ക്ഷീര കർഷകൻ അറിയാൻ; ചെലവു കുറയ്ക്കാൻ പശുവിനു തീറ്റപ്പയർ തന്നെ
ക്ഷീര കർഷകൻ അറിയാൻ;  ചെലവു കുറയ്ക്കാൻ പശുവിനു തീറ്റപ്പയർ തന്നെ
Monday, September 6, 2021 4:49 PM IST
ഗ്രാമീണ കർഷകന്‍റെ വരുമാനം വർധിപ്പിക്കുന്നതിൽ മൃഗസംരക്ഷണത്തിനും അതിന്‍റേതായ പങ്കുണ്ട്. എന്നാൽ തീറ്റയുടെ ലഭ്യതക്കുറവ്, സ്ഥല പരിമിതി എന്നിവ ക്ഷീരമേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.

നമ്മുടെ കാലാവസ്ഥക്കും മണ്ണിനും അനുയോജ്യമായ, വർഷം മുഴുവൻ കൃഷി ചെയ്യാൻ സാധിക്കുന്ന കാലിത്തീറ്റ വിളയാണ് തീറ്റപ്പയർ. നെല്ലുകൃഷി ചെയ്യാൻ വേണ്ടത്ര വെള്ളം ലഭിക്കാത്ത പുഞ്ചപാടങ്ങളിലും തരിശിട്ടിരിക്കുന്ന പറന്പുകളിലും തനിവിളയായും തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും ഇവ വളർത്താം. കന്നുകാലികൾക്ക് സമീകൃത ആഹാരം ഉറപ്പുവരുത്താൻ പുല്ലിന്‍റെ കൂടെ ആകെ തീറ്റയുടെ 10 മുതൽ 15 വരെ ശതമാനം പയർവർഗചെടികൾ ഉൾപ്പെടുത്തണം. പയർ ഇനങ്ങളെ പ്രധാനമായും രണ്ടായി തരംതിരിക്കാം.

1. വാർഷിക വിളകൾ

2. ദീർഘകാല വിളകൾ വാർഷിക വിളകൾ

വാർഷിക വിളകളിൽ കന്നുകാലി കർഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് തീറ്റപ്പയർ അഥവാ വൻപയർ. പെട്ടെന്നുള്ള വളർച്ചയും കൂടുതൽ ഉത്പാദനശേഷിയും ഉള്ളതുകൊണ്ട് മഴക്കാലത്തും വേനൽക്കാലത്തും ഇവ കൃഷിചെയ്യാം. മാത്രവുമല്ല പയർ വർഗവിളകൾ മണ്ണിന്‍റെ വളക്കൂറു കൂട്ടും.

അതിനാൽ വിള പരിക്രമണത്തിൽ വൻപയർ ഉൾപ്പെടുത്താവുന്നതാണ്. തീറ്റപ്പയറിൽ തന്നെ പടർന്നു വളരുന്ന ഇനങ്ങളും കുറ്റിചെടിയുമുണ്ട്. ഐശ്വര്യ, കർണാടക ലോക്കൽ, ഇ സി 4216, എംഎഫ്സി 08-14, എംഎഫ്സി 09-11, യുപിസി 5286, യുപിസി 8705, സിഒ-9 ഇനങ്ങൾ കാലിത്തീറ്റ കൃഷിക്ക് യോജിച്ചവയാണ്.

ഉഷ്ണമേഖല, മിതോഷ്ണ മേഖല പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ യോജിച്ചവയാണിവ. സമുദ്ര നിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിൽ വളരും. വെള്ളക്കെട്ടും മഞ്ഞു വീഴ്ചയുമുള്ള പ്രദേശങ്ങൾ കൃഷിക്കു യോജിച്ചതല്ല. എന്നാൽ ചില ഇനങ്ങൾ തീവ്ര മഴയെ ചെറുത്തു നിൽക്കാറുണ്ട്. കേരളത്തിലെ കരപ്രദേശങ്ങളിലും വേനൽ കാലത്ത് നെൽവയലുകളിലും കൃഷി ചെയ്യാൻ അനുയോജ്യമായ തീറ്റപ്പയറിനമാണ് ഐശ്വര്യ. 95-105 സെന്‍റീമീറ്റർ വരെ നീളം വയ്ക്കുന്ന ഈ തീറ്റപയർ നട്ട് 50-55 ദിവസമാകുന്പോൾ മുറിച്ചെടുക്കാം. കാര്യമായ രോഗ, കീടബാധയില്ല. ഒരു ഹെക്ട റിൽ നിന്ന് 29.9 ടണ്‍ വരെ പച്ചയില ലഭിക്കും.

കൃഷിക്കായി നിലമൊരുക്കുന്പോൾ മൂന്നോ നാലോ തവണ ഉഴുത് മൂന്നു മീറ്റർ അകലത്തിൽ ചാലുകൾ കീറി ജലസേചന സൗകര്യം ഉറപ്പുവരുത്തണം. വിത്ത് വിതയ്ക്കുകയോ നുരിയിടുകയോ ചെയ്യാം. വിത്തനായി നടുന്പോൾ വരിയായി നടുന്നതാണ് ഉത്തമം.


വിതയ്ക്കുന്നതിന് ഹെക്ടറിനു 40-50 കിലോ വിത്തും നുരിയിടുന്നതിന് 15-40 ഗ്രാം വിത്തുമാണ് ശിപാർശ. വരികൾ തമ്മിൽ 30-40 സെന്‍റീമീറ്ററും ചെടികൾ തമ്മിൽ 6-15 സെന്‍റീ മീറ്ററുമാണ് നടീൽ അകലം. മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്പോൾ നിലം ഒരുക്കുന്ന സമയത്ത് കാലി വളം ഹെക്ടറിന് 10 ടണ്ണും, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ 25:60:30 കിലോഗ്രാം എന്ന അനുപാതത്തിലും അടിവളമായി ചേർക്കണം.

മണ്ണിൽ ഈർപ്പം കുറയുന്ന അവസരത്തിൽ വേനൽക്കാലത്ത് 15 ദിവസിലൊരിക്കലും മഴക്കാലത്തിനുശേഷം മാസത്തിലൊരിക്കലും നനയ്ക്കണം. കൂടാതെ വിതയ്ക്കുന്നതിനു മുന്പായി കൃഷിയിടങ്ങൾ ഒരു തവണ നനയ്ക്കുന്നത് പയർ വിത്തുകൾ മുളയ്ക്കാൻ സഹായകമാണ്.

തീറ്റപ്പയർ കർഷകർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കളശല്യം. കൂടുതൽ വിത്തിടുന്നതുവഴി, കളകളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. കടുത്ത കളശല്യം ഒഴിവാക്കുന്നതിന് ഒന്നോ രണ്ടോ തവണ കൃഷിയിടത്തിൽ കളനിയന്ത്രണം നടത്തണം.

50 ശതമാനം ചെടികൾ പൂക്കുന്ന, നട്ട് 45-60 ദിവസക്കാലയളവിൽ വിളവെടുക്കാം. ഹെക്ടറിൽ 25-30 ടണ്‍ വരെ പച്ചില ലഭ്യമാകും. ഭക്ഷ്യമൂല്യം വളരെ കൂടുതലായ തീറ്റപ്പയറിൽ 16 ശതമാനം അസംസ്കൃതമാംസ്യവും 20 ശതമാനം അസംസ്കൃത നാരും അടങ്ങിയിരിക്കുന്നതിനാൽ ഇതൊരു സമീകൃത കാലിത്തീറ്റയായി കന്നുകാലികൾക്കു നൽകാം. മൂന്നു വർഷം വരെ വിത്തുകൾ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

കാലാവസ്ഥ അനുകൂലമാകുന്ന അവസരത്തിൽ തീറ്റപ്പയർ ശാസ്ത്രീയമായി കൃഷിചെയ്ത് ആവശ്യത്തിൽ അധികമായി ഉത്പാദിപ്പിച്ച് സംസ്കരിച്ച് സൈലേജ് ആയി ഉപയോഗിക്കാം.

പോഷകമൂല്യം നഷ്ടപ്പെടാതെ വായൂ കടക്കാത്ത രീതിയിൽ കുഴികളിലോ അറകളിലോ മൂന്നു മാസം വരെ സൂക്ഷിച്ചും കന്നുകാലി തീറ്റയായി ഉപയോഗിക്കാം.

നവ്യ എം.വി., ദീപ്തി. സി., ഡോ. ഉഷ സി. തോമസ്
(സംയോജിത തീറ്റപ്പുൽ ഗവേഷണ പദ്ധതി, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം
കാർഷിക കോളജ് വെള്ളായണി, തിരുവനന്തപുരം)
ഫോണ്‍: ഡോ. ഉഷ- 94463 81631.