വായ്പകളും വിരൽത്തുന്പിൽ പിടുപി ലെൻഡിംഗ് പ്ലാറ്റ്ഫോം
പരന്പരാഗതമായി കണ്ടു വരുന്ന വായ്പ വാങ്ങൽ രീതി ബാങ്കിൽ നിന്നോ ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പ എടുക്കുക എന്നതാണ്.അതിനായി ദിവസങ്ങൾ ഓഫീസുകൾ കയറിയിറങ്ങണം. അവർ ആവശ്യപ്പെടുന്ന രേഖകളെല്ലാം ഹാജരാക്കണം അങ്ങനെ അങ്ങനെ കടന്പകൾ ഏറെയാണ്. വായ്പ എടുക്കേണ്ടായിരുന്നു എന്നു വരെ ചിന്തിച്ചു പോകും ഈ സമയം!

പക്ഷേ, സാങ്കേതിക വിദ്യയും സൗകര്യങ്ങളും വളരുന്നതിനനുസരിച്ച് വായ്പ എടുക്കന്നതും ലളിതമായിരിക്കുകയാണ്. സ്റ്റാർട്ടപ്പുകൾ, സ്വന്ത മായൊരു സംരംഭം തുടങ്ങിയ ആവശ്യങ്ങൾക്ക് ഒൗദ്യോഗിക ധനകാര്യ സ്ഥാപനം ഇടയ്ക്കില്ലാതെ പണം വായ്പ എടുക്കുന്നതിനു സഹായിക്കുന്ന സംവിധാനമാണ് പീർ ടു പീർ വായ്പ. ഇപ്പോൾ ഈ വായ്പ പൂർണമായും കൈകാര്യം ചെയ്യുന്നത് ചില ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളാണ്. വായ്പ എടുക്കുന്നയാളുടേയും നൽകുന്നയാളുടേയും ആവശ്യങ്ങൾ കണക്കിലെടുത്താണ് ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നത്. വായ്പ നൽകാനുദ്ദേശിക്കുന്നവർക്കും എടുക്കാൻ ഉദ്ദേശിക്കുന്നവർക്കും ബന്ധപ്പെടുവാനുള്ള സൗകര്യമാണ് ഈ പി ടു പി പ്ലാറ്റ്ഫോമുകൾ തയാറാക്കി നൽകുന്നത്. സോഷ്യൽ ലെൻഡിംഗ് എന്നും ഇത് അറിയപ്പെടുന്നു.

സാധാരണ വായ്പ ലഭിക്കാനുള്ള കാലതാമസമോ നടപടിക്രമങ്ങളോ ഇതിനില്ലാത്തതിനാൽ വേഗം പണം കയ്യിൽ വരും. വായ്പ എടുക്കുന്നവർക്കു മാത്രമല്ല വായ്പ നൽകുന്നവർക്കും ഈ പ്ലാറ്റ്ഫോം നേട്ടമാണ്. നിലവിൽ ബാങ്കുകളിലേയും മറ്റും സ്ഥിര നിക്ഷേപങ്ങൾക്കു പലിശ വളരെ താഴ്ന്നിരിക്കുന്ന സമയമാണിത്. അതുകൊണ്ടു തന്നെ വായ്പ നൽകുന്നവർക്ക് പലിശയിനത്തിൽ നല്ല വരുമാനവും ഉറപ്പാക്കാൻ സാധിക്കും. വ്യക്തികളും ബിസിനസ് ഗ്രൂപ്പുകൾക്കും വായ്പ ഇതുവഴി ലഭ്യമാകും.

എന്താണ് പി ടു പി

2005 ൽ യുകെയിൽ ആരംഭിച്ച "സോപ’ എന്ന ഓണ്‍ലൈൻ ലെൻഡിംഗ് പ്ലാറ്റ്ഫോമോടെയാണ് പി ടു പിയുടെ തുടക്കം. പിന്നെ പതിയെപ്പതിയെ മറ്റു രാജ്യങ്ങളിലേക്കുമെത്തി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഗസറ്റ് നോട്ടിഫിക്കേഷനിൽ പീർ ടു പീർ ഗ്രൂപ്പുകൾക്ക് വായ്പ കൊടുക്കാനുള്ള അംഗീകാരം നൽകിയിരുന്നു. ബാങ്കേതര സ്ഥാപനങ്ങൾക്കുള്ള (എൻബിഎഫ്സി) അംഗീകാരമാണ് ആർബിഐ നൽകിയിരിക്കുന്നത്.
പി ടു പി പ്ലാറ്റ്ഫോം ആയി പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്കിൽനിന്നു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കണം. മാത്രവുമല്ല പി ടു പിയായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എൻബിഎഫ്സികൾക്ക് കുറഞ്ഞത് രണ്ടു കോടി രൂപയുടെ സ്വന്തം ഫണ്ട് ഉണ്ടായിരിക്കണം.
പി ടു പി കന്പനികൾ വായപ എടുക്കുന്നവർക്കും വായ്പ നൽകുന്നവർക്കുമായുള്ള ഒരു മാർക്കറ്റ് അല്ലെങ്കിൽ ഒരു പ്ലാറ്റ്ഫോമാണ് ഒരുക്കി നൽകുന്നത്. വായ്പ നൽകുന്നവർ ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിരിക്കണം. ചില പ്ലാറ്റ്ഫോമുകൾ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് വാങ്ങിക്കാറുണ്ട്. ചിലർ വായ്പ കൊടുക്കുന്നതിലൂടെ അവർ എത്ര വരുമാനം നേടുന്നു എന്നതിനനുസരിച്ചാണ് ഫീസ് വാങ്ങുന്നത്. രജിസ്ട്രേഷൻ ഫീസായി വരുന്നത് 1500 രൂപ മുതലുള്ള തുകയാണ്.

വായ്പ എടുക്കുന്നവരും രജിസ്റ്റർ ചെയ്യണം. ഇവരെ ഈ പ്ലാറ്റ്ഫോമിൽ വിവിധ റിസ്ക് വിഭാഗങ്ങളിലായി ലിസ്റ്റ് ചെയ്യും. ഓരോ റിസ്ക് വിഭാഗത്തിനും പലിശ നിരക്ക് വ്യത്യസ്തമായിരിക്കും. വായ്പ എടുക്കുന്നവർക്കും രജിസ്ട്രേഷൻ ഫീസും പ്രോസസിംഗ് ഫീസുമുണ്ട്. ഇത് വായ്പ ലഭിച്ചതിനു ശേഷം വായ്പ തുക, വായ്പ കാലവധി എന്നിവയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. വായ്പ ആവശ്യപ്പെടുന്ന ഓരോരുത്തരെക്കുറിച്ചും വായ്പ നൽകാൻ യോഗ്യനാണോ എന്ന് പരിശോധിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഒരോ കന്പനിക്കുമുണ്ട്.

വെല്ലുവിളികൾ

വായ്പക്കാരന് ബാങ്കുകളും ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളും വായ്പ നിഷേധിക്കുന്പോൾ സമീപിക്കാവുന്ന മാർഗമാണ് പി ടു പി. ഏതു വായ്പ എടുക്കുന്നതിനു മുന്പും എല്ലാ പ്ലാറ്റ്ഫോമുകളെക്കുറിച്ചും വിശദമായി അറിഞ്ഞിരിക്കുന്നതു നല്ലതാണ്. ബാങ്കുകളും മറ്റു ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന വ്യക്തിഗത വായ്പയെക്കാളും താരതമ്യേന പലിശ നിരക്കു കുറഞ്ഞതാണ് പി ടു പി വായ്പകൾ.
വായ്പവാങ്ങുന്നയാളെക്കുറിച്ചുള്ള അന്വേഷണത്തിൽ എന്തെങ്കിലും പിഴവോ തിരിച്ചടയ്ക്കാനുള്ള ശേഷി കുറവാണെന്നോ മറ്റോ കണ്ടെത്തിയാൽ പലിശ നിരക്ക് കൂടാനുള്ള സാധ്യതയുണ്ട്. റിസ്ക് കുറഞ്ഞവരിൽ നിന്നും 10 മുതൽ 15 ശതമാനം വരെ പലിശ ഈടാക്കുന്പോൾ റിസ്ക് കൂടിയവരിൽ നിന്നും 25 മുതൽ 30 ശതമാനം വരെ പലിശ ചില പ്ലാറ്റ്ഫോമുകൾ ഈടാക്കാറുണ്ട്.

ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തെക്കാളും മ്യൂച്ചൽ ഫണ്ടിൽ നിന്നും ലഭിക്കുന്ന റിട്ടേണിനെക്കാളും മെച്ചപ്പെട്ട റിട്ടേണ്‍ നൽകുമെന്നാണ് പി ടു പിയെക്കുറിച്ചു പറയുന്നത്. പക്ഷേ, വലിയൊരു വെല്ലുവിളി ഇതിൽ ഒളിഞ്ഞിുപ്പുണ്ട്. അത് വായപ നൽകുന്നയാൾക്കു മാത്രമുള്ളതാണ് വായ്പ നൽകുന്ന തുകയിലുള്ള ഉത്തരവാദിത്തം.


അതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പലപ്പോഴും പി ടു പി പ്ലാറ്റഫോമുകൾ ഇടപെടാറില്ല. വായ്പയെടുത്തയാൾ എന്തെങ്കിലും പോരായ്മ വരുത്തിയാൽ അതിനെ നിയമപരമായി നേരിടാനുള്ള ചെലവ് വായ്പകൊടുത്തയാൾ കണ്ടെത്തേണ്ടതായി വരും. പ്ലാറ്റ്ഫോമുകൾ അതു നൽകാറില്ല.

അനുകൂല ഘടകങ്ങൾ

ബാങ്കേതര ധനകാര്യസ്ഥാപനങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രെഡിറ്റ് ബ്യൂറോകളിൽ നിന്നും ക്രെഡിറ്റ് റെക്കോർഡുകൾ ലഭിക്കും.

അതുകൊണ്ടു തന്നെ അവർക്ക് കുറച്ചു കൂടി വ്യക്തമായ തീരുമാനങ്ങളെടുക്കാൻ കഴിയും. അതുപോലെ തന്നെ പി ടു പി പ്ലാറ്റ്ഫോമിലെ വായപക്കാരുടെ വിവരങ്ങൾ ക്രെഡിറ്റ് ബ്യൂറോകൾക്കു തിരികെ നൽകാനും കഴിയും. ഇതു വഴി പി ടു പി പ്ലാറ്റ്ഫോമുകൾക്കും ഒരു ക്രെഡിറ്റ് ഹിസ്റ്ററി നിർമ്മിക്കാൻ കഴിയും എന്നതാണ്.

ക്രെഡിറ്റ് ഹിസ്റ്ററി ലഭിക്കുന്നതു വഴി പി ടു പി പ്ലാറ്റ്ഫോമുകളെ പറ്റിക്കാനുള്ള സാധ്യതകൾ കുറയും. ഏതെങ്കിലും ഒരു വായ്പക്കാരൻ എന്തെങ്കിലും തരത്തിലുള്ള പിഴവു വരുത്തിയാൽ നിയമപരമായി നേരിടുകയും ചെയ്യാം.

എൻബിഎഫ്സിയായി പി ടു പി പ്ലാറ്റ്ഫോമുകളെ അംഗീകരിക്കുന്നതിനു മുന്പ് ഏതെങ്കിലും തരത്തിലുള്ള പിഴവു വരുത്തുന്നവരെക്കുറിച്ച് രേഖപ്പെടുത്താൻ ഒരു വഴിയുമില്ലായിരുന്നു. ഇപ്പോൾ അതു മാറുകയാണ്. അതുകൊണ്ടുതന്നെ മികച്ച ക്രെഡിറ്റ് ചരിത്രമുള്ളവർക്കു വായ്പ നൽകുവാൻ സാധിക്കും.

പലിശനിരക്കും വായ്പത്തുകയും

പലിശ നിരക്ക്, പരമാവധി വായ്പത്തുക തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മാർഗ നിർദേശങ്ങൾ വരാത്തതിനാൽ കൂടുതൽ മാർഗനിർദേശങ്ങൾ ആർബിഐയുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുണ്ട്. വായ്പ എടുക്കുന്നവർ വിവിധ സ്ഥാപനങ്ങളിലെ പലിശ നിരക്കുകളെക്കുറിച്ച് വിശദമായ അന്വേഷണവും പഠനവും നടത്തിയതിനുശേഷം മാത്രം വായ്പ എടുക്കുക.

പീർ ടു പീർ ലെൻഡിംഗ് വായ്പകൾ കിട്ടാക്കടങ്ങളായും തീരാറുണ്ട്. കാരണം ഒന്നും ഈടായി വാങ്ങാതെയാണ് വായ്പ നൽകുന്നത്.

പി ടു പിയിൽ പാർട്ടികൾ മൂന്ന്

മൂന്നു പാർട്ടികളാണ് പി ടു പി സംവിധാനത്തിലുള്ളത്. വായ്പ നൽകുന്നയാൾ, വായ്പ വാങ്ങുന്നയാൾ, ട്രസ്റ്റി എന്നിവരാണിവർ. ഇവർ ഉൾപ്പെടുന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് പി ടു പി സംവിധാനം പ്രവർത്തിക്കുന്നതും മുന്നോട്ടു പോകുന്നതും.
ഫണ്ട് കൈമാറ്റം ചെയ്യുന്നതിനു ഈ മൂന്നു പാർട്ടികൾ തമ്മിൽ ഒരു കരാർ വയ്ക്കണം. ഈ കാരറനുസരിച്ച് ബാങ്കിൽ രണ്ട് അക്കൗണ്ടുകൾ ( എസ്ക്രോ അക്കൗണ്ടുകൾ) തുറക്കണം. ഈ അക്കൗണ്ട് മാനേജ് ചെയ്യുന്നതിന്‍റെ ഉത്തരവാദിത്വം ട്രസ്റ്റിക്കാണ്.

ആദ്യത്തെ ഫണ്ട് വായ്പ നൽകുന്നയാൾ ഉപയോഗിക്കുന്നതാണ്. വായ്പ എടുക്കുന്നയാൾക്കു വേണ്ടിയുള്ള നിശ്ചിത തുക ഈ അക്കൗണ്ടിലാണ് വായ്പ നൽകുന്നയാൾ നിക്ഷേപിക്കുന്നത്. കടമെടുക്കുന്നയാളുടെ തിരിച്ചടവിനുള്ളതാണ് രണ്ടാമത്തെ അക്കൗണ്ട്. അതിൽനിന്ന് വായ്പ നൽകിയാളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നു.

ഈ അക്കൗണ്ടുകൾ രണ്ടും പ്രവർത്തിക്കുന്നത് ട്രസ്റ്റിയുടെ മേൽനോട്ടത്തിലായിരിക്കണം. അതുപോലെ പ്രമോട്ട്ചെയ്യുന്നത് ഏതെങ്കിലുമൊരു ബാങ്കുമായിരിക്കണം. എല്ലാ ഇടപാടുകളും ബാങ്ക് അക്കൗണ്ടു വഴിമാത്രമേ ചെയ്യാവു. പണമായുള്ള ഇടപാടുകൾ കർശനമായി നിരോധിച്ചിട്ടുണ്ട്.

(എസ്ക്രോ അക്കൗണ്ട് സേവനം നൽകുവാൻ ബാങ്കുകൾ വലിയ താല്പര്യം കാണിക്കന്നില്ലെന്നാണ് പി ടു പി വായ്പക്കാരുടെ പരാതി).

പ്ലാറ്റ്ഫോം

* പ്ലാറ്റ്ഫോം വായ്പ നൽകുന്നവരെയും വായ്പ വാങ്ങുന്നവരെയും ലിസ്റ്റ് ചെയ്യും
* ട്രസ്റ്റിക്കും വായ്പ നൽകുന്നവർക്കും,വായ്പ എടുക്കുന്നവർക്കും വിവരങ്ങളും നിർദേശങ്ങളും നൽകുന്നത് പ്ലാറ്റ്ഫോമാണ്.
* ഇത് വിവരങ്ങൾ കാണാൻ മാത്രമുള്ള പ്ലാറ്റ്ഫോമാണ്.

പരമാവധി തുക

* വായ്പ നൽകുന്ന ഒരു വ്യക്തിക്ക് വിവിധ പി ടു പി പ്ലാറ്റ്ഫോമുകളിലായി ഒര സമയം നൽകാവുന്ന പരമാവധി വായ്പ തുക 10 ലക്ഷം രൂപയാണ്.
* വായ്പക്കാരന് വിവിധ പി ടു പികളിൽ നിന്നും എടുക്കാവുന്ന പരമാവധി വായ്പ തുകയും 10 ലക്ഷം രൂപയാണ്.
* ഒരാളിൽ നിന്നും വാങ്ങിക്കാവുന്ന പരമാവധി വായ്പ എല്ലാ പ്ലാറ്റ്ഫോമിലും കൂടി 50000 രൂപയാണ്.
* വായ്പയുടെ മച്യൂരിറ്റി കാലാവധി 36 മാസമാണ്.
Loading...