പ്രളയശേഷം എന്ത്?
പ്രളയം തകര്‍ത്ത കാര്‍ഷികമേഖലയില്‍ ഇനിയെന്ത്? ഈ ചോദ്യത്തിനു സര്‍ക്കാര്‍ നല്‍കുന്ന അടിയന്തര ഉത്തരമാണ് കാര്‍ഷിക കടങ്ങളുടെ പലിശയ്ക്ക് ഒരു വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ മോറട്ടോറിയം. കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് അഞ്ചുവര്‍ഷത്തേക്ക് പുനഃക്രമീകരിക്കാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് അവലോകന യോഗവും തീരുമാനിച്ചിട്ടുണ്ട്. സര്‍ഫേസി നിയമപ്രകാരം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ജപ്തി നടപടികള്‍ നേരിടേണ്ടി വരില്ലെന്ന് ബാങ്കുകള്‍ ഉറപ്പു നല്‍കിയതായി കൃഷി മന്ത്രി പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള കര്‍ഷക കുടുംബങ്ങള്‍ കേരളത്തിലാണ്. പലിശയ്ക്കുള്ള ഒരു വര്‍ഷത്തെ മോറട്ടോറിയം താത്കാലിക ആശ്വാസമേ ആകുന്നുള്ളൂ. നൂറ്റാണ്ടിന്റെ മഹാപ്രളയം നേരിട്ട കര്‍ഷകരുടെ എല്ലാ കടങ്ങളും സര്‍ക്കാര്‍ എഴുതിത്തള്ളിയെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് ആശ്വാസമാകൂ. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം സജീവമാക്കി കൃഷിനാശം സംഭവിച്ച കര്‍ഷകരുടെ എല്ലാ കാര്‍ഷിക കടങ്ങളും സര്‍ക്കാര്‍ എഴുതി ത്തള്ളിയെങ്കിലേ കാര്‍ഷികമേഖലയില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാകൂ.

1,20,000 ത്തോളം ഏക്കര്‍ സ്ഥ ലത്തെ കൃഷി നശിച്ചതായാണ് സംസ്ഥാന കൃഷിവകുപ്പിന്റെ കണക്ക്. 2.8 ലക്ഷം കര്‍ഷകരുടെ കൃഷി മഴക്കെടുതിയില്‍ നശിച്ചു.

കുത്തൊഴുക്കിലും മണ്ണിടിഞ്ഞ് ഉരുള്‍പൊട്ടിയും ഒട്ടേറെ കര്‍ഷകര്‍ക്ക് കൃഷിഭൂമി തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. കൃഷി ഭൂമി നഷ്ടപ്പെട്ട ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പകരം കൃഷി ഭൂമി നല്‍കാനും സര്‍ക്കാര്‍ നടപടി ആവശ്യമാണ്. വിത്തും നടീല്‍ വസ്തുക്കളും സൗജന്യനിരക്കില്‍ നല്‍കണം. കര്‍ഷകര്‍ക്ക് വീണ്ടും കൃഷി തുടങ്ങാന്‍ ഉദാരവ്യവസ്ഥകളോടെ പലിശ രഹിത വായ്പനല്‍കണം. ദുരന്തബാധിത മേഖലകളിലെ കന്നുകാലി കര്‍ഷകരെ സഹായിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് പല ജില്ലകളിലും റിലീഫ് ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ഈര്‍പ്പവും വെള്ളക്കെട്ടും നിറഞ്ഞ പ്രത്യേക കാലാവസ്ഥയില്‍ കാര്‍ഷിക വിളകളില്‍ കീട-രോഗ ബാധകള്‍ ക്കുള്ള സാധ്യതകള്‍ ഏറെയാണ്. കനത്ത മഴകാരണം മൂന്നു മാസത്തോളമായി കൃഷിയിടങ്ങളില്‍ കാര്യമായ കൃഷിപ്പണികളോ വളപ്രയോഗമോ സസ്യസംരക്ഷണ നടപടികളോ ഒന്നും നടന്നിട്ടില്ല. കര്‍ഷകര്‍ക്ക് പ്രളയാനന്തരകാല ത്ത് സാങ്കേതിക സഹായമെത്തിക്കാന്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായ വിളക്ലിനിക്കുകള്‍ തുടങ്ങണം. ഗ്രാമീണ മേഖലയിലെ റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പാടെ തകര്‍ന്ന നിലയിലാണ്. ഇവ പുനര്‍നിര്‍മിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായത്തോടെ അടിയന്തര പദ്ധതികള്‍ തയാറാക്കണം.

വരള്‍ച്ചയെ മാത്രമല്ല വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും ഉരുള്‍പൊട്ടലിനെയുമെല്ലാം പ്രതിരോധിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ വേണ്ടിവരും. കേരളത്തില്‍ പരിസ്ഥിതി ലോലമല്ലാത്ത ഒരു പ്രദേശവും ഇല്ലെന്ന് ഈ മഹാപ്രളയം തെളിയിച്ചു. മലനാട്ടിലും ഇടനാട്ടിലും പേമാരി കുത്തൊഴുക്കായും മണ്ണിടിച്ചിലായും ഉരുള്‍ പൊട്ടലായും നാശം വിതച്ചപ്പോ ള്‍, താഴ്ന്ന പ്രദേശങ്ങളെ അത് മഹാപ്രളയത്തില്‍ മുക്കി. സം സ്ഥാനത്തെ 82 ഡാമുകളില്‍ ഭൂരിഭാഗവും തുറന്നുവിട്ടപ്പോഴുണ്ടായ മിന്നല്‍പ്രളയം താഴ്ന്ന പ്രദേശങ്ങളിലെ കൃഷി പാടെ നശിപ്പിച്ചു. ചെങ്ങന്നൂര്‍-കുട്ടനാട് മേഖലകളും തൃശൂരിലെ കോള്‍ പ്പാടങ്ങളും ആലുവ, ചാലക്കുടി പ്രദേശങ്ങളുമെല്ലാം പ്രളയത്തില്‍ മുങ്ങി. പലര്‍ക്കും മിച്ചം കിട്ടിയത് ജീവന്‍ മാത്രമാണ്. കാര്‍ഷിക മേഖലയില്‍ കാലാവസ്ഥാ വ്യതിയാനം കാരണമായുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അടിക്കടി ഉണ്ടായേക്കാമെന്നത് കണക്കിലെടുത്ത് അഞ്ചോ പത്തോ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ അടിയന്തരമായി തയാറാക്കി നടപ്പാക്കണം. കാര്‍ഷിക മേഖലയിലും പുനരധിവാസ-പുനരുദ്ധാരണ പദ്ധതികള്‍ ആവശ്യമാണ്.

വിള ഇന്‍ഷ്വറന്‍സ് ഇങ്ങനെ മതിയോ?

പൂര്‍ണമായും വിളനശിച്ച കര്‍ഷകര്‍ക്കു മാത്രമാണ് ഇപ്പോള്‍ വിള ഇന്‍ഷ്വറന്‍സിന്റെ സംരക്ഷണം. അതും രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കു മാത്രം. കേന്ദ്ര ഗവണ്‍മെന്റിന്റെ കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതികളും ഫലപ്രദമല്ല. വിളനാശം സംഭവിച്ച എല്ലാ കര്‍ഷകര്‍ക്കും, അവര്‍ വിള ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ വരുന്നില്ലെങ്കില്‍ പോലും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന ഉത്പാദനനഷ്ടം പരിഹരിക്കാന്‍ കേരളത്തിലെ പ്രധാന വിളകള്‍ക്ക് കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നടപ്പാക്കണം. വിള ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ വ്യാപിപ്പിക്കാന്‍ കര്‍ഷകരുടെ ഇടയില്‍ കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്.

പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ മഹാമാരിക്കും പ്രളയത്തിനും ഉരുള്‍പൊട്ടലിനും പ്രധാന കാരണം. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അതേപടി നടപ്പാക്കിയിരുന്നെങ്കില്‍ പോലും ഇപ്പോഴത്തെ പേമാരിയും പ്രളയവും ഉരുള്‍പൊട്ടലും ഒഴിവാക്കാനാകുമായിരുന്നില്ല. പരിസ്ഥിതി സൗഹൃദമായ കൃഷിരീതികള്‍ പിന്നുടരുന്നതും ഫലപ്രദമായ പരിസ്ഥിതി സംരക്ഷണ നടപടികള്‍ സ്വീകരിക്കുന്നതും ഇത്തരം ദുരന്തങ്ങളുടെ ആഘാതം വലിയൊരളവുവരെ കുറയ്ക്കുമെന്നതില്‍ സംശയമില്ല. കുത്തനെ ചെരിവുള്ള പ്രദേശങ്ങളിലെ മണ്ണിളക്കിയുള്ള കൃഷിയും വയലുകള്‍ വ്യാപകമായി നികര്‍ത്തിയതും ടൂറിസത്തിന്റെ മറവിലുള്ള ഉത്തരവാദിത്വമില്ലാത്ത നിര്‍മാണങ്ങളുമെല്ലാം പരിസ്ഥിതി വിനാശത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം പുനര്‍വിചിന്തനം ആവ ശ്യമാണ്. പരിസ്ഥി തി ലോലമല്ലാത്ത ഒരു മേഖലയും കേരളത്തിലില്ലെന്ന് ഈ മഹാപ്രളയം തെളിയിച്ചു. കേരളം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. കേരളം ഒന്നാകെ കണ്ടുകൊണ്ടുള്ള പരിസ്ഥതി സംരക്ഷണ നടപടികളാണാവശ്യം.

പാക്കേജുകള്‍ പുനരുജ്ജീവിപ്പിക്കണം

ജലപാതകളുടെ വ്യാപ്തികൂട്ടുന്നതും പരിസ്ഥിതി സംരക്ഷിക്കുന്നതും ലക്ഷ്യമിട്ടുകൊണ്ടുള്ള കുട്ടനാട് പാക്കേജ് അടിയന്തിരമായി പുനരുജ്ജിവിപ്പിക്കണം. വയനാട്, ഇടുക്കി ജില്ലകള്‍ക്കുവേണ്ടിയും പുതിയ പാക്കേജ് കൊണ്ടുവരണം.

ഒലിച്ചു പോയത് കാര്‍ഷിക മേഖല

പ്രകൃതിക്ഷോഭം എത്രമേല്‍ ഭീകരമായി മാറാമെന്ന് ഓരോ മലയാളിയും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ പ്രകൃതി ദുരന്തത്തില്‍ ഒന്നാകെ ഒലിച്ചു പോയത് കേരളത്തിന്റെ കാര്‍ഷിക മേഖലയാണ്. തകര്‍ന്നുപോയ കൃഷി തിരിച്ചു പിടിക്കണമെങ്കില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെയെങ്കിലും കഠിനാധ്വാനം വേണ്ടിവരും.

തുടര്‍ച്ചയായ ദുരിതപെയ്ത്തും കുട്ടിനെത്തിയ കാറ്റും പ്രളയവും ഉരുള്‍പൊട്ടലും തകര്‍ത്തു കളയാത്തതായി ഒരു കാര്‍ഷിക വിളയും കേരളത്തിലില്ല. മേയ് 29-നു തുടങ്ങിയ കനത്ത കാലവര്‍ഷം രണ്ടര മാസം കൊണ്ട് സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് കേരളത്തിന്റെ കാര്‍ഷിക മേഖലയെ തള്ളിയിട്ടത്. നെല്ല്, പച്ചക്കറി, വാഴ, മരച്ചീനി, റബര്‍, തെങ്ങ്, കൊക്കൊ, ജാതി, ഇഞ്ചി, ഏലം, കാപ്പി, തേയില, കശുമാവ്, കമുക് തുടങ്ങി സംസ്ഥാനത്തെ എല്ലാ പ്രമുഖ കാര്‍ഷിക വിളകളെയും കാലവര്‍ഷം തകര്‍ത്തു. കൃഷിഭൂമി മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഒലിച്ചു പോയി. മൂന്നു വട്ടമെത്തിയ മഹാപ്രളയത്തില്‍ കുട്ടനാട്ടിലെ കൃഷി മൊത്തം മുങ്ങി നശിച്ചു. മിന്നല്‍ പ്രളയം കോട്ടയം, പത്തനംതിട്ട, ആലുവ, ചാലക്കുടി മേഖലകളിലും വന്‍കാര്‍ഷിക ദുരന്തമാണ് വിതച്ചത്. പേമാരിയും മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം 2000 കോടി രൂപയുടെയെങ്കിലും നേരിട്ടുള്ള നഷ്ടം ഇതിനകം സംഭവിച്ചിട്ടുണ്ട്. തോട്ടം മേഖലയിലെ നഷ്ടം മാത്രം 1000 കോടി രൂപക്കടുത്തുവരും. ഉത്പാദനക്കുറവിലൂടെ നേരിട്ടല്ലാത്ത നഷ്ടം ഇതിന്റെ പതിന്മടങ്ങ് വരും. ഒന്നരവര്‍ഷം മുമ്പത്തെ വരള്‍ച്ചയും വിലത്തകര്‍ച്ചയും അനിയന്ത്രിതമായ ഇറക്കുമതിയും കാരണം പ്രതിസന്ധിയിലായ തോട്ടം മേഖലയുടെ അടിത്തറ തന്നെ ഇപ്പോഴത്തെ പ്രതികൂല കാലാവസ്ഥ തകര്‍ത്തു കഴിഞ്ഞു. കനത്ത പേമാരിയും കാലാവസ്ഥാ വ്യതിയാനവും തോട്ടം മേഖലയില്‍ ഈ വര്‍ഷം 30 മുതല്‍ 60 ശതമാനം വരെ ഉത്പാദന നഷ്ടമുണ്ടാക്കും.

നെല്‍ക്കൃഷി തകര്‍ന്നടിഞ്ഞു

രണ്ടു മാസത്തെ കനത്ത മഴ നെല്‍കൃഷിയെ ആകെ തകര്‍ത്തു കളഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിളനാശം നെല്ല്, പച്ചക്കറികള്‍, വാഴ എന്നിവയ്ക്കാണ്. പ്രളയജലത്തില്‍ മുങ്ങിപ്പോയ കുട്ടനാട്ടില്‍ മാത്രം 28,000 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി നശിച്ചു. മടവീഴാന്‍ സാധ്യതയുള്ള പാടങ്ങളില്‍ മതിയായ മുന്നൊരുക്കങ്ങള്‍ നടത്താതിരുന്നതും മൂന്നുവട്ടമെത്തിയ അപ്രതീക്ഷിത പ്രളയവും കുട്ടനാട്ടിലെ 95 ശതമാനം പാടശേഖരങ്ങളിലെയും നെല്‍കൃഷിയെ തകര്‍ത്തു. മേയ് അവസാനം മുതല്‍ കനത്ത മഴ തുടര്‍ച്ചയായി പെയ്തതിനാല്‍ ഓണം കണക്കാക്കി നേരത്തെ വിളവെടുക്കാന്‍ ഒരുങ്ങിയ നെല്‍കൃഷിയില്‍ ഉദ്ദേശിച്ച വിളവ് ലഭിച്ചില്ല. കര്‍ക്കിടകത്തിലെ അതിവര്‍ഷവും പ്രളയവും കന്നിക്കൊയ്ത്തിനെയും മകരക്കൊയ്ത്തിനെയുമെല്ലാം ബാധിക്കും. പുഴ വഴിമാറി ഒഴുകിയ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഡാമുകള്‍ ഒരേ സമയം തുറന്നുണ്ടായ വെള്ളപ്പൊക്കത്തിലുമെല്ലാം നെല്‍കര്‍ഷകര്‍ക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും നഷ്ടമുണ്ടായിട്ടുണ്ട്. നെല്‍കര്‍ഷകരുടെ നഷ്ടം മാത്രം 200 കോടി രൂപക്കയ്ടുത്തുവരും. കേരളത്തില്‍ പച്ചക്കറിക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള സീസണാണ് ഓണക്കാലം. ഈ വര്‍ഷത്തെ ഓണക്കാലം കര്‍ഷകര്‍ക്ക് കണ്ണീര്‍ക്കാലമാണ്. ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി കൃഷി പെരുമഴയിലും വെള്ളപ്പൊക്കത്തിലും നശിച്ചു. കൃഷി വകുപ്പിന്റെ 'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്ന പദ്ധതിക്കും പെരുമഴ തിരിച്ചടിയായി. തുടര്‍ച്ചയായ മഴയും വെള്ളക്കെട്ടും സൂര്യപ്രകാശമില്ലാതെ തുടര്‍ച്ചയായി മൂടിക്കെട്ടിക്കിടക്കുന്ന അന്തരീക്ഷവും പച്ചക്കറി കൃഷിക്ക് അനുകൂലമായ കാലാവസ്ഥയല്ല. ഇടുക്കിയിലെ കാന്തല്ലൂര്‍, വട്ടവട, വയനാട്, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മേഖല തുടങ്ങി കേരളത്തില്‍ പരമ്പരാഗത പച്ചക്കറി മേഖലകളിലെല്ലാം കനത്ത മഴയിലും വെള്ളക്കെട്ടിലും കൃഷി നശിച്ചു.

കേരളത്തില്‍ ഏകദേശം ഒന്നേകാല്‍ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് വാഴകൃഷി. വാര്‍ഷിക ഉത്പാദനം 8.2 ലക്ഷം ടണ്ണും. പുഴയോരങ്ങളിലും വയല്‍ പരിവര്‍ത്തനം ചെയ്ത പ്രദേശങ്ങളിലുമൊക്കയാണ് പരമ്പരാഗതമായി വാഴകൃഷി. ജലസേചന സൗകര്യവും മറ്റും കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളിലാണ് വാഴ കൃഷിയുടെ ഏറിയ പങ്കും. അതിവര്‍ഷത്തിലും ശക്തമായ കാറ്റിലും ഡാമുകള്‍ തുറന്നുവിട്ടുണ്ടായ പ്രളയത്തിലും തൃശൂര്‍, ഇടുക്കി, വയനാട്, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ 60 ശതമാനത്തിലേറെ വാഴത്തോട്ടങ്ങളും നശിച്ചു. ഓണവിപണി ലക്ഷ്യമാക്കി കൃഷി ഇറക്കിയ വാഴയിലെ വിളവ് 60 ശതമാനത്തോളം കുറഞ്ഞു. താങ്ങു കൊടുത്ത വാഴകള്‍ പോലും ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീണു. തോട്ടങ്ങളില്‍ ആഴ്ചകളോളം വെള്ളം കെട്ടി നിന്നതോടെ കുലകള്‍ ഓണത്തിനു മുമ്പു തന്നെ കുറഞ്ഞ വിലയ്ക്ക് വിളവെടുത്തു വില്‍ക്കേണ്ടി വന്നു. തുടര്‍ച്ചയായി വെള്ളം കെട്ടി നിന്ന തോട്ടങ്ങളില്‍ മാണം അഴുകിയും ഇലകള്‍ മഞ്ഞളിച്ചും വാഴകള്‍ നശിച്ചു. കായകളുടെ തൊലികറുത്തും മൂപ്പെത്തും മുമ്പേ പുഴുത്തതുപോലെ മഞ്ഞ നിറമായി മാറിയും ഉപയോഗശൂന്യമായി മാറി. വായ്പയെടുത്ത് സ്വന്തമായി വാഴകൃഷി നടത്തിയവരും പാട്ടത്തിനെടുത്ത് വാഴകൃഷി നടത്തിയ കര്‍ഷകരും ഒരു പോലെ പ്രതിസന്ധിയിലായി. വെള്ളക്കെട്ടില്‍ മരച്ചീനി തോട്ടങ്ങളും വ്യാപകമായി അഴുകി നശിച്ചു.

കനത്ത മഴയില്‍ കൊക്കോയുടെ ഉത്പാദനവും 60 ശതമാനം കണ്ടെങ്കിലും കുറയും. കുമിള്‍ ബാധയാല്‍ ചെടികളിലെ എല്ലാ കായ്കളും കറുത്ത കായ് രോഗം ബാധിച്ച് കറുത്തു നില്‍ക്കുന്നതു ഇപ്പോള്‍ ഏതൊരു കൊക്കോതോട്ടത്തിലെയും സാധാരണ കാഴ്ചയാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഏതുപ്രായത്തിലുള്ള കായ്കളെയും ബാധിക്കുന്ന ഈ രോഗം പെരുമഴക്കാലത്ത് തോട്ടങ്ങളില്‍ വ്യാപകമായ നഷ്ടമുണ്ടാക്കും. മിക്ക തോട്ടങ്ങളിലും കൊക്കോ കായ്കള്‍ നൂറു ശതമാനവും നശിച്ചിട്ടുണ്ട്. മണ്ണിലെ വായുസഞ്ചാരമില്ലാതാക്കുന്ന വെള്ളക്കെട്ട് കോക്കോയ്ക്ക് ദോഷകരമാണ്. കുറഞ്ഞ സൂര്യപ്രകാശവും മൂടിക്കെട്ടിയ അന്തരീക്ഷവും ഉയര്‍ന്ന ആപേക്ഷിക സാന്ദ്രതയും കായ് മൂപ്പെത്താതെ കൊഴിയുന്നതിനും രൂക്ഷമായ കറുത്ത കായ് രോഗബാധയ്ക്കും കാരണമാകും. മൂടിക്കെട്ടിയ കാലാവസ്ഥയും വെള്ളക്കെട്ടും തുടര്‍ച്ചയായ മഴയും ഈ വര്‍ഷം കൊക്കോ ഉത്പാദനം 50 മുതല്‍ 100 ശതമാനം വരെ കുറയ്ക്കും.


2016-17 ലെ കൊടും വരള്‍ച്ച കേരളത്തിലെ നാളികേരകൃ ഷിയെ തളര്‍ത്തിയിരുന്നു. നീണ്ടു നില്‍ക്കുന്ന വരള്‍ച്ച നാലു വര്‍ഷത്തോളം നാളികേര ഉത്പാദനത്തെ ബാധിച്ചു. കൊടും വരള്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ മാറുന്നതിനു മുമ്പാണ് തെങ്ങിന്‍ തോട്ടങ്ങള്‍ക്കു ഹാനികരമായ ഈ വര്‍ഷത്തെ പെരുമഴ. തെങ്ങിന്റെ വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന കാലാവസ്ഥാ ഘടകങ്ങള്‍ അന്തരീക്ഷ താപനിലയും മഴയുമാണ്. പ്രതിവര്‍ഷം 1250-2500 മില്ലി ലിറ്റര്‍ മഴ ലഭിക്കുന്ന കാലാവസ്ഥയാണ് നാളികേര കൃഷിക്ക് ഏറെ അനുകൂലം. മഴയുടെ ആകെ അളവിനെക്കാള്‍ അതിന്റെ ലഭ്യതയും തുല്യതയാര്‍ന്ന വിതരണവുമാണ് പ്രധാനം. നവംബര്‍ മുതല്‍ മെയ് വരെ നീണ്ടുനില്‍ക്കുന്ന കടുത്ത വേനല്‍ അടുത്ത വര്‍ഷങ്ങളില്‍ തേങ്ങ ഉത്പാദനം കുറക്കും. അതുപോലെ സാധാരണയിലും അധികമായ അളവില്‍ ലഭിക്കുന്ന മണ്‍സൂണും അടുത്ത വര്‍ഷത്തെ വിളവിനെ കുറക്കും. കനത്ത മഴയും വെള്ളക്കെട്ടുമുള്ള മൂടിക്കെട്ടിയ കാലാവസ്ഥ മച്ചിങ്ങ പൊഴിച്ചിലിനും വിളവ് കുറയുന്നതിനും കാരണമാകും.

കേരളത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ തെങ്ങിന്‍ തോട്ടങ്ങള്‍ ആഴ്ചകളായി ഈ കാലവര്‍ഷക്കാലത്ത് വെള്ളക്കെട്ട് ഭീഷണിയിലാണ്. ധാരാളം സൂര്യപ്രകാശവും 70 ശതമാനത്തില്‍ താഴെ ആപേക്ഷിക ആര്‍ദ്രതയുമാണ് നാളികേര ഉത്പാദനത്തിന് അനുകൂലമായ കാലാവസ്ഥ. ദിവസങ്ങളോളം കൂടുതല്‍ സമയം ആകാശം കാര്‍മേഘാവൃതമായി മൂടിക്കെട്ടി കിടക്കുന്നത് തെങ്ങ് കൃഷിക്ക് ഒട്ടും നന്നല്ല. ഒരുവര്‍ഷം ഏകദേശം 2000 മണിക്കൂര്‍ നേരത്തെ സൂര്യപ്രകാശം ഉയര്‍ന്ന നാളികേര ഉത്പാദനത്തിന് ആവശ്യമാണ്. കൂടുതല്‍ ഈര്‍പ്പവും ആപേക്ഷിക ആര്‍ദ്രതയുമുള്ള കാലാവസ്ഥയില്‍ കൂമ്പൂചീയല്‍ ഉള്‍പ്പെടെയുള്ള കുമിള്‍ രോഗങ്ങളുടെ ആക്രമണം കൂടുതലായിരിക്കും. സാധാരണ ഗതിയില്‍ നല്ല മഴ ലഭിക്കുന്നത് നാളികേര ഉത്പാദനം കൂട്ടേണ്ടതായിരുന്നു. അതിവര്‍ഷവും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ടും ഇരുണ്ടുമൂടിക്കെട്ടിയ കാലാവസ്ഥയില്‍ അടയ്ക്ക ഉല്പാദനവും കുറയ്ക്കും.

കനത്ത മഴയും വെള്ളക്കെട്ടും ജാതിക്കയുടെ ഉത്പാദനത്തെ സാരമായി ബാധിച്ചുകഴിഞ്ഞു. കനത്ത മഴയില്‍ ഒരു കോടിയിലേറെ ജാതി മരങ്ങള്‍ക്ക് നാശമുണ്ടായതായാണ് കണക്കാക്കിയിരിക്കുന്നത്. തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പരമ്പരാഗത ജാതി കൃഷി മേഖലകളില്‍ ഫൈറ്റോഫ്‌തോറ കുമിള്‍ കാരണമുണ്ടാകുന്ന ഇലകൊഴിച്ചിലും കായ് കൊഴിച്ചിലും വ്യാപകമാണ്. പച്ചയിലകള്‍ മൊത്തം കൊഴിഞ്ഞ് ചുരുക്കം കായ്കള്‍ മാത്രമായി നില്‍ക്കുന്ന ജാതി മരങ്ങള്‍ ഈ പെരുമഴക്കാലത്ത് ഒരു സാധാരണ കാഴ്ചയാണ്. ഈ മഴക്കാലത്ത് ഭീകരമായ നാശം നേരിട്ട സുഗന്ധവ്യജ്ഞന വിള ഏലമാണ്. ഇടുക്കിയിലെ ഏലം കൃഷി മേഖലയില്‍ മഴയ്‌ക്കൊപ്പം രണ്ടു മാസത്തോളം ആഞ്ഞു വീശിയ കാറ്റ് പലതോട്ടങ്ങളിലെയും ഏലച്ചെടികളെ അടിച്ചു തകര്‍ത്തു. നൂറുകണക്കിന് ഹെക്ടര്‍ തോട്ടങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. നല്ല വേനല്‍ മഴ ലഭിച്ചതിനാല്‍ തോട്ടങ്ങള്‍ നേരത്തെ തന്നെ വിളവെടുപ്പിനു പാകമായിരുന്നു. എന്നാല്‍ കാലവര്‍ഷം കനത്തതോടെ ചെടികളും കായ്കളും ചീഞ്ഞു നശിച്ചു. തുടര്‍ച്ചയായ വെള്ളക്കെട്ടില്‍ ചെടികള്‍ മഞ്ഞളിച്ചു.

പ്രാദേശിക വാണിജ്യ കരാറുകളുടെ മറവില്‍ ശ്രീലങ്കയില്‍ നിന്നും നേപ്പാളില്‍ നിന്നും കള്ളക്കടത്തിലൂടെ ഇന്ത്യന്‍ വിപണിയിലെത്തുന്ന വിയറ്റ്‌നാം കുരുമുളക് സൃഷ്ടിച്ച വിലയിടിവില്‍ നട്ടം തിരിയുന്ന കുരുമുളകു കര്‍ഷകര്‍ക്ക് വന്‍തിരിച്ചടിയാണ് ഇപ്പോഴത്തെ കനത്തമഴയും ശക്തമായ കാറ്റും. കുരുമുളകു വള്ളികള്‍ തിരിയിടുന്ന സമയത്തുണ്ടാകുന്ന കനത്ത മഴ തിരികൊഴിച്ചിലിനും മണികൊഴിച്ചിലിനും വഴിവയ്ക്കും. ഈ വര്‍ഷമുണ്ടായ തുടര്‍ച്ചയായ കനത്ത വേനല്‍ മഴ ചെടിയുടെ കായിക വളര്‍ച്ച ത്വരിതപ്പെടുത്തി ഉത്പാദനം കുറച്ചിരുന്നു. അതിനു പിന്നാലെയാണ് തിരികൊഴിക്കുന്ന കനത്ത മഴയും ശക്തമായ കാറ്റും. വിലക്കുറവു കാരണം ചുരുക്കം കുരുമുളകു തോട്ടങ്ങള്‍ മാത്രമെ നന്നായി പരിചരിക്കുന്നുള്ളൂ. മതിയായ സസ്യ സംരക്ഷണ മുറകള്‍ മുന്‍കൂട്ടി സ്വീകരിക്കാത്തതിനാല്‍ മിക്ക തോട്ടങ്ങളിലും വേരുചീയലും വാട്ടരോഗങ്ങളും വ്യാപകം. കാലാവസ്ഥാ വ്യതിയാനം കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ കുരുമുളക് ഉത്പാദനവും ഉത്പാദനക്ഷമതിയും ഏറെക്കുറെ നിശ്ചലാവസ്ഥയിലാണ്. ഈ വര്‍ഷത്തെ കനത്ത മഴ അടുത്ത വര്‍ഷത്തെ ഉത്പാദനം ഗണ്യമായി കുറക്കും. ശക്തമായ കാറ്റില്‍ കുരുമുളകിന്റെ താങ്ങുകാലുകള്‍ മറിഞ്ഞുവീണും കുരുമുളക് കൃഷിക്ക് വ്യാപകമായ നഷ്ടം സംഭവിച്ചിട്ടുണ്ട്.

കാപ്പിയും തേയിലയും

തോട്ടം മേഖലയില്‍ കാപ്പിയുടെയും തേയിലയുടെയും ഉത്പാദനവും കനത്ത മഴയെ തുടര്‍ന്ന് 50 ശതമാനത്തിലേറെ ഇടിയും. വയനാട്, ഇടുക്കി, നെല്ലിയാമ്പതി എന്നീ പരമ്പരാഗത മേഖലകളിലെല്ലാം ഈ വിളകള്‍ക്ക് വന്‍നാശമുണ്ടായിട്ടുണ്ട്. കാപ്പിക്ക് കായ്‌കൊഴിച്ചിലും രോഗബാധയും വ്യാപകമാണ്. റോബസ്റ്റ ഇനം കാപ്പിക്കാണ് രോഗബാധ കൂടുതല്‍. കുറഞ്ഞത് 100 കോടി രൂപയുടെയെങ്കിലും ഉത്പാദന നഷ്ടം കാപ്പി കര്‍ഷകര്‍ക്ക് സംഭവിക്കുമെന്ന് കണക്കാക്കുന്നു. വിലയിടുവു നേരിടുന്ന തേയില വ്യാവസായത്തിലും മഴയും കുത്തൊഴുക്കും വെള്ളക്കെട്ടും പ്രതിസന്ധി സൃഷ്ടിച്ചു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഉത്പാദനത്തില്‍ 35-50 ശതമാനം കുറവുണ്ടാകും. ഹെക്ടറിന് 180 കിലോഗ്രാമിന്റെ ഉത്പാദന നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. കനത്ത മഴയെത്തുടര്‍ന്ന് ദിവസങ്ങളോളം തോട്ടങ്ങളില്‍ കൊളുന്തു നുള്ളാനാവത്ത സാഹചര്യമുണ്ടായി. കേരളത്തിലെ തേയില ഉത്പാദനത്തിന്റെ തലസ്ഥാനമായ മൂന്നാര്‍ പട്ടണം തന്നെ ദിവസങ്ങളോളം പ്രളയ ജലത്തില്‍ മുങ്ങി. വയനാട് ജില്ലയിലെ കുറിച്യമലയില്‍ 127 ഏക്കര്‍ തേയിലത്തോട്ടം മരങ്ങള്‍ ഉള്‍പ്പെടെ പ്രളയ ജലത്തില്‍ ഒലിച്ചു പോയി. സൂര്യപ്രകാശമില്ലാത്ത മൂടിക്കെട്ടിയ കാലാവസ്ഥയും വെള്ളക്കെട്ടും മാസങ്ങളോളം വീശിയടിച്ച ശക്തമായ കാറ്റും തേയിലയുടെയും ഉത്പാദനം കുറക്കും. നേരത്തെയെത്തിയ കനത്ത മഴയും തേയില ഉത്പാദനത്തെ ദോഷകരമായി ബാധിച്ചു. ഉത്പാദന നഷ്ടത്തിനു പിന്നാലെ തോട്ടങ്ങളില്‍ അടച്ചു പൂട്ടലിന്റെയും തൊഴില്‍ നഷ്ടത്തിന്റെയും സാധ്യതകള്‍ നിലനില്‍ക്കുന്നു. അടുത്ത കാലത്ത് കശുവണ്ടി വിലയില്‍ ഉണര്‍വ് പ്രകടമായെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പക്കുടുതലും മൂടിക്കെട്ടിയ കാലാവസ്ഥയും തുടര്‍ച്ചയായ മഴയും വെള്ളക്കെട്ടും ഉത്പാദനത്തെ കുറയ്ക്കും. നദികളിലെ കരകവിഞ്ഞ കുത്തൊഴുക്കിലും കനത്ത മഴയിലും വെള്ളക്കെട്ടിലും ഈ സീസണില്‍ താഴ്ന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന ഇഞ്ചി, മഞ്ഞള്‍ വിളകകളും വലിയൊരളവില്‍ നശിച്ചിട്ടുണ്ട്.

ആറു വര്‍ഷത്തിലേറെയായി വിലത്തകര്‍ച്ചയില്‍ നിന്നും കരകയറാതെ നട്ടം തിരിയുന്ന റബര്‍ കൃഷി മേഖലക്കാണ് തുടര്‍ച്ചയായ മഴയും കാറ്റും ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ചിരിക്കുന്നത്. വിലിയിടിവു കാരണം 30 ശതമാനത്തോളം തോട്ടങ്ങള്‍ ടാപ്പു ചെയ്യാതെ നിര്‍ത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ മഴകാരണം റെയിന്‍ ഗാര്‍ഡ് ഘടിപ്പിക്കാത്ത തോട്ടങ്ങളില്‍ ആഴ്ചകളായി ടാപ്പിംഗ് മുടങ്ങിക്കിടക്കുകയാണ്, റെയിന്‍ ഗാര്‍ഡ് ഘടിപ്പിച്ച തോട്ടങ്ങളില്‍പ്പോലും ടാപ്പിംഗ് അസാധ്യമാക്കുന്ന വിധം കോരിച്ചൊരിയുന്ന മഴയാണ്. റെയിന്‍ ഗാര്‍ഡ് ഘടിപ്പിച്ച് ടാപ്പ് ചെയ്യുന്ന തോട്ടങ്ങളില്‍ പോലും 50 ശതമാനത്തോളം ഉത്പാദനം കുറവുണ്ടാകും. തുടര്‍ച്ചയായ കനത്ത മഴ കാരണം റബര്‍ തോട്ടങ്ങളില്‍ അകാല ഇല കൊഴിച്ചില്‍ രോഗം വ്യാപകമാണ്. മിക്ക തോട്ടങ്ങളിലും രോഗം കാരണം മരങ്ങളുടെ ഇല കൊഴിഞ്ഞു. ഇതും റബര്‍ തോട്ടങ്ങളില്‍ നിന്നുള്ള ഉത്പാദനം കുറക്കും. മഴക്കൊപ്പമെത്തിയ കാറ്റില്‍ പലയിടത്തും റബര്‍ മരങ്ങള്‍ ഓടിഞ്ഞു വീണു നശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 12 ശതമാനം കുറവാണ് റബര്‍ ഉത്പാദനം. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പെരുമഴയും പ്രളയവും റബര്‍ ഉത്പാദനം ഗണ്യമായി കുറയ്ക്കും. റബര്‍ ഉപഭോഗത്തില്‍ പൊതുവേ വര്‍ധനവു രേഖപ്പെടുത്തി വരുന്ന സമയത്താണ് കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ഉത്പാദന നഷ്ടം. കനത്ത മഴ റബര്‍ കൃഷിയില്‍ മാത്രം 500 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടാക്കിയിട്ടുണ്ടാകാമെന്നാണ് കണക്ക്.

മണ്ണില്‍ അഗാധഗര്‍ത്തങ്ങള്‍

പരമ്പരാഗത തോട്ടം, കൃഷി മേഖലയായ മലയോരങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമികളില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും പ്രളയജലത്തിന്റെ കുത്തൊഴുക്കിലും മണ്ണില്‍ അഗാധഗര്‍ത്തങ്ങള്‍ രൂപം പ്രാപിച്ച് കൃഷി അസാധ്യമായി മാറിയിട്ടുണ്ട്. മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും മൃഗസംരക്ഷണം, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ കൃഷി അനുബന്ധ മേഖലകളിലും വന്‍ നാശമുണ്ടാക്കിയിട്ടുണ്ട്. ഒട്ടേറെ കര്‍ഷകര്‍ക്ക് അവരുടെ പ്രധാന ഉപജീവനമാര്‍ഗങ്ങളായ പശു, ആട്, എരുമ, കോഴി, പന്നി തുടങ്ങിയവയെ വന്‍തോതില്‍ നഷ്ടപ്പെട്ടു. പത്തനംതിട്ട, ചാലക്കുടി, ആലുവ, കുട്ടനാട്, പറവൂര്‍ തുടങ്ങിയ മേഖലകളില്‍ കന്നുകാലികള്‍ കുത്തൊഴുക്കിലും മഹാപ്രളയത്തിലും അകപ്പെട്ടു. പലയിടത്തും കന്നുകാലികളുടെ ജഡങ്ങള്‍ പ്രളയജലത്തില്‍ ഒഴുകിനടന്നു. ഇടുക്കി, വയനാട് ജില്ലകളിലെ മലയോര മേഖലകളിലും ഉരുള്‍പൊട്ടലിലും മണ്ണൊലിപ്പിലും ഒട്ടേറെ കര്‍ഷകര്‍ക്ക് വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്. കോഴിഫാമുകള്‍, പന്നിഫാമുകള്‍ തുടങ്ങിയവ വന്‍തോതില്‍ നശിച്ചു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്ന ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് ഈ വര്‍ഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. ആഘാതത്തിന്റെ വ്യാപ്തി കൊണ്ട് 1882, 1924, 1961 എന്നീ വര്‍ഷങ്ങളിലെ അതിവര്‍ഷത്തിന്റെ ദുരന്തങ്ങളെ കവച്ചുവയ്ക്കുന്നതാണ് ഈവര്‍ഷത്തെ പെരുമഴ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് കൃഷിയിടത്തിലേക്കെത്തുകമാത്രമാണ് പുനരുദ്ധാരണത്തിനാവശ്യം.

വരള്‍ച്ച പോലെ പ്രളയസാധ്യതയും

വരള്‍ച്ച പോലെ തന്നെ പ്രളയസാധ്യതയും ഏറെയുള്ള സംസ്ഥാനമാണ് കേരളം. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന പ്രളയ ദുരിതങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതുപോലെ പ്രളയ ദുരിതത്തിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തില്‍ മേഖലാ അടിസ്ഥാനത്തില്‍ മാപ്പിംഗ് നടത്തണം. ഡാമുകള്‍ പ്രളയത്തെ തടയും. എന്നാല്‍ ഒരേ സമയം തുറന്നുവിടേണ്ടി വന്നാല്‍ പ്രളയസാധ്യത കൂട്ടുമെന്ന് ഇപ്പോഴത്തെ അനുഭവം പഠിപ്പിക്കുന്നു. വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടാനും നഷ്ടം കുറയ്ക്കാനുമുള്ള എമര്‍ജന്‍സി പ്ലാനുകള്‍ തയാറാക്കണം. പ്രളയജലമൊഴുകിയെത്താന്‍ സാധ്യതയുള്ള എല്ലാ ജലപാതകളുടെയും വ്യാപ്തി കൂട്ടി ജലനിര്‍ഗമനം സുഗമമാക്കണം.

ഡോ. ജോസ് ജോസഫ്
പ്രഫസര്‍ ആന്‍ഡ് ഹെഡ്, കാര്‍ഷിക കോളജ്, വെള്ളാനിക്കര, തൃശൂര്‍
ഫോണ്‍: 93871 00119.