കുളമ്പുരോഗം മുട്ടിവിളിക്കുമ്പോള്‍
ക്ഷീരമേഖലയില്‍ കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രോഗമാണ് കുളമ്പുരോഗം എന്നറിയപ്പെടുന്ന 'ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ്'. കാറ്റും ഈര്‍പ്പവുമുള്ള കാലാവസ്ഥ രോഗവ്യാപനത്തിനു സഹായകമാണ്. തമിഴ്‌നാട്ടില്‍ കുളമ്പുരോഗം പടരുന്നുണ്ട്. വിവിധ പദ്ധതികളില്‍പെടുത്തി കേരളത്തിലേക്ക് ഉരുക്കളെ വാങ്ങുന്നത് ഇവിടെ നിന്നായതിനാല്‍ കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണം.

രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുംവരവും അവിടെ നിന്നു പശുക്കളെ വാങ്ങുന്നതും വില്‍ക്കുന്നതും താത്കാലികമായി ഒഴിവാക്കണം. ആറുമാസം മുമ്പുവരെ രോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളില്‍ നിന്നോ പ്രതിരോധ കുത്തിവെപ്പ് നടത്തി മൂന്നാഴ്ചകള്‍ക്കു ശേഷം മാത്രമോ പശുക്കളെ വാങ്ങുന്നതാണുത്തമം. രോഗം വ്യാപകമായതിനാല്‍ വളര്‍ത്താനും മറ്റാവശ്യങ്ങള്‍ക്കുമായി തമിഴ്‌നാട്ടില്‍ നിന്നും മറ്റ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പശുക്കളെ വാങ്ങുന്നത് നീട്ടിവയ്ക്കുന്നതാണ് ഉചിതം.

കുളമ്പുരോഗം പകരുന്നതെങ്ങനെ?

'പികോര്‍ണ' എന്ന വൈറസ് കുടുംബത്തിലെ 'ആഫ്ത്ത' എന്നയിനം രോഗാണുക്കളാണ് കുളമ്പുരോഗമുണ്ടാക്കുന്നത്. പശു, ആട്, പന്നി തുടങ്ങി ഇരട്ടക്കുളമ്പുള്ള ജീവികളെയെല്ലാം രോഗം ബാധിക്കും. ആനകളില്‍പോലും രോഗമുണ്ടാക്കാന്‍ ശേഷിയുള്ള വൈറസാണിത്. രോഗബാധിതരോ രോഗാണുവാഹക രോ ആയ മൃഗങ്ങളുടെ വിസര്‍ജ്യം, ശരീരസ്രവം, നിശ്വാസവായു എന്നിവയിലൂടെയെല്ലാം വൈറസ് ധാരാളമായി പുറന്തള്ളപ്പെടും. പന്നികളില്‍ കുള മ്പുരോഗം പടര്‍ത്തുന്ന വൈറസിനു പെരുകാനുള്ള കഴിവു കൂടുതലാണ്. ഇക്കാരണത്താല്‍ രോഗാണുവിന്റെ ആപ്ലിഫയര്‍ ഹോസ്റ്റ് അഥവാ പെരുകല്‍ കേന്ദ്രമെന്നാണ് പന്നികള്‍ അറിയപ്പെടുന്നത്.

രോഗബാധയുള്ള മൃഗങ്ങളുടെ വിസര്‍ജ്യവസ്തുക്കള്‍, ശരീരസ്രവങ്ങള്‍ എന്നിവ വഴി മറ്റു മൃഗങ്ങള്‍ക്ക് രോഗബാധയേല്‍ക്കും. അനുകൂല കാലാവസ്ഥയില്‍ 60 കിലോമീറ്റര്‍ വരെ കാറ്റിലൂടെ വൈറസെത്തും.

കുളമ്പുരോഗം തടയാന്‍ ജൈവസുരക്ഷ

രോഗം കണ്ടെത്തിയയിടങ്ങളില്‍ നിന്നുള്ള കാലിത്തീറ്റകള്‍ ആറു മാസത്തേക്കെങ്കിലും ഒഴിവാക്കണം. തണു ത്തതും നനവാര്‍ന്നതുമായ സാഹചര്യങ്ങളില്‍ ആറുമാസം നിലനില്‍ ക്കാന്‍ വൈറസിനു സാധിക്കും.

പുതുതായി ഫാമിലെത്തുന്ന പശുക്കളെ മൂന്നാഴ്ച മാറ്റി പാര്‍പ്പിക്ക ണം(ക്വാറന്റൈന്‍). ഇതിനായി ക്വാറന്റൈന്‍ ഷെഡ്ഡുകളുണ്ടാകണം. കന്നുകാലി പ്രദര്‍ശനങ്ങള്‍, കാലിച്ചന്തകള്‍ എന്നിവയെല്ലാം രോഗകാലയളവില്‍ നിര്‍ത്തിവയ്ക്കണം. ഫാമുകളില്‍ സ ന്ദര്‍ശകരെ നിയന്ത്രിക്കണം. തീറ്റയും മറ്റുമായി വരുന്ന വാഹനങ്ങള്‍ ഫാം വളപ്പിനു പുറത്തു നിര്‍ത്തുന്നതാണു നല്ലത്. അലഞ്ഞു തിരിയുന്ന നായ്ക്ക ള്‍, പക്ഷികള്‍, പൂച്ചകള്‍ എന്നിവയെല്ലാം തൊഴുത്തിലും പരിസരങ്ങളിലും കയറുന്നതു നിയന്ത്രിക്കണം.

ആറുമാസത്തിലൊരിക്കല്‍ കുളമ്പുരോഗത്തിനെതിരേ മൃഗസംരക്ഷണ വകുപ്പു നല്‍കുന്ന പ്രതിരോധ കുത്തിവയ്പ് എടുക്കണം. നാലു മാസമായ കിടാക്കളെ ആദ്യ കുത്തിവയ്പ്പിനു വി ധേയമാക്കാം. ഏഴുമാസമോ അതിനു മുകളിലോ ഗര്‍ഭമുള്ള പശുക്കളെ കു ത്തിവയ്പ്പില്‍ നിന്ന് ഒഴിവാക്കാറുണ്ട്. പ്രസവശേഷം ഒരു മാസം കഴിഞ്ഞ് ഇവയ്ക്കും പ്രതിരോധകുത്തിവയ്പ് നല്‍കണം.

കുളമ്പുരോഗബാധ കണ്ടെത്തിയാല്‍


ശക്തമായ പനി, വിറയല്‍, വായി ലും നാക്കിലും ദ്രാവകം നിറഞ്ഞ കുമിളകളും വ്രണങ്ങളും, കുളമ്പുകള്‍ക്കിടയിലും അകിടിലും വ്രണങ്ങള്‍, ഉമിനീര്‍ പതഞ്ഞൊലിക്കല്‍ തുടങ്ങിയ വയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഇവ കണ്ടാലുടന്‍ അടുത്തു ള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം കണ്ടെത്തിയ പ്രദേശത്തിനു ചുറ്റുമുള്ള മൃഗങ്ങള്‍ക്ക് പ്ര തിരോധ കുത്തിവയ്പും മറ്റു പ്രതിരോ ധ നടപടികളും സ്വീകരിക്കുന്നതിനു വേണ്ടിയാണിത്.

രോഗം സംശയിക്കുന്നവയെ പ്ര ത്യേകം പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങള്‍ സഹവസിക്കുന്നത് തടയണം. രോ ഗം ബാധിച്ച പശുക്കളുടെ പാല്‍ കിടാവ് കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും പാര്‍ശ്വ അണുബാധ തടയാനും ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്‌ളമേറ്ററി, കരള്‍ സംരക്ഷണ മരുന്നുകളും പനി, വേദന സംഹാരികളും ജീവക- ധാതുമിശ്രിത കുത്തിവയ്പുകളും രോഗാരംഭത്തില്‍ ത ന്നെ നല്‍കണം. പശുവിന്റെ വായ് നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് ദിവസവും പല തവണ കഴുകി വൃത്തിയാക്കണം. രണ്ടുശതമാനം പൊവിഡോണ്‍- അയഡിന്‍ ലായനിയും ഇതിനായി ഉപയോഗിക്കാം. ശേഷം നാവിലെയും വായിലെയും വ്രണങ്ങളില്‍ ബോറിക് ആസിഡ് പൗഡര്‍ ഗ്ലി സറിനിലോ (ബൊറാക്‌സ് ഓയിന്‍മെന്റ്) തേനിലോ ചാലിച്ച് പുരട്ടണം. വായിലെ വ്രണമുണക്കുന്നതിനു സ്‌പ്രേമരുന്നുകളും ഉപയോഗിക്കാം.

കൈകാലുകള്‍ അഞ്ചുശതമാനം തുരിശ് ലായനി (കോപ്പര്‍ സള്‍ഫേറ്റ്) ഉപയോഗിച്ച് വൃത്തിയായി കഴുകിയ ശേഷം വ്രണങ്ങളില്‍ അയഡിന്‍ അടങ്ങിയ ആന്റിസെപ്റ്റിക് ലേപനങ്ങള്‍ പ്രയോഗിക്കണം. കുളമ്പുകളിലെ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനായി നേര്‍പ്പിച്ച അക്രിഫ്‌ളാവിന്‍ ലായനിയും ഉപയോഗിക്കാം. വ്രണങ്ങളില്‍ ഈച്ചകള്‍ വന്നു മുട്ടയിട്ട് പുഴുബാധയുണ്ടാകാനിടയുണ്ട്. ഈച്ചകളെ അകറ്റാനും പുഴുബാധ തടയുന്നതിനുമായി ഓയിന്‍മെന്റുകളോ, കുത്തിവയ്‌പോ നല്‍കാം.

രോഗാണു ഹൃദയഭിത്തിയെ ആക്രമിക്കുന്നതിനാല്‍ ആറു മാസത്തില്‍ താഴെയുള്ള കിടാക്കളില്‍ മരണനിരക്കു കൂടും. മുതിര്‍ന്ന പശുക്കളില്‍ രോഗബാധയേറ്റുള്ള മരണ നിരക്കു കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാവും. ശാസ്ത്രീയ പരിചരണവും ചികിത്സയും ഉറപ്പുവരുത്തിയാല്‍ രണ്ടാഴ്ചകൊണ്ട് പശുക്കള്‍ ആരോഗ്യം വീണ്ടെടുക്കും.

രോഗാണു പകര്‍ച്ച തടയുന്നതിനായി ജൈവാവശിഷ്ടങ്ങള്‍ നീക്കിയ ശേഷം തൊഴുത്ത് നാലുശതമാനം അലക്കുകാര ലായനി (സോഡിയം കാര്‍ബണേറ്റ് - 400 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്) ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പരിചരിച്ച കര്‍ഷകരുടെ കൈകളും കാലുകളും വസ്ത്രങ്ങളും പാദരക്ഷയുമെല്ലാം ഇതേപ്രകാരം ശുചിയാക്കണം. തൊഴുത്തിലും പരിസരങ്ങളിലും കുമ്മായവും ബ്ലീച്ചിംഗ് പൗഡറും 4:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതം വിതറണം. ചത്ത മൃഗങ്ങളെ ജലസ്രോതസുകളില്‍ നിന്ന് 50 മീറ്റര്‍ മാറി ആറടി താഴ്ചയില്‍ കുഴിയെടുത്ത് സംസ്‌കരിക്കണം. മൃതശരീരത്തി ന്റെ മുകളിലും താഴെയും കുമ്മായം കട്ടിയില്‍ വിതറുന്നതും രോഗാണു വ്യാപനം തടയുന്നതിനു സഹായകമാകും.

ഡോ. എം. മുഹമ്മദ് ആസിഫ്