ഉരുളക്കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
എയർപൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പിനെ ഉരുളക്കിഴങ്ങിന്‍റെ പകരക്കാരൻ എന്നു വിശേഷിപ്പിക്കാം. ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനുമാകും. പക്ഷെ ഉരുളക്കിഴങ്ങിന്‍റെ അത്ര രുചിയില്ല. എന്നിരുന്നാലും ഉരുളക്കിഴങ്ങിനേക്കാളും വളരെയേറെ പോഷകമൂല്യം ഉണ്ടെന്നു കരുതപ്പെടുന്നതിനാലായിരിക്കാം ആറേഴ് പതിറ്റാണ്ടു കൾക്കു മുന്പ് നാട്ടുകാർ ഒന്നടങ്കം തങ്ങളുടെ പുരയിടത്തിൽനിന്നും ഒഴിവാക്കിയതിന്‍റെ പതി·ടങ്ങ് വേഗത്തിൽ ഇപ്പോൾ അടതാപ്പ് കൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചിലർ വൻതോതിൽ കൃഷി നടത്തുന്നുണ്ട്. അവയ്ക്ക് ആവശ്യക്കാരുമുണ്ട്.

കാച്ചിൽ വർഗത്തിൽപ്പെട്ട ഒരു വിള. നിൽക്കുന്ന ഭാഗത്തെ മണ്ണിന്‍റെ ഇളക്കം, വളക്കൂറ്, ചുറ്റിപ്പടർന്നു കയറുന്ന വൃക്ഷത്തിന്‍റെ ഉയരം, സൂര്യപ്രകാശം എന്നിങ്ങനെ എല്ലാഘടകങ്ങളും ഒത്തിരുന്നാൽ ചുവട്ടിൽ നിന്നും സാമാന്യം വലുപ്പമുള്ള ഒരു കിഴങ്ങ് ലഭിക്കും. പത്തു കിലോഗ്രാമിന് മേൽ തൂക്കമുള്ള കിഴങ്ങുലഭിച്ചതായറിയാം. കാച്ചിൽ പോലെ തന്നെ ഈ കിഴങ്ങും പുഴുങ്ങിത്തിന്നാനും കറിവയ്ക്കാനും ഒക്കെ കൊള്ളാം. മേൽപ്പോട്ട് പടർന്നു കയറുന്ന വള്ളിയിൽ ഉരുളക്കിഴങ്ങിന്‍റെ ആകൃതിയിലുള്ള മേക്കായ് ഉണ്ടാകും. അനുകൂലസാഹചര്യമാണെങ്കിൽ മുട്ടിന് മുട്ടിന് കണക്കില്ലാതെ ഉണ്ടാകും. 500-600 ഗ്രാം തൂക്കമുള്ളവ വരെ ലഭിക്കും. എന്നാൽ അപൂർവമായി 3-4 കിലോഗ്രാം തൂക്കം വരുന്ന മേക്കായ്കളും കിട്ടാറുണ്ട്. ഒറ്റ ചെടിയിൽ നിന്നും രണ്ടു ചാക്ക് വരെ മേക്കായ് കിട്ടിയിട്ടുള്ളതായി അനുഭവസ്ഥർ പറയുന്നു. കൂടുതൽ വിളവിനായി വൻമരങ്ങളിൽ കയറ്റി വിട്ടാൽ വിളവെടുപ്പ് വളരെ ദുഷ്കരമായിരിക്കും.

സാധാരണ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നവയുടെ തൊലിക്കു ബ്രൗണ്‍നിറമാണ്. എന്നാൽ തൊലിപ്പുറമേ വെള്ള നിറമുള്ള ഒരു അപൂർവ ഇനം കൂടിയുണ്ട്.


||

വെള്ള അടതാപ്പ്

ഇത് അന്യംനിന്നുപോകാതെ സംരക്ഷിച്ചത് മലപ്പുറം ജില്ലയിലെ കാട്ടുനായ്ക്ക·ാരാണ്. ഇതേക്കുറിച്ച് ഈയടുത്തകാലത്ത് പുറം ലോകമറിഞ്ഞതും അവരിൽ നിന്നുതന്നെയാണ്. വെള്ള അടതാപ്പിന് വിളവ് ഇത്തിരി കുറവാണെന്ന് കേൾക്കുന്നു. പക്ഷെ സാധാരണ അടതാപ്പിനേക്കാൾ വളരെ ഉയർന്ന തോതിൽ പോഷകമൂല്യം ഉണ്ടെന്നും ഇവയുടെ ഉപയോഗം മനുഷ്യരിൽ വളരെയേറെ രോഗപ്രതിരോധ ശേഷി ഉണ്ടാക്കാൻ പര്യാപ്തമാണെന്നും പരക്കെ കരുതപ്പെടുന്നു. ഇതിനാൽ തന്നെ വെള്ള അടതാപ്പ് ഒരിടത്തും തന്നെ വാങ്ങാൻ കിട്ടാത്ത അവസ്ഥയിലുമാണ്. ഏറെ ഗവേഷണം ആവശ്യമുള്ള വിളതന്നെയാണിത്.

കൃഷിരീതികൾ

കാലവർഷാരംഭത്തോടെ കാച്ചിൽ നടുന്ന അതേ രീതിയിൽ കുഴിഎടുത്ത് മൂടി അല്പം ജൈവവളങ്ങളും ചേർത്ത് ഇടത്തരം വലുപ്പമുള്ള ഒരു മേക്കായ് നടുക. പടർന്നു കയറാനുള്ള സൗകര്യ മുണ്ടായിരിക്കണം. ചെറുമരങ്ങളിൽ കയറ്റി വിടുകയോ പന്തലിട്ടു കൊടുക്കുകയോ ചെയ്യാം.

വിളവെടുപ്പ്

വള്ളിയിൽ ഉണ്ടാകുന്ന മേക്കായ് മൂപ്പെത്തണമെന്നില്ല. ഒരു വിധം വളർച്ചയെത്തിയാൽ എപ്പോൾ വേണമെങ്കിലും പറിച്ചെടുത്ത് കറിവയ്ക്കാം. പക്ഷെ ചുവട്ടിലെ കിഴങ്ങ്, ചെടി മൂപ്പെത്തി തണ്ട് ഉണങ്ങാൻ തുടങ്ങുന്പോൾ മാത്രം പറിച്ച് എടുക്കുന്നതായിരിക്കും ഉത്തമം.

വളപ്രയോഗം

ആവശ്യാനുസരണം ജൈവവളങ്ങളും ചപ്പുചവറുകളും ചുവട്ടിൽ ചേർത്തു കൊടുക്കാവുന്നതാണ്. ഇതര വിളകളെപ്പോലെ തന്നെ വളപ്രയോഗതോതിനും പരിചരണത്തിനുമനുസരിച്ച് വിളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും. ഫോണ്‍: ജോസ്- 96450 33622.

ജോസ് മാധവത്ത്