കൃഷിയെ സഹായിക്കുന്ന സൂക്ഷ്മാണുക്കള്‍
കൃഷിയെ സഹായിക്കുന്ന സൂക്ഷ്മാണുക്കള്‍
Friday, February 8, 2019 3:34 PM IST
അവശിഷ്ട വിഷങ്ങളില്ലാത്ത കാര്‍ഷിക ഉത്പന്നങ്ങള്‍ ലഭിക്കുന്നതിന് ജൈവ-ജീവാണു വളങ്ങളും കീടനാശിനികളുമാണ് ഉത്തമം. ജീവാണു വളങ്ങളും ജീവാണു കീടനാശിനികളും നാം വ്യാപകമായി കൃഷിയില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ ഉപയോഗിക്കുന്നതിന്റെ അളവും എന്തിനെതിരായി ഉപയോഗിക്കണമെന്നതും ഇപ്പോഴും കര്‍ഷകരുടെ ഇടയില്‍ ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട്. കൃത്യമായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ജീവാണു വളങ്ങളോ, ജീവാണു കീട-കുമിള്‍ നാശിനികളോ ഫലപ്രദമല്ലാതെ വരും. അതിനാല്‍ ഇവയുടെ പ്രയോഗ രീതികളും കൃഷിയില്‍ ഇവയ്ക്കുള്ള പ്രത്യേകതകളുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
ആദ്യം ജീവാണുകീട-കുമിള്‍നാശിനികളെപ്പറ്റി ശ്രദ്ധിക്കാം. സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ, ബ്യൂവേറിയ, വെര്‍ട്ടിസീലിയം, ഫ്യൂസേറിയം പാലിഡോറോസിയം, പെസിലോ മൈസസ്, മെറ്റാറൈസിയം, ബാസിലസ് തുറിഞ്ചിയന്‍സിസ്, പോച്ചോണിയ, മൈക്കൊറൈസ തുടങ്ങി ഒട്ടനവധി സൂക്ഷ്മ ജീവികളെ കാര്‍ഷികരംഗത്ത് കീട-കുമിള്‍ നിയന്ത്രണത്തിനായി ഉപയോഗിച്ചു വരുന്നുണ്ട്. അവയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ട്രൈക്കോഡര്‍മ, സ്യൂ ഡോമോണസ് എന്നിവയെപ്പറ്റി കൂടുതല്‍ വിശദമായി പരിശോധിക്കാം.

1. ട്രൈക്കോഡര്‍മ

സസ്യങ്ങളുടെ വേരുപടലത്തിലുള്ള മണ്ണില്‍ കാണപ്പെടുന്ന ട്രൈക്കോഡര്‍മയ്ക്ക് ഫൈറ്റോഫ്‌ത്തോറ, പിത്തിയം, റൈസക്‌ടോണിയ, ഫ്യുസേറിയം തുടങ്ങിയ രോഗകാരികളായ കുമിളുകളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനു കഴിവുണ്ട്. ട്രൈക്കോഡര്‍മ ഉത്പാദിപ്പിക്കുന്ന ട്രൈ ക്കോഡെര്‍മിന്‍, വിറിഡിന്‍, ഗ്ലയോടോക്‌സിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളും കൈറ്റിനോസ്, ഗ്ലൂക്കനേസ്, സെല്ലുലേസ് മുതലായ എന്‍സൈമുകളും ഉപയോഗിച്ചാണ് മറ്റു രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കുന്നത്. ട്രൈക്കോഡര്‍മയുടെ ഉപയോഗം പ്രധാനമായും രോഗകാരികളായ കുമിളുകള്‍ക്കെതിരെയാണ്. രോഗഹേതുക്കളായ കുമിളുകളുടെ തന്തുക്കളെ വരിഞ്ഞുചുറ്റി പരാദമായി വളരുന്നതിനും അങ്ങനെ അവയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതിനും ട്രൈക്കോഡര്‍മ്മയ്ക്ക് കഴിയും. ട്രൈക്കോഡര്‍മയുടെ വളര്‍ച്ചയ്ക്കും പ്രവര്‍ ത്തനത്തിനും ജൈവവളം ആവശ്യമാണ്. അതിനാല്‍ ജൈവവളവുമായി കലര്‍ത്തിയാണ് മണ്ണില്‍ ട്രൈക്കോഡര്‍മയെ ഉപയോഗിക്കേണ്ടത്. കുരുമുളകിലെ ദ്രുതവാട്ടം, ഇഞ്ചിയുടെ മൂടുചീയല്‍ (മൃദുചീയല്‍), പച്ചക്കറി ഇനങ്ങളിലെ വേരുചീയല്‍, ഏലം, വാനില എന്നിവയിലെ അഴുകല്‍ എന്നിവയ്‌ക്കെതിരേ ട്രൈക്കോഡര്‍മ ഫലപ്രദമാണ്.

ഉപയോഗിക്കേണ്ടവിധം

90 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി, 10 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക്, ട്രൈക്കോഡര്‍മ രണ്ടു കിലോഗ്രാം എന്നിവ എടുത്തു നന്നായി ചേര്‍ത്തിളക്കി മൂടിയിടുക. പുട്ടുപൊടി പരുവത്തിന് നനവും വേണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ചണച്ചാക്കുകള്‍ കൊണ്ട് മൂടി നനച്ചുകൊടുക്കാം. ഒരാഴ്ച കഴിയുമ്പോള്‍ ഈ മിശ്രിതത്തില്‍ ട്രൈക്കോഡര്‍മയുടെ പച്ച നിറത്തിലുള്ള വളര്‍ച്ച കാ ണാം. ഒന്നുകൂടി ഇളക്കി ഒരാഴ്ച കൂടി വച്ചതിനുശേഷം വ്യത്യസ്ത അളവുകളില്‍ ഉപയോഗിക്കാവുന്നതാണ്.

തെങ്ങ്, റബര്‍, പ്ലാവ് - 10-15 കിലോഗ്രാം
കമുക് - 8-10 കിലോഗ്രാം
വാഴ - 5 കിലോഗ്രാം
കുരുമുളക് (ഒരുതടത്തിന്) - 2-3 കിലോഗ്രാം

ഏലം (ഒരുമൂട്ടില്‍) - 3-4 കിലോഗ്രാം
പച്ചക്കറികള്‍ (ഒരു സെന്റില്‍) - 3-4 കിലോഗ്രാം
പ്രോട്രേകളില്‍ തൈകള്‍ ഉണ്ടാക്കുമ്പോള്‍ ട്രൈക്കോഡര്‍മ ചേര്‍ത്തു കൊടുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ട്രൈക്കോഡര്‍മ ഉപയോഗിക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കണം.
2. ചാരം കലര്‍ന്ന ജൈവവളത്തില്‍ ട്രൈക്കോഡര്‍മ ചേര്‍ക്കരുത്.
3. രാസവളം, രാസകുമിള്‍ നാശിനി എന്നിവ ട്രൈക്കോഡര്‍മ ഉപയോഗിച്ച് 15-20 ദിവസം കഴിഞ്ഞേ ഉപയോഗിക്കാവൂ.
4. ബാക്ടീരിയല്‍ രോഗങ്ങള്‍ക്ക് ട്രൈക്കോഡര്‍മ ഫലപ്രദമല്ല.
5. പാക്കറ്റില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള കാലാവധിക്കുള്ളില്‍ ഉപയോഗിക്കണം.

സ്യൂഡോമോണസ്

രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നിയന്ത്രിക്കുന്നതിന് സ്യൂഡോമോണസ് എന്ന മിത്ര ബാക്ടീരിയയ്ക്ക് ശേഷിയുണ്ട്. ഈ ബാക്ടീരീയ സസ്യങ്ങളുടെ ഇല, തണ്ട്, വേര് മുതലായ ഭാഗങ്ങളുടെ പ്രതലത്തിലും വേരുപടലത്തിനു ചുറ്റുമുള്ള മണ്ണിലും കാണപ്പെടുന്നു. പൈലൂട്ടിയോറിന്‍, ട്രോപ്പാലോണ്‍, ഈമൈസിന്‍, പൈക്കോസയാനിന്‍ മുതലായ ആന്റിബയോട്ടിക്കുകളും കോശഭിത്തികളെ ലയിപ്പിക്കുന്ന കൈറ്റിനേസ് എന്‍സൈമും ഉപയോഗിച്ചാണ് സ്യൂഡോമോണസ് രോഗനിയന്ത്രണം സാധ്യമാക്കുന്നത്. സ്യൂഡോമോണസ് ഉണ്ടാക്കുന്ന സിഡറോഫോറുകള്‍ ഉപയോഗിച്ച് ഇരുമ്പിന്റെ ലഭ്യത കുറച്ചും രോഗാണുക്കളെ നശിപ്പിക്കുന്നു. സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ചില ഹോര്‍മോണുകളും സ്യൂഡോമോണസ് പുറപ്പെടുവിക്കുന്നു. പിത്തിയം, ഫൈറ്റോഫ്‌തോറ, റൈസ്‌ക്‌ടോണിയ എന്നീ കുമിളുകളുടേയും സാന്തോമോണസ് എന്ന രോഗകാരിയായ ബാക്ടീരിയയുടെ വളര്‍ച്ചയെയും സ്യൂഡോമോണസ് തടയുന്നു. നെല്ലിലെ പോളരോഗം, ബാക്ടീരിയല്‍ ഇലകരിച്ചില്‍, വാഴയിലെ പനാമാവാട്ടം, ഏലത്തിന്റെ അഴുകല്‍, ആന്തൂറിയം തുടങ്ങിയ ചെടികളുടെ ഇലപ്പുള്ളിരോഗം പച്ചക്കറികളിലെ വാട്ടം എന്നിവയ്‌ക്കെതിരേ ഫലപ്രദമാണ്. നെല്ല്/പച്ചക്കറി എന്നിവയുടെ വിത്തുപരിചരണത്തിന് ഒരു കിലോഗ്രാമിന് 10 ഗ്രാം സ്യൂ ഡോമോണസ് ചേര്‍ത്തിളക്കി ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കാം. ഇലകളില്‍ തളിക്കുന്നതിനായി പൗഡര്‍ രൂപത്തിലുള്ളതാണെങ്കില്‍ 20 ഗ്രാം /ലിറ്റര്‍ എന്ന അളവിലും ലായനി രൂപത്തിലാണെങ്കില്‍ അഞ്ചു മില്ലി/ലിറ്റര്‍ എന്ന തോതിലും പ്രയോഗിക്കാവുന്നതാണ്. മണ്ണില്‍ ചേര്‍ക്കുന്നതിനായി 20 കിലോഗ്രാം ചാണകപ്പൊടിയില്‍ ഒരു കിലോഗ്രാം സ്യൂഡോമോണസ് ചേര്‍ത്തിട്ടുകൊടുക്കാം. തൈകള്‍ നടുന്നതിനു മുമ്പ് രണ്ടു ശതമാനം വീര്യമുള്ള ലായനിയില്‍ അരമണിക്കൂര്‍ മുക്കിവച്ച് നടുന്നത് വാട്ടരോഗത്തെ ഒഴിവാക്കുന്നതിന് സഹായകമാണ്. നെല്ലിലെ ബാക്ടീരിയല്‍ ഇലകരിച്ചിലിനെതിരേ 20 ഗ്രാം/ലിറ്റര്‍ എന്ന തോതിലെടുത്ത് തളിച്ചു കൊടുക്കാം. സ്യൂഡോമോണസിനൊപ്പം കൈറ്റില്‍ ചേര്‍ത്തുണ്ടാക്കുന്ന കൈറ്റിന്‍ സ്യൂഡോമോണസ് കീടങ്ങള്‍ക്കെതിരേയും ഉപയോഗിക്കാം. അളവുകള്‍ എല്ലാം സ്യൂഡോമോണസിന്റേത് തന്നെയാണ്.



ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, കൃഷിഭവന്‍, പഴയന്നൂര്‍
ഫോണ്‍: 94475 29904