മണലാരണ്യത്തില്‍ നിന്ന് മീന്‍കുളത്തിലേക്ക്
മണലാരണ്യത്തില്‍ നിന്ന് മീന്‍കുളത്തിലേക്ക്
Saturday, January 5, 2019 4:46 PM IST
ഗള്‍ഫിലെ ജര്‍മന്‍ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ലക്ഷങ്ങള്‍ ശമ്പളം വാങ്ങിക്കുമ്പോഴും രാംകുമാറിന്‍റെ മനസ് മീനുകളോടൊപ്പമായിരുന്നു. ഒടുവില്‍ മണലാരണ്യത്തിലെ ജോലി രാജിവച്ച് കോട്ടയം വാഴൂര്‍ രാജേഷ് ഭവനിലെ സ്വന്തം പുരയിടത്തില്‍ പടുതാക്കുളം നിര്‍മിച്ചു. മീന്‍ വളര്‍ത്തലിലേക്കു തിരിഞ്ഞപ്പോള്‍ ഈ മേഖലയിലെ തട്ടിപ്പുകള്‍ മനസിലായി. ഇതില്‍ നിന്ന് എങ്ങനെ രക്ഷപെടാമെന്ന പഠനം രാംകുമാറിനെ എത്തിച്ചത് യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കിയുള്ള കൃഷി രീതിയിലേക്കാണ്. ഇന്ന് ഇദ്ദേഹത്തിന്റെ വാഴൂര്‍ ഫിഷ് ഫാമില്‍ മീന്‍ വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. ഓര്‍ഡര്‍ അനുസരിച്ചും മീന്‍ വില്‍ക്കുന്നുണ്ട് ഈ മുപ്പത്തിയേഴുകാരന്‍.

2016 ജനുവരിയില്‍ വിദേശത്തു നിന്നു തിരിച്ചെത്തിയ ശേഷമാണ് രാംകുമാര്‍ മുഴുവന്‍ സമയ മത്സ്യക്കര്‍ഷകനാകുന്നത്. വീടിനു സമീപം 70 അടി നീളമുള്ള പടുതാക്കുളം നിര്‍മിക്കുകയായിരുന്നു ആദ്യപടി. ഇതില്‍ തിലാപ്പിയയേയാണ് രാം കുമാര്‍ വളര്‍ത്തുന്ന ത്. ആദ്യം കോല്‍ക്കത്തയില്‍ നിന്നുള്ള തിലാപ്പിയ കുഞ്ഞുങ്ങളെയാണിട്ടത്. 10-12 പ്രാവശ്യം ഇട്ടെങ്കിലും തിരിച്ചടിയായിരുന്നു ഫലം. മത്സ്യക്കുഞ്ഞുങ്ങള്‍ ച ത്തുപൊങ്ങി. പല കര്‍ഷകരുടെ അടുത്തും ഉപദേശം തേടിയെങ്കിലും എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ആരും പറഞ്ഞു കൊടുത്തില്ല. മത്സ്യക്കൃഷി അവസാനിപ്പിച്ചാലോ എന്നുവരെ ചിന്തിച്ചു. എന്നാല്‍ താത്പര്യമുള്ള വിഷയത്തില്‍ നിന്നു പിന്‍മാറാന്‍ മനസനുവദിച്ചില്ല. മത്സ്യക്കൃഷി പഠിക്കാന്‍ നിരവധി യൂണിവേഴ്‌സിറ്റികളില്‍ സന്ദര്‍ശനം നടത്തി. ഈ സന്ദര്‍ശനങ്ങളില്‍ നിന്ന് നിരവധി മത്സ്യശാസ്ത്രജ്ഞരുമായി ബന്ധമുണ്ടായി. അവരെയും കര്‍ഷകരെയും ഉള്‍പ്പെടുത്തി 'വാഴൂര്‍ ഫിഷ് ഫാം' എന്നപേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. കര്‍ഷകര്‍ക്കുണ്ടാകുന്ന എന്തു സംശയങ്ങളും ഈ ഗ്രൂപ്പിലിട്ടാല്‍ ശാസ്ത്രജ്ഞരും കര്‍ഷകരും അതിനുള്ള ഉത്തരം നല്‍കും. 250 അംഗങ്ങളുള്ള ഈ ഗ്രൂപ്പില്‍ 14 ശാസ്ത്രജ്ഞരുമുണ്ട്. ഇതിനൊക്കെ ശേഷമാണ് മീന്‍കൃഷി ശാസ്ത്രീയമാക്കി രാംകുമാര്‍ തന്റെ ശൃഖല വിപുലപ്പെടുത്തിയത്. മത്സ്യവില്‍പനയായിരുന്നു നേരിട്ട മറ്റൊരു പ്രശ്‌നം. ഇതിനായി ഫിഷ്ഫാര്‍മേഴ്‌സ് ഡവലപ്‌മെന്റ് സൊസൈറ്റി(എഫ്എഫ്ഡിഎസ്) എന്ന പേരില്‍ രൂപീകരിച്ച സൊസൈറ്റി ഇന്ന് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു.

മീന്‍കൃഷി പാഠങ്ങള്‍

വെള്ളത്തിലെ അമോണിയ മാറ്റി നന്നായി വായൂപ്രവാഹം നല്‍കിയാല്‍ ഒരുകുളത്തില്‍ എത്ര മീന്‍ കുഞ്ഞുങ്ങളെ വേണമെങ്കിലും വളര്‍ത്താമെന്ന് രാംകുമാര്‍ പറയുന്നു. കൂടുതല്‍ മത്സ്യങ്ങളെ കുറച്ചു സ്ഥലത്തുവളര്‍ത്തുന്ന അതിസാന്ദ്ര മത്സ്യക്കൃഷിയില്‍ മൂന്നു ദിവസം കൂടുമ്പോള്‍ കുളത്തിലെ വെള്ളം മാറ്റിയാല്‍ അമോണിയകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാം. വെള്ളത്തിനടിയില്‍ ഖരപദാര്‍ഥങ്ങള്‍ അടിയാതിരിക്കാന്‍ സൂക്ഷിച്ച് തീറ്റ നല്‍കുക എന്നതാണ് മറ്റൊരുമാര്‍ഗം. മീന്‍വളര്‍ത്തലിനൊപ്പം മീന്‍കുഞ്ഞുങ്ങളെ പുറത്തു നിന്ന് എടുത്തു വില്‍ക്കുകയും ചെയ്യുന്നുണ്ടിദ്ദേഹം. മീന്‍ വളര്‍ത്തുന്നതിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വെള്ളം പരിശോധിക്കുന്നതിനാവശ്യമായ കിറ്റുകളും ഇദ്ദേഹം നല്‍കുന്നു. മീന്‍തീറ്റ, അമോണിയ മാറ്റാനുള്ള ബയോ കണ്‍വര്‍ട്ടര്‍ എന്നിവയെല്ലാം രാംകുമാറിന്റെ പക്കലുണ്ട്.


പടുതാക്കുളം നിര്‍മിക്കുമ്പോള്‍

പടുതാക്കുളത്തിലാണ് മത്സ്യം വളര്‍ത്താനുദ്ദേശിക്കുന്നതെങ്കില്‍ ഇതിനുള്ള സ്ഥലം തെരഞ്ഞടുക്കുമ്പോള്‍ അമിതവെയിലും ചൂടുമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം. വശങ്ങളില്‍ നിന്ന് മധ്യത്തിലേക്ക് ചരിച്ച് ഇംഗ്ലീഷിലെ 'ഢ' അക്ഷരത്തിന്റെ മാതൃകയിലാണ് പടുതാക്കുളം നിര്‍മിക്കേണ്ടത്. ഭക്ഷണാവശിഷ്ടം, കാഷ്ഠം എന്നിവ എളുപ്പത്തില്‍ നീക്കം ചെയ്യുന്നതിന് ഇതു സഹായിക്കും. നാലഞ്ചടി വരത്തക്കരീതിയില്‍ താഴ്ച ക്രമീകരിക്കണം. മുകളില്‍ വെള്ളം ചൂടാകുമ്പോള്‍ താഴേക്ക് മീനുകള്‍ക്കു താഴുന്നതിനാണ് താഴ്ച ഇത്രയും വേണ്ടത്. ആധുനിക രീതിയില്‍ മീന്‍കുളം നിര്‍മിക്കുകയാണെങ്കില്‍ വൃത്താകൃതിയില്‍ നിമിക്കുന്നതാകും നല്ലത്. പടുതയിടുമ്പോള്‍ കട്ടി കൂടിയതു നോക്കി വാങ്ങിയിട്ടില്ലെങ്കില്‍ പെട്ടന്ന് ദ്വാരം വീഴുകയും മീന്‍ വളര്‍ത്തല്‍ അസാധ്യമാകുകയും ചെയ്യും. ഇതിലേക്ക് നല്ല കിണര്‍വെള്ളം ഒഴിക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ പിഎച്ചും അയേണ്‍ കണ്ടന്റും പരിശോധിച്ചുവേണം കുളത്തിലേക്ക് വെള്ളം നല്‍കാന്‍. ആമ, നീര്‍ക്കാക്ക, തവള എന്നിവ കുളത്തിലിറങ്ങാതിരിക്കാന്‍ അഞ്ചടി പൊക്കത്തില്‍ കുളത്തിനു ചുറ്റും ഗ്രീന്‍ നെറ്റ് കെട്ടണം. മീന്‍കുഞ്ഞുങ്ങളെ നോക്കി വാങ്ങണം. മീനിനെ നിക്ഷേപിച്ചാല്‍ ഇവയെ നിരീക്ഷിച്ച് ഓക്‌സിജന്‍ ആവശ്യത്തിനു കുളത്തില്‍ ഉണ്ടോ എന്നു മനസിലാക്കാന്‍ സാധിക്കും. ഒരു ദിവസം നാലു തവണയായി കുറേശേ ഭക്ഷണം നല്‍കുന്നതാ കും നന്ന്. അധികം ഭക്ഷണം നല്‍കാതെ ക്രമീകരിക്കണം. കഴിക്കുന്നതിനനുസരിച്ച് ഭക്ഷണം നല്‍കുന്ന രീതിയാണ് നല്ലത്. ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ജല പരിശോധന നടത്തണം. പ്രകൃതിദത്ത കുളത്തില്‍ മീനിന്റെ വളര്‍ച്ച കൂടുതലായിരിക്കും.

വളര്‍ച്ചാ ചക്രം

തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങള്‍ ആറു മാസം കൊണ്ട് 250 ഗ്രാം തൂക്കമെത്തും. ഇതാണ് വില്‍പ്പനക്ക് അനുയോജ്യം. ഒരു കിലോ മീന്‍ ഉത്പാദിപ്പിക്കാന്‍ ഒന്നരക്കിലോ തീറ്റ എന്നതാണ് കണക്ക്. ഇതിന് 110 രൂപ ചെലവു വരും. വിപണിയില്‍ മീനിന് കിലോയ്ക്ക് 250 രൂപ വരെ ശരാശരി ലഭിക്കും. വര്‍ഷം മൂന്നു നാലു ടണ്‍ വരെ മത്സ്യം ഇദ്ദേഹം വില്‍ക്കുന്നുണ്ട്. നാട്ടുകാര്‍ തന്നെയാണ് ഉപഭോക്താക്കള്‍. സൊസൈറ്റികള്‍ വഴിയും മീന്‍ വില്‍പന സജീവമാണ്. അതിസാന്ദ്രതയിലാണ് മത്സ്യം വളര്‍ത്തുന്നതെങ്കില്‍ വൈദ്യുതി തടസമുണ്ടാകാന്‍ പാടില്ല. എപ്പോഴും എയറേറ്റര്‍ ഉപയോഗിച്ച് വെള്ളത്തിലേക്ക് വായൂ നല്‍കിക്കൊണ്ടിരിക്കണം. ഫില്‍ട്ടറേഷനും ആവശ്യമാണെന്നും രാം കുമാര്‍ പറയു ന്നു. ഫോണ്‍: രാം കുമാര്‍-62822 69585.

ടോം ജോര്‍ജ്
ഫോട്ടോ: കെ.ജെ. ജോസ്