ഓര്‍ക്കിഡ് റാണി കാറ്റ്‌ലിയ
നയനമോഹനമായ നിറക്കൂട്ടുകളുമായി വിടരുന്ന കാറ്റ്‌ലിയ പൂക്കള്‍ ഓര്‍ക്കിഡുകളുടെ റാണി എന്ന ഓമനപ്പേരിലാണറിയപ്പെടുക. കാറ്റ്‌ലിയയോളം ഇത്രയേറെ വര്‍ണപ്പകിട്ടുള്ള ഓര്‍ക്കിഡ് പൂക്കള്‍ തുലോം വിരളമാണ് എന്നു പറയാം. എന്നാല്‍ വളര്‍ത്താനാകട്ടെ താരതമ്യേന എളുപ്പവും. ഓര്‍ക്കിഡുകളുടെ ഓര്‍ക്കിഡ് എന്നും ഇതിനു വിളിപ്പേരുണ്ട്. ഓര്‍ക്കിഡ് ശ്രേണിയില്‍ ഏറ്റവുമധികം വര്‍ഗസങ്കരങ്ങളുള്ളതും കാറ്റ്‌ലിയയ്ക്കുതന്നെ. കാറ്റ്‌ലിയ എന്ന ജനുസില്‍ നൂറിലേറെ സ്പീഷിസുകളും എണ്ണമറ്റ സങ്കരയിനങ്ങളുമുണ്ട്. ഇവ പൂവിന്റെ വലിപ്പം, നിറം, രൂപം, സുഗന്ധം എന്നിവയില്‍ വൈവിധ്യം പുലര്‍ത്തുന്നു.

ഉദ്യാനകൃഷിയില്‍ അതിതത്പരനായിരുന്ന 'വില്യം കാറ്റ്‌ലെ' എന്ന ഇംഗ്ലീഷുകാരനാണ് യാദൃച്ഛികമായി ഈ ചെടി കണ്ടെത്തുന്നത്. പായലുകളെക്കുറിച്ച് പഠനം നടത്തുന്നതിനിടയില്‍ കാറ്റ്‌ലെയ്ക്കു തെക്കേ അമേരിക്കയില്‍ നിന്ന് കപ്പലില്‍ ഒരു പാഴ്‌സല്‍ വന്നു. അതു നിറയെ അവിടെ നിന്ന് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ശേഖരിച്ചയച്ച വിവിധതരം പായലുകളായിരുന്നു. ഈ പാഴ്‌സല്‍ ബലമായി കെട്ടാനുപയോഗിച്ചത് തുകല്‍ പോലെ കട്ടിയുള്ള ഇലകളും. ഇത് കാറ്റ്‌ലെയുടെ ശ്രദ്ധയില്‍പ്പെട്ടു. യഥാര്‍ഥത്തില്‍ കാറ്റ്‌ലിയ എന്ന ഓര്‍ക്കിഡ് ചെടിയുടെ ഇലകളായിരുന്നു ഇത്. ഇതാണ് ഈ ഓര്‍ക്കിഡ് കണ്ടെത്തിയതിനു പിന്നിലെ രസകരമായ കഥ.
ഗദയുടെ ആകൃതിയില്‍ പരന്നതോ ഉരുണ്ടതോ ആയ തടിച്ച ധാരാളം തണ്ടുകള്‍ കാറ്റ്‌ലിയയുടെ ചുവട്ടില്‍ കാണാം. ഇത് ഈര്‍പ്പം സംഭരിച്ചു വയ്ക്കും. കാറ്റ്‌ലിയയ്ക്ക് വളരാന്‍ നല്ല വെളിച്ചം വേണം. എന്നാല്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ തണല്‍ നിര്‍ബന്ധം. ഇലകള്‍ക്ക് ഇളം പച്ച നിറമാണെങ്കില്‍ വേണ്ടത്ര വെളിച്ചമുണ്ട് എന്നും കടുംപച്ച നിറമാണെങ്കില്‍ വേണ്ടത്ര വെളിച്ചം കിട്ടുന്നില്ലെന്നും ഉറപ്പാക്കാം. ചെടി ചെറുതെങ്കിലും പൂക്കള്‍ വലുതാണ്. പൂവിന് അഞ്ചു സെന്റീ മീറ്റര്‍ മുതല്‍ 15 സെന്റീമീറ്റര്‍ വരെയോ അതില്‍ കൂടുതലോ വലിപ്പമുണ്ടാകും. പ്രത്യേകിച്ച് പൂവിന്റെ ലേബെല്ലം (ലിപ്പ്) വലുതും ഫ്രില്ലുപോലെ ഞൊറിഞ്ഞതും അത്യാകര്‍ഷകവുമാണ്. കടുംചുവപ്പ്, മഞ്ഞ, വെള്ള, പിങ്ക് തുടങ്ങി അപൂര്‍വമായി നീലനിറം വരെയുള്ള കാറ്റ്‌ലിയ പൂക്കളുണ്ട്. ഒരു വര്‍ഷം നാലു തവണയെങ്കിലും ചെടി പുഷ്പിക്കും.

മരങ്ങളില്‍ വളരുന്ന എപ്പിഫൈറ്റ് സ്വഭാവമുള്ള ഓര്‍ക്കിഡാണ് കാറ്റ്‌ലിയ. ചെടിച്ചുവട്ടില്‍ വെള്ളം സംഭരിക്കാന്‍ കഴിവുള്ള ഉള്ളിക്കുടങ്ങള്‍ക്കു (സ്യൂഡോ ബള്‍ബ്) പുറമേ മാംസളമായ വേരുകളുമുണ്ട്. ചിരസ്ഥായി സ്വഭാവത്തോടുകൂടി വളരുന്ന കാറ്റ്‌ലിയ വാര്‍ഷിക പുഷ്പിക്കല്‍ സ്വഭാവമാണ് പൊതുവെ പ്രകടിപ്പിക്കുക. 18 സെന്റീ മീറ്റര്‍ വായ്‌വട്ടമുള്ള ഓര്‍ക്കിഡ് ചട്ടിയിലോ ചെറിയ പട്ടികക്കഷണങ്ങള്‍ കൊണ്ടു തീര്‍ത്ത തടിക്കൂടയിലോ കാറ്റ്‌ലിയ വളര്‍ത്താം. മരക്കഷണം, ഓടിന്‍കഷണം എന്നിവയാണ് വളര്‍ച്ചാമാധ്യമം. വേരുകള്‍ക്ക് പറ്റിപ്പിടിച്ചിരിക്കാന്‍ വേണ്ടിയാണിത്. ഇടയ്ക്കിടയ്ക്കു ചട്ടിയിലെ മാധ്യമം ഉണങ്ങാന്‍ അനുവദിച്ചാല്‍ കാറ്റ്‌ലിയ തഴച്ചുവളരും. ഒരു പൂവോടു കൂടിയ ചെടി വാങ്ങി വളര്‍ത്തുകയാണ് ഉചിതം. കാറ്റ്‌ലിയ ബോബെല്‍സ്, ലിറ്റില്‍ ഡൊറീന്‍, സ്റ്റോഫ്‌ളവര്‍ തുടങ്ങി വെള്ളപ്പൂക്കള്‍ ഉണ്ടാകുന്നവയും ചുവന്ന പൂക്കള്‍ വിടര്‍ത്തുന്ന കാറ്റ്‌ലിയ സ്റ്റാലിന്‍, മഞ്ഞപ്പൂവു തരുന്ന ഫൈലിയോട്ടര്‍ തുടങ്ങിയ ഇനങ്ങള്‍ കേരളത്തില്‍ വളരും.പുഷ്പിക്കുകയും ചെയ്യും.


നേരിട്ടുള്ള സൂര്യപ്രകാശം കാറ്റ്‌ലിയയ്ക്ക് വേണ്ട. ചെടിയുടെ ഇലകള്‍ക്ക് നല്ല പച്ചനിറം കിട്ടാനുള്ള വെളിച്ചം മതിയാകും. വെളിച്ചം കുറഞ്ഞാല്‍ ഇലകള്‍ മഞ്ഞളിക്കും. നല്ല വെയിലുള്ള സമയത്ത് ചെടി രാവിലെയും വൈകിട്ടും രണ്ടു നേരം വെള്ളം സ്‌പ്രേ ചെയ്ത് നനയ്ക്കണം.

വളപ്രയോഗത്തില്‍ സവിശേഷ ശ്രദ്ധആവശ്യപ്പെടുന്ന ഓര്‍ക്കിഡാണ് കാറ്റ്‌ലിയ. ജൈവവളങ്ങള്‍ക്കും രാസവളങ്ങള്‍ക്കും തുല്യപ്രാധാന്യമുണ്ട്. കാലിവളമാണെങ്കില്‍ പച്ചച്ചാണകവും ഉണങ്ങിയ ചാണകവും കലര്‍ത്തിയെടുക്കണം. ഇത് 1:5, 1:10, 1:15, 1:20 എന്നിങ്ങനെ വിവിധ അനുപാതത്തില്‍ ചെടിച്ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം. കോഴിവളവും നല്‍കാം. ഇതു ചേര്‍ക്കുമ്പോള്‍ നിശ്ചയമായും നനവുണ്ടായിരിക്കണം. കോഴിവളത്തിന് ചൂടായതിനാല്‍ നന നിര്‍ബന്ധമാണ്. മൂന്നു മാസത്തിലൊരിക്കല്‍ മതിയാകും കോഴിവളപ്രയോഗം. തറയില്‍ വളര്‍ത്തുമ്പോള്‍ ചെടിക്ക് 200 ഗ്രാം കോഴിവളവും ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ 20 ഗ്രാമും നല്‍കിയാല്‍ മതി.
പന്നിവളവും ഓര്‍ക്കിഡിന് നല്‍കാവുന്ന മികച്ച ഒരു ജൈവാഹാരമാണ്. ഒരു ഭാഗം പന്നിവളം 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതിന്റെ തെളിയൂറ്റി ഓരോ ചെടിയുടെയും ചുവട്ടില്‍ അര ലിറ്റര്‍ വീതം ഒഴിച്ചു കൊടുക്കാം. ഗോമൂത്രമാണെങ്കില്‍ ഒരു ലിറ്റര്‍ 20 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിത്തടത്തില്‍ കുറേശേ ഒഴിച്ചു കൊടുത്താല്‍ മതി.

രാസവളമിശ്രിതങ്ങള്‍ പ്രയോഗിക്കുമ്പോള്‍ (17:17:17, 19:19:19) രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിയുടെ തടത്തിലൊഴിച്ചു കൊടുക്കാം.

കാറ്റ്‌ലിയയുടെ ഒരു പൂത്തണ്ടില്‍ നാലു പൂവ് വരെ വിടരും. പൂക്കള്‍ വാടിക്കൊഴിഞ്ഞാല്‍ തണ്ടോടു ചേര്‍ത്തു മുറിക്കുന്ന തില്‍ തെറ്റില്ല. അങ്ങനെ മുറിച്ചാല്‍ മുറിവായില്‍ അല്പം കരിപ്പൊടിയോ കറുവാപ്പൊടിയോ ഉരുക്കിയ മെഴുക് പുരട്ടിയോ അടയ്ക്കണം.

നനയുടെ കാര്യത്തിലും കാറ്റ്‌ലിയയ്ക്ക് ചില നിബന്ധനകളുണ്ട്. ഒരു ചെടിക്ക് നന വേണോ എന്ന് നിര്‍ണയിക്കാന്‍ ചട്ടിയിലെ പോട്ടിംഗ് മിശ്രിതത്തിലേക്ക് ഏകദേശം ഒരിഞ്ച് ആഴത്തില്‍ വിരല്‍ താഴ്ത്തി നോക്കുക. മിശ്രിതം പൂര്‍ണമായും ഉണങ്ങിയിരിക്കുകയാണെങ്കില്‍ നനയ്ക്കണം.

ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ചട്ടി മാറ്റണം. സുഗന്ധവാഹിയായ സുന്ദരപുഷ്പമായ കാറ്റ്‌ലിയ ചെടിയില്‍ ശല്‍ക്കപ്രാണികളും ചുവന്ന ചെള്ളുകളും ഉപദ്രവകാരികളാകാം. വേപ്പെണ്ണ നേര്‍പ്പിച്ചു തളിച്ച് ഇവയെ അകറ്റാം.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍ , കൃഷി വകുപ്പ്, തിരുവനന്തപുരം