്രണത്തിന് ദോഷരഹിതമായ വിവിധ മാർഗങ്ങൾ സംയോജിപ്പിച്ച് പ്രയോഗിക്കുന്ന രീതിയാണ് സംയോജിത കീടരോഗ നിയന്ത്രണം.

അതിൽ പ്രധാനമായും ജൈവകീടനാശിനികളുടെയും ജൈവകുമിൾ നാശിനികളുടെയും ഉപയോഗം, ശത്രുകീടങ്ങളെ ആക്രമിക്കുന്ന മിത്രപ്രാണികളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണം, കീടങ്ങളെ ആകർഷിച്ച് നശിപ്പിക്കാൻ സഹായിക്കുന്ന പലതരം കെണി കളുടെ ഉപയോഗം തുടങ്ങിയ രീതികൾ സംയോജിപ്പിക്കുമ്പോൾ സംയോജിത കീടരോഗ നിയന്ത്ര ണം സാധ്യമാകുന്നു. കീടങ്ങളെ ആകർഷിച്ച് നശിപ്പിക്കുന്ന രീതിയാണ് കെണികൾ ചെയ്യുന്നത്. കേരളത്തിലെ കൃഷിയിടങ്ങളിൽ ഉപയോഗിക്കാവുന്ന ഏതാനും കെണികളെ നമുക്കു പരിചയപ്പെടാം.

<യ>1. വിളക്കുകെണി

നെല്ലിനെ ആക്രമിക്കുന്ന ചാഴി, തണ്ടുതുരപ്പൻപുഴു, പച്ചത്തുള്ളൻ, ഓലചുരുട്ടിപ്പുഴു, കുഴൽപ്പുഴു, മുഞ്ഞ, ഗാളീച്ച തുടങ്ങിയവയുടെ പൂർണകീടങ്ങളെ ആകർ ഷിച്ച് നശിപ്പിക്കുവാൻ ഉപയോഗിക്കുന്നതാണ് വിളക്കുകെണി. സന്ധ്യക്കുശേഷം പാടവരമ്പുകളിൽ അരമണിക്കൂർ നേരം പന്തം കൊളുത്തി നിർത്തി ശത്രുകീടങ്ങളെ ആകർഷിച്ചു കൊല്ലുന്ന രീതിയാണിത്. കൂടുതൽ നേരം വിളക്കുകെണി വച്ചിരുന്നാൽ ശത്രുകീടങ്ങളോടൊപ്പം മിത്രകീടങ്ങൾ നശിക്കുന്നതിനു കാരണമാകും. സന്ധ്യക്ക് ഏഴു മണിക്ക് വിളക്കുകെണി വയ്ക്കുന്നതാണ് ഉത്തമം. അഞ്ചേക്കറിൽ ഒരു പന്തം എന്ന കണക്കിൽ പന്തം കൊ ളുത്തി വയ്ക്കാവുന്നതാണ്. കൂടാ തെ 100 വാട്ട്സിന്റെ ഒരു ബൾബ് വൈകിട്ട് ആറു മുതൽ 10 വരെ കത്തിച്ചുവയ്ച്ചും കീടങ്ങളെ നിയന്ത്രിക്കാം.

<യ>2. മഞ്ഞക്കെണി

വെള്ളരിവർഗ പച്ചക്കറികൾ, വഴുതനവർഗച്ചെടികൾ, വെണ്ട, മരച്ചീനി എന്നിവയിൽ വൈറസ് രോഗം പരത്തുന്ന വെള്ളീച്ചകളെയും മുഞ്ഞ, പലതരം ഈച്ചകൾ എന്നിവയെയും ആകർഷിച്ച് നശിപ്പിക്കുവാൻ സഹായിക്കുന്ന കെണിയാണിത്.

മഞ്ഞ പ്രതലത്തിലേക്ക് കീടങ്ങളെ ആകർഷിച്ച് നശിപ്പിക്കുന്ന രീതിയാണിത്. ഏതിന്റെ യെങ്കിലും ഒഴിഞ്ഞ ടിന്നുകൾ ഇതിനായി ഉപയോഗിക്കാം. ടിന്നുകളുടെ പുറംഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്റ് പൂശുക. പെയിന്റ് ഉണങ്ങിയശേഷം അതിൽ ആവണക്കെണ്ണ പുരട്ടുക. ഇപ്രകാരം തയാറാക്കിയ കെണികൾ തോട്ടത്തിൽ കമ്പുകൾ നാട്ടി അതിന്മേൽ കമിഴ്ത്തി വയ്ക്കുക. അനവധി വെള്ളീച്ചകൾ കെണികളിൽ ഒട്ടിപ്പിടിക്കുന്നതായി കാണാം.

മഞ്ഞക്കെണികൾ ഒരുക്കുന്നതിന് ഇനി പറയുന്ന രീതിയും സ്വീകരിക്കാം. കടുംമഞ്ഞ നിറത്തിലുള്ള പോളിത്തീൻ ഷീറ്റ് കൊടിരൂപത്തിൽ മുറിച്ചെടുക്കുക. ഈ കൊടികൾ കൃഷിയിടങ്ങളിൽ അവിടവിടെ നാട്ടുക. മഞ്ഞക്കൊടികളുടെ ഇരുവശങ്ങളിലും ആവണക്കെണ്ണ പുരട്ടുക. മഞ്ഞനിറത്തിൽ ആകർഷിക്കപ്പെടുന്ന വെള്ളീച്ചകൾ കെണികളിൽ ഒട്ടിപ്പിടിച്ച് നശിക്കുന്നു. മഞ്ഞക്കെണിപോലെ തന്നെ നീലക്കെണിയും ഉപയോഗിക്കാമെങ്കിലും മഞ്ഞക്കെണിയാണ് കൂടുതൽ അനുയോജ്യം.

<യ>3. ഫിറമോൺകെണി

ഒരു ജീവി എതിർലിംഗത്തിൽപ്പെട്ട ജീവിയെ ആകർഷിക്കുന്നതിനുവേണ്ടി അതിന്റെ ശരീരത്തിന്റെ ഉപരിതലത്തിൽ നിന്നു പുറപ്പെടുവിക്കുന്ന രാസവസ്തുവാണ് ഫിറമോൺ. ഈ രാസപദാർഥം ആൺ–പെൺ കീടങ്ങളെ ആകർഷിച്ച് അതിന്റെ ഉറവിടത്തിലേക്ക് നയിക്കുന്നു. വിപണിയിൽ ലഭ്യമായ ഫിറമോൺ കെണികൾ കൃഷിയിടങ്ങളിൽ സ്‌ഥാപിക്കുക വഴി കീടങ്ങളെ ആകർഷിച്ച് കെണികളിൽ വീഴ്ത്തി നശിപ്പിക്കുവാൻ സാധിക്കുന്നു.

കായീച്ചകെണിയിൽ ആൺ കായീച്ചകൾ ആകർഷിക്കപ്പെടുന്നതിനാൽ പെൺ ഈച്ചകൾക്ക് ഇണചേരുവാനുള്ള സാധ്യത കുറയും. കായീച്ചകളുടെ വംശവർധനവ് നല്ല രീതിയിൽ തടയാൻ ഈ രീതി സഹായിക്കും.
<cript type="text/javascript" src="//cdn.ergadx.com/js/28/ads.js">


കായീച്ചയിലെ ഫെറമോൺ കെണികൾ ആൺ കായീച്ചകളെ മാത്രമാണ് ആകർഷിച്ച് നശിപ്പിക്കുന്നത്. ഫെറമോൺ കെണികൾ ഉപയോഗിക്കുമ്പോൾ അതോടൊപ്പം പഴക്കെണി, തുളസിക്കെണി, കഞ്ഞിവെള്ളക്കെണി, മീൻകെണി എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചാൽ പെൺ കായീച്ചകളെ നശിപ്പിക്കുവാൻ സാധിക്കും. പന്തലിൽ തൂക്കിയിട്ടിരിക്കുന്ന ഇത്തരം കെണികളിൽ കായീച്ച ആകർഷിക്കപ്പെടുകയും വിഷലിപ്തമാക്കിയ ആഹാരം നക്കിക്കുടിച്ച് ചത്തൊടുങ്ങുകയും ചെയ്യും.

<യ>4. പഴക്കെണി

ഒരു പാളയൻകോടൻ പഴം തൊലിയോടുകൂടി അൽപ്പം ചരിവോടെ മൂന്നുനാലു കഷണങ്ങളായി മുറിക്കുക. ഒരു കടലാസിൽ കാർബോസൾഫാൻ 6 ജി എന്ന കീടനാശിനിയുടെ തരികൾ നിരത്തുക. പഴം മുറികൾ കടലാസിൽ നിരത്തിയിട്ടിരിക്കുന്ന കാർബോസൾഫാൻ തരികളിൽ ഒറ്റപ്രാവശ്യം ഒപ്പിയെടുക്കുക. കാർബോസൾഫാൻ തരി പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗം മുകളിലാക്കി ഒരു ചിരട്ടയിൽവച്ച് പന്തലിൽ തൂക്കിയിട്ട് വെള്ളരിവർഗങ്ങളിലെ കായീച്ചയുടെ ആക്രമണം നിയന്ത്രിക്കാം.

<യ>5. തുളസിക്കെണി

ഒരു കൈപ്പിടിയിലൊതുങ്ങുന്ന തുളസി ഇലകൾ അരച്ച്, ചാറും കൊത്തും ചിരട്ടയിൽ എടുക്കുക. തുളസിച്ചാറ് ഉണങ്ങാതിരിക്കാൻ കുറച്ചുവെള്ളം ചേർക്കുക. 10 ഗ്രാം ശർക്കര പൊടിച്ചതും ഒരു നുള്ള് (ഒരു ഗ്രാം) കാർബോസൾഫാൻ 6 ജി എന്ന കീടനാശിനിയുടെ തരിയും തുളസിച്ചാറിൽ ചേർത്തിളക്കുക. കെണി പന്തലിൽ തൂക്കിയിട്ട് വെള്ളരിവർഗങ്ങളിലെ കായീച്ചകളെ നിയന്ത്രിക്കാം.

<യ>6. കഞ്ഞവെള്ളക്കെണി

ഒരു ചിരട്ടയിൽ കാൽഭാഗം കഞ്ഞിവെള്ളം എടുത്ത് അതിൽ 10 ഗ്രാം ശർക്കര പൊടിച്ചു ചേർക്കുക. ഇതിൽ ഒരു ഗ്രാം കാർബോസൾഫാൻ 6 ജി എന്ന കീടനാശിനിയുടെ തരിയും മൂന്നുതരി യീസ്റ്റും ചേർത്ത് ഇളക്കുക. കെണി പന്തലിൽ തൂക്കിയിട്ട് വെള്ളരിവർഗങ്ങളിലെ കായീച്ചകളെ നിയന്ത്രിക്കാം.

<യ>7. മീൻകെണി

ഒരു ചിരട്ട, പോളിത്തീൻ കൂട്ടിനുള്ളിൽ ഇറക്കിവയ്ക്കുക. ഇതിൽ അഞ്ചു ഗ്രാം ഉണങ്ങിയ മീൻപൊടി ഇടുക. കുറച്ചുവെള്ളം തളിച്ച് മീൻപൊടി ചെറുതായി നനയ്ക്കുക. ഒരു ഗ്രാം കാർബോസൾഫാൻ 6 ജി എന്ന കീടനാശിനി മീൻപൊടിയിൽ ചേർത്ത് ഇളക്കുക. പോളിത്തീൻ കൂടിന്റെ മുകൾഭാഗം കൂട്ടിക്കെട്ടുക. ചിരട്ടയ്ക്കു മുകളിലുള്ള പോളിത്തീൻ കൂടിന്റെ ഭാഗങ്ങളിൽ അവിടവിടെയായി കായീച്ചകൾക്ക് കടന്നുകൂടാൻ തക്ക വിലിപ്പമുള്ള അഞ്ചു ദ്വാരങ്ങളിടുക. കെണി പന്തലിൽ തൂക്കിയിട്ട് വെള്ളരിവർഗങ്ങളിലെ കായിച്ചകളുടെ ശല്യം കുറയ്ക്കാം.

<യ>8. ശർക്കരക്കെണി ശർക്കരക്കെണി വെള്ളരിവർഗവിളകളിൽ

10 ഗ്രാം ശർക്കര ഉരുക്കി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനിയിൽ നാല് മില്ലി ലിറ്റർ മാലത്തയോൺ 50 ഇ സി ചേർത്ത് ഇളക്കുക. തയാറാക്കിയ ലായനി ചിരട്ടകളിലാക്കി പന്തലിൽ തൂക്കിയിടുക.

ശർക്കരക്കെണി മാവിൽ അഞ്ചു പാളയൻകോടൻ പഴം ഞെരടി കുഴമ്പാക്കിയതിൽ 100 ഗ്രാം ശർക്കര ഉരുക്കിച്ചേർത്ത് ഒരു മില്ലി ലിറ്റർ മാലത്തയോൺ കൂട്ടി ഇളക്കി മാവിന്റെ പ്രധാന തടിയിൽ ചുവട്ടിൽ നിന്നു നാലടി മുകളിലായി തേച്ചുപിടിപ്പിക്കുക. ഈച്ചകൾ കെണിയിൽ ആകർഷിക്കപ്പെടുകയും വിഷഭഷണം നക്കിക്കുടിച്ച് ചാകുകയും ചെയ്യും.

– <യ>പ്രശാന്ത് ബി.
ഫീൽഡ് കൺസൾട്ടന്റ്, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, തിരുവനന്തപുരം.

– <യ> ലീന എസ്. എൽ
ഡിസ്ട്രിക്ട് പ്ലാന്റ് ഹെൽത്ത് മാനേജർ, ക്രോപ് ഹെൽത്ത് മാനേജ്മെന്റ് സ്കീം, തിരുവനന്തപുരം