വാണിജ്യ പ്ലാവുകൃഷി കരുതലോടെ
വിഷരഹിത ഫലമായ ചക്കയുടെ ജന്മദേശം കേരളം ഉള്‍ക്കൊള്ളുന്ന സഹ്യസാനുക്കളാണ്. വാണിജ്യപ്ലാവു കൃഷി എന്ന പദ്ധതിയേക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ, പ്ലാവിന്റെ ഏത് ഇനമാണ് കര്‍ഷകര്‍ നടുന്നതെന്ന് വ്യക്തമായ ബോധ്യം ഉണ്ടാകണം. അല്ലെങ്കില്‍ കേരളത്തില്‍ ഇപ്പോഴുള്ള പതിനായിരക്കണക്കിന് പ്ലാവുകളോട് ഏതാനും ലക്ഷം പ്ലാവുകള്‍ കൂടി ചേര്‍ക്കപ്പെട്ട് ഒരു 'ദുരന്തം' തന്നെ ന്യായമായി നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. പ്ലാവിന്റെ വാണിജ്യപ്രാധാന്യമുള്ള അനേകം ഇനങ്ങള്‍ ഓരോ രാജ്യത്തിനും സ്വന്തമായുണ്ടെങ്കിലും പ്രധാനമായും രണ്ടിനങ്ങള്‍ മാത്രമാണ് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നതും, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതും. മലേഷ്യയുടെ ജെ 33 യും വിയറ്റ്‌നാമിന്റെ സൂപ്പര്‍ ഏര്‍ലിയുമാണിവ.
ഏതൊരു മൂല്യവര്‍ധിത ഉത്പന്നങ്ങളും വ്യവസായിക നിലയില്‍ നിര്‍മിച്ച് അത് വന്‍തോതില്‍ ലഭ്യമാക്കണമെങ്കില്‍ ഒരേ ഇനത്തിലുള്ള ചക്കയുടെ ലഭ്യത അതിപ്രധാനമാണ്. ഈ സാഹചര്യത്തിലാണ് നമ്മുടെ നാട്ടില്‍ത്തന്നെ ലോകോത്തര നിലവാരമുള്ള പ്ലാവിനങ്ങള്‍ തോട്ടമടിസ്ഥാനത്തില്‍ കൃഷി ചെയ്യേണ്ടതിന്റെ പ്രസക്തി സംജാതമാകുന്നത്. ഒരേസമയം ടേബിള്‍ സ്‌നാക്കായും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മിതിക്കായും ഉപയോഗപ്പെടുത്താവുന്ന ലോകോത്തര ഇനങ്ങളാണ് താഴെപ്പറയുന്നവ.

ജാക്ക് ജെ 33

തോട്ടമടിസ്ഥാനത്തിലുള്ള പ്ലാവ് കൃഷിയില്‍ ബഹുദൂരം മുന്നിലായ മലേഷ്യയുടെ മണ്ണില്‍ നിന്നും കണ്ടെത്തിയതാണ് ജെ 33 എന്ന ലോകോത്തര ഇനം. ചക്കയുത്പാദനത്തില്‍ പുത്തനുണര്‍വിന് കാരണമായ ഈ ഇനം പതിനായിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്ത് ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കയറ്റുമതി ചെയ്ത് ധാരാളം വിദേശനാണ്യം നേടുന്നതില്‍ മലേഷ്യ വളരെ മുമ്പിലാണ്.

ആകര്‍ഷകമായ കടുംമഞ്ഞനിറത്തില്‍ നല്ല ദൃഢതയുള്ള ചുളകള്‍ക്ക് ജലാംശം താരതമ്യേന കുറവാണെന്നുള്ളത് ഈ ഇനത്തെ മറ്റുള്ളവയില്‍ നിന്നും അനന്യമാക്കുന്നു. മൂപ്പെത്തിയ ചക്കകള്‍ പഴുക്കാന്‍ മറ്റിനങ്ങളേക്കാള്‍ മൂന്നു - നാലു ദിവസങ്ങള്‍ കൂടുതല്‍ വേണമെന്നുള്ളത് വളരെ ആകര്‍ഷകമായ ഘടകമാണ്. ഈയിനത്തിനുള്ള മറ്റൊരു സവിശേഷത വര്‍ഷം മുഴുവനും, ചക്ക വിളയുമെന്നുള്ളതാണ്. തോട്ടമടിസ്ഥാനത്തില്‍ ജെ 33 യുടെ വാ ണിജ്യാടിസ്ഥാനത്തിലുള്ള കൃഷി കേരളത്തില്‍ ആരംഭിച്ചു കഴിഞ്ഞു. മരങ്ങള്‍ തമ്മില്‍ 30ഃ30 അടി അകലമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.


വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി

വിയറ്റ്‌നാമില്‍ വ്യാവസായികമായി കൃഷി ചെയ്യുന്ന ഒരു മികച്ച ഇനമാണിത്. പേരു സൂചിപ്പിക്കുന്നതുപോലെ, നട്ട് വളരെ പെട്ടെന്ന് വളര്‍ന്ന് കായ്ഫലം തരുമെന്നതാണ് ഇതിന്റെ മേന്മ. വിയറ്റ്‌നാമില്‍ തോട്ടമടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ചക്കയുടെ പ്രധാന ഇനവും ഇതുതന്നെ. തടിമൂക്കുന്നതിനു മുമ്പുതന്നെ കായ്ക്കുന്നു. സാധാരണ പ്ലാവിനങ്ങള്‍ 30 അടി അകലത്തില്‍ നടുമ്പോള്‍ ഈ ഇനം 10 അടി അകലത്തില്‍ നടാവുന്നതാണ്. മറ്റിനങ്ങളെപ്പോലെ പടര്‍ന്ന് പന്തലിക്കാത്തതാണ് ഇതിന് കാരണം. അതിനാല്‍, നിബിഡകൃഷിക്ക് (ഹൈഡെന്‍സിറ്റി പ്ലാന്റിംഗ്) ഏറ്റവും യോജിച്ച ഇനമാണിത്. രണ്ടാം കൊല്ലം മുതല്‍ ചക്കകള്‍ കായ്ച്ചു കിടക്കുന്ന പ്ലാവുകള്‍ കാണാന്‍ വളരെ മനോഹരമാണ്.

ജാക്ക് ഡ്യാങ്ങ് സൂര്യ

ഡ്യാങ്ങ് സൂര്യ ഇനം ചുവപ്പ് ഇനങ്ങളില്‍ ഏറെ മികച്ചതാണ്. ചുളകള്‍ക്ക് നല്ല ദൃഢതയും ജലാംശത്തിന്റെ അളവ് താരതമ്യേന കുറവും പെക്ടിന്റെ സാന്നിദ്ധ്യം കൂടുതലുമുള്ളതിനാല്‍ ചുളകളുടെ സൂക്ഷിപ്പു കാലം മറ്റിനങ്ങളെ അപേക്ഷിച്ച് കൂടുതലുണ്ട്. ചുളകളുടെ ചുവപ്പ് നിറത്തിന് കാരണമായ ലൈക്കോപ്പീന്‍ എന്ന സസ്യജന്യസംയുക്തത്തിന് ശരീരത്തിലുണ്ടാകുന്ന സ്വതന്ത്രറാഡിക്കലുകളെ നശിപ്പിച്ച് അര്‍ബുദത്തെ തടയാനുള്ള കഴിവുണ്ട്. ധാരാളം നിരോക്‌സീകാരങ്ങളുടെ കലവറയായ ചക്കപ്പഴം കഴിക്കുന്നതുവഴി പേശികളിലേയ്ക്കുള്ള രക്തത്തിന്റെയും ഓക്‌സിജന്റെയും പ്രവാഹം വര്‍ദ്ധിപ്പിച്ച് വാര്‍ദ്ധക്യത്തിന്റെ വരവിനെ മന്ദീഭവിപ്പിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വളരെ ഒതുങ്ങി വളരുന്നതിനാല്‍ അകലം കുറച്ച് 25ഃ25 അടി പ്ലാവുകള്‍ നടാവുന്നതാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാനും ടേബിള്‍ സ്‌നാക്കായി ഉപയോഗപ്പെടുത്താനും വളരെ നല്ല ഇനം.

ഡോ. സണ്ണി ജോര്‍ജ്
ഡയറക്ടര്‍, റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ്, ഹോംഗ്രോണ്‍ ബയോടെക്
ഫോണ്‍-8113966600, 04828 297001.