ചെണ്ടുമല്ലി പാടം പൂത്തുലഞ്ഞു മേഴ്സിയ്ക്ക് സ്വപ്ന സാഫല്യം
Friday, October 25, 2024 3:18 PM IST
ചെറുപ്പകാലത്ത് ഓണപൂക്കളം തയാറാക്കുന്പോൾ മേഴ്സിയമ്മയുടെ മനസിൽ തോന്നിയ ആഗ്രഹമാണ് പൂക്കൾക്കായി ഒരു തോട്ടമുണ്ടാക്കണമെന്ന്. മനസിലെ ആഗ്രഹം ഇന്നു വീടിനോടു ചേർന്നുള്ള തൊടിയിൽ പൂത്തുലഞ്ഞു നിൽക്കുന്നതു കാണുന്പോൾ 72-ാ വയസിലും മേഴ്സി ചാക്കോയുടെ മനസിൽ സന്തോഷത്തിന്റെ നിറപൂക്കളങ്ങളും.
കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞയും ഓറഞ്ചും നിറത്തിൽ പൂത്തുലഞ്ഞ് തിങ്ങി നിറഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലികൾ കണ്ടാൽ ഒറ്റനോട്ടത്തിൽ പൂപ്പാടങ്ങളുള്ള ഗൂഡല്ലൂരോ, സുന്ദരപാണ്ഡ്യപുരമോ, തോവാളയോ, കന്പമോ ആണെന്നു തോന്നിപോകും. അത്രമേൽ ഭംഗിയാണ് ഭരണങ്ങാനം ഇളന്തോട്ടം വടക്കൻ വീട്ടിൽ മേഴ്സി ചാക്കോയുടെ ഒരേക്കർ വരുന്ന മേഴ്സി ഗാർഡന്.
ചിങ്ങമാസത്തിന്റെ തുടക്കത്തിൽ തന്നെ ഓണപ്പൂക്കളമൊരുക്കാൻ പൂപ്പാടം ഒരുങ്ങിയിരുന്നു. മകൻ നിതിൻ, മരുമകൾ റെജിമോൾ, കൊച്ചുമകൻ ജെയ്ക്ക് എന്നിവരാണ് മേഴ്സിയമ്മയ്ക്ക് പിന്തുണയുമായി ഒപ്പമുള്ളത്.
പരന്പരാഗത കർഷക കുടുംബത്തിലെ അംഗമായ മേഴ്സിക്ക് വ്യത്യസ്തമായ കൃഷി ചെയ്യണമെന്ന ആഗ്രഹത്തിലാണ് മകൻ നിതിനൊപ്പം ഭരണങ്ങാനം കൃഷി ഓഫീസിറെ സമീപിച്ചത്. കൃഷി ഓഫീസറുടെ പരിചയത്തിൽനിന്നു നല്ല ചെണ്ടുമല്ലി തൈകൾ വാങ്ങി.
മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കൃഷി. ജൂണ് 28നു തിരുവാതിര ഞാറ്റുവേല ദിവസം രണ്ടായിരത്തോളം തൈകൾ നട്ടു. മുന്നോടിയായി നീർവാഴ്ചയുള്ള സ്ഥലത്ത് തടമെടുത്തു.
വെള്ളം ഒഴുകി പോകാനും സംവിധാനമൊരുക്കി. വീട്ടിലെ നാടൻ പശുവിന്റെ ചാണകം ഉപയോഗിച്ചുളള ജീവാമൃതമാണ് പ്രധാന വളം. ചിങ്ങം ഒന്നോടെ ചെടികൾ പൂവിട്ടു തുടങ്ങി. സുഹൃത്തുക്കളും നാട്ടുകാരുമാണു പൂക്കൾ വാങ്ങിയത്.
ഓണഘോഷത്തോടനുബന്ധിച്ചു നടന്ന വിളവെടുപ്പിൽ ദൂരദേശത്തു നിന്നുവരെ ആളുകളെത്തി. ഓണചന്തകളിൽ മേഴ്സി ഗാർഡിനിലെ പൂക്കൾ താരമായി. പൂകൃഷി മാത്രമല്ല മേഴ്സിയമ്മയക്ക്.
ചെണ്ടുമല്ലി ചെടിയുടെ ചുവട്ടിൽ കൂർക്ക കൃഷിയുമുണ്ട്. ചെണ്ടുമല്ലി കഴിയുന്പേഴേക്കും കൂർക്ക വിളവെടുക്കാറാകും. വഴുതന, കപ്പ, വാഴ തുടങ്ങിയവയും കൃഷിചെയ്യുന്നു. നാടൻ പശുക്കളും കോഴി, താറാവ്, ടർക്കി എന്നിവയുമുണ്ട്.
പൂപ്പാടത്തിന്റെ ചിത്രങ്ങൾ മകൻ നിതിൻ സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്തതോടെ ഫോട്ടോ ഷൂട്ടിനായി ധാരാളം പേരാണ് എത്തുന്നത്. സേവ് ദ ഡേറ്റ്, വെഡിംഗ് ഷൂട്ട്, റീൽസ് തുടങ്ങിയവയ്ക്ക് ഇതര ജില്ലകളിൽ നിന്നു പോലും അളുകളെത്തിന്നുണ്ട്.
തമിഴ്നാട്ടിൽ പോയി പൂപ്പാടങ്ങൾ കാണുന്നവർക്കൊക്കെ മേഴ്സി ഗാർഡനിലെ ചെണ്ടുമല്ലി തോട്ടം കൗതുക കാഴ്ചയാണ്. കൃത്യമായ വിലയും വിപണിയുമുണ്ടെങ്കിൽ പൂ കൃഷി ലാഭകരമാണെന്നാണ് മേഴ്സി ചാക്കോ പറയുന്നത്.
നമ്മുടെ നാട്ടിൽ ഓണത്തിനു മാത്രമാണ് പൂക്കളുടെ ആവശ്യം കൂടുതൽ. തമിഴ്നാട്ടലും മറ്റും എല്ലായ്പ്പോഴും പൂക്കളുടെ ആവശ്യമുണ്ട്. പ്ലാസ്റ്റിക് പൂക്കൾ പൂർണമായും ഒഴിവാക്കിയാൽ കർഷകർക്ക് നല്ല വില കിട്ടും.
ചെണ്ടു മല്ലി പൂക്കൾ ഉണക്കി പൊടിച്ച് വിപണന സാധ്യത കണ്ടെത്തുന്നതിനുള്ള തയാറെടുപ്പിലാണ് മേഴ്സി ചാക്കോയും കുടുംബവും.
ഫോണ്: 9447123755