നോക്കിനിൽക്കെ ചുവന്നുതുടുക്കും ഉദ്യാനസുന്ദരി
പ്രകൃതി രസകരമായ കരവിരുതോടെ തീർത്ത ഉദ്യാനസസ്യങ്ങൾ നിരവധിയാണ്. ഓരോന്നിനുമുണ്ടാകും പ്രകൃതി നമുക്കായി കരുതിവച്ച വിസ്മയത്തിന്‍റെ വാതിൽ തുറക്കുന്ന ഒരു കൈയൊപ്പ്. ന്ധബ്ലഷിംഗ് ബ്രൊമെലിയാഡ്’ എന്ന ഓമനപ്പേരുള്ള രസഭരസസ്യമാണ് ഇതിനുമികച്ച ഉദാഹരണം. കണ്ണഞ്ചിപ്പിക്കും വിധം ശ്രദ്ധപിടിച്ചുപറ്റുന്ന ബ്രൊമെലിയാഡാണിത്. ബ്രൊമെലിയാഡുകളുടെ വലിയ ജനുസിലെ അംഗമാണിത്. പേരു സൂചിപ്പിക്കുന്നതുപോലെ ചെടിയുടെ മുകൾത്തലപ്പിന്‍റെ മധ്യഭാഗം ലജ്ജാവിവശയായൊരു സുന്ദരിയുടെ കവിൾത്തടം ചുവക്കുന്നതുപോലെ ചുവന്നു തുടുക്കും. അതാണ് ഈ ചെടിക്ക് ലജ്ജാവിവശയായ ബ്രൊമെലിയാഡ് എന്ന അർഥത്തിൽ ന്ധബ്ലഷിംഗ് ബ്രൊമെലിയാഡ്’ എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്. ഒരുപക്ഷെ ഏറ്റവുമധികം വളർത്തുന്ന ബ്രൊമെലിയാഡുകളിലൊന്നാണിത്. അകത്തളങ്ങളിലും വളർത്താൻ ഉത്തമം.

പരമാവധി 45 സെന്‍റീമീറ്ററാണ് ഈ ചെടിയുടെ ഉയരം. തെളിഞ്ഞ സൂര്യപ്രകാശത്തോട് വലിയ ഇഷ്ടമുള്ള ചെടിയാണിത്. ബ്രസീൽ, കൊളംബിയ, പെറു എന്നിവയാണ് ബ്ലഷിംഗ് ബ്രൊമെലിയാഡിന്‍റെ ജ·സ്ഥലങ്ങൾ. നീളൻ ഇലകൾ, തിളക്കമുള്ളതും മുകൾഭാഗത്ത് പച്ചയും താഴ്ഭാഗം കടും നിറമുള്ളതും. ദൃഢമാണ് ഇലകൾ. ഇലകളുടെ അരിക് പല്ലുകൾ പോലെ രൂപപ്പെട്ടതാണ്. ഒരടിയോളം നീളമുണ്ടാകും ഇവയ്ക്ക്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഇനമാണ് ട്രൈകളർ. ഇലയിൽ നീളത്തിൽ പച്ചയും വെള്ളയും കലർന്ന വരകളുണ്ടാകും. ഇലകൾ വളരുന്ന ചെടിയുടെ മധ്യഭാഗം പുഷ്പിക്കുന്നതിന് തൊട്ടുമുന്പാണ് നിറം മാറി ചുവക്കുക. അതുകൊണ്ടു തന്നെ ഇവിടെ വളരുന്ന വയലറ്റ് നിറമുള്ള ചെറിയ പൂക്കളുടെ കൂട്ടം അധകമാരും ശ്രദ്ധിക്കാറില്ല. ഇലയുടെ നിറഭേദത്തിലും ചന്തത്തിലും പൂക്കൾ അവഗണിക്കപ്പെട്ടുപോകുന്നു. ഇലകൾക്ക് നിറഭേദം സംഭവിക്കുന്നതോടെ ചെടിയുടെ മുകൾഭാഗം പൊതുവെ പരന്നു വളരുന്നത് കാണാം. ഇതോടെ നിറം കൂടുതൽ ആകർഷകവും ശ്രദ്ധേയവുമായിത്തീരും.

ബ്രൊമെലിയാഡ് കുടുംബത്തിലെ മറ്റു ചെടികളെപ്പോലെ മഴക്കാടുകളിൽ മരങ്ങളിലോ മണ്ണിലോ ആണ് നൈസർഗികമായി വളരുന്നത്. ചെടിയുടെ മധ്യഭാഗത്തെ കപ്പാകൃതിയിലുള്ള ഇലക്കൂട്ടത്തിൽ മഴയത്ത് വെള്ളം നിറയുക സ്വാഭാവികം. ചെറിയ വേരുകൾ കൊണ്ട് ഇത് ഏതു പ്രതലത്തിലും പിടിച്ചുനിൽക്കുകയാണ് പതിവ്. വനമേഖലകളിൽ വളരുന്പോൾ ഇലച്ചുറ്റ് തീർത്ത മുകൾഭാഗത്തെ കപ്പിൽ ജലത്തോടൊപ്പം ഇലയവശിഷ്ടങ്ങളും മറ്റും നിറയുക പതിവാണ്. ഇതിൽ നിന്നു തന്നെ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ ചെടി വലിച്ചെടുക്കുകയാണു പതിവ്. ഇലപ്പരപ്പിന് പൊടുന്നനെ സംഭവിക്കുന്ന അത്യാകർഷകമയ നിറഭേദം പരാഗണത്തിനെത്തുന്ന ചെറുപ്രാണികളെ ഉള്ളിലെ തീരെ ചെറിയ പൂക്കളിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ്. ഈ നിറം മാറ്റം മാസത്തോളം മാറ്റം വരാതെ നിലനിൽക്കുകയും ചെയ്യും.


ബ്ലഷിംഗ് ബ്രൊമെലിയാഡ് ചട്ടിയിലോ മരക്കഷണങ്ങളിൽ പറ്റിപ്പിടിപ്പിച്ചോ വളർത്താം. മരക്കഷണങ്ങളിൽ വളർത്താൻ ചെറുതൈകളാണ് ഉത്തമം. രണ്ടായാലും രണ്ടു വിധത്തിലാണ് വേരുപടലം ഉണ്ടാകുക. ചട്ടിയിലാണെങ്കിൽ മണലിൽ നിന്ന് ഈർപ്പവും പോഷകങ്ങളും ആഗീരണം ചെയ്യാൻ പാകത്തിന് വേരുകളുണ്ടാകും. എന്നാൽ മരക്കഷണത്തിലോ തടിയിലോ ആണെങ്കിൽ ബലവത്തായ വേരുകൾ ഉണ്ടാകുന്നത് ചെടിയെ അതിനോടു ചേർത്തു നിർത്താനാണ്. എന്നാൽ ഇവയ്ക്ക് നനവോ പോഷകങ്ങളോ വലിച്ചെടുക്കാൻ കഴിയണമെന്നില്ല.

ഉഷ്ണകാലത്ത് ഉച്ചസമയത്തുള്ള തീച്ചൂട് ബ്ലഷിംഗ് ബ്രൊമെലിയാഡ് സഹിക്കില്ല. രാവിലെയും വൈകുന്നേരവുമുള്ള വെയിലാണ് താത്പര്യം. ഇതര ബ്രൊമെലിയാഡ് ചെടികളേക്കാൾ ഇതിന്‍റെ ഇലകൾക്ക് സാമാന്യം കട്ടിയും ദൃഢതയുമുണ്ട്. എങ്കിലും അമിതവെയിലടിച്ച് നിറം മങ്ങുന്നത് കണ്ടാൽ തണലുള്ളിടത്തേക്കു മാറ്റണം. ഈർപ്പത്തിന്‍റെ അംശം നിറഞ്ഞ സാഹചര്യം ഇതിനിഷ്ടമാണ്. അതിനാലാണ് ചട്ടിയിൽ വളർത്തുന്ന ചെടി ഉരുളൻ കല്ലുകൾ നിരത്തിയ ഒരു വെള്ളപാത്രത്തിൽ ഇറക്കി വയ്ക്കാമെന്നു പറയുന്നത്. ലീഫ് മോൾഡ്, പീറ്റ് മോസ്, മണൽ ഇവ മൂന്നും കലർത്തുന്നതാണ് മികച്ച വളർച്ചാമിശ്രിതം. ഇലപ്പൊടിയും മണലും കുറച്ചു മേൽമണ്ണുമായാലും തരക്കേടില്ല.

പുഷ്പിച്ച് കഴിയുന്ന ചെടി യഥാർഥത്തിൽ ഒരു തരം സ്വയം നാശത്തിലേക്ക് പോകുന്നുവെന്നതാണ് യാഥാർഥ്യം. എന്നാൽ ഈ സമയത്തുതന്നെ ചെടിച്ചുവട്ടിൽ കുഞ്ഞുതൈകൾ രൂപപ്പെട്ടിട്ടുണ്ടാകും. സ്വയം നശിക്കുന്നു എന്നറിയുന്പോഴും വംശം നിലനിർത്താനുള്ള പ്രകൃതിയുടെ ഉപായമാണിത്. തൈ, മാതൃസസ്യത്തിന്‍റെ ഏതാണ്ട് പകുതിയോളം വളർന്നു കഴിയുന്പോൾ അതിളക്കി പുതിയ ചട്ടിയിലേക്ക് നടാം. ഇതോടൊപ്പം നശിച്ചുപോയ അമ്മച്ചെടി നീക്കുകയും വേണം.

നിയോറെജിലിയ കരോളിനേ എന്ന സസ്യനാമത്തിലറിയപ്പെടുന്ന ബ്ലഷിംഗ് ബ്രൊമെലിയാഡിന്‍റെ പ്രധാന മൂന്നിനങ്ങളാണ് മെയർചാലി, മെയൻഡോർഫി, ട്രൈകളർ എന്നിവ.

സീമ സുരേഷ്
ജോയിന്‍റ് ഡയറക്ടർ, കൃഷിവകുപ്പ്
944701 5939.
Loading...