ഉത്തമ കർഷകനായി രവീന്ദ്രൻ നായർ
Monday, October 28, 2024 12:09 PM IST
അറവുകാരന്റെ മുന്നിൽ ഊഴം കാത്തു തല കുനിച്ചു നിന്ന പശുക്കിടാവിനെ 33 വർഷം മുന്പു 1050 രൂപാ കൊടുത്ത് വാങ്ങിയാണ് ഇടുക്കി ജില്ലയിൽ രാജാക്കണ്ടം ചെന്പകശേരിൽ സി.ഡി. രവീന്ദ്രൻനായർ പശു ഫാമിനു തുടക്കമിട്ടത്.
അവിടുന്നങ്ങോട്ട് ഫാമിലും കൃഷിയിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ച രവീന്ദ്രൻ നായർ, ഇക്കുറി കേരള സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ അവാർഡ് വരെ നേടി.
കാലാവസ്ഥാ വ്യതിയാനവും അടിക്കടി ഉണ്ടാകുന്ന വിലത്തകർച്ചയും, കർഷകരെ പ്രതിസന്ധിയിലാക്കുന്ന ഈ കാലഘട്ടത്തിലും തളരാതെ കൃഷി ലാഭകരമായി നടത്തിക്കൊണ്ടു പോകുകയാണ് അദ്ദേഹം.
ഭൂരിപക്ഷം കർഷകരും ഏകവിളയിൽ ഊന്നൽ നൽകുന്പോൾ രവീന്ദ്രൻ നായർക്ക് സമ്മിശ്ര കൃഷിയിലാണു ശ്രദ്ധ. അദ്ദേഹത്തിന്റെ വിജയരഹസ്യവും അതുതന്നെ. 20 ഏക്കറോളം വരുന്ന കൃഷിയിടത്തിൽ ഇല്ലാത്ത കൃഷികൾ തീരെ കുറവ്.

ഏലം, കുരുമുളക്, കാപ്പി, നെല്ല് എന്നിവയ്ക്കു പുറമേ ഇഞ്ചി, മഞ്ഞൾ, ചേന, ചേന്പ് ഉരുളക്കിഴങ്ങ്, പച്ചക്കറികൾ എന്നിവയും കൃഷിചെയ്യുന്നു. ഒരു പശുക്കുട്ടിയിൽ നിന്നാരംഭിച്ച ഫാമിൽ ഇപ്പോൾ 35 പശുക്കളും അവയുടെ കുട്ടികളുമുണ്ട്. എല്ലാം എച്ച്.എഫ്, ജേഴ്സി, ഇനങ്ങൾ.
ഫാമിൽ ജനിക്കുന്ന പശുക്കുട്ടികളെ മാത്രമെ അദ്ദേഹം വളർത്താറുള്ളൂ. മൂരിക്കിടാവുകളെ വളർത്തുന്നത് നഷ്ടമാണെന്നാണ് രവീന്ദ്രൻ നായരുടെ അഭിപ്രായം. ഫാമിൽ ഇരട്ടക്കുട്ടികളുടെ പിറവിക്കും ഇദ്ദേഹം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അവയും മൂന്നു പ്രസവം കഴിഞ്ഞ് ഫാമിലെ ഓമനകളായി വളരുന്നു. ഫാമിലേക്ക് ആവശ്യമായ തീറ്റപ്പുല്ലും കൃഷി ചെയ്യുന്നുണ്ട്. നെൽക്കൃഷിയിൽ നിന്നും ലഭിക്കുന്ന വൈക്കോൽ ശേഖരിച്ചുവയ്ക്കാൻ കച്ചിപ്പുരയുണ്ട്.
നാലു ജില്ലകളടങ്ങിയ എറണാകുളം മേഖലയിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്നതിന് മിൽമയുടെ പുരസ്കാരവും രവീന്ദ്രൻ നായർക്കു ലഭിച്ചിട്ടുണ്ട്. വണ്ടൻമേട് പഞ്ചായത്തും വിവിധ സംഘടനകളും പലതവണ മികച്ച കർഷകനായി ആദരിച്ചിട്ടുമുണ്ട്.
നെൽകൃഷി പാടേ ഉപേക്ഷിക്കപ്പെട്ട പ്രദേശത്ത് രവീന്ദ്രൻ നായർക്ക് അഞ്ചേക്കറിൽ നെൽ കൃഷിയുണ്ട്. പ്രധാനമായും പാൽത്തോണി, ത്രിവേണി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. നെല്ല് കുത്തി അരിയാക്കി കിലോയ്ക്ക് എഴുപതു രൂപ നിരക്കിലാണ് വിൽപന.
ഏലത്തിന് കെമിക്കലുകൾ കുറച്ച് അനുവദനീയമായ അളവിൽ മാത്രം കീടനാശിനികൾ ഉപയോഗിക്കുന്നതിനാൽ ഉത്പാദിപ്പിക്കപ്പെടുന്ന ഏലയ്ക്കാ മുഴുവനായും കയറ്റുമതിക്കാർ വാങ്ങുകയാണ്.
മാർക്കറ്റ് വിലയേക്കാൾ കൂടിയ വിലയ്ക്ക് വണ്ടൻമേട് മാസ് എന്റർപ്രൈസസാണ് ഏലയ്ക്ക എടുക്കുന്നത്. അന്പതു സെന്റിലായി രണ്ടു കുളങ്ങൾ ഉള്ളതിനാൽ വേനലിൽ ജനസേചനത്തിന് തെല്ലും ബുദ്ധിമുട്ടു വരാറില്ല.
ഒപ്പം കുളത്തിൽ മത്സ്യകൃഷി ചെയ്തു വരുമാനമുണ്ടാക്കുകയും ചെയ്യുന്നു. 30 ആടുകളുടെ ഫാമും രവീന്ദ്രൻ നായർക്കുണ്ട്. ബീറ്റൽ, ജമ്നാപ്യാരി, മലബാറി എന്നിവയുടെ ക്രോസ് ഇനങ്ങളാണ് വളർത്തുന്നത്.
ആറുമാസം പ്രായമായ ഒരു കുട്ടിക്ക് 10000 രൂപ വില കിട്ടും. ക്രോസ് ഇനങ്ങൾക്ക് ഇറച്ചിതൂക്കം കൂടുതലുണ്ട്. അത് കൃഷിക്കാരന് കൂടുതൽ ലാഭം തരുമെന്നും ഇദ്ദേഹം പറയുന്നു. 400 കോഴികളെയും ഇവിടെ വളർത്തുന്നുണ്ട്.

എല്ലാം ബി. വി. 380 ഇനം. ഒരു കോഴിക്ക് 100 ഗ്രാം തീറ്റ മതിയാകും. വർഷത്തിൽ 300 മുട്ടയെങ്കിലും കിട്ടും. ഒരു മുട്ടയ്ക്ക് ഏകദേശം 75 ഗ്രാം തൂക്കമുണ്ടാകും.
പുറ്റടി, കൊച്ചറ, മേറ്റുകൂലി തുടങ്ങിയ സ്ഥലങ്ങളിൽ മുട്ട എത്തിച്ചു വില്ക്കുന്നതാണ് രീതി. ശാന്തൻ പാറ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നു കൃത്യമായ ഇടവേളകളിൽ ഡോക്ടർമാരെത്തി ആവശ്യമായ നിർദേശങ്ങൾ നൽകാറുണ്ട്.
പലയിടങ്ങളിൽ നിന്നും വിദ്യാർഥി സംഘങ്ങൾ കൃഷിയെ അടുത്തറിയാനും പഠിക്കാനും എത്താറുണ്ട്. വണ്ടൻമേട് കൃഷിഭവനിൽ നിന്നും സഹായങ്ങളും നിർദേശങ്ങളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റ്മാനായി 43 വർഷത്തോളം ജോലി ചെയ്തിട്ടുള്ള രവീന്ദ്രൻ നായർ 1993 ലാണ് സ്ഥലം വാങ്ങി കൃഷി വിപുലപ്പെടുത്തിയത്. 70 വർഷം മുന്പ് പാലാ വലവൂരിൽ നിന്ന് രാജാക്കണ്ടത്തെത്തിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
ബംഗളുരൂവിൽ നിന്നു 2016ന് എം.ബി.എ പാസായ മകൻ പ്രണവ് ഇപ്പോൾ അച്ഛനെപ്പോലെ മുഴുസമയ കർഷകനാണ്. മികച്ച യുവകർഷകനുള്ള ഹോർട്ടി സിസേർച്ച് സെന്ററിന്റെ ആദരവും പ്രണവ് നേടിയിട്ടുണ്ട്.
ഭാര്യ ശോഭനയും കൃഷി കാര്യങ്ങളിൽ ഏറെ തത്പരയാണ്. പത്തു ജോലിക്കാർ സ്ഥിരമായുണ്ടെങ്കിലും എല്ലായിടത്തും രവീന്ദ്രൻനായരുടെ സാന്നിധ്യമുണ്ടാകും.
ഫോണ്: 9446222704