ജാതിയുടെ വിവിധ രുചികള്‍
Friday, July 5, 2019 3:09 PM IST
ജാതിക്ക ശേഖരിക്കുമ്പോള്‍ വെറുതേകളയുന്ന തൊണ്ടുപയോഗിച്ച് രുചികരമായ വിഭവങ്ങള്‍ തയാറാക്കാം. ചിലത് ചുവടെ...
ജാതി അച്ചാര്‍
ജാതിത്തൊണ്ട് - ഒരു കിലോഗ്രാം
ഇഞ്ചി ചെറുതായി അരിഞ്ഞത്- 100 ഗ്രാം
വെളുത്തുള്ളി - 100 ഗ്രാം
മുളകുപൊടി - നാല് ടേബിള്‍സ്പൂണ്‍
കായം - അര ടീസ്പൂണ്‍
ഉലുവ - ഒരു ടീസ്പൂണ്‍
നല്ലെണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
വിനാഗിരി - അര ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
പഞ്ചസാര - ഒരു ടേബിള്‍സ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ ജാതിതൊണ്ട് ചെറുതായി അരിഞ്ഞ് ഉപ്പു ചേര്‍ത്ത് അരമണിക്കൂര്‍ വയ്ക്കുക. ഒരു പാത്രത്തില്‍ നല്ലെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി എന്നിവ മൂപ്പിച്ചെടുക്കുക. മുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവയും പ്രത്യേകം മൂപ്പിച്ചെടുക്കണം. അതിനു ശേഷം കുറച്ചു നല്ലെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് അതിലേക്ക് ഉപ്പ് പുരട്ടിവച്ച ജാതികഷണങ്ങളിട്ട് നന്നായി വഴറ്റണം. ജാതി കഷണങ്ങള്‍ നന്നായി വഴണ്ടുവരുമ്പോള്‍ മൂപ്പിച്ചു വച്ചിട്ടുള്ള മസാലക്കൂട്ടുകള്‍ ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. മസാലക്കൂട്ട് ജാതിക്കഷണങ്ങളില്‍ നന്നായി ചേര്‍ന്ന ശേഷം അടുപ്പില്‍ നിന്നും വാങ്ങിവയ്ക്കുക. തണുത്തശേഷം വിനാഗിരിയും പഞ്ചസാരയും ചേര്‍ത്തിളക്കി വായു കടക്കാത്ത കുപ്പികളില്‍ സൂക്ഷിക്കാം.
ജാതി അച്ചാര്‍ (ഉപ്പിലിട്ടത്)
ജാതിതൊണ്ട് - ഒരു കിലോഗ്രാം
മുളകുപൊടി - 4 ടേബിള്‍സ്പൂണ്‍
കായം - അര ടീസ്പൂണ്‍
മഞ്ഞള്‍ - 1 ടീസ്പൂണ്‍
ഉലുവ - അരടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
നല്ലെണ്ണ - 1 കപ്പ്
തയാറാക്കുന്ന വിധം
രണ്ടോമൂന്നോകഷണങ്ങളാക്കി മാറ്റിയ ജാതിതൊണ്ട് കുറച്ച് ഉപ്പു പുരട്ടി കുറച്ചുനേരം വെയിലത്ത് വയ്ക്കുക. ചൂടായ എണ്ണയില്‍ കടുകും ഉലുവയുമിട്ട് പൊട്ടുമ്പോള്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് മൂപ്പിച്ചശേഷം അടുപ്പില്‍ നിന്നും വാങ്ങിവച്ച് മുളകുപൊടി, കായപ്പൊടി എന്നിവ ചേര്‍ത്ത് അരച്ച് തയാറാക്കണം. തണുത്ത ശേഷം ഈ ചേരുവകള്‍ ജാതിതൊണ്ടില്‍ പുരട്ടി ഈര്‍പ്പരഹിതമായ ഭരണിയില്‍ രണ്ടുദിവസം അടച്ചു വ യ്ക്കുക. രണ്ടാമത്തെ ദിവസം രണ്ട് ഗ്ലാസ് വെള്ളത്തില്‍ നാല് ടേബിള്‍ സ്പൂണ്‍ ഉപ്പിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് തയ്യാറാക്കിവെച്ചിട്ടുള്ള തൊണ്ടിലേക്ക് ഒഴിച്ചുവെക്കുക. തുടര്‍ന്ന് വെളുത്തുള്ളി, ഇഞ്ചി എന്നിവ മൂപ്പിച്ച് നന്നായി ഇളക്കുക.
സ്റ്റെഫിദാസ്