കൃഷിയും സര്‍ക്കാരും - ഒരു താരതമ്യപഠനം
പാലക്കാട്ടെ കര്‍ഷകനായ ജോസ് കോട്ടൂരിന്റെ തമിഴ്‌നാട്ടിലെ കൃഷിയിടത്തിലേക്കായിരുന്നു യാത്ര. ചേര്‍ത്തലയില്‍ നിന്ന് രാവിലെ പത്തോടെ പാലക്കാടന്‍ കാര്‍ഷിക കാഴചകളും കണ്ട് വടക്കഞ്ചേരിയിലെ ജോസേട്ടന്റെ വീട്ടിലെത്തി. അവിടെ നിന്ന് അദ്ദേഹത്തിന്റെ കാറിലായിരുന്നു യാത്ര. പതിനൊന്നോടെ തന്നെ വടക്കഞ്ചേരിയില്‍ നിന്നു ഞങ്ങള്‍ പുറപ്പെട്ടു- തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിലെ ജോസേട്ടന്റെ 85 ഏക്കര്‍ കശുമാവു കൃഷിയിടത്തിലേക്ക്. ഇത്രയും ദൂരെ 85 ഏക്കര്‍ വാങ്ങി കൃഷി നടത്തുന്നതു ലാഭമാണോ എന്ന എന്റെ ചോദ്യത്തില്‍ നിന്നു തന്നെയാണ് കാര്‍ഷിക സംസാരത്തിന്റെ തുടക്കം. കൃഷിചെയ്ത് രക്ഷപെടണമെങ്കിലും ലാഭമുണ്ടാക്കണമെങ്കിലും കേരളത്തിലെ കുറച്ചു സ്ഥലവും വച്ചുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്ന് എന്റെ സംശയത്തിനു മറുപടിയായി പറഞ്ഞു.

അതെന്താ ഇവിടെ കൃഷി ചെയ്താല്‍ ലാഭമുണ്ടാകില്ലേ- ഞാന്‍ വീണ്ടും സംശയമുന്നയിച്ചു. അദ്ദേഹം പറഞ്ഞു- ഞാന്‍ ജാതിയും തെങ്ങും കമുകുമൊക്കെ കൃഷിചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായി. കൃഷിഭവനില്‍ നിന്ന് ഒരു കുഞ്ഞുപോലും എന്റെ കൃഷിയിടത്തിലെത്തിയിട്ടില്ല. അതെന്തിനു പറയുന്നു തങ്ങളുടെ കൃഷിഭവന്‍ അതിര്‍ത്തിയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ഇവര്‍ക്കറിയുമോ? സമാന അഭിപ്രായം ഞാന്‍ നേരില്‍കണ്ട പല കര്‍ഷകരും പങ്കുവച്ചിട്ടുള്ളതിനാല്‍ ആ വാദത്തോട് എനിക്കും യോജിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

എന്നിട്ട് ജോസേട്ടന്‍ പറഞ്ഞു- എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ എങ്ങനെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് അതനുഭവിച്ചവനേ അറിയൂ. അപ്പോഴേക്കും കാറിന്റെ ചില്ലുകളിലൂടെ വലിയ മലകള്‍ കണ്ടുതുടങ്ങി. പഴനിയെത്തി- ജോസേട്ടന്‍ പറഞ്ഞു. ജോസേട്ടന്റെ ഭാര്യ പൊതിഞ്ഞു നല്‍കിയ ചോറ് കഴിക്കാന്‍ സമയമായി. റോഡ് സൈഡില്‍ കാര്‍ നിര്‍ത്തി, വണ്ടിയുടെ ബോണറ്റില്‍ വച്ച് ചോറുപൊതി അഴിക്കുന്നതിനിടയില്‍ ജോസേട്ടന്‍ പറഞ്ഞു, വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ബോഡിയില്‍ സ്ഥലം വാങ്ങുമ്പോള്‍ വെട്ടിയാല്‍ കോടാലി തെറിച്ചുപോകുന്ന തരത്തിലുള്ള മുള്‍ക്കാടുകള്‍ നിറഞ്ഞ 85 ഏക്കറായിരുന്നു അത്. ഭൂമിക്ക് കേരളത്തെ അപേക്ഷിച്ച് വിലക്കുറവായതിനാല്‍ വലിയകൃഷിയിടങ്ങള്‍ വാങ്ങുന്നത് വലിയ ഭാരമാകില്ല.

കൃഷിയിടത്തില്‍ താമസിച്ചായിരുന്നു മുള്‍ക്കാടുകള്‍ വെട്ടിത്തുടങ്ങിയത്. സര്‍ക്കാര്‍ ഓഫീസുകള്‍ അവിടെ നിന്ന് വളരെ ദൂരെ. പക്ഷെ കാടുവെട്ടുന്നതറിഞ്ഞ് വില്ലേജ് ഓഫീസില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി- കേരളത്തിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എന്തെങ്കിലും ഗുലുമാലുണ്ടാക്കുവാനാണോ എന്ന് ആദ്യമൊന്നു സംശയിച്ചു.

'വണക്കം സാര്‍'- ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞതു കേട്ട് തിരിച്ച് തമിഴും മലയാളവും കലര്‍ത്തി ഒരുഗ്രന്‍ വണക്കം തിരിച്ചും നല്‍കി. എന്തിനാണ് മുള്ളുകാട് വാങ്ങി വെട്ടുന്നതെന്ന് അദ്ദേഹം തിരക്കി. കശുമാവ് കൃഷി ചെയ്യാനെന്നു മറുപടിയും നല്‍കി. എന്തോ കുത്തിക്കുറിച്ച് വണക്കം ഒന്നു കൂടി ആവര്‍ത്തിച്ച് വില്ലേജിലെ ഉദ്യോഗസ്ഥന്‍ മടങ്ങി. മുള്ളുകാടു വെട്ടുന്ന ജോലി തുടര്‍ന്നുകൊണ്ടിരുന്നു. മാസങ്ങള്‍ കടന്നുപോയി.

മുള്ളുകാടുകള്‍ മാറ്റി കൃഷിയിടം ഏതാണ്ട് ശരിയായി വരുന്നസമയം. വീണ്ടും രണ്ടുദ്യോഗസ്ഥര്‍ സ്ഥലത്തെ ത്തി. 'വില്ലേജ് ഓഫീസില്‍ നിന്നായിരിക്കുമല്ലേ'- ജോസേട്ടന്‍ മുന്നനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കി. 'അല്ല, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാ. കൃഷി ശാസ്ത്രജ്ഞരാ ഞങ്ങള്‍'- വന്ന രണ്ടുപേര്‍ സ്വയം പരിചയപ്പെടുത്തി. 'നിങ്ങള്‍ ഇവിടെ കശുമാവു കൃഷിചെയ്യാന്‍ പോകുന്നു എന്ന് വില്ലേജില്‍ നിന്നറിയിച്ചിട്ടു വന്നതാ. കാടൊക്കെ വെട്ടിയല്ലേ. ഞങ്ങള്‍ ഈ മണ്ണുസാമ്പിള്‍ എടുക്കാന്‍ വന്നതാ'. മണ്ണു സാമ്പിളും ശേഖരിച്ച് എന്നു നിലം കൃഷിക്കായി തയാറാകും എന്നും തിരക്കി അവര്‍ മടങ്ങി. ജോസേട്ടന്‍ നാട്ടിലേക്കും. കൃഷിയിടം തയാറാക്കി കശുമാവു തൈകള്‍ വാങ്ങാന്‍ പണവുമായി ഒരുമാസത്തിനു ശേഷം വീണ്ടുമെത്തിയപ്പോള്‍ കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ വീണ്ടുമെത്തി. മണ്ണുപരിശോധനാ ഫലവുമായാണ് അവര്‍ എത്തിയത്.

അതിന്റെ അടിസ്ഥാനത്തില്‍ ഈ കൃഷിഭൂമിയില്‍ കൃഷി ചെയ്യാന്‍ വിരുതനഗര്‍-1, 2 എന്നീ കശുമാവിനങ്ങളും അവര്‍ നിര്‍ദേശിച്ചു. ഒരാള്‍പൊക്കം മാത്രം വയ്ക്കുന്ന ഇതില്‍ ഒരു ശിഖരത്തില്‍ ഒരു പൂങ്കുലയില്‍ 30-40 മാങ്ങയെങ്കിലും ഉണ്ടാകുന്ന ഇനമാണ്. 'ശരി സാര്‍ ഞാന്‍ ഇതു വാങ്ങിക്കൊള്ളാം' ജോസേട്ടന്‍ ശാസ്ത്രജ്ഞരോടു പറഞ്ഞു. 'നിങ്ങള്‍ വാങ്ങുകയൊന്നും വേണ്ട ഞങ്ങള്‍ അത് കൃഷിയിടത്തില്‍ എത്തിച്ചു തന്നുകൊള്ളാം'. ഇതു കേട്ട് അന്തംവിട്ട ജോസേട്ടന്‍ ഒരുവേള കേരളത്തിലെ കൃഷിഭവനെ മനസില്‍ ധ്യാനിച്ചു. അജ-ഗജാന്തര വ്യത്യാസം എന്നൊക്കെ പറഞ്ഞാലും ഈ സമീപനത്തെ തുറന്നുകാട്ടാന്‍ മതിയായ ശൈലിയാകില്ലെന്നു തോന്നി.

ഇത്രയും പറഞ്ഞപ്പോള്‍ വഴിയരുകിലെ ബോര്‍ഡുകളില്‍ ബോഡിനായ്‌ക്കെന്നൂര്‍ എന്നു കണ്ടുതുടങ്ങി. ബോഡിയെത്തി- ജോസേട്ടന്‍ പറഞ്ഞു. വഴിയരികിലെ പലചരക്കുകടയില്‍ നിന്ന് രണ്ടുദിവസത്തെ താമസത്തില്‍ അന്നംമുട്ടാതിരിക്കാനുള്ളവയും വാങ്ങി കൃഷിയിടത്തിലേക്ക്. അപ്പോള്‍ സമയം വൈകുന്നേരം നാലടുത്തു. ജോസേട്ടന്‍ കാര്‍ താഴ്ന്ന സ്ഥലത്തെ മണലില്‍ക്കൂടി ഓടിച്ചു. ഒരു പുഴയാ ഇത്- അദ്ദേഹം പറ ഞ്ഞു. മഴക്കാലത്തു മാത്രമേ വെള്ളമുണ്ടാകൂ. വര്‍ഷകാലമെന്നാല്‍ മൂന്നു ദിവസമേയുള്ളൂ ഇവിടെ. ഞാനിവിടെ വരുമ്പോള്‍ ഇവിടെയൊന്നും വൈദ്യുതി പോലുമില്ലായിരുന്നു. ഇതിലേ ഒരു സ്‌കൂട്ടര്‍ കഷ്ടിയേ പോകുമായിരുന്നുള്ളൂ. ഇവിടേക്ക് വൈദ്യുതിയും വഴിയും വേണമെന്ന ആവശ്യം വില്ലേജില്‍ പറഞ്ഞു.

അധികം താമസിയാതെ തന്നെ വെള്ളമില്ലാത്തപ്പോള്‍ വണ്ടി പോകത്തക്കവിധം പുഴയിലൂടെ വഴിവെട്ടാനും വൈദ്യുതി പോസ്റ്റിടാനും അനുമതി ലഭിച്ചു. ഇത്രയും പറഞ്ഞപ്പോള്‍ മതികെട്ടാന്‍ മലയുടെ താഴ്‌വാരത്തിലുള്ള മുള്ളുവേലികെട്ടിയ കോട്ടൂര്‍ എസ്‌റ്റേറ്റിനു മുന്നിലെത്തി ഞങ്ങള്‍. നിറയെ കായ്ച്ചുകിടക്കുന്ന കശുമാവു കണ്ട് ജോസേട്ടന്‍ പറഞ്ഞു- എത്ര നാളത്തെ അധ്വാനമാണിതെന്നറിയുമോ? അത് ഈ ഭൂമി വാങ്ങിക്കുമ്പോള്‍ കണ്ടവര്‍ക്കേ മനസിലാകൂ-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് ജോസേട്ടന്‍ എന്നെ കൊണ്ടുപോയത് കൂറ്റന്‍ ബോര്‍വെല്ലിനടുത്തേക്കാണ്. 'എത്രരൂപയായിക്കാ ണും ഇത് കുഴിച്ചതിന്'- ജോസേട്ടന്‍ എന്നോടു ചോദിച്ചു. 'മലയുടെ താഴ്‌വാരമല്ലേ, അധികം താഴ്‌ത്തേണ്ടി വരില്ലേ- കണക്കു പറഞ്ഞാല്‍ ലക്ഷങ്ങളാകും'- ഞാന്‍ പറഞ്ഞു. 'പത്തുപൈസ എനിക്കു ചെലവില്ല. മുമ്പു പറഞ്ഞ വില്ലേജോഫീസറില്ലേ അവിടുന്നു സൗജന്യമായി കുഴിച്ചു നല്‍കിയ താ ഇത്'. ഇവിടെ കൃഷിഭവനുകളല്ല, വില്ലേജ് ഓഫീസാ അതിനു പകരം കൃഷി കാര്യങ്ങള്‍ നടത്തുന്നത്.

ഇത്രയും കൊണ്ടു തീര്‍ന്നില്ല ടോമേ ഇവര്‍ക്ക് എന്നോടുള്ള സ്‌നേഹം. ഈ പറമ്പിനു ചുറ്റും അതിര്‍ത്തി തീര്‍ത്ത് ഇവര്‍ തേക്ക്, ഈട്ടി പോലുള്ള മരങ്ങള്‍ വച്ചു തന്നു, മൂന്നു നാലു മഴക്കുഴികളും നിര്‍മിച്ചുതന്നു. തമിഴ്‌നാട്ടിലെ പച്ചക്കറി കൃഷിയും കശുമാവുകൃഷിയും ഒക്കെക്കണ്ട് മടങ്ങുന്നതിനിടയില്‍ ഒരു കാര്യം കൂടി കാട്ടിത്തരാമെന്ന് ജോസേട്ടന്‍ പറഞ്ഞു.

വണ്ടി വില്ലേജോഫീസിനു മുന്നിലെത്തി. ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന തമിഴ് സുഹൃത്ത് വാഹനത്തില്‍ നിന്നിറങ്ങി. വില്ലേജ് ഓഫീസില്‍ നല്ല തിരക്കാ. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വീട്ടുപകരണങ്ങള്‍ വാങ്ങാനെത്തിയവരുടെ തിക്കും തിരക്കും. 25 വയസു തോന്നിക്കുന്ന ഒരുദ്യോഗസ്ഥനെയും വിളിച്ച് തമിഴ്‌സുഹൃത്ത് വാഹനത്തിനരുകിലേക്കു വന്നു. അയാള്‍ ജോസേട്ടന് വണക്കം നല്‍കി. ജോസേട്ടന്‍ നല്‍കിയ പണത്തിന് രസീതും നല്‍കി നെഞ്ചത്തുകൈവച്ച് ആദരവും പ്രകടിപ്പിച്ച് അയാള്‍ തിരികെപ്പോയപ്പോള്‍ ഞാന്‍ ചോദിച്ചു-ആരാ വന്നേ- ഇവിടത്തെ വില്ലേജ് ഓഫീസറാ- കരം വാങ്ങിക്കാന്‍ വന്നതാ. അങ്ങേരുടെ നേതൃത്വത്തിലാ ഇന്നത്തെ വീട്ടുപകരണ വിതരണം. ഞാന്‍ കര്‍ഷകനായതിനാലാ അതു നിര്‍ത്തിവച്ച് കരം വാങ്ങാന്‍ ഞാനിരിക്കുന്ന വണ്ടിയുടെ സമീപത്തേക്ക് വില്ലേജ് ഓഫീസര്‍ എത്തിയത്. നമ്മുടെ നാട്ടിലാണെങ്കിലോ കരമടയ്ക്കാന്‍ ഞാന്‍ ഒരുദിവസം മാറ്റിവയ്‌ക്കേണ്ടി വരില്ലേ- ജോസേട്ടന്റെ ചോദ്യത്തിന് അനുഭവസാക്ഷിയായ ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല.

തിരിച്ചു പാലക്കാട്ടെത്തിയപ്പോള്‍ ജോസേട്ടന്‍ ചോദിച്ചു. ടോമേ നാം സാക്ഷരരാണ്, അഭ്യസ്തവിദ്യരാണ് എന്നൊക്കെ പറഞ്ഞ് വല്ലാണ്ട് അഹങ്കരിക്കുന്നുണ്ടല്ലോ? തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വന്തം ജോലിയോടുകാണിക്കുന്ന ഈ മനോഭാവം നമ്മുടെ എത്ര ഉദ്യോഗസ്ഥര്‍ക്കുണ്ട്. കൃഷിഭവനില്‍ ഒരാവശ്യത്തിനുചെന്നാല്‍ കര്‍ഷകനിരിക്കാന്‍ അവിടെ ഒരു കസേരകിട്ടുമോ? പോട്ടെ അവനെ മൈന്‍ഡുമോ?


ജോസേട്ടന്റെ ഈ ചോദ്യത്തിന് കൊല്ലം അഞ്ചലിലെ യുവകര്‍ഷകനായ അനീഷ് എന്‍ രാജിന്റെ കൃഷിഓഫീസ് അനുഭവത്തിലൂടെ കടന്നു പോയാല്‍ കൃത്യമായ മറുപടി നമുക്ക് മനസിലാകത്തക്ക രീതിയില്‍ ലഭിക്കും.

മൂന്നു വര്‍ഷം മുമ്പ് അഞ്ചലിലെ അനീഷ് എന്‍ രാജെന്ന 32 വയസുകാരന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോള്‍ കൃഷിയില്‍ വലിയ ആവേശത്തിലായിരുന്നു അദ്ദേഹം. വെസ്‌റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ കമ്പനിയിലെ സൗത്ത് കേരളത്തിന്റെ ചാര്‍ജുള്ള ജോലിരാജിവച്ചാണ് തന്റെ വീട്ടിലെ 50 സെന്റ് കൃഷിയിലേക്ക് അദ്ദേഹമിറങ്ങുന്നതെന്നു കേട്ടപ്പോള്‍ അഭിമാനം തോന്നി.

ഇതുപോലുളള ചെറുപ്പക്കാര്‍ മുന്നോട്ടുവന്നാലേ കൃഷി അടുത്ത തലമുറയിലേക്ക് പകര്‍ത്തപ്പെടൂ എന്ന പാഠവും നല്‍കിയാണ് അന്നത്തെ എന്റെ ലേഖനം ഞാന്‍ അവസാനിപ്പിച്ചത്. അതിനു ശേഷം സംസ്ഥാനത്തെ മികച്ച ഹൈടെക് കര്‍ഷകനുള്ള കൃഷി വകുപ്പിന്റെ ഒരു ലക്ഷം രൂപയും സ്വര്‍ണപ്പതക്കവുമടങ്ങുന്ന അവാര്‍ഡ് ഇദ്ദേഹത്തിനു കിട്ടിയപ്പോള്‍ ഏറെ സന്തോഷം തോന്നി. എന്നാല്‍ കഴിഞ്ഞ ദിവസം അനീഷ് എന്‍ രാജ് കൃഷി അവസാനിപ്പിക്കുന്നു എന്നു പറഞ്ഞ് എന്നെ വിളിച്ചപ്പോള്‍ ആ ശബ്ദത്തിലുള്ള വ്യത്യാസം ഞാന്‍ ശ്രദ്ധിച്ചു. മൂന്നു വര്‍ഷം മുമ്പ് വിളിച്ച ആത്മവിശ്വാസമെല്ലാം ചോര്‍ന്ന് മൊത്തം മടുത്ത നിലയില്‍. അഞ്ചലിലെയും കേരളത്തിലെയും നിരവധി യുവകര്‍ഷകര്‍ക്ക് പ്രചോദനമേകിയ ആള്‍ തളര്‍ന്നാല്‍ അത്രയും യുവാക്കള്‍ കൃഷിയില്‍ നിന്നു പിന്മാറുമെന്നറിയാവുന്നതിനാല്‍ അടുത്ത ദിവസം തന്നെ അനീഷിന്റെ വീട്ടിലേക്കു വണ്ടികയറി.

വീട്ടിലെ അക്വാപോണിക്‌സില്‍ വിളഞ്ഞ പുതിനയിട്ട കട്ടന്‍ചായ കുടിച്ചുകൊണ്ടിരിക്കേ ഞാന്‍ അനീഷിനോടു ചോദിച്ചു എന്താ പ്രശ്‌നം. ആ ദ്യം പറയാന്‍ കൂട്ടാക്കിയില്ലെങ്കിലും ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അനീഷ് പറഞ്ഞു തുടങ്ങി. സറേ സര്‍ മുന്നുകൊല്ലം മുമ്പു വരുമ്പോഴും കൃഷിഭവന്റെ വലിയ സപ്പോര്‍ട്ടൊന്നും എനിക്കു കിട്ടിയിരുന്നില്ല. പിന്നെ ആരേയും വെറുപ്പിക്കണ്ടല്ലോ എന്നോര്‍ത്ത് ഒ ന്നും പറയാതിരുന്നതാ, ഇനി ഞാന്‍ പറയും എല്ലാവരോടും- അനീഷ് പറഞ്ഞു. ഞാന്‍ ആദ്യം പോളിഹൗസ് തുടങ്ങാനായി കൃഷിഭവന്റെ സഹായത്തിനു ചെന്നു. പോളിഹൗസൊ ന്നും നല്‍കുന്നില്ലെന്ന് ക്ഷുഭിതയായ ഓഫീസറുടെ മറുപടി. അടുത്തദിവസം പോളിഹൗസിനു സഹായം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവുമായി ചെന്നപ്പോള്‍ ഇവര്‍ നിലപാടൊന്നു മാറ്റി. എന്നാലും സര്‍ക്കാര്‍ ഉത്തരവ് തപ്പിപ്പിടിച്ചതിലുള്ള ധാര്‍മികരോഷം ഇവരുടെ പ്രവൃത്തികളില്‍ പ്രതിഫലിച്ചു.

അങ്ങനെ പല തവണ പിറകേ നടന്ന് പത്തുസെന്റില്‍ ആറുലക്ഷം മുടക്കി നിര്‍മിച്ച പോളിഹൗസിനുള്ള സബ്‌സിഡിയായ 3.20 ലക്ഷം രൂപ അക്കൗണ്ടിലെത്തി. ഇതു നിര്‍മിക്കാന്‍ ഇവര്‍ പറഞ്ഞ ഏജന്‍സിയെ സമീപിക്കണമെന്നു നിര്‍ബന്ധം. ആരേക്കൊണ്ടും പോളിഹൗസ് നിര്‍മിക്കാം, അതിന് പ്രത്യേക ഏജന്‍സിയില്ലെന്ന സര്‍ക്കാര്‍ ഉത്തരവു കാട്ടി ഇത് മറികടന്നു. ഇതൊക്കെ വീണ്ടും അനിഷ്ടം വര്‍ധിപ്പിച്ചു.

പണം അക്കൗണ്ടിലെത്തിയ ഉടനേ ബ്ലോക്കിലെ കൃഷിവകുപ്പിന്റെ ഉന്നതന്‍ വിളിച്ചു. തനിക്ക് 1000 കുറ്റ്യാടി തെങ്ങിന്‍തൈ വാങ്ങിത്തരണമെന്നായിരുന്നു ആവശ്യം. അതിന് ചെലവാകുന്ന തുക പറഞ്ഞപ്പോള്‍ അക്കൗണ്ടില്‍ വന്നതില്‍ നിന്ന് എടുത്താല്‍ മതിയെന്നും ഇതൊക്കെ നാട്ടുനടപ്പാണെന്നുമായിരുന്നു മറുപടിയെന്ന് അനീഷ് പറയുന്നു. എന്നാല്‍ അനീഷ് ഇതിനൊന്നും വഴങ്ങാത്തതിനാല്‍ പിന്നെ ചെല്ലുന്ന അപേക്ഷകളൊക്കെ പൊടിപിടിച്ചു കിടന്നു. ഇന്നവേറ്റീവ് ഫാര്‍മര്‍ അവാര്‍ഡിനായി കൃഷിഭവനില്‍ നല്‍കിയ അപേക്ഷ ജില്ലാ കേന്ദ്രത്തില്‍ പോലും എത്തിയില്ല. ഇത് എവിടെപ്പോയി എന്നതിന് വിവരാവകാശം നല്‍കി കാത്തിരിക്കുകയാണ് അനീഷിന്ന്.

പോളിഹൗസ് കൃഷിക്ക് വര്‍ഷാവര്‍ഷം നല്‍കുന്ന ക്രോപ് സബ്‌സിഡി കഴിഞ്ഞവര്‍ഷത്തേത് ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടു വര്‍ഷമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷിയിടത്തിലെത്തുന്നില്ലെന്ന് ജില്ലയിലെ ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടപ്പോള്‍ - 'തന്റെ കൃഷിയിടത്തില്‍ എല്ലാ ആഴ്ചയും അവര്‍ വരുന്നുണ്ടെന്ന റിപ്പോര്‍ട്ട് മുടങ്ങാതെ ഇവിടെയെത്തുന്നുണ്ടെന്നായിരുന്നു' അദ്ദേഹത്തിന്റെ പരിഹാസരൂപേണയുള്ള മറുപടി.

ഫിഷറീസിന്റെ പദ്ധതിപ്രകാരം ചെയ്യുന്ന മീന്‍വളര്‍ത്തലിന് വെള്ളമില്ലാതായി മീനുകള്‍ ചാകാന്‍ തുടങ്ങി. ഒരു കുഴല്‍ക്കിണര്‍ താഴ്ത്താന്‍ കൃഷി ഓഫീസിലെത്തിയപ്പോള്‍ അയല്‍വാസികളുടെ അനുമതിപത്രവുമായി വരാന്‍ പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് പഞ്ചായത്തില്‍ പറഞ്ഞ് തഹസീല്‍ദാര്‍ക്ക് പരാതി നല്‍കി. കളക്ടറുടെ അദാലത്തില്‍ പരാതിയെ ത്തി.

കളക്ടര്‍ കാര്‍ത്തികേയന്റെ അടുത്ത് കൃഷിക്കാരനാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു, കൈകൊടുത്തു. നിങ്ങളെപ്പോലുള്ളവരാണ് നാടിനാവശ്യം എന്നുപറഞ്ഞു. കൃഷിവകുപ്പുദ്യോഗസ്ഥരെ വിളിപ്പിച്ചപ്പോള്‍ കുഴല്‍ക്കിണറിന് സബ്‌സിഡിയില്ലെന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞു. പന്നീട് കളക്ടറുടെ ഉത്തരവുപ്രകാരം ജിയോളജി വകുപ്പെത്തി സ്ഥാപിച്ചു നല്‍കിയ കുഴല്‍ക്കിണറില്‍ നിന്നാണ് ഇന്നും അനീഷിന്റെ കൃഷി നടക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് ഒരു പ്രോത്സാഹനം ലഭിച്ചതും ഇച്ഛാശ ക്തിയോടെ നടപടിയെടുത്തതും കൊല്ലം കളക്ടറായിരുന്ന കാര്‍ത്തികേയനായിരുന്നെന്ന് അനീഷ് നിറകണ്ണുകളോടെ സ്മരിക്കുന്നു.

കാര്‍ഷിക വൈദ്യുതി കണക്ഷന് അപേക്ഷിച്ചപ്പോള്‍ മോട്ടോര്‍വച്ച് മോട്ടോര്‍ പുരയുമെല്ലാം ശരിയാക്കിയശേഷം അപേക്ഷ നല്‍കിയാല്‍ കെഎസ്ഇബി എന്‍ജിനിയറെ വിടാം എന്നായിരുന്നു കൃഷിഭവന്റെ മറുപടി. അതിനും നടന്നു കുറേ ചെരുപ്പുതേഞ്ഞു. പിന്നീട് ഫിഷറീസ് ഓഫീസിലെത്തി. ഓഫീസിലുണ്ടായിരുന്നവര്‍ ഡിഡിയെ വിളിച്ചു, കാര്യം സംസാരിച്ചു.

അദ്ദേഹം സ്ഥലത്തില്ലെങ്കിലും ഫോര്‍ വച്ച് ഒപ്പിട്ട് കത്തു നല്‍കിയതനുസരിച്ച് സൗജന്യ നിരക്കിലുള്ള വൈദ്യുത കണക്ഷന്‍ ലഭിച്ചു.' അപ്പോള്‍ ഇതൊക്കെ കൃഷി ഓഫീസിലും നടക്കും, വേണ്ടന്നു വച്ചിട്ടല്ലേ സാറേയെന്ന്' അനീഷിന്റെ ചോദ്യത്തിനു മുന്നില്‍ എനിക്കും മറ്റൊരു ഉത്തരമില്ലായിരുന്നു. വന്നുവന്ന് ഇപ്പോള്‍ തന്നെക്കാണുന്നത് കൃഷിഭവന് അലര്‍ജി പോലാണ്. അവാര്‍ഡ് അപേക്ഷ, ഇന്റഗ്രേറ്റഡ് ഫാമിംഗ് സബ്‌സിഡി, ക്രോപ് സബ്‌സിഡി എന്നിവയെല്ലാം തടഞ്ഞു വച്ചിരിക്കുന്നു. കാര്യം എല്ലാവര്‍ക്കും മനസിലായില്ലേ, ചില നാട്ടുനടപ്പുകള്‍ക്ക് ഈ യുവകര്‍ഷകന്‍ വഴങ്ങുന്നില്ലെന്നതു തന്നെ.

ഇനി കഥ ചുരുക്കാം. തമിഴ്‌നാട്ടി ല്‍ കൃഷി ചെയ്യാനെത്തിയ കര്‍ഷകന്റെ പുരയിടത്തില്‍ എവിടെയും ഒരപേക്ഷ നല്‍കാതെ വില്ലേജ് ഓഫീസില്‍ നിന്ന് ആളെത്തി. ആ ഒരു ഓഫീസിന്റെ ഏകോപനം മൂലം ശാസ്ത്രജ്ഞരെത്തി, വിത്തെത്തി, ബോര്‍വെല്ലെത്തി, അതിരുകളില്‍ വൃക്ഷങ്ങളെത്തി- പത്തു പൈസ കര്‍ഷകന്‍ ചെലവാക്കാതെ. കൃഷിക്കാരന്‍ ഇരിക്കുന്ന വാഹനത്തിലെത്തി അവരെ വണങ്ങി, കരം വാങ്ങുന്നു ഉദ്യോഗസ്ഥര്‍. 'നമുക്ക് ചെയ്യാവുന്ന നന്മ മറ്റുള്ളവര്‍ക്ക് ചെയ്യുക' എന്ന വലിയപാഠവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തിന്റെ പ്രസക്തിയും കേരളത്തില്‍ നിന്നെത്തിയ കര്‍ഷകനേയും പഠിപ്പിച്ചു തമിഴ്‌നാട്.

കേരളത്തിലോ താത്പര്യത്തോടെ കൃഷിയിലിറങ്ങിയ, അനവധി യുവാക്കളെ കൃഷിയിലേക്കാകര്‍ഷിച്ച ഒരുയുവാവിനെ തങ്ങളുടെ നാട്ടുനടപ്പ് നടത്താത്തതിന്റെ പേരില്‍ പീഡിപ്പിച്ച് കൃഷിയില്‍ നിന്നു തന്നെ അകറ്റുന്നു. 'തങ്ങള്‍ക്ക് ചെയ്തുകൊടുക്കാവുന്ന നന്മ എങ്ങനെ ചെയ്യാതിരിക്കാമെന്ന് ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍'. തനിക്ക് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് കിട്ടിയ കര്‍ഷകനെന്നു പറഞ്ഞാല്‍ കൃഷിഡിപ്പാര്‍ട്ടുമെന്റിലൊഴികെ മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഒരു കസേര കിട്ടുമെന്ന് അനീഷ് എന്‍ രാജ് പറയുമ്പോള്‍ അതിന്റെ ആഴം മനസിലാക്കാവുന്നതേയുള്ളൂ.

സമ്പൂര്‍ണ സാക്ഷരത നേടിയ, വിദ്യാഭ്യാസത്തില്‍ മുന്നോക്കം നില്‍ക്കുന്നെന്ന് അഹങ്കരിക്കുന്ന നമ്മുടെ മനോഭാവം എന്നു മാറും. ഇവിടെയാണ്, ഇത്തരം ഉദ്യോഗസ്ഥരെ വച്ചാണ് കേരളത്തില്‍ കൃഷി തളിര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങുന്നത്- കണ്ണുള്ളവര്‍ കാണട്ടെ, ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

ടോം ജോര്‍ജ്