എഫ്ഡി: സുരക്ഷിതം, പക്ഷേ വരുമാനം കുറവ്
എഫ്ഡി: സുരക്ഷിതം, പക്ഷേ വരുമാനം കുറവ്
Wednesday, August 24, 2016 4:02 AM IST
സ്‌ഥിര നിക്ഷേപം (എഫ്ഡി) ഒരു വണ്ടർഫുൾ നിക്ഷേപ ഉത്പന്നമാണ്. വളരെ ലളിതവും. ആർക്കും മനസിലാകുന്നവ. നിക്ഷേപത്തിന് ഇഷ്ടമുള്ള കാലയളവ് തെരഞ്ഞെടുക്കാം. പ്രത്യേകിച്ചും ഹ്രസ്വകാലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്കുകമെങ്കിലു ദീർഘകാലത്തിൽ പണപ്പെരുപ്പത്തിനെതിരേ ഇതു ദുർബലമായ നിക്ഷേപമാണ്. കഷ്‌ടിച്ചു നിക്ഷേപമൂല്യത്തെ സംരക്ഷിച്ചുനിർത്തിയാലായി. മികച്ച റിട്ടേൺ പ്രതീക്ഷിക്കുന്നവർക്കു മറ്റു നിക്ഷേപ മേഖലകൾ തേടേണ്ടതായി വരും. ക്രമമായി വരുമാനം ലഭ്യമാക്കുവാൻ ഏറ്റവും യോജിച്ചതാണ് എഫ്ഡി എന്നതിൽ സംശയമില്ല.

<യ> ജനപ്രിയം പക്ഷേ...

രാജ്യത്തെ ഏറ്റവും ജനപ്രിയ നിക്ഷേപവും എഫ്ഡി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് മറ്റു നിക്ഷേപ മേഖലകൾ ഉണ്ടായിട്ടും ബാങ്കുകളിൽ പണം എഫ്ഡിയായി കുമിഞ്ഞുകൂടുന്നത്.
റിസർവ് ബാങ്ക് റീപോ നിരക്ക് കുറച്ചതിനെത്തുടർന്ന് 2014–15 കാലയളവിൽ 9 ശതമാനത്തിൽ നിന്നിരുന്ന സ്‌ഥിര നിക്ഷേപ പലിശനിരക്ക് ഇപ്പോൾ 7.25–7.75 ശതമാനത്തിനിടയിലേക്ക് താഴ്ന്നിരിക്കുകയാണ്. ബാങ്ക് ഡിപ്പോസിറ്റിന്റെ പലിശ നിരക്കു മാത്രമല്ല, കമ്പനി ഡിപ്പോസിറ്റ് ഉൾപ്പെട മിക്ക ഡെറ്റ് ഉപകരണങ്ങളുടേയും നിരക്കുകൾ കുറഞ്ഞു. ചുരുക്കത്തിൽ രാജ്യത്തെ ഡെറ്റ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയുകയാണ്.

എന്നാൽ അടുത്തയിടെ പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 9–ലെ പണനയത്തിൽ റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമോ എന്നു കാത്തിരിക്കുകയാണ്. അതു സംഭവിച്ചാൽ സ്‌ഥിര നിക്ഷേപങ്ങളുടെ പലിശ വീണ്ടും താഴേയ്ക്കു നീങ്ങും.

<യ> എഫ്ഡിയിലെ റിസ്ക്

പലിശ കുറയുന്ന ഒരു സംവിധാനത്തിൽ എഫ്ഡിയിലെ ഏറ്റവും വലിയ റിസ്ക് പുനർ നിക്ഷേപമാണ്. ഉയർന്ന പലിശ നിരക്കിലുള്ള എഫ്ഡി കാലാവധി പൂർത്തിയാകുമ്പോൾ കുറഞ്ഞ പലിശയിൽ പുതുക്കിയിടേണ്ടതായി വരും.

<യ> കമ്പനി സ്‌ഥിര നിക്ഷേപം

ബാങ്കുകളേക്കാൾ മെച്ചപ്പെട്ട പലിശ നിരക്ക് എപ്പോഴും കമ്പനികൾ നൽകുന്നുണ്ട്. പലപ്പോഴും ബാങ്ക് സ്‌ഥിര നിക്ഷേപ പലിശയേക്കാൾ 1–2.5 ശതമാനം വളരെ ഉയർന്ന പലിശ കമ്പനികൾ നൽകുന്നു. നല്ല കമ്പനികളിലല്ലെങ്കിൽ നിക്ഷേപം തന്നെ നഷ്‌ടമാകുന്നുവെന്ന റിസ്കുണ്ട്.

ഈ റിസ്ക് കുറയ്ക്കാനുള്ള ഏക വഴി ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഉള്ള കമ്പനികളുടെ ഡിപ്പോസിറ്റിൽ മാത്രം നിക്ഷേപം നടത്തുക. മികച്ച മാനേജ്മെന്റും ബിസിനസുമുള്ള കമ്പനികളുടെ ഡിപ്പോസിറ്റ് തെരഞ്ഞെടുക്കുക. അതിനായി നിക്ഷേപകർ അല്പം സമയമെടുത്തു പഠനം നടത്തുന്നത് എന്തുകൊണ്ടു നല്ലതാണ്. കാരണം നിക്ഷേപിക്കുന്നത് സ്വന്തം അധ്വാനത്ിന്റെ പ്രതിഫലമാണെന്ന് ഓർമിക്കുക.

കമ്പനി എഫ് ഡി എന്നു പറഞ്ഞാൽ കമ്പനികൾക്കു ബിസിനസ് നടത്താൻ നിക്ഷേപകൻ വായ്പ നൽകുന്നുവെന്നാണ് അർത്ഥം.

<യ> നികുതി വിധേയം

സ്‌ഥിര നിക്ഷേപത്തിൽനിന്നു ലഭിക്കുന്ന പലിശ വരുമാനത്തിനു പൂർണമായും നികുതി നൽകണം. ഏതു വരുമാന ബ്രാക്കറ്റിൽ വരുന്നുവോ ആ നിരക്കിലാണ് പലിശ വരുമാനത്തിനു നികുതി നൽകേണ്ടത്. ഇപ്പോഴത്തെ നിൽയിൽ 7.5 ശതമാനം പലിശ വരുമാനം കിട്ടുന്നുവെന്നു കരുതുക. പത്തു ശതമാനം നികുതി ബ്രാക്കറ്റിൽ വരുന്ന നിക്ഷേപകന് നികുതിയും കിഴിച്ച് ലഭിക്കുക 6.72 ശതമാനമാണ്. ഇരുപതു ശതമാനം ബ്രാക്കറ്റിലിത് 5.95 ശതമാനവും മുപ്പതു ശതമാനം ബ്രക്കറ്റിൽ വരുന്നയാൾക്കു 5.18 ശതമാനവും പലിശയാണു ലഭിക്കുക. അതായത് ഇപ്പോഴത്തെ ഔദ്യോഗികപണപ്പെരുപ്പത്തേക്കാൾ കുറവു വരുമാനം. യഥാർത്ഥത്തിൽ അനുഭവിക്കുന്ന പണപ്പെരുപ്പം ഇതിലുമെത്രയോ കൂടുതലാണ്.
ഒരു കലണ്ടർ വർഷത്തിൽ പതിനായിരം രൂപയിൽ കൂടുതൽ പലിശ വരുമാനം ലഭിച്ചാൽ സ്രോതസിൽ 10 ശതമാനം നികുതി കിഴിക്കും. എഫ്ഡി, സേവിംഗ്സ്, റെക്കറിംഗ് ഡിപ്പോസിറ്റ് തുടങ്ങിയവയ്ക്കെല്ലാം ഇതു ബാധകമാണ്. കമ്പനി ഡിപ്പോസിറ്റുകളുടെ കാര്യത്തിലിത് 5000 രൂപയാണ്.

<യ> ടാക്സ് സേവിംഗ് ഉപകരണം

അഞ്ചുവർഷക്കാലത്തേയ്ക്കുള്ള സ്‌ഥിര നിക്ഷേപത്തെ നികുതിലാഭ ഉപകരണമായി ഉപയോഗിക്കാം. നികുതി നിയമത്തിന്റെ 80സിയിൽ ഉൾപ്പെടുത്തി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് കിഴിവു നേടാം.
പക്ഷേ അഞ്ചുവർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. മാത്രമല്ല, ഇതിലെ വരുമാനം നികുതി വിധേയമാണു താനും.

<യ> പെട്ടെന്നു പണമാക്കാം, പക്ഷേ..

ബാങ്ക് ഡിപ്പോസിറ്റ് എപ്പോൾ വേണമെങ്കിലും നിക്ഷേപകന് പണമാക്കി മാറ്റാം. പക്ഷേ ഇതിനു ചെലവു വരും. ലഭിക്കുന്ന പലിശ നിരക്കിൽ കുറവുണ്ടാകും

<യ> റിസ്ക് കുറവ്

റിസ്ക് കുറവുള്ള നിക്ഷേപമാണ് ബാങ്ക് ഡിപ്പോസിറ്റ്. സാധാരണ ഗതിയിൽ ബാങ്ക് സ്‌ഥിരനിക്ഷേപം തിരിച്ചു കിട്ടാതിരിക്കില്ല. കാരണം റെഗുലേറ്ററായ റിസർവ് ബാങ്ക് വളരെ ജാഗ്രതയോടെ ഈ മേഖലയിൽ ശ്രദ്ധിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ( പലിശയുൾപ്പെടെ) ഇൻഷുറൻസ് കവറേജ് ഉണ്ട്.