അമേരിക്കയുടെ ഡ്രാഗണ്‍ അത്തിക്കയത്തിനു സ്വന്തം
അമേരിക്കയുടെ ഡ്രാഗണ്‍ അത്തിക്കയത്തിനു സ്വന്തം
Monday, July 15, 2019 3:44 PM IST
താഴെ നിന്നു നോക്കിയാല്‍ കള്ളിമുള്ളു പിടിച്ച ഒരു കുന്നാണെന്നേ തോന്നൂ. എന്നാല്‍ കുന്നുകയറി ചെ ല്ലുമ്പോള്‍ പച്ചപ്രതലത്തില്‍ ചുവപ്പു ബള്‍ബ് തെളിച്ചതുപോലെ ഡ്രാഗണ്‍ഫ്രൂട്ട് കാണാം. അമേരിക്കന്‍ സ്വദേശിയായ ഡ്രാഗണ്‍ ഫ്രൂട്ട് ഒരേക്കറില്‍ വിളയിച്ചിരിക്കുകയാണ് പത്തനംതിട്ട റാന്നി അത്തിക്കയത്തെ വനത്തുമുറിയില്‍. വിഗ്രഹങ്ങള്‍ കൊത്താനുപയോഗിക്കുന്ന കാഠിന്യമേറിയ കൃഷ്ണശിലകളാല്‍ നിറഞ്ഞകുന്നായിരുന്നു ഇത്. എന്നാല്‍ ഇവിടത്തെ 12 ഏക്കറിന് ഇന്ന് കൃഷ്ണശിലയുടെ കാഠിന്യമില്ല. ഫെഡറല്‍ ബാങ്കില്‍ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ച കെ.എസ്. ജോസഫ് എന്ന കര്‍ഷകന്‍ കാഠിന്യമേറിയ ഈ കുന്നിനെ മൃദുലമായ കൃഷിഭൂമിയായി മാറ്റിയിരിക്കുന്നു. സഹോദരനും കര്‍ഷകനുമായ ആന്റണിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും ജോസഫിനൊപ്പം എന്നുമുണ്ട്. ഇരുവരും ചേര്‍ന്ന് ഒരു കുന്നിനെ കൃഷിവൈവിധ്യങ്ങളാല്‍ നിറയ്ക്കുന്നു.ഒരേക്കറിലെ ഡ്രാഗണ്‍ ഫ്രൂട്ട്

റബര്‍ റീപ്ലാന്റ് ചെയ്തപ്പോള്‍ ഒരാഗ്രഹം. എല്ലാ വിളകള്‍ക്കും ഇടംനല്‍കിക്കൊണ്ടൊരു കൃഷി രീതി. അതില്‍ ഒരേക്കറില്‍ റബറിനെ ഒന്നു മാറ്റി പരീക്ഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഡ്രാഗണ്‍ ഫ്രൂട്ടെന്ന ആശയമെത്തുന്നത്. തിരുവനന്തപുരം പാങ്ങോടുള്ള വിജയന്‍ എന്ന കര്‍ഷകനില്‍ നിന്നും ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിത്തു തണ്ടുകള്‍ ശേഖരിച്ചു. അരയടി നീളമുള്ള കഷണങ്ങള്‍, പോട്ടിംഗ് മിശ്രിതം നിറച്ച കൂടുകളില്‍ വേരു പിടിപ്പിക്കാനായി നട്ടു. ഒന്നര മാസം കൊണ്ട് ഇവയ്ക്കു വേരുവന്നു, പുതുനാമ്പുകളുണ്ടായി. തുടര്‍ന്ന് ഏഴടി നീളമുള്ള കോണ്‍ക്രീറ്റ് പോസ്റ്റുകള്‍, തട്ടുകളായി തിരിച്ച കുന്നില്‍ നാട്ടി.

ഒരു തൂണില്‍ രണ്ടു വിത്തുകള്‍ വീതം 500 ചുവട് നട്ടു. പോസ്റ്റിനുമുകളില്‍ നല്‍കിയ സുഷിരത്തിലൂടെ കുരിശാകൃതിയില്‍ കമ്പി നാട്ടി അതില്‍ ബൈക്കിന്റെ പഴയ ടയര്‍ സ്ഥാപിച്ചു. ആദ്യം കോണ്‍ക്രീറ്റ് തൂണില്‍ ചെടി കെട്ടും. പിന്നീട് പറ്റുവേരുപിടിച്ച് ചെടി മുകളില്‍ കയറും. മുകളിലെത്തുമ്പോള്‍ ഇത് ടയറിലേക്കു പടര്‍ന്ന് ശാഖകളാകും. ഇങ്ങനെ ഒന്നര വര്‍ഷത്തിനുള്ളില്‍ ചെടി കായ്ച്ചു. മണ്ണും വെള്ളവും കുറച്ചുമതിയെന്നതിനാല്‍ മലയോര കൃഷിക്ക് യോജിച്ച ഇനമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ചുവട്ടില്‍ പുതയിട്ട് ആഴ്ചയിലൊരിക്കല്‍ ജലസേചനം നല്‍കുകയായിരുന്നു പതിവ്. 40 ശതമാനം തണല്‍ ഇഷ്ടപ്പെടുന്ന ചെടിക്ക് വെള്ളക്കെട്ട് തീരെ ഇഷ്ടമില്ല. ചാണകപ്പൊടിയാണ് അടിവളമായി നല്‍കിയത്. പച്ചിലകള്‍ പുതയായിട്ടു. പച്ചച്ചാണകം, വേപ്പ്, കപ്പലണ്ടിപ്പിണ്ണാക്കുകള്‍ എന്നിവ ചേര്‍ത്ത് പുളിപ്പിച്ച ദ്രാവകം ഇടയ്ക്ക് ചുവട്ടില്‍ നല്‍കും. വര്‍ഷത്തില്‍ മുന്നു തവണ സംസ്‌കരിച്ച കോഴിവളവും നല്‍കും. കര്‍ഷകന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച രീതിയിലാണ് കോഴിക്കാഷ്ഠ സംസ്‌കരണം നടത്തുന്നത്.

ഇടവിളയായി പച്ചക്കറികള്‍

ഡ്രാഗണ്‍ ഫ്രൂട്ട് നട്ട് ഒന്നര വര്‍ഷം ഇടവിളയായി പച്ചക്കറികള്‍ മാറിമാറി ചെയ്ത് നല്ല വരുമാനം ഉണ്ടാക്കുകയും ചെയ്തു ജോസഫ്. പാവല്‍, പയര്‍, പടവലം, ചേമ്പ്, വഴുതന, പച്ചമുളക് എന്നിവയൊക്കെ ഡ്രാഗണ്‍ തോട്ടത്തില്‍ നൂറുമേനിയിലധികം വിളവുനല്‍കി.


കാന്‍സര്‍ തടയും

ശരീരത്തിലെ ചീത്തകൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും കാന്‍സറിനെ പ്രതിരോധിക്കുകയും ചെയ്യുന്ന ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് അമേരിക്കന്‍ സ്വദേശിയായ ഡ്രാഗണ്‍ ഫ്രൂട്ട്. ഒപ്പം തലച്ചോറിന്റെ വികാസത്തിനും സഹായിക്കുന്നു. വിറ്റാമിനുകളും മാംസ്യവും ധാതുക്കളുമൊക്കയടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് നെടുകേ മുറിച്ചാണ് ഭക്ഷിക്കുന്നത്. രാത്രിയിലാണ് ഇതിന്റെ പൂ വിടരുക. തുടര്‍ന്ന് പച്ച നിറത്തില്‍ കായ്കള്‍ വരും. മൂക്കുമ്പോള്‍ നല്ല ചുവപ്പുകളറിലെത്തും. ഉള്ളില്‍ വെള്ള, മാസളമായ ഭാഗവും ചുവന്നഭാഗവുമുള്ള രണ്ടുതരം ഡ്രാഗണ്‍ ഫ്രൂട്ടുകളുണ്ട്. ഇതില്‍ ചുവന്ന ഉള്‍വശമുള്ള ഫ്രൂട്ടാണ് ജോസഫ് കൃഷി ചെയ്യുന്നത്.


12 ഏക്കറെന്നാല്‍...

12 ഏക്കറില്‍, ഡ്രാഗണ്‍ഫ്രൂട്ട് നില്‍ക്കുന്ന സ്ഥലം ഒഴിച്ച് മറ്റു സ്ഥലങ്ങള്‍ തട്ടുകളായി തിരിച്ച് നിശ്ചിതഅകലത്തില്‍ റബര്‍ നട്ടിരിക്കുന്നു. രണ്ടുവര്‍ഷം കൊണ്ടാണ് ജോസഫ് ഈ കൃഷിഭൂമിയെ ഇത്തരത്തില്‍ ഫലസമൃദ്ധമാക്കിയെതെന്നതാണ് എടുത്തുപറയേണ്ടത്. ഇതിനിടയില്‍ ഫലവര്‍ഗങ്ങളുടെ ഒരു വന്‍ ശേഖരം തന്നെയൊരുക്കി, ബഹുവിള സമ്പ്രദായത്തിലാണ് കൃഷി. ചേമ്പ്, ചേന, കാച്ചില്‍, കിഴങ്ങ്, കപ്പ, കാന്താരി, പച്ചമുളക്, വാഴ, ആപ്പിള്‍ വഴുതന, കോവല്‍, നിത്യവഴുതന, കപ്പളം എന്നിവയ്ക്കു പുറമേ ഫലവര്‍ഗങ്ങളായ ചുവന്ന പേര, ഒട്ടുകശുമാവ്, റംബൂട്ടാന്‍, കടപ്ലാവ്, നാരകം, മുസമ്പി, സപ്പോട്ട, മിറക്കിള്‍ ഫ്രൂട്ട് എന്നിവയെല്ലാം തട്ടുകളില്‍ തഴച്ചു വളരുന്നു. കയ്യാലകള്‍ തിരിച്ചുള്ള കൃഷിയായതിനാല്‍ കിട്ടുന്ന വെള്ളം ഒട്ടുംതന്നെ നഷ്ടപ്പെടുന്നില്ല. കുരുമുളകു വള്ളികള്‍ പടര്‍ത്തിയിരിക്കുന്നത് കോണ്‍ക്രീറ്റ് കാലുകളിലാണ്. ഇതിനു സമീപത്തായി ഫലവര്‍ഗമായ പുലാസാന്‍, നെല്ലി, മില്‍ക്ക് ഫ്രൂട്ട്, ബട്ടര്‍ഫ്രൂട്ട്, ഓള്‍ സീസണ്‍ ഉള്‍പ്പെടെ വിവിധതരം പ്ലാവുകള്‍ എന്നിവ തട്ടുകളില്‍ ആര്‍ത്തു വളരുന്നു. കൃത്യമായ ഇടയകലം തട്ടുകളില്‍ നല്‍കി ചെമ്പടാക്ക്, ദുരിയാന്‍ എന്നിവയ്ക്കും കൃഷിയിടത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നു. കൈരളി, കൂമ്പുക്കന്‍, പെപ്പര്‍ തെക്കന്‍, കരിമുണ്ട, കുതിരവാലി, പന്നിയൂര്‍-1 തുടങ്ങിയ കുരുമുളകിനങ്ങള്‍ ഫലവൃക്ഷങ്ങള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് കാലില്‍ വളരുന്നു. അടുത്ത തട്ടിലായി കുടമ്പുളി, തേക്ക്, പന എന്നിവ നട്ടിരിക്കുന്നു. ഇവയ്ക്കിടയില്‍ കാപ്പി, കൊക്കോ എന്നിവയുമുണ്ട്. തട്ടുകളുടെ ഓരത്തായി മുള്ളാത്തയും കരിമ്പും തലയുയര്‍ത്തി നില്‍ക്കുന്നു.

വിളകള്‍ക്ക് ജലസേചനത്തിനായി 50 അടി താഴ്ചയും 12 മീറ്റര്‍ നീളവുമുള്ള കുളം കുഴിച്ചിരിക്കുന്നു. പറമ്പിലെ ഒരു ടാങ്കില്‍ ഗപ്പി, ഗിഫ്റ്റ് തിലാപ്പിയ എന്നിവയെ വളര്‍ത്തുന്നു. ഭാര്യ ജെസിക്കുട്ടിയും മക്കളായ ജോമിനും ജെസ്റ്റിനും ജോസഫിന്റെ കൃഷി സപര്യക്ക് ഒപ്പമുണ്ട്. ഫോണ്‍: ജോസഫ്- 94468 18547.

ടോം ജോര്‍ജ്
ഫോണ്‍-93495 99023.