വരൾച്ചയെ ചെറുക്കാൻ ജലസേചനത്തിന്‍റെ രീതിശാസ്ത്രം
ഓരോ വർഷവും 300 സെന്‍റീമീറ്റർ (3000 മില്ലിമീറ്റർ) മഴ ലഭിച്ചുകൊണ്ടിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം. ജൂണ്‍-ജൂലൈ മാസങ്ങളിലെ കാലവർഷവും ഒക്ടോബർ-ഡിസംബറിലെ തുലാവർഷവും വെള്ളത്തിന്‍റെ പ്രധാന സ്രോതസുകളായിരുന്നു. ഭൂമിയുടെ ചെരിവു മൂലം കേരളത്തിൽ പെയ്യുന്ന മഴയുടെ 60-70 ശതമാനവും നദികളിലൂടെ കടലിലേക്ക് ഒഴുകിപ്പോകുന്നു. എന്നാൽ ഈ വർഷം മഴക്കണ ക്കുകൾ എല്ലാം തെറ്റി. ഒരു വർഷം ലഭിക്കേണ്ട മഴയിൽ 60 ശതമാനമാണ് കുറവുവന്നിരിക്കുന്നത്. അതായത് ആകെ പെയ്യേണ്ട 300 സെന്‍റീമീറ്ററിനു പകരം 120 സെന്‍റീമീറ്റർ മഴമാത്രമാണ് ലഭ്യമായത്. അതിൽ കാലവർഷത്തിൽ 35 ശതമാനവും തുലാവർഷത്തിൽ 66 ശതമാനവും കുറവുണ്ടായി. വളരെ വർഷങ്ങൾക്കുശേഷം കൊടിയ വരൾച്ചയെ നേരിടാൻ കേരളം ഒരുങ്ങുകയാണ്. വെള്ളം പരമാവധി സംഭരിച്ചുവയ്ക്കാനും ജലാഗിരണശേഷി വർധിപ്പിക്കാനും, ജലം കരുതലോടെ ഉപയോഗിക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നു. ഏതെല്ലാം പ്രായോഗരീതികളിലൂടെ കൃഷിയിലെ ജല ഉപയോഗം കുറയ്ക്കാമെന്ന് നമുക്കു നോ ക്കാം.

വിവിധ ജലസേചന സന്പ്രദായങ്ങൾ

വെള്ളം കെട്ടിനിർത്തിയുള്ള ജലസേചനം

സാധാരണയായി നെല്ലിനാണ് ഈ രീതി പ്രയോഗിക്കുന്നത്. താഴ്ന്ന സ്ഥലങ്ങളിൽ കൃഷിചെയ്യുന്ന നെൽപാടങ്ങളിൽ വെള്ളം കെട്ടിനിർത്തി ഞാറു നടീൽ മുതൽ വിളവെടുപ്പു വരെയുള്ള കൃഷിപ്പണികൾ നടത്തുന്നു. ഒരു പ്രധാന കനാലിൽ നിന്നോ, കുളം, പുഴകൾ എന്നിവയിൽ നിന്നോ വെള്ളം എത്തിച്ച് കൃഷിക്കായി ഉപയോഗിക്കുന്നു. നെല്ല് മാത്രമേ ഈ രീതിയിലൂടെ കൃഷിചെയ്യാൻസാധിക്കൂ.

ചെക്ക് ബേസിൻ രീതി

ഒരു വലിയ കൃഷിയിടത്തെ ചെറിയ അഞ്ചോ ആറോ പ്ലോട്ടുകളായി തിരിച്ച് ഓരോ പ്ലോട്ടിലേക്കും ജലസേചന കനാലിൽ നിന്നും വെള്ളമെടുക്കുന്ന രീതിയാണിത്. എല്ലാ പ്ലോട്ടിലേക്കും ഒരേപോലെ വെള്ളമെത്തിക്കാൻ കഴിയുമെങ്കിലും ഇതിനുവേണ്ട കൂലിച്ചെലവ് കൂടുതലാണ്. നെല്ല്, പച്ചക്കറികൾ എന്നിവയുടെ ജലസേചനത്തിന് ഈ രീതി ഉപയോഗിക്കുന്നു. ബണ്ടുകൾക്കും, കനാലുകൾക്കും സ്ഥലം ചെലവാക്കുന്നതിനാൽ കൃഷി ചെയ്യുവാനുള്ള സ്ഥലം കുറയുന്നു. ജലനഷ്ടവും കൂടുതലാണ്. മൊത്തം കൃഷിസ്ഥലവും വെള്ളത്താൽ കുതിരുന്നു എന്നതാണ് കാരണം.

ബേസിൻ രീതി

തെങ്ങ്, കമുക്, ഫലവൃക്ഷങ്ങൾ എന്നിവയുടെ ജലസേചനത്തിനാണ് ഈ രീതി ഉപയോഗിക്കുന്നത്. ഓരോ വൃക്ഷത്തിന്‍റെ യും ചുറ്റിൽ മാത്രമാണ് ജലസേചനം നടത്തുന്നത്. ചെക്ക് ബേസിൻ രീതിയിൽ മൊത്തം കൃഷിസ്ഥലം കുതിർക്കുന്നതിനു പകരം ബേസിൻ രീതിയിൽ വൃക്ഷങ്ങളുടെ ഏതാനും മീറ്ററിൽ മാത്രം നനയ്ക്കുന്നു എന്ന വ്യത്യാസമുണ്ട്. പക്ഷെ ജലം ഒഴുകി എത്തുന്നു എന്നുള്ളതിനാൽ നഷ്ടം കൂടുതലാണ്. മണൽ പ്രദേശങ്ങളിൽ ഈ രീതി യോജിച്ചതല്ല. മണൽ കുറഞ്ഞയിടങ്ങളിൽ പറന്പുകളിൽ ഈ രീതി വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ഫറോ ജലസേചനം

വാഴ തുടങ്ങിയ വിളകളിൽ വരന്പിനു നടുക്ക്ചാലുകൾ ഉണ്ടാക്കി അവയിൽ വെള്ളം കെട്ടിനിർത്തി ജലസേചനം നടത്തുന്ന രീതിയാണിത്. ആദ്യത്തെ മൂന്നു രീതികളിലും വെള്ളത്തിന്‍റെ കാര്യക്ഷമമായ ഉപയോഗം 20-30 ശതമാനം വരുന്പോൾ ഫറോ ജലസേചന രീതിയിൽ അത് 35-40 ശതമാനം വരെ വരുന്നു. ചാലുകളിൽ വെള്ളം നിർത്തി ആവശ്യാനുസരണം ചെടിൾക്ക് തേകി നൽകുന്ന രീതിയിൽ ജലനഷ്ടം ഉണ്ടാകുമെങ്കിലും പരമാവധി ജലം കെട്ടിനിൽക്കുന്പോൾ ബാഷ്പീകരണതോത് വർധിക്കുന്നു എന്ന പ്രശ്നമുണ്ട്.

സ്പ്രിംഗ്ളർ ജലസേചനം (തളിനന)

ഈ രീതിയിൽ ജലം ചെറുകണികകളായി തളിക്കുന്ന മാർഗമാണ് അവലംബിക്കുന്നത്. അതിനാൽ തളിനന എന്നും പറയാറുണ്ട്. പന്പ്, മെയിൻ ലൈൻ, സൈഡ് (ലാറ്ററൽ)പൈപ്് ലൈൻ, റൈസർ പൈപ്പ്, സ്പ്രിംഗ്ളർ ഹെഡ് എന്നിവയാണ് ഇതിന്‍റെ പ്രധാന ഭാഗങ്ങൾ. വെള്ളം പൈപ്പ് വഴി എത്തിക്കുന്നതിനാൽ ഒഴുകുന്പോഴുള്ള നഷ്ടം ഇല്ലെന്നു പറയാം.


മുന്പ് പ്രതിപാദിച്ച ജലസേചനരീതികളിൽ എല്ലായിടത്തും ഒരുപോലെ വെള്ളമെത്തിക്കുക എന്നത് സാധ്യമല്ല. എന്നാൽ സ്പ്രിംഗ്ളർ രീതിയിൽ എല്ലായിടത്തും ഒരേ തോതിൽ വെള്ളമെത്തിക്കാൻ സാധിക്കും. വെള്ളം കെട്ടിനിറുത്തുന്പോൾ ഉണ്ടാകുന്നതുപോലെ വെള്ളവും മണ്ണുമായി കുഴയുന്ന അവസ്ഥയും ഈ രീതിയിൽ ഉണ്ടാകില്ല. സ്പ്രിംഗ്ളർ ജലസേചനരീതിയിൽ 35 മുതൽ 50 ശതമാനം വെള്ളത്തിന്‍റെ കാര്യക്ഷമമായ ഉപയോഗം സാധ്യമാകുന്നു. കൃഷിസ്ഥലങ്ങൾ ചെരിഞ്ഞ് സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ ഏറ്റവും അനുയോജ്യമായതും തളിനനയാണ്. എന്നാൽ കാറ്റിന്‍റെ വേഗം കൂടുതലുള്ള സ്ഥലങ്ങളിൽ ഇത്തരം ജലസേചനരീതി അഭികാമ്യമല്ല.

മൈക്രോസ്പ്രിംഗ്ളർ

സാധാരണ സ്പ്രിംഗ്ളർ യൂണിറ്റുകൾ ഉപയോഗിക്കുന്പോൾ ഒരു മണിക്കൂറിൽ 1000 ലിറ്റർ വരെ വെള്ള ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ മൈക്രോസ്പ്രിംഗ്ളറുകൾ ഉപയോഗിക്കുന്പോൾ ജലത്തിന്‍റെ ഉപയോഗത്തോത് മണിക്കൂറിൽ 50 മുതൽ 250 ലിറ്ററായി കുറയുന്നു. ഒരു മീറ്റർ മുതൽ നാലു മീറ്റർ വരെ സ്ഥലം നനയ്ക്കുന്നതിനും ഈ രീതി സഹായിക്കുന്നു.

ഡ്രിപ്പ് ജലസേചനം (തുള്ളി നന)

ഓരോ സസ്യത്തിനും വേണ്ട വെള്ളം തുള്ളിതുള്ളിയായി കൃത്യമായ ഇടവേളകളിൽ ചുവട്ടിലേക്ക് നൽകുന്ന രീതിയാണിത്. മറ്റു ജലസേചനരീതികളിൽ നിന്ന് വ്യത്യസ്തമായി 50 ശതമാനം മുതൽ 70 ശതമാനം വരെ വെള്ളം ലാഭിക്കാമെന്നതാണ് തുള്ളിനന രീതിയുടെ മെച്ചം. പ്രധാന പിവിസി കുഴൽ, ഉപകുഴലുകൾ, ശാഖാ കുഴലുകൾ, ഡ്രിപ്പറുകൾ, ഫിൽട്ടറുകൾ എന്നിവയാണ് ഈ രീതിയുടെ പ്രധാന ഘടകങ്ങൾ. മണ്ണിന്‍റെ സ്വഭാവം, വിളയുടെ ജലാവശ്യം, ജലലഭ്യത എന്നിവയനുസരിച്ച് മണിക്കൂറിൽ രണ്ടു ലിറ്റർ, നാലു ലിറ്റർ, എട്ടു ലിറ്റർ എന്നീ അളവുകളിൽ വെള്ളം നൽകാൻ കഴിവുള്ള ഡ്രിപ്പറുകൾ ലഭ്യമാണ്. ആഗിരണശേഷി കുറഞ്ഞ മണ്ണിൽ ജലം കുറഞ്ഞ അളവിൽ കൂടുതൽ നേരം ലഭ്യമാക്കേണ്ടിവരും. ഈ രീതിയിൽ ജലത്തോടൊപ്പം വളങ്ങളും നൽകാൻ സാധിക്കും. വെള്ളത്തിൽ അലിയുന്ന വളങ്ങൾ (19:19:19, യൂറിയ) ജലസേചനത്തോടൊപ്പം നൽകുന്നതിന് ഫെർട്ടിഗേഷൻ (ഇറിഗേഷൻ + ഫെർട്ടിലൈസർ ആപ്ലിക്കേഷൻ) എന്നു പറയുന്നു. ഇതുവഴി ജലസേചനത്തിനും, വളം ഇടുന്നതിനുള്ള കൂലിച്ചെലവും ഒഴിവാക്കാം. തോട്ടവിളകളായ തെങ്ങ്, കമുക്, ജാതി, വാർഷിക വിളയായ വാഴ, പച്ചക്കറികൾ എന്നിവയിലും ഡ്രിപ്പ് രീതി ഫലപ്രദമാണ്. ഡ്രിപ്പുകൾ ഇടയ്ക്കിടെ അടഞ്ഞുപോകുന്നതാണ് ഈ രീതിയുടെ ഒരു പ്രധാന പോരായ്മ. പായൽ, മണൽതരികൾ, മറ്റു കരടുകൾ എന്നിവ അരിച്ചുമാറ്റുന്നതിനായി വിവിധതരത്തിലുള്ള ഫിൽറ്ററുകൾ ഉപയോഗിക്കണം. കൂടാതെ ആഴ്ചയിൽ ഒരിക്കൽ ഇവ കഴുകി വൃത്തിയാക്കണം. ബേസിൻ ജലസേചന രീതിയിൽ ഒരു തെങ്ങിന് 500-600 ലിറ്റർ വെള്ളം നൽകുന്പോൾ ഡ്രിപ്പ് രീതിയിൽ 30-100 ലിറ്റർ വെള്ളമാണ് നൽകേണ്ടിവരുന്നത്. അതായത് പഴയരീതിയിൽ ഒരു തെങ്ങ് നനയ്ക്കുന്ന ജലം ഉപയോഗിച്ച് ഡ്രിപ്പ് രീതിയിൽ അഞ്ചു തെങ്ങുകൾ നനയ്ക്കാൻ സാധിക്കും. ജലക്ഷാമം രൂക്ഷമായ ഈ കാലഘട്ടത്തിൽ ഓരോ തുള്ളിയിൽ നിന്നും പരമാവധി ഉത്പാദനം എന്ന ആശയമാണ് ഇപ്പോൾ നാം അനുവർത്തിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക്: 9447529904

ജോസഫ് ജോണ്‍ തേറാട്ടിൽ
കൃഷി ഓഫീസർ
പഴയന്നൂർ, തൃശൂർ