നിത്യഹരിതവനംപോലെ ഒരു സമ്മിശ്ര കൃഷിയിടം
നല്ലത് ന്യായവിലയ്ക്ക് ലഭിക്കുമെന്ന് കണ്ടാൽ ഉപഭോക്താവ് കൃഷിയിടത്തിൽ എത്തുമെന്നാണ് പുത്തൻ ആദായതന്ത്രങ്ങൾ പരീക്ഷിക്കുന്ന പി. കെ. ജോസിന്‍റെ അഭിപ്രായം. പത്തു വർഷമായി കൃഷിയിൽ വ്യാപൃതനാണ് ഇരിട്ടി ഞണ്ടുംകണ്ണി പുത്തൻപുരയ്ക്കൽ ജോസ്. നാല്പത്തിയഞ്ച് വർഷം മുന്പാണ് ഇദ്ദേഹം കൃഷിയിലേക്കിറങ്ങുന്നത്. റബറും തെങ്ങും കമുകുമായിരുന്നു പ്രധാന വിളകൾ. കുട്ടിക്കാലത്തെ സന്പന്നമായ കൃഷിയിടങ്ങളുടെ ഓർമകളുമായി കൃഷിയിൽ സജീവമായിക്കഴിഞ്ഞു കണ്ണൂർ ജില്ലയിലെ വോളിബോൾ താരമായ ജോസ്. പൊതുകാര്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റായും സേവനം ചെയ്തിട്ടുണ്ട്. ജീവിതത്തിൽ സന്തോഷവും ഐ ശ്യര്യവും നേടണമെങ്കിൽ മുഴുവൻസമയ കർഷകനായി മാറണമെന്ന ആശയം മനസിൽ വേരുപിടിച്ചപ്പോഴാണ് കൃഷിയിൽ കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങുന്നത്. പൊതു പ്രവർത്തകൻ എന്ന നിലയിൽ ജനകീയ കാര്യങ്ങളിൽ ഇടപെടുന്നുണ്ടെങ്കിലും കൃഷിക്കാണ് മുഖ്യസ്ഥാനം.

പത്തേക്കറിലാണ് ജോസിന്‍റെ കൃഷി. നാടനും പുതിയതുമായി 200 ൽ പരം ഇനങ്ങൾ ഈ കൃഷിയിടത്തിലുണ്ട്. ലഭ്യമായ സ്ഥലത്തെല്ലാം വിവിധതരം പച്ചക്കറികളും കിഴങ്ങുവിളകളും ഇടവിളയായി കൃഷിചെ യ്തിരിക്കുന്നു. പരന്പരാഗതമായി ലഭിച്ച ഭൂമിക്ക് പുറമെ കൃഷിയിലൂടെ അഞ്ച് ഏക്കർ സ്ഥലം വാങ്ങുവാനുംഇദ്ദേഹത്തിനു കഴിഞ്ഞു. കൂടാതെ മക്കൾക്കുവേണ്ടി വാങ്ങിയ സ്ഥലവും കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട്. റബർ കൃഷിക്കായിരുന്നു ആദ്യഘട്ടത്തിൽ മുൻതൂക്കം. വില കുറഞ്ഞതിനാൽ റബർ കൃഷി കുറച്ചു വരികയാണ്. കർഷകന്‍റെ നിലനിൽപ്പിന് സമ്മിശ്രകൃഷിയാണ് നല്ലതെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മിശ്രവിളരീതി നടപ്പാക്കിയത്. മലയുടെ ചെരിവിലുണ്ടായിരുന്ന റബർ മരങ്ങൾ നശിപ്പിച്ച്, മണ്ണൊലിപ്പ് തടയുന്ന രീതിയിൽ കൃ ഷിയിടം തട്ടുകളായി തിരിച്ച് പുത്തൻ കൃ ഷിരീതിക്ക് തുടക്കം കു റിച്ചു. ഇവിടെ വിവിധ ഇനത്തിൽപ്പെട്ട കശുമാവും മാവും പ്ലാവുമെല്ലാം വളർന്നു പന്തലിച്ചുതുടങ്ങി. ഇവയ്ക്ക് ഇടയിൽ സൂര്യപ്രകാശം ലഭിക്കുന്നിടത്തെല്ലാം ചേന, ചേന്പ്, കാച്ചിൽ, വിവിധതരം പച്ചക്കറികൾ തുടങ്ങിയവ നട്ടിരിക്കുന്നു. കൂടാതെ ഇപ്പോൾ നിലനിർത്തിയിരിക്കുന്ന നാലേക്കർ റബർ തോട്ടത്തിൽ റോയ്സ് കാപ്പി ഇടവിളയായി കൃഷി ചെയ്തിട്ടുണ്ട്. റബറിന്‍റെ തണലിൽ മികച്ച വിളവു നൽകുന്ന 2500 റോയ്സ് കാപ്പി തൈകളാണ് കഴിഞ്ഞ വർഷം നട്ടത്. ഇത് മൂന്നു വർഷം കഴിയുന്പോൾ പുഷ്പിച്ചു തുടങ്ങും. വരുംകാലങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള വിലയിടിവിനെ നേരിടാൻ കഴിയുന്ന തരത്തിലാണ് മിശ്രവിളക്കൃഷി.

മലയാളിയുടെ രുചിഭേദങ്ങളിൽ എന്നും മുൻനിരയിലുള്ള ഏത്തവാഴയും പൂവൻ, കദളി തുടങ്ങി പത്തിലേറെ ഇനത്തി ൽപ്പെട്ട വാഴകളും ഇടവിളയായി കൃഷി ചെയ്തുവരുന്നു. ഇവയ്ക്കു പുറമെ ആദ്യകാലം മുതൽ സംരക്ഷച്ചു വരുന്ന നൂറോളം തെങ്ങുകളും അഞ്ഞൂറിൽപരം കമുകും, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, റെഡ് ലേഡി പപ്പായ, ഫിലോസാൻ തുടങ്ങി നൂറോളം പഴവർഗഇനങ്ങളുമെല്ലാം തോട്ടത്തിൽ വിളവൈവിധ്യമൊരുക്കുന്നു. ഇവയ്ക്കെല്ലാം ജൈവവളമാണ് നൽകുന്നത്. മണ്ണിരകംന്പോസ്റ്റ് ഉണ്ടാക്കി വർഷത്തിൽ ഒരു തവണ നൽ കുന്നു. കൂടാതെ രണ്ടുപ്രാവശ്യം ജൈവവളവും നൽകുന്നുണ്ട്. ജൈവവള നിർമാണത്തിനായി പശുക്കളെയും ആടുകളെയും വളർത്തുന്നു. ഒരു കൃഷിയിടത്തിന്‍റെ ഐശ്വര്യമാകുന്ന നാടൻ കോഴികൾക്കു പുറമെ മുട്ടക്കോഴികളും കാടയും മുയലും ഗിനിപന്നിയുമെല്ലാം ഉള്ള ഈ കൃഷിയിടത്തിൽ പ്രാവുകളും പക്ഷികളും ഉണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും മനസുനിറയെ കണ്ട് പഠിക്കാനുള്ള വിഭവങ്ങൾ ഈ കൃഷിയിടത്തിലുണ്ട്. ദിവസേന നിരവധി കൃഷി സ്നേഹികൾ ഇവിടെയെത്തുന്നു.


നിത്യഹരിതവനം പോലെയാണ് ഈ കൃഷിയിടം. പ്രകൃതി സൗന്ദര്യത്തിന്‍റെ ലാളിത്യവും ഗാംഭീര്യവും കൃഷിയിടത്തിന്‍റെ മഹത്വവും തുളുന്പിനിൽക്കുന്ന ഈ മണ്ണിൽ കൃഷിയിടം കാണാനും കൃഷിരീതികൾ കണ്ട് പഠിക്കാനും എത്തുന്ന കുട്ടികൾക്കും കൃഷി സ്നേഹികൾക്കും വിശ്രമിക്കാനും ചർച്ചകൾ നടത്താനും പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. കൃഷിയിടത്തിന് ഇടയിൽ പ്രത്യേക പൂന്തോട്ടം ഒരുക്കി ചാരുബെഞ്ചുകൾ സ്ഥാപിച്ച് ഇതിനായി സ്ഥലം ഒരുക്കിയിരിക്കുന്നു. കൂടാതെ ഒരു സെന്േ‍റാളം വരുന്ന കുളത്തിന്‍റെ പരിസരത്ത് നടപ്പാതയും ഇരിപ്പിടവുമുണ്ട്. കുട്ടികളെ ആകർഷിക്കാൻ മീൻപിടുത്തക്കാരന്‍റെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നു. കട്ല, രോഹു, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെയാണ് കുളത്തിൽ വളർത്തുന്നത്. സന്ദർശകർക്ക് മത്സ്യഭക്ഷണം ഒരുക്കാൻ ഇതി ലെ മത്സ്യങ്ങളെയാണ് പിടിക്കുന്നത്. കുളത്തിന്‍റെ പരിസരത്ത് തണലും തണുപ്പും നിലനിർ ത്താൻ പേര, മാങ്കോസ്റ്റിൻ, പപ്പായ തുടങ്ങി പഴവർഗച്ചെടികൾ. കൃഷിയിടത്തിലെ ഫലങ്ങൾ പറിച്ചെടുത്ത് ഭക്ഷിക്കാനും ആവശ്യമുള്ളവ ശേഖരിച്ചു കൊണ്ടുപോകാനും സന്ദർശകർക്ക് സാധിക്കും. നഷ്ടമില്ലാത്ത ചെറിയൊരു തുകയാണ് ഇതിന് ഈടാക്കുന്നത്.

ഫലവൃക്ഷങ്ങളാൽ സന്പന്നമായ ഈ കൃഷിയിടത്തിൽ കാർഷിക ഉത്പാദനവർധനവിനും തേനിനും വേണ്ടി തേനീച്ചകളെ വളർത്തുന്നുണ്ട്. പരാഗണം സുഗമമാക്കാൻ തേനീച്ചകൾ സഹായിക്കുന്പോൾ ഉയർന്ന വിളവാണ് ഉണ്ടാകുന്നത്. ഒൗഷധഗുണമുള്ള തേൻ ലഭിക്കാൻ വ്യത്യസ്തങ്ങളായ പുഷ്പസസ്യങ്ങളും ഒൗഷധച്ചെടികളും വേണം. ഇതിനായി നാടൻ ഇനത്തിൽപ്പെട്ട പുഷ്പച്ചെടികളും ഒൗഷധസസ്യങ്ങളും നട്ടു വളർത്തുന്നു. കൃഷിയിടത്തിലൂടെ സഞ്ചരിക്കാൻ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. സ്വാഭാവികവനം പോലെ തോന്നിക്കുന്ന കൃഷിയിടത്തിൽ നല്ല തണുത്ത അന്തരീക്ഷമാണ് എപ്പോഴും. നാട്ടിൽ നിന്നും പുറത്തു നിന്നും കൃഷിയിടത്തെ മതിവരുവോളം ആസ്വദിച്ച് മടങ്ങാൻ കുട്ടികളും കർഷകരും എത്തുന്നുണ്ട്. രോഗശാന്തിക്കും മാനസിക ഉല്ലാസത്തിനും സഹായിക്കുന്ന തരത്തിൽ, പ്രകൃതി സൗഹൃദകൃഷിയിടമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് ജോസ് പുത്തൻപുരയ്ക്കൽ. ഫോണ്‍ ജോസ് : 9946575365.

നെല്ലി ചെങ്ങമനാട്
Loading...