പ്രതിരോധിക്കാം രോഗങ്ങള്‍, വിളയിക്കാം മാമ്പഴം
പ്രതിരോധിക്കാം രോഗങ്ങള്‍, വിളയിക്കാം മാമ്പഴം
Tuesday, August 28, 2018 4:57 PM IST
മാമ്പഴം മലയാളികളുടെ ബാല്യകാലസ്മരണകളിലെ ഒരിക്കലും മായാത്ത അനുഭൂതിയാണ്. മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തില്‍ വ്യാപകമായി മാമ്പഴതോട്ടങ്ങളില്ലെങ്കിലും നമ്മുടെ വീട്ടുപറമ്പുകളില്‍ ഒഴിച്ചുകൂടാനാവാത്ത അംഗങ്ങളാണ് മാവും മാങ്ങയും. നമ്മുടെ കാലാവസ്ഥ മാവിന് വളരെ അനുയോജ്യമാണെങ്കിലും രോഗങ്ങളും കീടങ്ങളും മാമ്പഴത്തിന്റെ ഉത്പാദനം കുറയ്ക്കുന്നു. മാവിനെ ഉപദ്രവിക്കുന്ന രോഗങ്ങളെ മനസിലാക്കാം പ്രതിരോധിക്കാം.

1. കൊമ്പുണക്കം

'ഡൈബാക്ക്' എന്നറിയപ്പെടുന്ന ഈ മാരകമായ രോഗം നനവേറിയ കാലാവസ്ഥയിലാണ് ഉണ്ടാകുക. നീണ്ടുനില്‍ക്കുന്ന മഴ, ഉയര്‍ന്ന ഈര്‍പ്പം, വ്യക്തമായ ഊഷ്മവ്യതിയാനം എന്നിവയാണ് കൊമ്പുണക്കമുണ്ടാകാനുള്ള സാഹചര്യങ്ങള്‍. ഇളം കൊമ്പുകളെയും തളിരിലകളെയുമാണ് ഇതാദ്യം ബാധിക്കുന്നത്. തവിട്ട്-കറുപ്പ് നിറത്തില്‍ വൃത്താകൃതിയില്‍ ഇലകളില്‍ കുത്തുകളുണ്ടാകുന്നതാണ് രോഗലക്ഷണം. തുടര്‍ന്ന് ഇലകള്‍ ചുരുണ്ടുണങ്ങി അടര്‍ന്നു വീഴുകയും ചെയ്യും. പിന്നീട് ഇലകള്‍ മുഴുവന്‍ പൊഴിഞ്ഞ് കമ്പുകള്‍ മാത്രം അവശേഷിക്കും. മറ്റുള്ള ശിഖരങ്ങളിലേക്ക് രോഗം പകരുകയും ചെയ്യും.

രോഗനിയന്ത്രണത്തിനായി രോഗം ബാധിച്ച് ഉണങ്ങിയ കൊമ്പുകള്‍ അഞ്ചു സെന്റീമീറ്റര്‍ താഴെവച്ച് മുറിച്ചുമാറ്റി നശിപ്പിക്കണം. മുറിപ്പാടില്‍ ബോര്‍ഡോ കുഴമ്പോ, കോപ്പര്‍ ഓക്‌സിക്ലോറൈഡോ പുരട്ടി പോളിത്തീന്‍ കവറോ ചിരട്ടയോ കൊണ്ട് ആ ഭാഗം മൂടി കൊമ്പില്‍ വെള്ളമിറങ്ങാതെ സൂക്ഷിക്കണം.

2. ആന്ത്രാക്‌നോസ്

ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ കാണപ്പെടുന്ന ഒരു ഗുരുതര കുമിള്‍ രോഗമാണിത്. തുര്‍ച്ചയായ മഴയും ഈര്‍പ്പമുള്ള അന്തരീക്ഷവുമാണ് ഇതിന്റെ അനുകൂല ഘടകങ്ങള്‍. ഇലകളിലും കൊമ്പുകളിലും കാണപ്പെടുന്ന കറുത്ത തവിട്ട് നിറമുള്ള കുത്തുകളാണ് രോഗലക്ഷണങ്ങള്‍. പതിയെ ഇലകള്‍ ചുരുണ്ട് ഉണങ്ങി കൊഴിയാനും, കൊമ്പുകള്‍ ഉണങ്ങിപ്പോകാനും തുടങ്ങും. പൂക്കളെ ബാധിച്ചാല്‍ അവ കരിഞ്ഞുണങ്ങി പൊഴിഞ്ഞു പോകും. കണ്ണിമാങ്ങകളെയും വലിയ മാങ്ങകളെയും ഈ രോഗം ിടികൂടാം.


ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നതു വഴി രോഗബാധ ഒരു പരിധിവരെ തടയാം. രണ്ടോ മൂന്നോ തവണ തുടര്‍ച്ചയായി സള്‍ഫര്‍ പൊടി അടിക്കുന്നതും രോഗബാധ തടയാന്‍ സാധിക്കും.

3. പിങ്ക് രോഗം
പാടലരോഗം എന്നറിയപ്പെടുന്ന പിങ്ക് രോഗത്തിനു പിറകിലും ഒരു കൂട്ടം കുമിളുകളാണ്. ഇതു ബാധിക്കുന്നതോടെ തൊലി നശിച്ച് ശിഖരങ്ങളില്‍ നിന്ന് അടര്‍ന്നു പോകുന്നു. ശിഖരങ്ങളുടെ മേല്‍പിങ്ക് നറമുള്ള പൊറ്റയുണ്ടാവുകയും ചെയ്യുന്നു.

രോഗം ബാധിച്ച കമ്പുകള്‍ ചെറുതായി ചുരണ്ടി, ബോര്‍ഡോക്കുഴമ്പ് പുരട്ടുന്നത് രോഗനിയന്ത്രണത്തിനു നല്ലതാണ്. നശിച്ചു പോയ കമ്പുകളെ ഉണങ്ങിയ സ്ഥലത്തിനു താഴെ വച്ച് മുറിച്ച് നീക്കി, മുറിച്ചെടുത്ത ഭാത്തത്ത് ബോര്‍ഡോ കുഴമ്പു പുരട്ടാം.

4. പൊടിപ്പൂപ്പ്
പൗഡറി മില്‍ഡ്യൂ അഥവാ പൊടിപ്പൂപ്പ് പരത്തുന്നത് ഒയിഡിയം മാന്‍ജിഫെറ എന്നു പേരായ കുമിളാണ്. വെളുത്ത പൊടി പോലെ ഇല, പൂക്കള്‍, കണ്ണിമാങ്ങ എന്നിവയിലൊക്കെ കുമിള്‍ പറ്റിപ്പിടിച്ചിരിക്കും. മാവ് പൂക്കു ന്ന സമയത്ത് ഉണ്ടാകു ന്ന മഴയും മഞ്ഞും ഈ രോഗ വ്യാപനത്തിനുള്ള അനുകൂല ഘടകങ്ങളാണ്. രോഗം ബാധിച്ച പൂവും കായും ഒക്കെ പെട്ടെന്നു വാടി പൊഴിഞ്ഞു വീഴും. മറ്റ് ഭാഗങ്ങളിലേക്ക് പടരാനും സാധ്യതയുണ്ട്.

സള്‍ഫര്‍പൊടി രണ്ടോ മൂന്നോ തവണ മാവിലടിക്കുന്നത് പൊ ടിപ്പൂപ്പ് രോ ഗം ഫലവത്തായി നിയന്ത്രിക്കുന്നതിനു സഹായിക്കും. ഇവയെയൊക്കെ നിയന്ത്രിച്ച് നല്ലൊരു മാമ്പഴക്കാലം നമുക്കു സാധ്യമാക്കാം.

ധനുഷ ബാലകൃഷ്ണന്‍, പ്രീതു കെ. പോള്‍
കാര്‍ഷിക കോളജ്, വെള്ളായണി