കളിക്കളം
സൂപ്പർഹിറ്റ് മൂവീസ്

പലവേഷങ്ങൾ ആടിത്തിമിർക്കുന്ന ജീവിതമാണ് ഓരോ കളിക്കളവും. ആപേക്ഷികമാണ് അവിടെ അണിയുന്ന ഉടയാടകളും ആടിത്തിമിർക്കുന്ന ജീവിതങ്ങളും. പല പേരുകളിൽ, പല വ്യക്‌തിത്വങ്ങളായ്, പലർക്കു മുന്നിൽ അയാളെത്തി. നഗരത്തിലെത്തിയ പുതിയ കള്ളൻ. കുശാഗ്രബുദ്ധിയും അസാധാരണ തന്ത്രങ്ങളും കൊണ്ട് തന്റെ കൃത്യങ്ങൾ വിജയിപ്പിക്കുന്ന ആ കള്ളനു തൊട്ടു പിന്നാലെ സർക്കിൾ ഇൻസ്പെക്ടർ ശേഖറുമുണ്ട്. പോലീസും കള്ളനും തമ്മിലുള്ള കൗശലക്കളിയുടെ കഥ പറഞ്ഞുകൊണ്ട് 1990–ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു കളിക്കളം. മമ്മൂട്ടിയും മുരളിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിനു രചന ഒരുക്കിയിരിക്കുന്നത് എസ്. എൻ സ്വാമിയാണ്.
കുടുംബ പ്രേക്ഷകരുടെ സംവിധായകൻ സത്യൻ അന്തിക്കാടും ത്രില്ലർ സിനിമകളുടെ രചയിതാവ് എസ്.എൻ സ്വാമിയും ഈ ചിത്രത്തിലൂടെ ഇദംപ്രഥമമായി ഒന്നിക്കുകയായിരുന്നു. തിരക്കഥാകൃത്തിന്റെ പതിവു ശൈലിയിൽ കഥയ്ക്കുള്ള ചൂടും ചൂരും ഈ ചിത്രത്തിലും അനുഭവപ്പെടുന്നുണ്ടെങ്കിലും ലളിതവും സുന്ദരവുമായി അവതരിപ്പിക്കാനുള്ള സത്യന്റെ പാടവം തന്നെയാണ് ചിത്രം വ്യത്യസ്തമാക്കുന്നത്. മമ്മൂട്ടിക്കും മുരളിക്കുമൊപ്പം ശോഭന, ശ്രീനിവാസൻ, ലാലു അലക്സ്, മാമുക്കോയ, ശാരി, ഇന്നസെന്റ്, സി.ഐ പോൾ, ഫിലോമിന, ചിത്ര എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. ആ വർഷത്തെ സൂപ്പർഹിറ്റിൽ ഒന്നിയിരുന്നു ഈ ചിത്രം.

സിറ്റിയിൽ സ്‌ഥലം മാറിയെത്തിയ എസ്ഐ ശേഖറിന് ആദ്യം നേരിടേണ്ടി വന്നത് ഒരു പരീക്ഷണമായിരുന്നു. കള്ളപ്പണം പിടിക്കാൻ റവന്യു ഇന്റലിജൻസ് ഓഫീസറായി എത്തിയത് കള്ളനാണെന്ന് അറിയാതെ അയാളെ സഹായിക്കുന്നു. എന്നാൽ ചതിയിൽ പെട്ടു എന്നറിയുമ്പോഴേക്കും കള്ളൻ രക്ഷപ്പെട്ടിരുന്നു. ആ കള്ളൻ മറ്റൊരു വേഷത്തിൽ കിട്ടിയ പൈസ ഒരു പള്ളി വക അനാഥാലയത്തിൽ ഏൽപിച്ചു. വല വേഷങ്ങളിൽ, പല പേരുകളിൽ തന്റെ മോഷണം കള്ളൻ തുടർന്നുകൊണ്ടേയിരുന്നു, പിന്നാലെ എസ്ഐ ശേഖറും. ഇവിടെ കള്ളനായി മമ്മൂട്ടിയും പോലീസ് ഉദ്യോഗസ്‌ഥനായി മുരളിയുമാണ് അഭിനയിക്കുന്നത്. പല പേരുകളിൽ എത്തുന്ന ഈ കള്ളൻ ഒരു പ്രത്യേക സാഹചര്യത്തിൻ നർത്തികിയായ ആനിയെ പരിചയപ്പെട്ടു. ആനിയുടെ ആരാധകനാണെന്നു താനെന്നു പരിചയപ്പെടുന്നതോടെ അതൊരു ഇഷ്ടമായി വളരുന്നു. ഇതിനിടയിൽ താൻ കാരണം എസ്ഐ ശേഖർ ബുദ്ധിമുട്ടുന്നതും ആ കള്ളൻ തിരിച്ചറിഞ്ഞിരുന്നു. ഒരു കൊള്ളക്കാരന്റേയോ പിടിച്ചു പറിക്കാരന്റേയോ തത്വശാസ്ത്രത്തിലധിഷ്ടിതമായുള്ള നീക്കങ്ങളല്ല ഈ കള്ളന്റേത്. കാരണം സമൂഹത്തിൽ മാന്യതയുടെ മുഖം അണിഞ്ഞ് സാധാരണക്കാരനെയും സർക്കാരിനെയും പറ്റിക്കുന്നവരാണ് ഇദ്ദേഹത്തിന്റെ ഇര. ഇതിനിടയിൽ ഈ പോലീസ് ഉദ്യോഗസ്‌ഥൻ ഒരു കൊലപാതകക്കേസിൽ പ്രതിയായി. ഈ കൊലപാതകത്തിൽ കള്ളൻ സാക്ഷിയാകുന്നു. പോലീസ് ഉദ്യോഗസ്‌ഥനെ രക്ഷിക്കാൻ കോടതിയിലെത്തി താൻ കണ്ട സത്യം വിളിച്ചു പറയുകയും യഥാർത്ഥ പ്രതികളെ കോടതിയിൽ എത്തിക്കുകയും ചെയ്യുന്നു. ഒപ്പം താനാണ് പോലീസ് അന്വേഷിക്കുന്ന കള്ളനെന്നും അറിയിച്ചു. കോടതിയിൽ നിന്നും ജയിലിലേക്കു കൊണ്ടു പോകാൻ തുടങ്ങുമ്പോൾ ശേഖറിനോട് ആ കള്ളൻ മാപ്പ് പറയുന്നു. സത്യമെല്ലാം തിരിച്ചറിഞ്ഞു നിൽക്കുന്ന ആനിയോട് നല്ലൊരു കുടുംബിനിയായി ഭാവിയിൽ കുട്ടികൾക്കു ഈ കള്ളന്റെ കഥ പറയണമെന്നു പറഞ്ഞുകൊണ്ട് ആ മനുഷ്യൻ ജയിലിലേക്കു യാത്രയാകുന്നു.


ത്രില്ലർ സ്വഭാവത്തിൽ ചിത്രം മുന്നോട്ടു പോകുന്നതുകൊണ്ടു തന്നെ തന്റെ പതിവു ശൈലിയിൽ നിന്നും മാറി സഞ്ചരിക്കാൻ സത്യൻ അന്തിക്കാട് ശ്രമിച്ചിട്ടുണ്ട്. എങ്കിലും നർമ്മ മുഹൂർത്തങ്ങളും ലളിത–സുന്ദര സാഹചര്യങ്ങളും പതിവു സത്യൻ ചിത്രങ്ങൾ പോലെ ഇതിലും പ്രേക്ഷ കർക്കു മുന്നിലെത്തുന്നു. പടു വൃദ്ധനായും ചെറുപ്പക്കാരനായും തുടങ്ങി മമ്മൂട്ടിയുടെ വ്യത്യസ്തങ്ങളായ അഭിനയ മുഹൂർത്തങ്ങൾ കളിക്കളം കാഴ്ചവയ്ക്കുന്നുണ്ട്. ഒപ്പം ജോൺസൺ ഒരുക്കിയ സംഗീതവും വിപിൻ മോഹനന്റെ ഛായാഗ്രഹണവും ചിത്രത്തിനു മുതൽകൂട്ടായി. സ്‌ഥിരമായുള്ള ട്രാക്കിൽ നിന്നും മാറി സഞ്ചരിക്കുമ്പോഴും സിനിമയിൽ തന്റെ കയ്യൊപ്പു ചാർത്താൻ സത്യൻ അന്തിക്കാടിനു കഴിഞ്ഞു.
സമൂഹത്തിനു നേരെ തിരിച്ചു പിടിക്കുന്ന കണ്ണാടിയായാണ് കളിക്കളം പ്രേക്ഷകനു മുന്നിലെത്തുന്നത്. കാരണം ചിത്രം തൊടുത്തു വിടുന്ന ചോദ്യങ്ങൾ നമ്മുടെ നിയമ വാഴ്ചയുടെ മുന്നിലാണ് എത്തിനിൽക്കുന്നത്. ഇവിടെ ആരും കള്ളനായി ജനിക്കുന്നില്ല, സമൂഹമാണ് അവരെ കള്ളനാക്കുന്നത്.
തയാറാക്കിയത്:
അനൂപ് ശങ്കർ
Loading...