ക്ഷീരമേഖലയിൽ ഊന്നൽ നൽകേണ്ടത് ഉത്പാദനക്ഷമതയ്ക്ക്
ഡോ.ടി.പി.സേതുമാധവൻ
Wednesday, May 7, 2025 2:37 PM IST
വർധിച്ചുവരുന്ന ആവശ്യം മുൻനിറുത്തി ക്ഷീരമേഖലയിൽ പാലുത്പാദനം ഉയർത്താനുള്ള മാർഗങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. കേരളത്തിൽ അഞ്ചു ലക്ഷത്തോളം കറവമാടുകളുടെ ഉത്പാദനം 10 % വർധിപ്പിക്കാനുള്ള തന്ത്രങ്ങളാണ് വേണ്ടത്.
ഇതിലൂടെ സംസ്ഥാനത്ത് പ്രതിദിനം 5 ലക്ഷം ലിറ്റർ പാലിന്റെ വർധനവുണ്ടാക്കാം. അധിക ചെലവില്ലാതെ ഉത്പാദനം വർധിപ്പിക്കാൻ ക്ഷീര ഗവേഷണ മേഖലയിലെ വിജ്ഞാന വ്യാപനം ഊർജിതപ്പെടുത്താം.
അതിനായി, പുതിയ ടെക്നോളജികളും കണ്ടെത്തലുകളും കർഷകരിലെത്തിക്കുകയാണ് വേണ്ടത്. രാത്രികാലങ്ങളിൽ കറവപ്പശുക്കൾക്കു യഥേഷ്ടം ശുദ്ധമായ വെള്ളം കുടിക്കാൻ നൽകുന്നത് പാലുത്പാദനം വർധിപ്പിക്കാൻ സഹായിക്കും.
പശുക്കൾക്ക് തൊഴുത്തിൽ ആശ്വാസകരമായ അവസ്ഥ ഉറപ്പുവരുത്തുന്ന കൗ കംഫർട്ട് ഉറപ്പു വരുത്തുകയും വേണം. തൊഴുത്തിൽ വേണ്ടത്ര സ്ഥലസൗകര്യം ഉറപ്പു വരുത്തണം. ചൂട് കൂടുതലുള്ള പകൽ സമയങ്ങളിൽ പശുക്കളെ മരത്തണലിൽ പാർപ്പിക്കുന്നത് നല്ലതാണ്.
ഇസ്രായേലിലെ ഫാമുകളിലെപ്പോലെ പശുക്കളെ തുറന്നുവിടുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്. കാലാവസ്ഥ മാറ്റാതെ ചെറുക്കാനുള്ള സാങ്കേതിക വിദ്യകളും, പരിചരണ രീതികളും അവലംബിക്കണം. കറവപ്പശുക്കളെ ചൂടു കൂടുതലുള്ള തൊഴുത്തിൽ പാർപ്പിച്ചാൽ പാലുത്പാദനം കുറയും.
പശുക്കളെ മരത്തണലിൽ പകൽസമയങ്ങളിൽ പാർപ്പിക്കാം. വിറ്റാമിൻ ധാതുലവണ മിശ്രിതം പതിവായി 60 ഗ്രാം വീതം തീറ്റയിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്. പച്ചപ്പുല്ല് പതിവായി നൽകുന്നത് ജീവകം എ യുടെ ന്യുനത കുറയ്ക്കാൻ സഹായിക്കും.
പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ മീനെണ്ണ ഓരോ ഒൗണ്സ് വീതം ഒന്നിടവിട്ട ദിവസങ്ങളിൽ തീറ്റയിൽ ഉൾപ്പെടുത്തണം. ചെനയുള്ള പശുക്കൾക്ക് പ്രസവത്തിന് രണ്ടു മാസം മുന്പും, പ്രസവിച്ചു പത്താമത്തെ ദിവസവും വിരമരുന്നു നൽകുന്നത് പാലുല്പാദനത്തിൽ പ്രതിദിനം 1.3 ലിറ്ററിന്റെ വർധനവുണ്ടാക്കും.
ക്ഷീരമേഖലയിൽ മൂല്യവർധിത ഉത്പന്ന നിർമാണത്തിന് പ്രസക്തിയേറുകയാണ്. പുളിപ്പിച്ച ക്ഷീരോത്പന്നങ്ങൾക്കു ഏറെ സാധ്യതകളുണ്ട്.
അകിടു വീക്കം ഭീഷണി
കന്നുകാലികളിലെ അകിടുവീക്കം മൂലം പാലുത്പാദനത്തിൽ കാര്യമായ കുറവുണ്ടാകുന്നുണ്ട്. ഇതുവഴി രാജ്യത്തുണ്ടാകുന്ന നഷ്ടം 14000 കോടി രൂപയിലധികമാണ്. രോഗം ബാധിച്ച പശുക്കളുടെ ചികിത്സാചെലവ് ഇതിലും കൂടുതലാണ്.
എന്നാൽ, കറവമാടുകളിലെ അകിടുവീക്കത്തിനെതിരായി ഫലപ്രദമായ രോഗനിയന്ത്രണ മാർഗങ്ങളില്ല. വിവിധയിനം ബാക്റ്റീരിയകൾ, വൈറസുകൾ, പൂപ്പലുകൾ എന്നിവ അകിടുവീക്കത്തിന് കാരണമാകുന്നതിനാൽ വാക്സിനുകളുമില്ല.
അടുത്തയിടെ ബംഗളൂരുവിലെ ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് കേരളത്തിൽ നടത്തിയ ഗവേഷണത്തിൽ അകിടുവീക്കത്തിനെതിരേ മഞ്ഞളിൽ നിന്നു വേർതിരിച്ചെടുക്കുന്ന കുർകുമിൻ ചേർത്തുള്ള ഉത്പന്നം ഏറെ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
കറവയുള്ളപ്പോഴും, കറവ വറ്റിയ സമയത്തും, പ്രസവത്തിനു മുന്പും പശുക്കൾക്ക് ദിവസേന തീറ്റയിൽ ചേർത്ത് നൽകുന്നത് അകിടുവീക്കത്തിനെതിരായി രോഗപ്രതിരോധശേഷി കൈവരിക്കാനും രോഗ നിയന്ത്രണത്തിനും ഉപകരിക്കും.
കാത്സ്യം -ഫോസ്ഫറസ് അനുപാതം, ആൽബുമിൻ -ഗ്ലോബുലിൻ അനുപാതം എന്നിവയിൽ ഉയർച്ചയുണ്ടാകും. ഇമ്യൂണിഗ്ലോബുലിൻ, ഇന്റർഫെറോണ്, കോംപ്ലിമെന്റ് 3 പ്രോട്ടീൻ എന്നിവയിലുള്ള വർധനവ് രോഗപ്രതിരോധശേഷി ഉയർത്താൻ സഹായിക്കും.
96 ശതമാനത്തോളം സങ്കരയിനം കന്നുകാലികളുള്ള കേരളത്തിൽ പശുക്കളിൽ അകിടുവീക്ക നിരക്ക് കൂടുതലാണ്. രോഗപ്രതിരോധശേഷി, പാലുത്പാദനം എന്നിവ ഉയർത്താനും, അകിടുവീക്കത്തെയും, മറ്റു സാംക്രമിക രോഗങ്ങളെയും ഒരു പരിധിവരെ ചെറുക്കാനും ഗവേഷണഫലങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.
(വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറും, ലോകബാങ്ക് കണ്സൾട്ടന്റുമാണ് ലേഖകൻ)