കാലവര്‍ഷത്തില്‍ കരുതലോടെ വളര്‍ത്താം പക്ഷിമൃഗാദികളെ
രഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കന്നുകാലികളുടെ ക്ഷേമത്തിനും ഉത്പാദന മികവിനും അനുകൂലമാണ്. മഴമൂലമുണ്ടാകുന്ന അന്തരീക്ഷത്തിലെ ആര്‍ദ്രത പല മഴക്കാല രോഗങ്ങള്‍ക്കും കാരണമാകാം. അതുകൊണ്ടുതന്നെ മുന്‍കരുതലുകള്‍ കന്നുകാലികളുടെ പരിചരണത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്.

1. തൊഴുത്ത് കെട്ടുറപ്പുള്ളതും, ശുചിത്വമുള്ളതുമാക്കുക.

2. വിരമരുന്നുകളും പ്രതിരോധ കുത്തിവയ്പ്പുകളും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കൃത്യമായി നല്‍കുക.

3. തൊഴുത്തിലോ പരിസരത്തോ എലി ശല്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. എലിയില്‍ നിന്നു പകരുന്ന എലിപ്പനി അഥവാ ലെപ്‌ടോസ്‌പൈറോസിസ് എന്ന രോഗം ഉരുക്കള്‍ക്കും, കര്‍ഷകര്‍ക്കും ഒരുപോലെ മാരകമാണ്.

4. തൊഴുത്തിലും മേച്ചില്‍ സ്ഥലങ്ങളിലും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുക.

5. തീറ്റച്ചാക്കുകള്‍ ചുമരില്‍ ചാരിവയ്ക്കാതെ മരപ്പലകയുടെയോ, ഇരുമ്പ് പലകയുടെയോ മുകളില്‍ സൂക്ഷിക്കുക. തീറ്റയില്‍ ഈര്‍പ്പം കലര്‍ന്നാല്‍ അത് മാരകമായ പൂപ്പല്‍ വിഷബാധയ്ക്ക് കാരണമാകും

6. കൊതുക് മുട്ടിയിട്ടു പെരുകുന്നത് തടയാന്‍ തൊഴുത്തും പരിസരവും വൃത്തിയാക്കി വയ്ക്കാനും വെള്ളക്കെട്ട് ഇല്ലാതിരിക്കാനും ശ്രദ്ധിക്കുക. ചാണകക്കുഴികള്‍ മഴ നേരിട്ടുവീഴാതെ മൂടിവെയ്ക്കുക.

7. കുളമ്പ് ചീയ ല്‍, കുളമ്പിനുണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവ ഒഴിവാക്കാനായി വെള്ളക്കെട്ടുകളില്‍ മേയാന്‍ വിടാതിരിക്കുക.

8. ചെള്ള്, ഈച്ച, പേന്‍ തുടങ്ങിയ ബാഹ്യ പരാദങ്ങളെ ഒഴിവാക്കാന്‍ വിദഗ്‌ധോപദേശം തേടുക.

9. പനിയോ, ശ്വാസതടസമോ, കാല്‍ മുടന്തലോ ശ്രദ്ധയില്‍പ്പെട്ടാല്‍ വെറ്ററിനറി ഡോ ക്ടറുടെ സഹാ യം തേടുക.

മഴക്കാല പരിചരണം, കോഴികള്‍ക്ക്

1. കോഴിക്കൂട് നിര്‍മിക്കുവാനായി ഈര്‍പ്പം അധികം വരാന്‍ ഇടയില്ലാത്ത സ്ഥലം തെരഞ്ഞെടുക്കണം.

2. മഴച്ചാറ്റല്‍ ഉള്ളില്‍ വീഴാതിരിക്കാന്‍ മേല്‍ക്കൂരയുടെ ചായ്‌വ് നീട്ടിക്കൊടുക്കണം.

3. കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങിനില്‍ക്കുന്നതും രോഗാണുക്കളുടെ വര്‍ധനവിന് കാരണമാകും. കൂടാതെ തറയിലെ വിരിപ്പില്‍ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തു വരുന്ന അമോണിയ വാതകം കോഴിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ട് വിരിപ്പ് (ലിറ്റര്‍) ഇടയ്ക്കിടെ ഇളക്കിക്കൊടുത്ത് ഈര്‍പ്പം അകറ്റാന്‍ ശ്രദ്ധിക്കണം. ഇളക്കുമ്പോള്‍ കുമ്മായം 100 ചതുരശ്ര അടിക്ക് മൂന്നു കിലോ എന്ന തോതില്‍ ചേര്‍ത്തിളക്കുന്നത് അഭികാമ്യമാണ്. ഇത് ചുരുങ്ങിയത് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ചെയ്യണം. നന്നായി നനഞ്ഞ വിരിപ്പ് ഉടനെ മാറ്റി പുതിയത് വിരിക്കണം.


4. ജലസ്രോതസുകളില്‍ രോഗാണുക്കളുള്ള മലിനജലം കലരാന്‍ ഇടയുള്ളതുകൊണ്ട് അണുനാശിനി ചേര്‍ത്ത് ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കുക. ഇതിനായി ബ്ലീച്ചിംഗ് പൗഡറോ, വെള്ളം ശുചിയാക്കുന്നതിന് മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റ് അണുനാശിനികളോ നിര്‍മാതാവിന്റെ നിര്‍ദ്ദേശ പ്രകാരം ചേര്‍ക്കാവുന്നതാണ്.

5. തീറ്റച്ചാക്കുകള്‍ ചുമരില്‍ ചാരിവയ്ക്കാതെ മരപ്പലകയുടേയോ, ഇരുമ്പു പലകയുടേയോ മുകളില്‍ സൂക്ഷിക്കുക. തീറ്റയില്‍ ഈര്‍പ്പം കലര്‍ന്നാല്‍ അത് മാരകമായ പൂപ്പല്‍ വിഷബാധയ്ക്ക് കാരണമാകും

6. മഴക്കാലത്ത് താരതമ്യേന പകല്‍ വെളിച്ചം കുറവായതുകൊണ്ട് മുട്ടക്കോഴികളില്‍ മുട്ടയുത്പാദനം കുറയാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ വെളിച്ചത്തിനായി ഫ്‌ളൂറസെന്റ് ലൈറ്റുകള്‍ ഇട്ട് ദിവസവും 16 മണിക്കൂര്‍ എന്ന തോതില്‍ വെളിച്ചം നല്‍കണം.

7. മഴക്കാലത്ത് കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ നാലാഴ്ചകളില്‍ ചൂടുകൊടുത്തു വളര്‍ത്തുമ്പോള്‍ ചൂട് നിലനിര്‍ത്തുന്നതിനായി ഷെഡിന്റെ ഭാഗികമായി തുറന്ന ഭാഗങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കാവുന്നതാണ്.

8. കാലാനുസൃതമായി നല്‍കേണ്ടുന്ന വിരമരുന്നുകളും, പ്രതിരോധ കുത്തിവയ്പുകളും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കൃത്യമായി നല്‍കണം.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം
കേരള വെറ്ററിനറി സര്‍വകലാശാല, മണ്ണുത്തി,തൃശൂര്‍