കാടവളര്‍ത്തലിലൂടെ ലാഭം കൊയ്യാം
കാടവളര്‍ത്തലിലൂടെ ലാഭം കൊയ്യാം
Friday, November 16, 2018 3:38 PM IST
ജാപ്പനീസ് ക്വയില്‍' എന്നറിയപ്പെടുന്ന കാട നമ്മുടെ നാട്ടില്‍ പ്രശസ്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ കോഴികളെക്കാളും വലിപ്പം കുറവുള്ള ഇവയുടെ ഇറച്ചിയും മുട്ടയും സ്വാദിഷ്ഠവും അതേ സമയം ഒട്ടേറെ ഔഷധഗുണങ്ങളുള്ളതുമാണ്. കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം കൊയ്യാവുന്ന ഒരു മേഖലകൂടെ യാണ് കാടവളര്‍ത്തല്‍.

മുട്ട വിരിഞ്ഞുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് 6-7 ഗ്രാം വരെ തൂക്കമുണ്ടാകും. ഇവയ്ക്ക് കൂടൊരുക്കുമ്പോള്‍ ഒരു കാടയ്ക്കു നില്‍ക്കാന്‍ 75 ചതുരശ്ര സെന്റീമീറ്റര്‍ സ്ഥലം കിട്ടുന്നരീതിയില്‍ വേണം തയാറാക്കാന്‍. കാടക്കുഞ്ഞുങ്ങള്‍ക്കു ചൂടു നല്‍കാനായി ഉപയോഗിക്കുന്ന ഹോവറില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂട് ആദ്യം നല്‍കണം. ഒരോ ആഴ്ച കഴിയുംതോറും 2.7 ഡിഗ്രി സെല്‍ഷ്യസ് വീതം ചൂടു കുറയ്ക്കണം. ഇങ്ങനെ നാലാഴ്ചവരെ തുടരുക. തീറ്റ കൊടുക്കാനായി രണ്ട് സെന്റീമീറ്റര്‍ സ്ഥലവും വെള്ളം നല്‍കാനായി ഒരു സെന്റീമീറ്റര്‍ സ്ഥലവും വേണം.

കാടക്കുഞ്ഞുങ്ങള്‍ക്ക് മൂന്നാഴ്ച പ്രായമാകുമ്പോള്‍ ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചറിയാന്‍ പറ്റും. ഈ സമയം ആ ണിനെയും പെണ്ണിനെയും വ്യത്യ സ്ത കൂടുകളിലേക്കു മാറ്റാം. പെണ്ണിന് നെഞ്ചിലെ തൂവലില്‍ ചാരനിറത്തിലോ കറുപ്പ് നിറത്തിലോ ഉള്ള അടയാളങ്ങളുണ്ടാ കും. ആണ്‍ കാടകള്‍ക്ക് ഈ അടയാളങ്ങള്‍ വെളുത്ത നിറത്തിലായിരിക്കും. പെണ്‍കാടകള്‍ ആണ്‍ കാടകളെക്കാള്‍ വലുതുമായിരിക്കും.




ആറാഴ്ച കഴിയുമ്പോഴേക്കും കാടകള്‍ പ്രായപൂര്‍ത്തിയാവും. ഈ സമയത്ത് കാടകള്‍ക്ക് 120-130 ഗ്രാം വരെ തൂക്കമുണ്ടാവും. ഈ പ്രായത്തില്‍ കൂടിനുള്ളില്‍ കാടയ്ക്ക് 180 ചതുരശ്ര സെന്റീമീറ്റര്‍ സ്ഥലം വേണം. പ്രതുത്പാദനത്തിനായി രണ്ടു പെണ്‍കാട യ്ക്ക് ഒരു ആണ്‍കാട എന്ന രീതിയില്‍ ആണ്‍കാടകളെ പെണ്‍കാടകളുടെ കൂട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കണം. ഇതു കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പെ ണ്‍ കാടകള്‍ മുട്ടയിട്ടുതുടങ്ങും. നാലാം ദിവസം തൊട്ട് മുട്ടകള്‍ എടുത്തു തുടങ്ങാം.

ഭക്ഷണം നല്‍കാനായി മുതി ര്‍ന്ന കാടകള്‍ക്ക് അഞ്ചുസെന്റീമീറ്റര്‍ സ്ഥലവും വെള്ളം നല്‍കാന്‍ രണ്ടു സെന്റീമീറ്റര്‍ സ്ഥലവും വേ ണം. മുട്ടയിട്ടുതുടങ്ങിയാല്‍ 16 മണിക്കൂര്‍ വെളിച്ചം നല്‍കണം. അത് പ്രത്യുത്പാദനം കൂട്ടും. വൈകുന്നേരമാണ് സാധാരണയായി കാട മുട്ടയിടുക. വൈകുന്നേരം ആറിനും എട്ടിനും ഉള്ളിലായാണ് മുട്ടയിടുക. 10 ഗ്രാം വരെ തൂക്കമുള്ള മുട്ടയില്‍ തിവിട്ട്, വെള്ള, നീല, കറുപ്പ് തുടങ്ങിയ വിവിധ നിറങ്ങളിലുള്ള അടയാളം കാണാം. മുട്ടവിരിയാന്‍ 18 ദിവസം വേണം. ആയിരം കോഴിയ്ക്ക് അരക്കാട എന്നാണ് ചൊല്ല്. അ ത്രയും ഔഷധഗുണമുള്ളതാണ് കാടയിറച്ചിയും കാടമുട്ടയും. അതേപോലെതന്നെ ആദായകരവുമാണ്.

സഞ്ജന എ.