റബർ മേഖലയിൽ സുസ്ഥിര കൃഷി
ജൈവാംശം നിലനിർത്തുന്നതാകണം കൃഷി. ജൈവ വൈവിധ്യം പ്രോത്സാഹിപ്പിക്കണം. രാസവസ്തുക്കളുടെ ഉപയോഗം കഴിയുന്നതും കുറയ്ക്കണം.വിളകൾ സമൃദ്ധമായി വളർന്ന് നല്ല ഉല്പാദനം നൽകി കർഷകന് സുഭിക്ഷമായി ജീവിക്കാനുള്ള വരുമാനം ലഭിക്കുകയും വേണം. ഈ ലക്ഷ്യങ്ങൾ മുഴുവൻ നേടിയെടുത്ത് നമ്മുടെ ഭൂമിയും മണ്ണുമെല്ലാം വരും തലമുറകളുടെ ആവശ്യവും മനസിൽക്കണ്ട് കൃഷി ചെയ്യുകയും വേണം. ഇതാണ് എന്നും നിലനിൽക്കുന്ന സുസ്ഥിര കൃഷി.

അറുപതുകൊല്ലം മുന്പ് കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഇവിടെ നമ്മുടെ ഏറ്റവും പ്രധാന കൃഷികൾ തെങ്ങും നെല്ലുമായിരുന്നു. എട്ടു ലക്ഷം ഹെക്ടർ വീതമുണ്ടായിരുന്നു ഈ വിളകൾക്ക് രണ്ടിനും. അന്ന് ആലുവയിൽ ഫാക്ട് കന്പനി രാസവള ഉത്പാദനം തുടങ്ങിയിട്ട് അഞ്ചാറ് കൊല്ലമേ ആയിട്ടുള്ളൂ. വളം മഹോത്സവങ്ങളും മറ്റും നടത്തി ആനമാർക്ക് രാസവളം പ്രചരപ്പിച്ച് തുടങ്ങിയ കാലം. കേരളത്തിൽ അരിക്കുവേണ്ടി റേഷൻ കടകൾക്ക് മുൻപിൽ നാം ക്യൂ നിന്നു മടുത്തകാലം.
എങ്ങനെയെങ്കിലും ഭക്ഷ്യധാന്യ ഉത്പാദനം വർധിപ്പിക്കണമെന്ന് കരുതി കുട്ടനാടും പാലക്കാടും തീവ്രയജ്ഞങ്ങൾ തുടങ്ങി. അന്നു തമിഴ്നാട്ടിൽ പറന്പിക്കുളം - ആളിയാർ പദ്ധതി നടപ്പാക്കിയിട്ടില്ല. അതുകൊണ്ട് ഭാരതപ്പുഴയിൽ ആവശ്യത്തിന് വെള്ളമുണ്ട്. അതു സമൃദ്ധമായി ഉപയോഗിച്ചു. അത്യുത്പാദനം കിട്ടാൻ രാസവളവും ധാരാളമായി ഉപയോഗിച്ചു. രാസാംശം മണ്ണിൽ കൂടിയതോടെ മണ്ണിന്‍റെ ജൈവാംശം കുറഞ്ഞു. പുതിയ കീടങ്ങളും രോഗങ്ങളും പ്രത്യക്ഷപ്പെട്ടു. അപ്പോൾ എത്തി, രാസകീടനാശിനികൾ. മണ്ണിലെ ജൈവാംശം അതോടെ വീണ്ടും കുറഞ്ഞു. മണ്ണിന്‍റെയും വിളകളുടെയും ഉത്പാദനക്ഷമത കുറഞ്ഞു.
ഉത്പാദനം നിലനിറുത്തണമല്ലോ. അതിനു വേണ്ടി വീണ്ടും രാസവളം. അതോടെ മണ്ണ് കൂടുതൽ മോശമായിത്തീരുന്നു.

ഒരു ദൂഷിതവലയം അവിടെ രൂപപ്പെടുകയായിരുന്നു. രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നതോടെ ഉപ്പുരസം വ്യാപിച്ച വെള്ളവും പ്രയോജനശൂന്യമായിത്തീരുന്നു.
അതിനിടയ്ക്ക് കുട്ടനാട്ടിലും മറ്റും തൊഴിലാളി പ്രശ്നങ്ങൾ (നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ) ഇന്ന് ബിസിനസുകാർ മാത്രമല്ല, രാഷ്ട്രീയക്കാരും പുകഴ്ത്തിപ്പറയുന്ന ഇന്നൊവേഷനുമായി കാർഷികരംഗത്ത് എത്തി കായൽപ്രദേശത്ത് നെല്ലുത്പാദനം നടത്തി, പട്ടിണി മരണം ഒഴിവാക്കിയ ജോസഫ് മുരിക്കനെയും മറ്റും അധിക്ഷേപിച്ച് പുറത്താക്കി. നെൽകൃഷിക്കാർ തോറ്റു പിന്മാറുകയായിരുന്നു.
നെൽകൃഷിയെ തകർത്തത് രാഷ്ട്രീയ അതിപ്രസരവും സർക്കാരിന്‍റെ വികല നയങ്ങളുമായിരുന്നെങ്കിൽ കേരകൃഷിയെ ആക്രമിച്ചത് മാരക രോഗങ്ങളായിരുന്നു. കാറ്റുവീഴ്ചയും വേരുചീയലും കൂന്പുചീയലും കൊന്പൻ ചെല്ലിയും കേരകൃഷിയെ തളർത്തി. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ സർക്കാരും ശാസ്ത്രജ്ഞരും നിസഹായരായി നോക്കിനിന്നു.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം

അക്കാലത്ത് പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ഇവിടെയാർക്കും വലിയ വിവരമൊന്നുമില്ല. പാശ്ചാത്യലോകത്തിലും പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി ചർച്ചകൾ തുടങ്ങി വരുന്നതേയുള്ളൂ. 1980കളിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ പാരീസിലോ മറ്റോ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ച് അവർ മടങ്ങിയെത്തിയപ്പോഴാണ് പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയും നാം ജീവിക്കുന്ന ഭൂമി സുസ്ഥിരമായി നിലനിർത്താൻവേണ്ടി മണ്ണ്, ജലം, വായു ഇവ മലിനമാക്കാതെ ജീവിക്കുകയും കൃഷി ചെയ്യുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റിയുമെല്ലാം നാം ആദ്യം കേൾക്കുന്നത്.

ശാസ്ത്രീയ കൃഷിരീതികൾ പരിഷ്കരിച്ച് രാസവളത്തിന്‍റെയും രാസകീടനാശിനികളുടെയും ഉപയോഗം കുറച്ച് മണ്ണിന്‍റെ സുസ്ഥിരത ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും അന്ന് നാം മനസിലാക്കി. രാസവളമില്ലെങ്കിൽ വിളകൾ വേണ്ടത്ര വളരുമോ ഉത്പാദനം കുറയില്ലേ, തുടങ്ങിയ ചോദ്യങ്ങളും പൊന്തിവന്നു.

ഉത്പാദനം കുറയാതിരിക്കാൻ രാസവളത്തിന് പകരമായി എന്ത്? മുൻപ് കേരളത്തിൽ ഓരോ വീട്ടിലും പശുക്കളുണ്ടായിരിക്കും. വീട്ടിലെ ആവശ്യത്തിനുള്ള പാൽ തുടർച്ചയായി ലഭിക്കും. മിച്ചമുള്ളത് വിൽക്കും. വൈക്കോലും പിണ്ണാക്കും പറന്പിലെ പുല്ലും തിന്ന് അവ വളരും. തൊഴുത്തിൽ സംഭരിക്കുന്ന ചാണകവും ഗോമൂത്രവും കൃഷിക്ക് വളം. പക്ഷേ, പാലിന്‍റെ ഉത്പാദനം കൂട്ടാനായി കൃത്രിമ ബീജസങ്കലനവും മറ്റും വ്യാപിച്ചതോടെ നാടൻ പശുക്കളുടെ വംശനാശമായി. അതോടെ കർഷകൻ രാസവളത്തെ ആശ്രയിക്കേണ്ട സ്ഥിതിയുമായി.
ഈ ഘട്ടത്തിലാണ് സുസ്ഥിര കൃഷിക്ക് ജൈവ രീതിയിലുള്ള കൃഷിയാണ് മികച്ചത് എന്ന അഭിപ്രായം ശക്തമായത്. ഒരു നാടൻ പശു ഉണ്ടെങ്കിൽ 30 ഏക്കറിൽ ജൈവകൃഷി ഭംഗിയായി നടത്താമെന്ന് സീറോ ബജറ്റ് കൃഷിയുടെ ഉപജ്ഞാതാവായ സുഭാഷ് പാലേക്കർ. പക്ഷേ കേരളത്തിൽ 24 മണിക്കൂറും കഠിനാധ്വാനം ചെയ്യാൻ കഴിയുന്ന മുഴുനേര കർഷകരെ കാണാൻ കിട്ടുമോ, ഇന്ന്?

റബറിന്‍റെ ഉയർച്ചയും താഴ്ചയും

1960കളിലും 70-കളിലുമെല്ലാം നെല്ലിനും തെങ്ങിനും അപചയം സംഭവിച്ചപ്പോൾ കേരളത്തിൽ റബർകൃഷി ശക്തമായി പ്രചരിക്കാൻ തുടങ്ങിയിരുന്നു. തോട്ടവിളകൾ ഭൂപരിധി നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതും റബർ ബോർഡിന്‍റെയും കേന്ദ്രസർക്കാരിന്‍റെയും കർഷക സൗഹൃദ സമീപനവും റബറിനെ മുന്പോട്ടു നയിച്ചു. കേരള കാർഷിക മേഖലയ്ക്ക് ശക്തമായ അടിത്തറയേകാൻ റബറിന് കഴിയുകയും ചെയ്തു. റബർ കൊണ്ടുവന്ന ഏകവിള സംസ്കാരം സുസ്ഥിര കൃഷിക്ക് അനുയോജ്യമാണോ എന്ന ചോദ്യം പ്രസക്തമാണെങ്കിലും കൃഷിക്കാരൻ കൃഷിചെയ്യുന്നതു ജീവിക്കാനുള്ള വരുമാനം നേടാൻ വേണ്ടിയാണല്ലോ എന്ന ചിന്ത, കേരളത്തിലെ പത്തുലക്ഷം കർഷക കുടുംബങ്ങളെ റബർ കൃഷിയിലേക്ക് നയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു തലമുറക്കാലത്ത് നമ്മുടെ കാർഷിക മേഖലയിൽ ഐശ്വര്യം വിതറാനും റബർ കൃഷിക്കു കഴിഞ്ഞു.


പക്ഷേ, ലോകമെങ്ങും വ്യാപിച്ച സാന്പത്തിക മാന്ദ്യം കാരണം തായ് ലണ്ടിലും വിയറ്റ്നാമിലും ഇന്തോനേഷ്യയിലും ഉത്പാദിപ്പിക്കുന്ന റബർ, വിലയിടിഞ്ഞ് കെട്ടിക്കിടക്കുന്നതു കണ്ട നമ്മുടെ വ്യവസായികൾ കുറഞ്ഞവിലയ്ക്ക് അത് ഇവിടെ ഇറക്കുമതി ചെയ്തു. എന്നിട്ടു നമ്മുടെ റബർ വിപണിയിൽ നിന്നും മാറിനിന്ന് നമ്മുടെ റബറിന്‍റെ വിലയിടിച്ചു. പ്രതിസന്ധിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ചെറുവിരൽപോലും ചലിപ്പിച്ചില്ല. ഇത്തരം സന്ദർഭങ്ങളിൽ കർഷകരെ രക്ഷിക്കാൻ ലോകവാണിജ്യ കരാറിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന സംരക്ഷണച്ചുങ്കം എന്ന ആയുധം ഉപയോഗിക്കാൻപോലും കേന്ദ്രസർക്കാർ കൂട്ടാക്കിയില്ല.

റബർ കൃഷി മേഖലയിൽ മാറ്റം വരുത്താം

ഈ സാഹചര്യത്തിൽ, സുസ്ഥിര കൃഷിയുടെയും ജൈവ വൈവിധ്യത്തിന്‍റെയും മറ്റും പ്രധാന്യം മനസിലാക്കി നമ്മുടെ റബർ കൃഷി മേഖലയിൽ ചില മാറ്റങ്ങൾ വരുത്താനുള്ള അവസരം നമുക്കു വീണുകിട്ടിയിരിക്കുകയാണ്. ഉർവശിശാപം ഉപകാരം എന്നു പറഞ്ഞതുപോലെ.
നമ്മുടെ റബർ തോട്ടങ്ങളിലാണെങ്കിൽ വിദഗ്ധ ടാപ്പർമാരുടെ അഭാവം കാരണം ടാപ്പിംഗ് തുടർച്ചയായി നടത്താനും ബുദ്ധിമുട്ട്. അപ്പോൾ ഉത്തേജക ഒൗഷധം ഉപയോഗിച്ച് ആഴ്ചയിലൊരു ടാപ്പിംഗ് എന്ന രീതി പരീക്ഷിച്ച് ചെലവ് കുറയ്ക്കുക. അതോടൊപ്പം റബർ തോട്ടത്തിൽ ആട്, കോഴി, മുയൽ, കാട മുതലായവയെ വളർത്താനുള്ള പദ്ധതികൾ നടപ്പാക്കുക. ഈ മൃഗങ്ങളുടെയും പക്ഷികളുടെയും കാഷ്ഠവും മറ്റും സംഭരിച്ച് കൃഷിക്ക് വളമായി ഉപയോഗിക്കുകയും ചെയ്യുക. റബർതോട്ടത്തിൽ ചെറിയ പടുതാക്കുളം നിർമിച്ച് മഴവെള്ളം സംഭരിച്ചു നിറുത്തി മത്സ്യകൃഷിയും ചെയ്യുക. ഈ സമീപനം കർഷകർക്ക് മെച്ചപ്പെട്ട ആദായം ലഭ്യമാക്കും. അതേസമയം റബർകൃഷിക്കാർക്കും പരിസ്ഥിതി സൗഹൃദപരവും ജൈവവൈവിധ്യം വളർത്തുന്നതുമായ സുസ്ഥിര കൃഷിരീതികൾ സ്വീകരിക്കാൻ കഴിയും എന്നു തെളിയിക്കുകയും ചെയ്യാം.

റബർ പ്രതിസന്ധി തുടരുകയും കേന്ദ്രസർക്കാർ ഒന്നും ചെയ്യാതെ നോക്കിനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകർ അടുത്ത പത്തുകൊല്ലക്കാലത്തേക്ക് പുതുതായി റബർ നടാൻപോകുന്നില്ല എന്നു തീരുമാനിക്കുക. മരം വളർന്ന്, കടുംവെട്ടും കഴിഞ്ഞ്, മുറിച്ചുമാറ്റിക്കഴിഞ്ഞ് അവിടെ വീണ്ടും റബർതൈ വയ്ക്കാതിരിക്കുക. പകരം, എണ്ണപ്പനയും ഇടവിളയായി കൊക്കോയും താഴെ ഒന്നുകിൽ തോട്ടപ്പയർ അല്ലെങ്കിൽ പൈനാപ്പിൾ എന്നിങ്ങനെ കൃഷി ചെയ്യുക.

ഒരേക്കറിൽ 60 എണ്ണപ്പനതൈകൾ 30 അടി ഇടവിട്ട് നടുന്പോൾ വരികൾക്കിടയിൽ കൊക്കോവയ്ക്കാം. അതിനു ഇരുവശത്തും വാഴയും നടാം. മണ്ണിനേയും സൂര്യപ്രകാശത്തെയും ഫലപ്രദമായി ഉപയോഗപ്പെടുത്താനും ജൈവവൈവിധ്യവും മണ്ണിന്‍റെ സംരക്ഷണവും ഉറപ്പാക്കാനും കഴിയുന്നതോടെ ഇതു സുസ്ഥിര കൃഷിയുടെ ഒരു പുതിയ ഉദാഹരണമായിത്തീരും.

സംരംഭകരായി മാറാം

എല്ലാറ്റിനും ഉപരിയായി കർഷകന് വേണ്ടത്ര ആദായം ലഭിക്കുകയും ചെയ്യും. മൂന്നാം കൊല്ലത്തോടെ എണ്ണപ്പനയും കൊക്കോയും ആദായം നൽകിത്തുടങ്ങും. അതിനു മുൻപേതന്നെ വാഴയും പൈനാപ്പിളും വരുമാനം തന്നു കഴിഞ്ഞിരിക്കുമല്ലോ.

ഈ സമീപനം കേരളത്തിലെ റബർ കർഷകരെല്ലാം സ്വീകരിക്കുന്നതോടെ വെറും കൃഷി മാത്രമല്ല, മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള വ്യവസായ സംരംഭങ്ങളും ഇവിടെ ഉയർന്നുവരും.
എണ്ണപ്പനക്കുല ചതച്ചരച്ച് എണ്ണയെടുക്കാനുള്ള ഫാക്ടറികൾ, കൈതച്ചക്ക സംസ്കരണ ഫാക്ടറി, കൊക്കോ സംസ്കരിച്ച് ചോക്കലേറ്റ് ഉത്പാദിപ്പിക്കാനുള്ള ഫാക്ടറികൾ, ഇവയെല്ലാംകൂടി സുസ്ഥിര കൃഷിക്കു പുറമേ മൂല്യവർദ്ധിത ഉത്പന്ന നിർമാണത്തിലും മുന്നേറാൻ നമ്മെ സഹായിക്കും. പ്രകൃതിയെയും മണ്ണിനെയും ജൈവവൈവിധ്യത്തെയും കർഷകനെയും ഒരുപോലെ സംരക്ഷിക്കുന്ന ഈ പുതിയ സുസ്ഥിര കൃഷി സന്പ്രദായം കേരളത്തിൽ നമ്മുടെ റബർ മേഖലയിൽ നമുക്ക് ആവേശപൂർവം പ്രചരിപ്പിക്കാം.

കഴിഞ്ഞ തലമുറയിൽ മികച്ച റബർ കർഷകരായി പേരെടുത്ത നാം അടുത്ത തലമുറയിൽ മൂല്യവർദ്ധിത ഉത്പന്ന നിർമാണവും സുസ്ഥിര കൃഷിയും വിജയകരമായി നടത്തുന്ന സംരംഭകരായി തിളങ്ങട്ടെ.