ജിഎസ്ടിയുടെ ഒരു വർഷം: ചെറുകിട സംരംഭങ്ങളുടെ കണ്ണിലൂടെ
ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി എന്ന മുദ്രാവാക്യവുമായി ചരക്ക് സേവന നികുതി (ജിഎസ്ടി) ഇന്ത്യയിൽ നടപ്പിലാക്കി ഒരു വർഷം പിന്നിടുകയാണ്. ധാരാളം സ്റ്റാർട്ട്അപ്പുകളും ചെറുകിട സംരംഭങ്ങളുമായി വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് സംസ്ഥാനങ്ങൾക്കനുസരിച്ച് പലവിധ നികുതി സന്പ്രദായങ്ങളും നിയമങ്ങളും നമ്മുടെ അതിവേഗത്തിലുള്ള വളർച്ചക്ക് വലിയ ഒരു തടസമായിരിന്നു. എന്നിട്ടും ഏകീകരിച്ച ഒരു നികുതി സന്പ്രദായം, സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ നികുതി പരിഷ്കരണം നടപ്പിലാക്കുവാൻ നാം ഒട്ടേറെ വർഷങ്ങൾ എടുത്തു എന്ന് പറയുന്നതാവും ശരി.

ഏറെ ഭയത്തോടെയും വലിയ ആശങ്കകളോടെയുമാണ് ഒരു വർഷം മുന്പ് ഇന്ത്യയിലെ വ്യാപാര ലോകം ജിഎസ്ടിയുടെ വരവിനെ നോക്കിക്കണ്ടത്. നോട്ട് നിരോധനത്തിന്‍റെ ആഘാതത്തിൽ നിന്നും കര കയറുന്നതിനു മുന്പ് കടന്നു വന്ന ജിഎസ്ടി വലിയ നിരാശയും മുറവിളികളുമാണ് മിക്ക വ്യവസായ, വ്യാപാര മേഖലകളിലും സൃഷ്ടിച്ചത്.

അതേ സമയം "ഷോർട് ടേം പെയിൻ ലോംഗ് ടേം ഗെയിൻ’ എന്ന വിശദീകരണവുമായാണ് ജിഎസ്ടി സന്പ്രദായം കടന്നു വന്നത്. എന്നാൽ കൃത്യമായ ആസൂത്രണത്തിന്‍റെ അഭാവം കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ ചെറുകിട ഇടത്തരം വ്യാപാര സമൂഹം ഒരു വർഷം കഴിയുന്പോഴും ഈ മാറ്റം ഉണ്ടാക്കിയ വേദന അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ഒരു വർഷം കഴിയുന്പോൾ ഏറെക്കുറെ അത് കെട്ടടങ്ങിയിരിക്കുന്നു എന്ന് വേണം കരുതുവാൻ.

നികുതി രജിസ്ട്രേഷൻ എളുപ്പമായി പക്ഷേ....

ഒരു പുതിയ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ടാക്സ് രജിസ്ട്രേഷൻ വളരെ എളുപ്പമാക്കിയിരിക്കുന്നു എന്നതാണ് ജിഎസ്ടി യുടെ ഏറ്റവും വലിയ സവിശേഷത. നേരത്തെ ബിസിനസ്സിന്‍റെ സ്വഭാവത്തിന് അനുസരിച്ച് വാറ്റ്, സർവീസ് ടാക്സ്, എക്സൈസ്, കസ്റ്റംസ്, തുടങ്ങി നിരവധി രജിസ്ട്രേഷൻ എടുക്കേണ്ടി വന്നിരുന്നു. ഇന്ന് ഒരൊറ്റ ജിഎസ്ടി രജിസ്ട്രേഷൻ കൊണ്ട് നികുതി സംബന്ധമായ എല്ലാ രജിസ്ട്രേഷനുകളും കഴിഞ്ഞിരിക്കുന്നു എന്നത് വലിയ ആശ്വാസമാണ്. അത് പോലെ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ വ്യത്യസ്ത നികുതി സന്പ്രദായം മൂലം അതി സങ്കീർണമായ അന്തർ സംസ്ഥാന ബിസിനസ്സ് രീതികൾ ജിഎസ്ടിയുടെ വരവോടെ ലഘൂകരിക്കപ്പെട്ടിരിക്കുന്നു. വിവിധ മേഖലകളിൽ വേണ്ട രജിസ്ട്രേഷൻ ഫീ, പ്രഫഷണൽ ഫീ ഇനത്തിലുള്ള വലിയ ചെലവ് ഒന്നായി കുറയുകയും ചെയ്തിരിക്കുന്നു. ഒപ്പം മിക്കവാറും എല്ലാ കാര്യങ്ങളും ഓണ്‍ലൈനിൽ കൂടി തന്നെയാണ് നടക്കുന്നത് എന്നത് കൊണ്ട് സുതാര്യതയും ഏറെ കൈവരിച്ചിരിക്കുന്നു. ഇതു വലിയ നേട്ടം തന്നെയാണെന്നതിൽ സംശയമില്ല.
ചെറുകിട സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വാറ്റ് രീതിയിൽ ഉള്ള വ്യത്യസ്ത നിയമങ്ങൾ മൂലം ഒരു സംസ്ഥാനത്തിന് പുറത്തു വ്യാപാരം ചെയ്യുകയെന്നത് ഏറെ വിഷമകരവും സങ്കീർണവും ആയിരുന്നു. ജിഎസ്ടിയുടെ വരവോടു കൂടി ഇന്ത്യക്കകത്തുള്ള നികുതി സന്പ്രദായത്തിലെങ്കിലും ഭൂമിശാസ്ത്രം എന്നത് ചരിത്രമാവുകയാണ്. വിൽക്കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും സ്ഥലം ഒരു പരിമിതിയെ അല്ലാതെയായി. അതിർത്തി കടന്നുള്ള വ്യാപാരം ചെറുകിട സ്റ്റാർട്ടപ്പ് സംരഭങ്ങൾക്ക് വളരെ എളുപ്പമാക്കി തീർത്തിരിക്കുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും വ്യത്യസ്തമായ നികുതികൾ ഇല്ലാതാക്കി എന്നുള്ളതും സ്റ്റാർട്ടപ്പ് കളെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്.

ചരക്കുകളും സേവനങ്ങളും ഒരു പോലെ ജിഎസ്ടി യുടെ പരിധിയിൽ വരുന്നത് കൊണ്ട്, ഇവ തമ്മിലുള്ള വ്യത്യാസവും, നിയമപരമായ നിർവ്വചനങ്ങളുടെ സാങ്കേതികത്വവും പാടെ മാറിയിരിക്കുന്നു. സ്വാഭാവികമായി നേരത്തെ ചരക്ക്, സേവന വില്പനകളിൽ ഉണ്ടായിരുന്ന വ്യത്യസ്തമായ നിയമങ്ങളും ഒഴിവുകളും ആനുകൂല്യങ്ങളും നൽകുന്ന സാദ്ധ്യതകൾ മൂലം ടാക്സ് ഒഴിവാക്കി ബില്ല് ചെയ്യുന്നത് ജിഎസ്ടിയുടെ കാലത്ത് ഏറെ കുറഞ്ഞിട്ടുണ്ട്.

അസംഘടിത മേഖലയിൽ അതിവേഗ മാറ്റം

അസംഘടിത രീതിയിൽ ചെയ്യുന്ന ബിസിനസുകൾ അതിവേഗത്തിൽ മാറ്റത്തിന് വിധേയമാകുകയാണ്. ഇന്ത്യയിൽ അനൗദ്യോഗികമായി അല്ലെങ്കിൽ രജിസ്റ്റർ ചെയ്യപ്പെടാതെ പ്രൊപ്രൈറ്ററി പാർട്ണർഷിപ്പ് മേഖലയിൽ നടക്കുന്ന വ്യാപാരങ്ങൾ ഏറെയുണ്ട്. ഏതാണ്ട് ഇന്ത്യൻ ജിഡിപിയുടെ 20 ശതമാനത്തോളം സംഭാവന തന്നെ ഈ മേഖലയിൽ നിന്നാണ്. ഇത്തരം ബിസിനസ്സുകൾ നിയമപ്രകാരമുള്ള വ്യവസ്ഥകൾ ഒഴിവാക്കി ബിസിനസ് ചെയ്യുന്പോൾ ഗവൺമെന്‍റിന്‍റെ വരുമാനത്തിൽ അത് ഗണ്യമായ ഒരു കുറവുണ്ടാക്കുന്നു. ഇത്തരം സ്ഥാപനങ്ങളുടെ ഒൗദ്യോഗിക രജിസ്ട്രേഷൻ ജിഎസ്ടി വഴി ഉറപ്പാക്കുന്നുവെന്നതും അവ ഏകീകരിക്കപ്പെടുന്നുവെന്നതും ഗവണ്‍മെന്‍റിനെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്. അധികം താമസിയാതെ തന്നെ ജിഎസ്ടി ഒരുക്കുന്ന സംവിധാനങ്ങളുടെ വ്യാപ്തി ഇത്തരം ബിസിനസുകളെ ശക്തമായി നിയന്ത്രിക്കുകയും അസംഘടിതമേഖലയെത്തന്നെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഓണ്‍ലൈൻ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് മെക്കാനിസം പോലുള്ള സംവിധാനങ്ങളും അസംഘടിത മേഖലയിലുള്ളവർക്ക് നികുതി വെട്ടിപ്പ് അസാധ്യമാക്കും.

ചരക്കുനീക്കം വേഗത്തിലാക്കി ഇ-വേ ബിൽ

ഇ-വേ ബില്ലിന്‍റെ ആവിർഭാവത്തോടെ ചരക്ക് നീക്കം ഏറെ വേഗത്തിലും സുഗമമായും നടക്കുന്നുവെന്നത് ഏറ്റവും വലിയ ഒരു അനുഗ്രഹമാണ് എന്നാണ് അന്തർസംസ്ഥാന ബിസിനസ് ചെയ്യുന്ന മിക്കവരുടെയും അഭിപ്രായം. ജിഎസ്ടി നടപ്പിലാക്കിയതിന്‍റെ ഏക നല്ല വശം ഇ-വേ ബില്ലിന്‍റെ ആവിർഭാവം ആണെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. മുൻകാലങ്ങളിൽ അന്തർ സംസ്ഥാന വ്യാപാരങ്ങളിൽ ചരക്ക് ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിയതിന്‍റെ ഏതാണ്ട് പകുതി സമയം മാത്രമാണ് ഇപ്പോൾ എടുക്കുന്നത്.

അന്തർ സംസ്ഥാന വ്യാപാരങ്ങളിൽ ഉണ്ടായിരുന്ന എൻട്രി ടാക്സ് ഒഴിവാക്കിയത് കൊണ്ട് ചെക്പോസ്റ്റുകളും ടോളുകളും ഒഴിവാക്കുവാൻ ഒരു വർഷം കൊണ്ട് തന്നെ ഗവണ്‍മെന്‍റിന് സാധിച്ചിരിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്. ബിസിനസ്സിൽ ഏറ്റവും വിലയേറിയത് സമയം ആണെങ്കിൽ, ചെക്ക് പോസ്റ്റുകളിലും മറ്റും ഉള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കി കൊണ്ട് അതിനെ പരമാവധി സംരംക്ഷിക്കുവാൻ ഇ-വേ ബില്ലിന് കഴിഞ്ഞിരിക്കുന്നു.

ഉത്പാദന മേഖലക്ക് ലോജിസ്റ്റിക് ചെലവുകളിൽ 20 ത്തിലധികം കുറവുണ്ടാക്കി എന്നത് വലിയ കാര്യമാണ്. ഇനിയങ്ങോട്ട് ഇ-കോമേഴ്സ് ബിസിനസുകളുടെ വർദ്ധനവിന് ഇത് കാരണമാവും.
ചെറിയ സ്റ്റാർട്ട് അപ്പുകൾക്ക് വലിയ ഒരനുഗ്രഹമാണ് ജിഎസ്ടി. നേരത്തെ പല സംസ്ഥാനങ്ങളിലും അഞ്ച് ലക്ഷം രൂപ മുതൽ വാറ്റ് രജിസ്ട്രേഷൻ വേണ്ടിടത്ത് ഇന്ന് ആ പരിധി 20 ലക്ഷത്തിലേക്ക് ഉയർത്തിയിരിക്കുന്നു. പുതിയ ഒരു ബിസിനസ്സിന് നികുതി ഭാരങ്ങളും അതിന്‍റെ നടപടിക്രമങ്ങളും ഉണ്ടാക്കുന്ന വിഷമതകൾ ഇല്ലാതെ അടുത്ത ഘട്ടത്തിലേക്ക് കടക്കുവാൻ ആവോളം സമയം ഇതു വഴി ലഭിച്ചിരിക്കുന്നു.

ഒരു ടെക്നോളജി കണ്‍സൽട്ടൻറ് എന്ന രീതിയിൽ ഇതിനെ കാണുന്പോൾ കൃത്യമായ സമയത്ത് രാജ്യത്തെ നികുതി നിയമങ്ങൾ, മനുഷ്യ ഇടപെടലുകൾ വളരെ കുറച്ചുകൊണ്ട് ഓട്ടോമേഷന് വിധേയമാക്കികൊണ്ടിരിക്കുന്നു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.
സംരംഭകർക്ക് ചുവപ്പ് നാടകളിലൂടെയും ഉദ്യോഗസ്ഥ തലത്തിലൂടെയും ചിലപ്പോഴെങ്കിലും അനുഭവിച്ചിരുന്ന കാല ദൈർഘ്യം ജിഎസ്ടി പാടേ ഇല്ലാതാക്കിയിരിക്കുന്നു. ഇടപാടുകൾ എല്ലാം കന്പ്യൂട്ടറിൽ ആയതു കൊണ്ട് തന്നെ വളരെ ഏറെ സുതാര്യമായിരിക്കുന്നു ഈ രംഗം. പിഴ ഈടാക്കുന്നതിലും മറ്റും മനുഷ്യ ഇടപെടലുകൾ കുറഞ്ഞതോടു കൂടി, ഒരു ജിഎസ്ടി ഉദ്യോഗസ്ഥനെ സമീപിക്കുവാൻ സാഹചര്യമില്ലാത്ത വ്യാപാര സമൂഹം വളരെ കൃത്യമായി, അച്ചടക്കത്തോടെ ബിസിനസ്സ് ചെയ്യാൻ പരിശീലക്കപ്പെട്ടു കൊണ്ടരിക്കുകയാണ്. വലിയ ഒരു ബിസിനസ്സ് രൂപാന്തരം ആയിരിക്കും വരും നാളുകളിൽ രാജ്യം കാണുവാൻ പോകുന്നത്. അന്താരാഷ്ട്ര ബിസിനസ്സിൽ ഏറെ വിശ്വാസം നേടുവാൻ കഴിയുന്നതോടു കൂടി കൂടുതൽ പേർക്ക് വലിയ അവസരങ്ങൾ കൈ വരുവാൻ പോവുകയാണ്.


ജിഎസിടിയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കൾക്കിടയിൽ ഏതാണ്ട് ഒരു നിഷ്പക്ഷ അഭിപ്രായമാണ് നില നിൽക്കുന്നത്. ആഡംബര ഉൽപ്പന്നങ്ങളിൽ എങ്കിലും നികുതി ബാധ്യത ഏറെ വർദ്ധിച്ചിരിക്കുന്നു എന്ന് വളരെ കുറഞ്ഞ വിഭാഗം മാത്രമാണ് പരാതിപ്പെടുന്നത്. അത് വ്യാപാര സമൂഹത്തിനു ഒരു ആശ്വാസമാണ്.

നാളെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഓട്ടോമേഷനും, മെഷീൻ ലേണിംഗും പ്രയോജനപ്പെടുത്തുന്നതിന്‍റെ അനന്ത സാധ്യതകൾ ജിഎസ്ടിയും ഉപയോഗിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം. ഈയൊരു അർത്ഥത്തിൽ ഇന്ത്യയിൽ ആധുനിക ഡിജിറ്റൽ ടെക്നോളജിയിലുള്ള ബിസിനസ് സാക്ഷരത ജിഎസ്ടി കൊണ്ടുവരുന്നുവെന്നു തന്നെയാണ് നാം കരുതേണ്ടത്. പരാന്പരാഗത രീതികളിൽ നടന്നു കൊണ്ടിരുന്ന എല്ലാ ബിസിനസ് മേഖലകളും ഈ ഒരൊറ്റ വർഷം കൊണ്ട് വളരെ പെട്ടെന്നാണ് കന്പ്യൂട്ടർവൽക്കരിക്കപ്പെട്ടത്. ജിഎസ്ടി ഏറ്റവും സഹായിച്ചത് ഇൻഫോർമേഷൻ ടെക്നോളജി രംഗത്തുള്ള ബിസിനസുകളെയാണ്. ധാരാളം തൊഴിൽ അവസരങ്ങളും ചരക്ക് സേവന നികുതി നിയമം ഈ മേഖലയിൽ പുതുതായി സൃഷ്ടിച്ചിരിക്കുന്നു.

ചെറുകിടക്കാർക്കു ദു:സ്വപ്നം

ജിഎസ്ടിയെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി വൻകിടക്കാർ വളരും, ചെറുകിടക്കാർ തളരും എന്നതാണ്. ഇപ്പോഴത്തെ അനിശ്ചിതത്വവും ബുദ്ധിമുട്ടുകളും മറികടന്ന് ദീർഘകാലാടിസ്ഥാനത്തിൽ ശോഭനമായ ഭാവി കൈവരാൻ ജിഎസ്ടി വഴിയൊരുക്കുമെങ്കിലും രാജ്യത്തെ ചെറുകിട സംരംഭകർക്ക് ഇന്നും അത് ഒരു ദു:സ്വപ്നമായി തുടരുന്നു എന്നതൊരു സത്യമാണ്. അവരിൽ ആത്മവിശ്വാസം ഉയർത്തി, അവരെക്കൂടി വിശ്വാസത്തിൽ എടുത്ത് മുന്നോട്ടു പോകുവാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നത് സങ്കടകരമാണ്.
യഥാർത്ഥത്തിൽ വളരെ സങ്കീർണ്ണമായ ഒരു നികുതി നികുതി സന്പ്രദായത്തെ ലഘൂകരിക്കുക എന്നതായിരുന്നു ജിഎസ്ടിയുടെ ലക്ഷ്യം. എന്നാൽ ജിഎസ്ടി നടപ്പിലാക്കുന്നതിന്‍റെ സങ്കീർണത ഒന്നു കൊണ്ടു മാത്രമാണ് ഇത്രയും വ്യത്യസ്ത പ്രതികരണങ്ങൾ നേരിടേണ്ടി വന്നത്.
വാറ്റിൽ നിന്നു ജിഎസ്ടി യിലേക്കുള്ള മാറ്റം ചെറുകിട ഇടത്തരം വ്യാപാരികൾക്ക് വലിയ അധികച്ചെലവ് ഉണ്ടാക്കിയെന്നതാണ് അവയ്ക്കെതിരേ ഉയർന്ന വലിയ മുറവിളിയുടെ കാരണം. പല സ്ഥാപനങ്ങളിലും ഓണ്‍ലൈൻ സംവിധാനങ്ങൾക്ക് വേണ്ട സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ഉള്ളവ തന്നെ ജിഎസ്ടി സന്പ്രദായത്തിനായി സോഫ്റ്റ്വേറിലും മറ്റും ചെലവേറിയ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നു. ടാക്സ് പ്രാക്ടീഷണർ മാരുടെ പ്രൊഫഷണൽ ഫീസ് അതിനു ആനുപാതികമായി വലിയ തോതിയതിൽ ഉയർന്നതും വ്യാപാര സമൂഹത്തിനു ആഘാതമായി.

എന്നാൽ ഒരു വർഷം കഴിയുന്പോഴേക്കും അത്തരം പരാതികൾ ഏതാണ്ട് കെട്ടടങ്ങിയിരിക്കുന്നു എന്ന് വേണം കരുതുവാൻ. പല തവണ പ്രഖ്യാപിച്ചു മാറ്റി വച്ചതു കൊണ്ട് 2017 ജൂലൈ ഒന്നിനും ജിഎസ്ടി പ്രാബല്യത്തിൽ വരില്ല എന്ന് പലരും വിശ്വസിച്ചിരുന്നു. അതുകൊണ്ട് തയ്യാറെടുപ്പിന്‍റെ അഭാവവും വ്യാപാരികളിലും ഏറെ ഉണ്ടായിരുന്നു.

ആവശ്യത്തിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സാങ്കേതിക പിഴവും വളരെയേറെ പരാതികൾക്ക് ഇടം നൽകി. നിരവധി തവണ വെബ്സൈറ്റ് തകരാറുവകയും വ്യക്തമായ നിർദ്ദേശങ്ങളുടെ അഭാവം മൂലം പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തു. അത് ഉളവാക്കിയ ഭയം മൂലം വ്യപാരലോകത്തിനു ഗണ്യമായ ബിസിനസ്സ് നഷ്ടം ഉണ്ടായിട്ടുണ്ട്.

ചെറുകിടക്കാർക്ക് ചെലവേറിയത്

പല കാരണങ്ങൾ കൊണ്ടും ചെറുകിട ഇടത്തരം ബിസിനസുകളിൽ പുതിയ നിയമം ചെലവേറിയതാണ്. ജി എസ് ടി ഉണ്ടാക്കിയ സാങ്കേതിക വെല്ലുവിളികൾ പലരും ഇപ്പോഴും പൂർണ്ണമായും പരിഹരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ മറ്റ് ഏജൻസികളെയും കണ്‍സൽട്ടന്‍റുമാരെയും ആണ് ഇത്തരം കാര്യങ്ങൾക്ക് ആശ്രയിക്കുന്നത്. ഇത് പ്രവർത്തനച്ചെ ലവിൽ വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നു എന്നത് സത്യമാണ്.

ലഘൂകരിക്കപ്പെട്ട നികുതി സംവിധാനം എന്ന് പറയുന്നുണ്ടെങ്കിലും, പ്രൊഫഷണൽ ടാക്സ് പ്രാക്ടീഷനർമാരുടെ സഹായമില്ലാതെ ജിഎസ്ടി റിട്ടേണുകൾ സമർപ്പിക്കുവാൻ അത്തരം സ്ഥാപനങ്ങളിൽ സാധിക്കുന്നില്ല എന്നതും പ്രവർത്തന ചെലവ് കൂട്ടുവാൻ കാരണം ആയിട്ടുണ്ട്.
ജിഎസ്ടി യുടെ കടുത്ത ഓണ്‍ലൈൻ റിട്ടേണ്‍ നിയമങ്ങൾ മൂലം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുവാൻ വിൽക്കുന്ന ആൾ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയാൽ മാത്രമേ സാധിക്കുകയുള്ളൂ. ഇത് രണ്ടു സ്ഥാപനങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കു കാരണമാവുന്നുണ്ട്. ഒരാളുടെ ബിസിനസ് മറ്റൊരാളുടെ സാങ്കേതിക മികവിനെ ആശ്രയിച്ചിരിക്കുന്നു എന്നുള്ളതും ഒരു പോരായ്മ തന്നെയാണ്.

ഒരു രാജ്യം, ഒരു നികുതി എന്നതാണ് ലക്ഷ്യമെങ്കിലും വിവിധ ഉത്പന്നങ്ങൾക്ക് സേവനങ്ങൾക്ക് വ്യത്യസ്ത നിരക്കുകളിലാണ് ജിഎസ്ടി കടന്നു വന്നത്. ജോബ് വർക്കുകൾക്ക് കൂടി ജിഎസ്ടി വന്നു എന്നത് മൈക്രോ സംരംഭങ്ങളെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.

***** ***** *****
വൻകിട ബിസിനസ്സുകൾക്ക് അഴിമതി രഹിതമായി ബിസിനസ് ചെയ്യാനുള്ള അവസരം ജിഎസ്ടി കൊണ്ടുവന്നിരിക്കുന്നു. അന്തർ സംസ്ഥാന നികുതികൾ എടുത്ത് കളഞ്ഞതുമൂലം ചെറുകിട ഇടത്തരം ബിസിനസുകൾക്കു പൊരുതേണ്ടി വരുന്നത് ഒരേ നികുതി നിരക്കിൽ പ്രവർത്തിക്കുന്ന ഇത്തരം വൻകിട ബിസിനസ്സുകളോട് ആണ്. മറുവശത്ത് രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന അസംഘടിത മേഖലയോടും.

ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം വൻകിട ബ്രാൻഡുകൾ ഒരേ നികുതി നിരക്കിൽ ലഭ്യമാണ് എന്നതും അല്ലെങ്കിൽ നികുതി നൽകാതെ അസംഘടിത മേഖലയിൽ ഉണ്ട് എന്നുള്ളതും ഇടത്തരം ബിസിനസ്സുകളെ കാര്യമായി ബാധിച്ചിരിക്കുന്നു. ചരക്ക് നികുതി നിയമത്തിൽ നിരാശരായ, അതിൽ വിശ്വാസം നഷ്ടപ്പെട്ട പല വ്യാപാരികളെയും കാണുവാൻ സാധിക്കുന്നത് ഈ ഒരൊറ്റ കാരണത്താലാണ്.

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കൾ ഇത്തരം ചെറുകിട ഇടത്തരം ബിസിനസുകൾ ആണ്. അത് കൊണ്ട് തന്നെ ഗവണ്‍മെന്‍റ് ഈമേഖലയോട് കാര്യമായ അനുഭാവം പ്രകടിപ്പിച്ചില്ലെങ്കിൽ ഈ ഒരൊറ്റ പ്രശ്നം ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്ന് തന്നെയാണ് ചെറുകിട വ്യാപാരികൾ ഇപ്പോഴും കരുതുന്നത്.

വലിയ മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്ന ഇന്ത്യൻ സാന്പത്തിക രംഗം ചരക്ക് സേവന നികുതിയോടു കൂടി അതിന്‍റെ വേഗം കൂട്ടിയിരിക്കുന്നു എന്ന് വേണം കരുതുവാൻ. അതേസമയം വൻകിട ബിസിനസുകളെ മാത്രം പരിഗണിക്കുന്നു എന്ന പരാതി തീർക്കുവാൻ സർക്കാരിന് കഴിയണം. അതിനാവശ്യമായ മാറ്റങ്ങൾ വരും കാലത്തു കാണുവാൻ കഴിയും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഒപ്പം ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്പോൾ ദീർഘകാല വീക്ഷണത്തോടയുള്ള പ്ലാനിംഗും നിർവഹണ രീതികളും, ആവശ്യമായ സാങ്കേതിത മികവും, ടെക്നോളജി പിൻബലവും ഉറപ്പാക്കിക്കൊണ്ടു മാത്രം വേണം മുന്നോട്ടു പോകുവാൻ എന്നതാണ് കഴിഞ്ഞ ഒരു വർഷത്തെ അനുഭവം നമ്മളെ പഠിപ്പിക്കുന്നത്.

കെ. സുഭാഷ് ബാബു
ചീഫ് സ്ട്രാറ്റജി കണ്‍സൽട്ടന്‍റ്
ബിസിനസ് ടെക്നോളജി റിസർച്ച് ആൻഡ് അനലിറ്റിക്സ് സെന്‍റർ
subhash@inexoft.com