മാരക രോഗങ്ങൾക്കെതിരേ ഇൻഷുറൻസ് എടുക്കാം
തൊഴിലെടുക്കുന്ന യുവാക്കളുടെ എണ്ണം ഇന്ത്യയിൽ വർധിക്കുകയാണ്. "നാല് മുൻഗണനകൾ’ അടിസ്ഥാനമാക്കി അവരുടെ ജീവിതശൈലികള തരംതിരിക്കാം. ഉയരുന്ന അഭിലാഷങ്ങൾ, ഉയരുന്ന വരുമാനം, ഉയരുന്ന ഉപഭോഗം, ഉയരുന്ന പിരിമുറുക്കം (4 ആർസ്- റൈസിംഗ് ആസ്പിരേഷൻ, റൈസിംഗ് ഇൻകം, റൈസിംഗ് കണ്‍സംപ്ഷൻ, റൈസിംഗ് സ്ട്രെസ്) എന്നിവയാണവ.

അവരുടെ വേഗം കൂടിയ പ്രഫഷണൽ ജീവിതത്തിനിടയിൽ ഏറ്റവും അവഗണിക്കപ്പെടുന്നത് ആരോഗ്യകരമായ ഭക്ഷണ, ജീവിതശൈലികളാണ്. അതുകൊണ്ടുതന്നെ ഹൃദ്രോഗം, കാൻസർ തുടങ്ങിയവ അവരുടെ ഇടയിൽ സ്ഥിരതയോടെ വർധിക്കുന്നതിൽ അതിശയിക്കേണ്ടതില്ല. ഇന്ത്യക്കാരുടെ ജീവൻ അപഹരിക്കുന്നതിൽ ഇവ രണ്ടിന്േ‍റയും പങ്ക് അന്പതു ശതമാനത്തോളമാണ്.

ലോകത്ത് ഏറ്റവും കൂടുതൽ ഹൃദയാഘാത നിരക്ക് ഇന്ത്യയിലാണെന്നും പ്രതിവർഷം രണ്ടു ലക്ഷത്തോളം ഹൃദശസ്ത്രക്രിയകൾ നടത്തുന്നുണ്ടെന്നുമാണ് അടുത്തകാലത്തു നടത്തിയ മെഡിക്കൽ പഠനങ്ങൾ പറയുന്നത്. ലോകത്തെ പതിമൂന്നു കാൻസർ രോഗികളിൽ ഒരാൾ ഇന്ത്യയിൽനിന്നാണ്. 2020-ഓടെ ഇന്ത്യയിലെ കാൻസർ രോഗികളുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ടാകുമെന്നും കണക്കാക്കുന്നു.

ഹൃദ്രോഗം, കാൻസർ എന്നീ രോഗങ്ങളെക്കുറിച്ചുള്ള ഈ കണക്കുകൾ തീർച്ചയായും ആശങ്കയുണർത്തുന്നതാണ്. ഈ ആശങ്കാകുലമായ പഠനകണക്കുകൾക്കിടയിലും ഉയർന്നുവരുന്ന വെള്ളിരേഖ മെഡിക്കൽ ഗവേഷണം ഏറ്റവും വേഗത്തിൽ വികസിക്കുന്നുവെന്നതാണ്. ഈ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കുവാൻ സാധിക്കാത്തതാണെന്നു ഇപ്പോൾ കരുതുന്നില്ല. അൽപം ചെലവേറിയതാണെങ്കിലും ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിക്കുകയെന്നതാണ് രോഗം ഭേദമാക്കുന്നതിനാവശ്യമായ സംഗതി. ഈ രണ്ടു രോഗങ്ങളും വിട്ടുമാറാത്ത സ്വഭാവത്തിലുള്ളവയാണ്. ദീർഘകാലത്തിലുള്ള ചികിത്സയും കൂടെക്കുടെയുള്ള ആശുപത്രി സന്ദർശനവും വേണം. ഈ രോഗങ്ങളിൽനിന്നു മോചനം നേടുവാൻ കൂടുതൽ സമയവുമെടുക്കുന്നു. ഇതെല്ലാമാണ് ഇവയുടെ ചികിത്സയെ ചെലവേറിയതാക്കുന്നത്.
ഈ രോഗങ്ങളുടെ ചികിത്സയ്ക്കു വേണ്ടിവരുന്ന പണച്ചെലവിനെക്കുറിച്ച് ഏകദേശം അറിഞ്ഞുവയ്ക്കുന്നത്, ഇത്തരമൊരു അവസ്ഥയെ നേരിടാൻ കുടുംബാംഗങ്ങളെ പ്രാപ്തരാക്കും. ഒരു ഹൃദയാഘാതം ആശുപത്രിയിലേക്കും ബൈപാസ് സർജറിയിലേക്കും നീങ്ങുന്പോൾ അതിനു വേണ്ടിവരുന്ന ചെലവ് ഏകദേശം 8-10 ലക്ഷം രൂപയാണ്. കാൻസറിന്‍റെ കാര്യത്തിലാണെങ്കിൽ കീമോതെറാപ്പിയുടെ എണ്ണമനുസരിച്ച് ചെലവ് 15 ലക്ഷം രൂപയാകും. ഇതിനു പുറമേ ആശുപത്രിച്ചെലവുകളും വരും.

രോഗി കുടുംബത്തിൽ വരുമാനംനേടുന്ന ആൾ കൂടിയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. നേരത്തെയുള്ളതുപോലെ പ്രഫഷണൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ രോഗിക്കു കഴിയാതെ വരികയും കുടുംബത്തിലെ വരുമാനം നിലയ്ക്കുന്നുവെന്നതുമാണ് ഈ രോഗങ്ങളുടെ ഉടനേയുള്ള പ്രത്യാഘാതം,

അതിനാൽ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ ഏറ്റവും ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. എന്നാൽ വ്യക്തികളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ ശരാശരി കവറേജ് ഏതാണ്ട് 2-3 ലക്ഷം രൂപയാണിപ്പോൾ. ഇപ്പോഴത്തെ ചികിത്സാച്ചെലവ് കണക്കാക്കുന്പോൾ ഇത് വളരെ കുറവാണ്. കാരണം ആരോഗ്യ ഇൻഷുറൻസ് ആശുപത്രി ചികിത്സയും ബന്ധപ്പെട്ട ചെലവുകളുമേ വഹിക്കുന്നുള്ളു. എന്നാൽ ഹൃദ്രോഗം, കാൻസർ തുടങ്ങിയവയുടെ ചികിത്സ ദീർഘകാലത്തിലുള്ളതാണ്. ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മുന്പും പിന്പും ചെലവുകളുണ്ട്.

ഇന്ന് ഹൃദ്രോഗം, കാൻസർ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ പ്രീമിയം നിരക്ക് വളരെ താങ്ങാവുന്ന നിലയിലാണ്. ഉദാഹരണത്തിന് പ്രതിമാസം 100 രൂപ പ്രീമിയമായി നൽകിയാൽ വ്യക്തികൾക്ക് ഹൃദ്രോഗത്തിനു 10 ലക്ഷം രൂപയുടേയും കാൻസറിന് 20 ലക്ഷം രൂപയുടേയും കവറേജ് ലഭിക്കും.

ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങൾ കണ്ടെത്തിയാൽ അതിന്‍റെ ചികിത്സാച്ചെലവിലേക്കായി കവറേജ് തുക അപ്പോൾ തന്നെ നൽകുന്ന പോളിസികൾ ചില ഇൻഷുറൻസ് കന്പനികളെങ്കിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതുമൂലം തങ്ങളുടെ മറ്റ് ധനകാര്യ ആവശ്യങ്ങൾക്കായി (ഉദാഹരണത്തിന് കുട്ടികളുടെ വിദ്യാഭ്യാസം, വീടു വാങ്ങൽ, റിട്ടയേർമെന്‍റ് തുടങ്ങിയവ) നീക്കി വച്ചിട്ടുള്ള തുകയെടുക്കാതെതന്നെ മികച്ച ചികിത്സ ലഭ്യമാക്കുവാൻ കുടുംബാംഗങ്ങൾക്കു സാധിക്കുന്നു.

ക്രമമായ മെഡിക്കൽ ചെക്കപ്പ്, വ്യായാമം, നല്ല ഭക്ഷണശീലങ്ങൾ എന്നിവ രോഗരഹിത ജീവിതംനയിക്കുവാൻ സഹായിക്കും. എന്നാലും ജീവിതം പ്രവചനാതീതമാണ്. എന്താണ് സംഭവിക്കുകയെന്ന് ആർക്കും പറയുവാനാവില്ല. അതിനാൽ ഏതിനേയും നേരിടാൻ തയാറെടുക്കകയാണ് ചെയ്യാനുള്ള കാര്യം.

ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങൾക്കെതിരേ വിജയകരമായി പോരാടുവാൻ ചെയ്യേണ്ടത് തുടക്കത്തിലെ ഇവ കണ്ടെത്തുകയും സമയോചിതമായി ചിക്തിസ നൽകുകയെന്നതുമാണ്. ചികിത്സയ്ക്കാവശ്യമായ പണം കൈവശമുണ്ടാവുകയെന്നതും വളരെ പ്രധാനമാണ്.

ഇപ്പോൾ കാൻസർ, അല്ലെങ്കിൽ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ആവശ്യമായ കവറേജ് ഉറപ്പാക്കുന്ന ഇൻഷുറൻസ് ഉത്പന്നങ്ങൾ വ്യക്തികൾക്കു എളുപ്പത്തിൽ ലഭ്യമാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോം ലഭ്യമായതോടെ യോജിച്ച പോളിസിയും ആവശ്യത്തിനുള്ള കവറേജും ലഭ്യമാക്കുകയെന്നത് വളരെ എളുപ്പമായിരിക്കുകയാണ്. ഏതാനും മിനിറ്റുകൾക്കുള്ളിൽ പോളിസിക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ സാധിക്കും.

പുനീത് നന്ദ,
എക്സിക്യൂട്ടീവ് ഡയറക്ടർ, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കന്പനി ലിമിറ്റഡ്