പാഷൻ ഫ്രൂട്ട് ജ്യൂസാക്കി വിൽപ്പനയ്ക്ക്
പാഷൻ ഫ്രൂട്ട് ജ്യൂസാക്കി വിൽപ്പനയ്ക്ക്
ജ്യൂസ് കുടിക്കണമെങ്കിൽ ആരോഗ്യകരമായ ജ്യൂസ് തന്നെ കുടിക്കണം. രക്തത്തിലെ കൗണ്ട് വർധിപ്പിക്കുവാൻ സഹായിക്കുന്ന പാനീയമെന്ന് പേരു വീണതോടെ പാഷൻ ഫ്രൂട്ടിന്‍റെ ജ്യൂസിന് ഡിമാൻഡ് കൂടി. ക്ഷീണവും തളർച്ചയും മാറ്റാൻ പ്രത്യേക കഴിവുള്ള ഈ ജ്യൂസിന് ആവശ്യക്കാർ ഏറെ. റോഡരികിൽ പാഷൻഫ്രൂട്ട് കൃഷിയും തോട്ടത്തിനോടു ചേർന്ന് പാഷൻ ഫ്രൂട്ട് ജ്യൂസ് വില്പനയും ആരംഭിച്ചിരിക്കുകയാണ് മുണ്ടക്കയം പറത്താനത്തെ വള്ളിയിൽ വീട്ടിൽ ലീന ജോണി.

പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് ജോണി ജോസഫിനോടൊപ്പം ചങ്ങനാശേരിയിൽ കഴിയുന്ന കാലത്താണ് ലീന പാഷൻ ഫ്രൂട്ട് കൃഷി ആരംഭിക്കുന്നത്. ക്വാർട്ടേഴ്സിലെ പാഷൻ ഫ്രൂട്ട് കൃഷി വിജയിച്ചതോടെ കൃഷി പരിചരണത്തിന് ജോണിയും സമയം കണ്ടെത്തി. സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥയായ ലീന ജോലിക്കു പോകുന്നതിനു മുന്പും വന്നുകഴിഞ്ഞും പാഷൻ ഫ്രൂട്ടിനെ പരിചരിച്ചിരുന്നു. ഇതിനിടയിൽ കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലംമാറ്റം കിട്ടി. വീട്ടുമുറ്റത്ത് സ്വന്തം ആവശ്യത്തിനായി ഒരു പാഷൻ ഫ്രൂട്ട് ചെടി.

ബാങ്ക് ജോലി രാജിവയ്ക്കുന്പോൾ നല്ലൊരു കർഷക ആകണമെന്ന ചിന്തയായിരുന്നു ലീനയുടെ മനസിൽ. ഭർത്താവ് ജോണിജോസഫ് ഒഴിവുദിവസങ്ങളിൽ പുരയിടക്കൃഷിയിൽ സജീവമായി. പൂർണമായും ജൈവകൃഷിയാണ് പിന്തുടരുന്നത്. പാഷൻ ഫ്രൂട്ടിനും ജ്യൂസിനും ആവശ്യക്കാർ കൂടിവന്നപ്പോൾ, പാലാ രൂപതയുടെ കീഴിലുള്ള അഞ്ചേക്കർ സ്ഥലം പാട്ടത്തിനെടുത്ത് പറത്താനത്ത് ഒരു പാഷൻ ഫ്രൂട്ട് തോട്ടം ഒരുക്കി.
കേരളത്തിൽ പ്രചാരത്തിലുള്ള മഞ്ഞ, ചുവപ്പ് ഇനങ്ങളുടെ തൈകൾ നട്ട് വ്യാവസായിക കൃഷി ആരംഭിക്കുന്നത് 2015 ൽ ആണ്. ജലക്ഷാമം കൂടുതലായ പ്രദേശമായതിനാൽ പൊതയിടുന്ന രീതിയാണ് പിന്തുടരുന്നത്. വീട്ടിലെ പശുക്കളുടെ ചാണകവും കോഴിക്കാഷ്ഠവും അടിസ്ഥാനവളമായി നൽകിയാണ് തൈകൾ നട്ടത്. വളർന്ന് പന്തലിൽ കയറുന്നതുവരെ മാസത്തിൽ ഒരു തവണ ചാണകം പുളിപ്പിച്ച ലായനി ഒഴിച്ചുകൊടുത്തു. വേനൽക്കാലത്ത് ജലക്ഷാമം പരിഹരിക്കാനായി ഒരു ലിറ്ററിന്‍റെ വെള്ളക്കുപ്പികൾ ശേഖരിച്ച് ചെറിയ ദ്വാരം ഇട്ട് ചെടികളുടെ ചുവട്ടിൽ സ്ഥാപിച്ചു. കുപ്പികളിൽ വെള്ളം തീരുന്നതനുസരിച്ച് വെള്ളം നിറച്ചുകൊടുക്കും. തൈകൾ വളർന്ന് എട്ടു മാസം കഴിയുന്പോൾ തണ്ടിനു മൂപ്പാകും. തണ്ടുകൾ മൂത്തുകഴിയുന്പോഴാണ് പുഷ്പിച്ചുതുടങ്ങുന്നത്.

ചെലവും അധ്വാനവും വളരെ കുറവുള്ള ഒരു കൃഷിരീതിയാണ് പാഷൻ ഫ്രൂട്ടിന്േ‍റത്. നല്ല തൈകൾ നട്ടാൽ എട്ടു വർഷം വരെ മികച്ച വിളവു ലഭിക്കും. വിളവെടുപ്പ് കഴിയുന്പോൾ പ്രൂണിംഗ്(കൊന്പുകോതൽ)നടത്തണം. ഇത് കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാനും ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു. ചുറ്റുപാടുമുള്ള റബർ തോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ ഉള്ളതിനാൽ പരാഗണത്തിലൂടെ ഉത്പാദനവർധനവ് ഉണ്ടാകുന്നുണ്ട്. ചെടികളുടെ വളർച്ചയ്ക്കും ഉത്പാദന വർധനവിനും തേനീച്ചകളുടെ സഹാം ഉണ്ടെന്ന് ലീന പറയുന്നു.


ചരലിന്‍റെയും പാറയുടെയും അംശംകൂടുതലുള്ള മലയുടെ ചെരിവിലാണ് വിശാലമായ കൃഷിയിടം. പൂഞ്ഞാർ-എരുമേലി റോഡിനോട് ചേർന്നു കിടക്കുന്ന സ്ഥലത്തെ പാഷൻ ഫ്രൂട്ട് തോട്ടം യാത്രക്കാർക്ക് കൗതുകമാണ്. വിനോദസഞ്ചാരികൾ ജ്യൂസ് കുടിക്കാനും തോട്ടം കാണാനും ഇതുവഴിയുള്ള യാത്രയ്ക്കിടയിൽ എത്തുന്നു. സഞ്ചാരികളുടെ ആവശ്യം കണക്കിലെടുത്ത് ലീനയും ജോണിയും ചേർന്ന് പാഷൻ ഫ്രൂട്ടിന്‍റെ തൈകൾ ഉത്പാദിപ്പിച്ച് വില്പന നടത്തുന്നുണ്ട്. മാതാപിതാക്കകളെ സഹായിക്കാൻ മക്കളായ അലീനയും ഇവാനും റോഷനും ഒഴിവുദിവസങ്ങളിലുണ്ടാവും. സ്കൂൾ വിട്ടുവന്നാൽ ഒരു ജ്യൂസ് കുടിച്ച്, അമ്മയെ സഹായിക്കാനായി ഇവർ കൂടെ കൂടും.

കാര്യമായ രോഗകീടബാധകൾ ഇല്ലാത്ത പാഷൻ ഫ്രൂട്ടിന് തുടക്കത്തിലുള്ള ചെലവാണ് പ്രധാനം. മനസിന് സുഖം നൽകുന്ന ഈ ചെടിയിൽ മികച്ച ഉത്പാദനം ഉറപ്പാണ്. ആരംഭകാലഘട്ടത്തിൽ ഒരു കിലോയ്ക്ക് 30 രൂപ ലഭിച്ചിരുന്നു. വിറ്റാമിൻ സിയും പൊട്ടാസ്യവും അടങ്ങിയ പോഷക പഴവർഗമായിരുന്ന പാഷൻ ഫ്രൂട്ടിന് പെട്ടെന്നാണ് ഡിമാൻഡ് കൂടിയത്. നാരുകൾ ഉള്ള ഈ പഴം നാഡീസംബന്ധമായ രോഗങ്ങൾക്കും ഉറക്കക്കുറവിനും ഹൈപ്പർ ടെൻഷനും നല്ലതാണെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ പാഷൻ ഫ്രൂട്ടിന് ആവശ്യക്കാർ കൂടി. ഇതോടെ കിലോയ്ക്ക് 150 രൂപ മുതൽ 200 രൂപ വരെ വില ഉയർന്നു. വിത്തുകൾ പാകി മുളപ്പിച്ചെടുക്കുന്ന തൈകൾക്ക് ആയുസ് കൂടുതലുണ്ട്. സ്വന്തമായി ചിട്ടപ്പെടുത്തിയ രീതിയിലൂടെ മുളപ്പിച്ചെടുക്കുന്ന തൈകളാണ് തോട്ടത്തിൽ നട്ടിരിക്കുന്നത്. കൃഷിയിലും വിപണിയിലും തൈകളുടെ ഉത്പാദനത്തിലും ലീനയോടൊപ്പം ജോണി യുമുണ്ട്. ഇന്ന് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലും ചെറിയൊരു പാഷൻ ഫ്രൂട്ട് തോട്ടം ഒരുക്കിയിട്ടുണ്ട്.

കാർഷിക അറിവുകളെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി പാഷൻ ഫ്രൂട്ട് കൃഷിയിലൂടെ മികച്ച നേട്ടം കൈവരിക്കുന്ന കുടുംബിനിയാണ് ലീന ജോണി. പാഷൻ ഫ്രൂട്ടിന്‍റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാക്കിയ വീട്ടമ്മ. തൊണ്ട് അച്ചാറിടാം. മൂക്കുന്നതിനുമുന്പായി പറിച്ചെടുത്താൽ പുളിക്ക് പകരമായി കറികളിൽ ഉപയോഗിക്കാം. സിറപ്പുണ്ടാക്കിയ ശേഷം സോഡ ചേർത്ത് പാനീയം ഉണ്ടാക്കി വിരുന്നുകാർക്ക് നൽകാം. ഇങ്ങനെ എത്രയെത്ര രുചിക്കൂട്ടുകൾ. ഒന്നു മനസു വച്ചാൽ നേട്ടങ്ങൾ കൈവരിക്കാൻ ഒരു കുടുംബിനിക്ക് കഴിയുമെന്നതിന് തെളിവാണ് ലീന ജോണി. ഫോണ്‍ 99470 45550.

- നെല്ലി ചെങ്ങമനാട്