നിര്‍മിക്കാം, മനംകവരും ഉദ്യാനം
ഉദ്യാനം കേവലം സസ്യങ്ങളുടെ ഒരു ശേഖരമല്ല, മറിച്ച് സസ്യജാലങ്ങളുടെ കലാപരവും കാര്യക്ഷമവുമായ വിന്യാസത്തിന് പ്രകൃതി തന്നെ ഒരുക്കുന്ന ഒരു വേദിയാണ്. ഉദ്യാനപരിപാലനം അഥവാ ഗാര്‍ഡനിംഗ് എന്നാല്‍ സ്ഥലത്തിന്റെ സ്വാഭാവികത നിലനിര്‍ത്തി മനോഹരമാക്കുന്നതാണ്. മനുഷ്യന് ശാരീരികവും മാനസികവുമായ ഊര്‍ജം നല്‍കുന്നതില്‍ ഉദ്യാനങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

ഉദ്യാനത്തിലെ ചേരുവകള്‍ പുല്‍ത്തകിടി

മനോഹരമായി വെട്ടി നിര്‍ത്തിയിരിക്കുന്ന പുല്ലുകള്‍ കൊണ്ട് ആവരണം ചെയ്തിരിക്കുന്ന ഒരു സ്ഥലമാണ് പുല്‍ത്തകിടി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം പുല്‍ത്തകിടി നിര്‍മിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. മരത്തിന്റെ ചുവടുകള്‍ പുല്‍ത്തകിടിക്ക് അനുയോജ്യമല്ല. സാധാരണയായി പുല്‍ത്തകിടി ഉണ്ടാക്കാന്‍ ഡൂബ് ഗ്രാസ്, ഹരിയാലി ഗ്രാസ്, അറുക്കം പുല്ല്, ബെര്‍മുഡാഗ്രാസ് എന്നിവയാണ് ഉപയോഗിക്കുന്നത്. പ്രധാനമായും നാലു തരത്തിലുള്ള നടീല്‍ രീതികളുണ്ട്. വിത്തു പാകല്‍, നുരിയിടല്‍, ടര്‍ഫിംഗ്, ടര്‍ഫ് പ്ലാസ്റ്ററിംഗ് എന്നിവയാണവ.

കാര്‍പ്പറ്റ് ബെഡ്

ഒരു പരവതാനി പോലെ തിങ്ങി വളരുന്ന ചെറു സസ്യങ്ങള്‍ കൊണ്ട് പ്രത്യേകം രൂപകല്‍പ്പന നല്‍കി അക്ഷരങ്ങളും എംബ്ലങ്ങളും ലോഗോകളും ഉണ്ടാക്കുന്നതിനെയാണ് കാര്‍പ്പറ്റ് ബെഡ് എന്നു പറയുന്നത്. വീട്ടുവളപ്പിലെ ഉദ്യാനത്തിലുള്ള കാര്‍പ്പറ്റ് ബെഡില്‍ വീടിന്റെ പേരോ നമ്പരോ ഒക്കെ വെട്ടി നിര്‍ത്തുന്നത് ആകര്‍ഷണീയത കൂട്ടുന്നു. ആള്‍ട്ടര്‍നാന്തിറ, കോളിയസ്, പോര്‍ട്ടുലാക്ക, സെഡം റൂപെസ് ട്രോ, സെപെര്‍ വൈവം, ടെക്‌ടോറം, സാന്റൊലിന, എറിസില്‍, പൈലിയ, എച്ചിവേരിയ എന്നീ ചെടികള്‍ കാര്‍പ്പെറ്റ് ബെഡിന് വളരെ അനുയോജ്യമാണ്.

ഹെഡ്ജ്

മരങ്ങളോ, കുറ്റിച്ചെടികളോ കൃത്യമായ അകലത്തില്‍ നട്ട് ഉദ്യാനത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന മറയെയാണ് ഹെഡ്ജ് എന്നു പറയുന്നത്. ഉദ്യാനത്തിന്റെ വലിപ്പത്തിനനുസരിച്ച് വേണം ഹെഡ്ജുകള്‍ നിര്‍മിക്കാന്‍. ചെറിയ ഉദ്യാനങ്ങളില്‍ ഇത് ഒഴിവാക്കുന്നതാവും ഭംഗി. സാധാരണയായി അലങ്കാരപ്പനകള്‍ ഹെഡ്ജ് തയാറാക്കാന്‍ വളരെ അനുയോജ്യമാണ്. അരെക്കാ ലൂട്ടിസെന്‍സ് എന്ന പന ഏറ്റവും അനുയോജ്യമാണ്. അതോടൊപ്പം എറിത്രിന, പോളിയാത്തിയ, കാഷ്വിറിന്ന തുടങ്ങിയവയും ഹെഡ്ജായി ഉപയോഗിക്കാവുന്നതാണ്.

ടോപ്പിയറി

ചെറുമരങ്ങളോ കുറ്റിച്ചെടികളോ കലാപരമായി വെട്ടി പുതുമയുള്ള രൂപങ്ങള്‍ ഉണ്ടാക്കി ഉദ്യാനങ്ങളില്‍ നിലനിര്‍ത്തുന്നതിനെയാണ് ടോപ്പിയറി എന്നു പറയുന്നത്. ഫിലാന്തസ്, ബൊഗൈന്‍വില്ല, ക്വാഷ്വിറിന, പോളിയാല്‍ത്തിയ, തൂജ, ചെമ്പരത്തി, കുപ്രസസ് ഇവയെല്ലാം ടോപ്പിയറി ചെയ്യാന്‍ അനുയോജ്യമാണ്.

ട്രോഫി: വിവിധ വര്‍ണത്തിലുള്ള ഇലച്ചെടികളും പുഷ്പിക്കുന്ന ചെടികളും ഒരു കേന്ദ്രവസ്തുവിനു ചുറ്റും ചിട്ടയോടൈ ക്രമീകരിക്കുന്നതിനെയാണ് ട്രോഫിയെന്നു പറയുന്നത്.

റോക്ക് ഗാര്‍ഡന്‍: ഉദ്യാനത്തിലെ തുറന്ന സ്ഥലത്തായിരിക്കണം റോക്ക് ഗാര്‍ഡനുകള്‍ നിര്‍മിക്കാന്‍. വന്‍ മരങ്ങളുടെ ചുവട്ടില്‍ നിന്നു മാറി പൊങ്ങിയും താഴ്ന്നുമുള്ള സ്ഥലം വേണം തെരഞ്ഞെടുക്കാന്‍.

എഡ്ജ്: പൂമെത്തകളും പാതകളും പുല്‍ത്തകിടികളും കുറ്റിച്ചെടികളും വേര്‍തിരിക്കുന്ന അതിരുകളാണ് എഡ്ജ്. ഇവ കല്ല്, ഇഷ്ടിക, ഓട് എന്നിവകൊണ്ട് നിര്‍മിക്കാം. ഇതോടൊപ്പം ചെടികളും ഉപയോഗിക്കാം.
ഉദ്യാന പാതകള്‍

വാഹനങ്ങള്‍ക്ക് പോകാനുള്ള പ്രധാന പാതയും ഉദ്യാനത്തിന്റെ ആകര്‍ഷകമായ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതിനനുയോജ്യമായ നടപ്പാതകളും അത്യാവശ്യമാണ്. പാതകള്‍ ചരല്‍ നിരത്തിയും കല്ലുകളും ഇഷ്ടികകളും പാകിയും മനോഹരമായി സംരക്ഷിക്കാവുന്നതാണ്.

ഉദ്യാനത്തിന്റെ പ്ലാനും രൂപകല്‍പ്പനയും

പൂന്തോട്ടത്തിനുള്ളിലെ സ്ഥലം പല ഭാഗങ്ങളായി തിരിക്കാനും ആവശ്യമായ ഘടകങ്ങള്‍ തക്കതായ സ്ഥലത്ത് സ്ഥാപിക്കാനും വേണ്ടിയാണ് ഉദ്യാനത്തിന്റെ പ്ലാന്‍ പേപ്പറില്‍ വരച്ചുണ്ടാക്കുന്നത്. ഓരോ വ്യക്തിയുടെയും അഭിരുചിക്കനുസരിച്ചും സ്ഥലത്തിന്റെ പ്രത്യേകതകളും ജലലഭ്യതയും ജോലിക്കാരുടെ ലഭ്യതയും മുന്‍നിര്‍ ത്തിയും വേണം പ്ലാന്‍ തയാറാക്കാന്‍. നിലവിലുള്ള മരങ്ങളും മറ്റും വെട്ടിമാറ്റരുത്. കാരണം പുതുതായി നടുന്ന ചെടികള്‍ മരങ്ങളായിത്തീരുന്നതിനു വര്‍ഷങ്ങള്‍ വേണ്ടിവരും. അത്രയും കാലം തണല്‍ ലഭിക്കാന്‍ ഇവ നിലനിര്‍ത്തണം. നിലവിലുള്ള സ്ഥലങ്ങള്‍ എപ്രകാരം പലഭാഗങ്ങളായി തിരിക്കണമെന്നും ഗാര്‍ഡന്റെ പ്രധാനപ്പെട്ട ഘടകങ്ങള്‍ക്ക് എവിടെയൊക്കെ സ്ഥാനം കൊടുക്കണമെന്നും നിര്‍ണയിക്കാന്‍ പ്ലാന്‍ സഹായിക്കും. ഉദ്യാനത്തിന്റെ മുന്‍ഭാഗം, പിന്‍ഭാഗം, പ്രവേശന കവാടം പ്രധാന നിരപ്പാതകള്‍, നടപ്പാതകള്‍, മരങ്ങള്‍, ഹെഡ്ജുകള്‍, ബോര്‍ഡര്‍, എഡ്ജുകള്‍, പുല്‍ത്തകിടി എന്നിവയുടെ സ്ഥാനം അടയാളപ്പെടുത്തണം. പ്ലാനില്‍ ജലസ്രോതസും രേഖപ്പെടുത്തണം. ഉദ്യാനത്തിലൂടെയുള്ള പാതകള്‍ക്ക് ഏകദേശം 90 മുതല്‍120 സെന്റീമീറ്റര്‍ വരെ വീതികൊടുക്കണം. സ്വാഭാവികത നിലനിര്‍ത്താന്‍ ചെടികള്‍ കൂട്ടമായി നിലനിര്‍ത്തുന്നത് നല്ലതാണ്. മൊത്തം സ്ഥലത്തെ രണ്ടായിതിരിക്കണം. മുന്‍ഭാഗത്ത് പുല്‍ത്തകിടിയും അലങ്കാരസസ്യങ്ങളും മരങ്ങളും പൂ ബെഡുകളും പ്രധാന റോഡ്, മറ്റുപാതകള്‍ എന്നിവയും ക്രമീകരിക്കണം. കെട്ടിടത്തിന്റെ മൂലകളിലും കോണുകളിലും കുറ്റിച്ചെടികള്‍ നടുന്നത് ഭംഗി വര്‍ധിപ്പിക്കും. ഏറ്റവും ഉയരം കൂടിയ ചെടികള്‍ മധ്യത്തില്‍ നടാന്‍ ശ്രദ്ധിക്കുക. വീടിന്റെ പിന്‍ഭാഗത്ത് ഫലവൃക്ഷങ്ങളും ഉയരം കുറഞ്ഞ തെങ്ങുകളും പച്ചക്കറികളും നടാവുന്നതാണ്.

ഹെഡ്ജുകള്‍ ഉയരം കൂടുതലായിക്കഴിഞ്ഞാല്‍ യഥാസമയം വെട്ടി നിര്‍ത്തണം. കളകള്‍ അപ്പപ്പോള്‍ മാറ്റണം. ചെടിയുടെ ചുവട് തുറന്നു തന്നെ സൂക്ഷിക്കണം. ട്രോപ്പിയറികളും മറ്റും നല്ല രീതിയില്‍ രൂപകല്‍പ്പന ചെയ്ത ശേഷം വൃത്തിയില്‍ നിലനിര്‍ത്തണം. ചെടികളില്‍ നിന്നും മരങ്ങളില്‍ നിന്നും വീഴുന്ന വിത്തുകള്‍ യഥാസമയം നീക്കം ചെയ്യണം. രോഗബാധ നിയന്ത്രിക്കണം, ശരിയായ രീതിയില്‍ വളപ്രയോഗം നടത്തണം. എന്നിവയൊക്കെയാണ് പൊതുവായി അവലംബിക്കേണ്ട പരിപാലന രീതികള്‍.

ഉദ്യാനനിര്‍മാണത്തെപ്പറ്റിയും പരിപാലനത്തെപ്പറ്റിയും മനസിലാക്കുന്നതിലും പ്രധാന്യമേറിയത് ഈ മേഖലയില്‍ ഇറങ്ങിച്ചെല്ലുവാനുള്ള താത്പര്യമാണ്. വിവിധ വര്‍ണത്തിലും രൂപത്തിലും വിടര്‍ന്നു നില്‍ക്കുന്ന പൂക്കളും, അതില്‍ തേന്‍ നുകരാനെത്തുന്ന വണ്ടുകളും പൂമ്പാറ്റകളും ശുദ്ധവായുവും ചുറ്റിലും പച്ചപ്പുനിറഞ്ഞ തണുത്ത അന്തരീക്ഷവുമെല്ലാം, നാം കുറച്ചു സമയം പ്രകൃതിക്കുവേണ്ടി കണ്ടെത്തുകയാണെങ്കില്‍ തിരിച്ചെത്തും.

നീതു ആര്‍. എസ്
കാര്‍ഷിക കോളജ്, വെള്ളായണി
Loading...