രേവതിയിലെ മാന്‍ഡേവില്ല
നല്ലവെയിലാണ് മനോഹരങ്ങളായ മാന്‍ഡേവില്ല പൂക്കള്‍ക്കേറെയിഷ്ടം. വേനല്‍ക്കാലത്ത് മാന്‍ഡേവില്ല പൂത്ത് വള്ളിമേല്‍ നിറഞ്ഞങ്ങു നില്‍ക്കും. മഴക്കാലം തുടങ്ങിയെങ്കിലും സമ്മര്‍ ബ്ലൂമിംഗ് പ്ലാന്റ്‌സ് എന്നറിയപ്പെടുന്ന മാന്‍ഡേവില്ലയില്‍ പൂക്കള്‍ ഒഴിയുന്നില്ല. തിരുവനന്തപുരം നഗരത്തിലെ ഗൗരീശപട്ടത്തെ രേവതിക്കു മുന്നില്‍ പടര്‍ന്നു നില്ക്കുന്ന വെള്ളയും കടുംചുവപ്പുമായുള്ള മാന്‍ഡേവില്ല പൂക്കള്‍ക്കു ചാരുതയേറും. ദൂരെ നിന്നു നോക്കിയാല്‍ ഒരേ വള്ളിമേല്‍ വെള്ളയും ചുവപ്പും പൂക്കള്‍ ഇടകലര്‍ന്നു നില്‍ക്കുന്നതായേ അനുഭവപ്പെടൂ. എന്നാല്‍ രണ്ടു പൂച്ചട്ടികളിലായാണ് വെള്ള, കടുംചുവപ്പ് ഇനങ്ങള്‍ നട്ടിരിക്കുന്നത്. മുകളിലേക്കു ചെടിവളര്‍ന്നപ്പോള്‍ രണ്ടു വള്ളികളും ഒന്നുചേര്‍ന്നു. അതിനാല്‍ പൂക്കളും ഇടവിട്ട് കാണുവാന്‍ സാധിക്കുന്നു. വള്ളിയായി പടര്‍ന്നുകയറി നിറയെ പൂവിടുന്ന മാന്‍ഡേവില്ല റോക്ക് ട്രമ്പറ്റ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്.

സാധാരണയായി വെള്ള കടുംചുവപ്പ്, പിങ്ക്, മഞ്ഞ നിറങ്ങളില്‍ വലിയ ഇതളുകളുമായി പൂവിട്ടു നില്ക്കുന്നു മാന്‍ഡേവില്ലകള്‍. നടുവില്‍ മനോഹരമായ സ്വര്‍ണ വളയം കാണാം. മുമ്പൊന്നും കേരളത്തില്‍ കാണാതിരുന്ന മാന്‍ഡേവില്ല വള്ളികള്‍ ഇപ്പോള്‍ പല ഉദ്യാനങ്ങളിലും ഭംഗി വിടര്‍ത്തിത്തുടങ്ങി. പ്രചാരത്തിലുള്ള വെള്ള, ചുവപ്പ്, മഞ്ഞ, പിങ്ക് എന്നീ നിറങ്ങള്‍ കൂടാതെ നീല, ഇളംഓറഞ്ച്, ആപ്രിക്കോട് മാന്‍ഡേവില്ല കളുമുണ്ട്. ഇളംപിങ്ക് നിറത്തില്‍ രണ്ടു വളയം ഇതള്‍ കാണപ്പെടുന്ന 'പിങ്ക് പാര്‍ഫൈറ്റ്' ഇനവും വിദേശങ്ങളില്‍ കാണാം. മെറൂണ്‍, പര്‍പ്പിള്‍, പിങ്കിന്റെ തന്നെ വിവിധ നിറഭേദങ്ങള്‍ എന്നിവയും ഇപ്പോള്‍ പല രാജ്യങ്ങളിലും വികസിപ്പിച്ചെടുത്തിട്ടുണ്ട്. മഞ്ഞ മാന്‍ഡേവില്ല (മാന്‍ഡേവില്ല മൊണ്‍റോവിയ) ശരാശിരി ഉയരത്തിലാണ് കാണപ്പെടുന്നത്. വെള്ള മാന്‍ഡേവില്ല,(മാന്‍ഡേവില്ല ലാക്‌സ) പതിനഞ്ച് അടി ഉയരത്തില്‍ വളരും. കടുംചുവപ്പ് മാന്‍ഡേവില്ലയും (സണ്‍പാരസോള്‍ ക്രിംസണ്‍) പതിനഞ്ച് അടി ഉയരത്തില്‍ തന്നെയാണ് വളരുന്നത്. പിങ്ക് നിറത്തിലെ മാന്‍ഡേവില്ലസന്റേരി പന്ത്രണ്ട് അടി ഉയരത്തിലാണ് പടരുക. വിദേശരാജ്യങ്ങളില്‍ കാണപ്പെടുന്ന പിക് പാര്‍ഫൈറ്റ് ഇനമാകട്ടെ ഇരുപത് അടി ഉയരത്തില്‍ വളരുന്നു.


അപ്പോസൈനേസി കുടുംബത്തില്‍പ്പെടുന്ന മാന്‍ഡേവില്ല കിഴക്കുപടിഞ്ഞാറന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മെക്‌സിക്കോ, മധ്യ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ചെടിയാണ്. വള്ളിയായി പടരാതെ കൂടുതല്‍ പുഷ്പിക്കുന്ന കുറ്റച്ചെടിയായി മാന്‍ഡേവില്ലയെ വികസിപ്പിച്ചെടുക്കുന്ന രീതി വിദേശങ്ങളിലെ ഉദ്യാനനിര്‍മാണ വിദഗ്ധരും ശാസ്ത്രജ്ഞരും അവലംബിക്കുന്നുണ്ട്. വളരെ ഭംഗിയേറിയ പുഷ്പച്ചെടിയാണെങ്കിലും മാന്‍ഡേവില്ല ചെടികളില്‍ നേരിയ വിഷാംശം ഉള്ളതിനാല്‍ ചെറിയ കുട്ടികളും വളര്‍ത്തു മൃഗങ്ങളും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രകൃതി തന്നെ നല്കിയിരിക്കുന്ന ഈ വിഷാംശം കൊണ്ടുതന്നെ കീടശല്യം ഇവയില്‍ ഉണ്ടാകുന്നില്ല. അതിനാല്‍ കീടനാശിനികള്‍ ഉപയോഗിക്കേണ്ടിയുംവരുന്നില്ല. കേരളത്തിലെ പല നഴ്‌സറികളിലും ഇന്നു മാന്‍ഡേവില്ല ലഭ്യമാണ്. ഓണ്‍ ലൈന്‍ ആയും ലഭിക്കും.

എസ്. മഞ്ജുളാദേവി