വർഷം മുഴുവൻ പച്ചക്കറിയുമായി വട്ടവട
ഇടുക്കിയിലെ മൂന്നാർ മലനിരകളിലൂടെ 45 കിലോമീറ്റർ വടക്കോട്ടു യാത്രചെയ്താൽ വട്ടവടയിലെത്താം. പശ്ചിമഘട്ടത്തിന്‍റെ കിഴക്കുഭാഗം. സമുദ്രനിരപ്പിൽ നിന്ന് 1450 നും 2695 മീറ്ററിനും മധ്യേ ഉയരത്തിലുള്ള മലനാട്. കോവിലൂർ എന്ന ചെറിയപട്ടണത്തിന് തൊട്ടടുത്തുള്ള സുന്ദരമായ ഗ്രാമം. മലമുകളിൽ നിന്നു നോക്കിയാൽ ദീർഘചതുരാകൃതിയിൽ പച്ച തീപ്പെട്ടിപ്പെട്ടികൾ അടുക്കിവച്ചതുപോലെ കൃഷിയിടം കാണാം. അൽപം കൂടിയടുക്കുന്പോൾ പച്ചയുടെ കാഠിന്യം കൂടിയും കുറഞ്ഞും വരും. കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ തട്ടുകൾ തിരിച്ച് കൃഷിചെയ്തിരിക്കുന്നു. മലകളെ ചെറിയ തട്ടുകളാക്കി ഓരോതട്ടിലും വിവിധയിനം വിളകൾ.

കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ പച്ചക്കറികൃഷി നടക്കുന്ന വട്ടവട ഗ്രാമത്തിൽ അധികവും വിളയുന്നത് ശീതകാല പച്ചക്കറികൾ. ഇതിനു സഹായിക്കുന്നത് ഇവിടത്തെ കാലാവസ്ഥ തന്നെ. ശീതകാലത്ത് ശരാശരി താപനില അഞ്ച് ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനുമിടയിൽ. ചിലപ്പോൾ ഇത് പൂജ്യത്തിലേക്കും അതിനു താഴേക്കും താഴുന്നു. ഉഷ്ണകാലത്തെ താപനില 12 മുതൽ 18 ഡിഗ്രി സെൽഷ്യസിനിടയിൽ.വർഷകാലത്ത് 19 ഡിഗ്രിസെൽഷ്യസ്. ഏതുകാലത്തും ശീതകാല പച്ചക്കറികൾ വിളയിക്കാൻ പറ്റിയ കാലാവസ്ഥ. വൻമലകൾ അതിരിടുന്ന കൃഷിയിടങ്ങൾ. മലയെ തട്ടുതട്ടായി തിരിച്ചാണ് കൃഷി. അതിനാൽ എവിടെയും കർഷകർക്കും കൃഷികാണാനെത്തുന്നവർക്കും അനായാസമെത്താം. ചെമ്മണ്ണ്, കളിമണ്ണ്, തരിമണൽ തുടങ്ങി ഒരുസ്ഥലത്തുതന്നെ പലതരം മണ്ണിനങ്ങൾ കാണപ്പെടുന്നതിനാൽ വിവിധ തരം പച്ചക്കറികളും ഫലവർഗങ്ങളും വിളയിക്കാനുമാകും. പല മലമടക്കുകളിലായി 2500 ഏക്കർ സ്ഥലത്താണ് ഇവിടെ കൃഷി നടക്കുന്നത്. താമസക്കാരിൽ 90 ശതമാനവും കർഷകർ. 1500 കുടുംബങ്ങളാണ് വട്ടവട ഗ്രാമത്തിലുള്ളത്. ഇതിൽ 1300 പേരും കർഷകർ.

അനന്തസാധ്യതയായി ഫാം ടൂറിസം

ഫാം ടൂറിസം വികസിപ്പിക്കാൻ പറ്റിയ സ്ഥലമാണ് കാർഷിക ഗ്രാമമായ വിട്ടവട. മൂന്നാർ കാണാൻ വരുന്ന ടൂറിസ്റ്റുകളെ ഇവിടെയെത്തിക്കാൻ എന്തെങ്കിലും ക്രമീകരണം സർക്കാർ തലത്തിൽ സ്വീകരിക്കാനായാൽ അത് വട്ടവടയുടെ മുഖഛായ തന്നെ മാറ്റും. മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടി, കുണ്ടള ഡാമുകൾ കടന്നാണ് വട്ടവടയിലേക്കുള്ള യാത്ര. തേയിലത്തോട്ടങ്ങളും കാടും നദിയും ഡാമുമെല്ലാം കണ്ട് നേരേയെത്തുന്നത്പാന്പാടുംചോല നാഷണൽപാർക്കിലേക്കാണ്. കടുവയും മാനും ആനയുമൊക്കെ ധാരാളമുള്ള പാർക്ക് കടന്ന് ചെല്ലുന്നത് വട്ടവടയിലേക്കാണ്. ഇതിനു തൊട്ടുമുന്പുള്ള മലനിരകളിൽ നിന്നാൽ വട്ടവടയിലെ കാർഷക സൗന്ദര്യം ഒറ്റഫ്രെയിമിൽ പകർത്താനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. തുടർന്ന് പച്ചക്കറികളും പഴങ്ങളും നിറഞ്ഞ വട്ടവട ഗ്രാമവും കണ്ട്, പച്ചക്കറികളും മൂല്യവർധിത ഉത്പന്നങ്ങളും വാങ്ങി മടങ്ങാം. ഇവിടെ നിന്നും കൊടൈക്കനാലിലേക്ക് 10 കിലോമീറ്ററേയുള്ളൂ. സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിച്ചാൽ ഇവിടെനിന്നും കൊടൈക്കനാലിലേക്കുള്ള റോഡ് തുറക്കാം. ഇത് സാധ്യമായാൽ കൊടൈക്കനാലിൽ നിന്നുള്ള വിനോദസഞ്ചാരികളെയും എളുപ്പം വട്ടവടയിലും മൂന്നാറിലും എത്തിക്കാനുമാകും.


വിത്തെത്തുന്നത് വിദേശത്തു നിന്ന്

വിദേശത്തുനിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നുമാണ് വട്ടവടയിലെ കൃഷിക്കാവശ്യമുള്ള വിത്തുകൾ കർഷകർ വാങ്ങുന്നത്. ഇതിനാൽ വിത്തിന് ഭീമമായ തുക നൽകേണ്ടി വരുന്നു. ഇത് ഇവിടത്തെ കൃഷി ലാഭകരമാക്കുന്നതിനു തടസം നിൽക്കുന്ന ഒന്നുകൂടിയാണെന്നു കർഷകർ പറയുന്നു. മലമടക്കുകളിലെ കൃഷിയിടത്തിനു മധ്യേ തീർത്തിരിക്കുന്ന വീടുകളിലാണ് കർഷക കുടുംബങ്ങൾ താമസിക്കുന്നത്. അതിനാൽ മുഴുവൻ സമയവും കൃഷിയിടത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാനുമാകുന്നു.

മൂന്നു സീസണുകൾ രണ്ടുമാസം നിലമൊരുക്കൽ

മൂന്നു സീസണുകളിലായാണ് വട്ടവടയിൽ പച്ചക്കറികൃഷി നടക്കുന്നത്. ജൂണിലാണ് ഒന്നാം സീസണ്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിളവെടുക്കും. സെപ്റ്റംബറിൽ തുടങ്ങി നവംബറിൽ വിളവെടുപ്പോടെ അവസാനിക്കുന്നതാണ് രണ്ടാംകൃഷി. ഡിസംബറിൽ വിത്തിട്ട് ഫെബ്രുവരി- മാർച്ചിൽ അവസാനിക്കും മൂന്നാം കൃഷി. ഏപ്രിൽ- മേയ് മാസങ്ങൾ തരിശിട്ട് അടുത്ത കൃഷികാലത്തിനായി ഒരുങ്ങുകയാണ് ഇവിടത്തെ കർഷകർ. പാഷൻഫ്രൂട്ട്, മരത്തക്കാളി, സ്വീറ്റ് പാഷൻഫ്രൂട്ട്, സബർജിൽ, പേരയ്ക്ക തുടങ്ങി നിരവധി പഴവർഗങ്ങളും ഇവർ കൃഷി ചെയ്യുന്നു.

ടോം ജോർജ്
ചിത്രങ്ങൾ: ശരത് രാജേന്ദ്രൻ