ഭക്ഷ്യ സംസ്കരണ രംഗത്ത് കേരളത്തിന് സാധ്യതകളേറെ
""ഭക്ഷ്യസംസ്കരണം, കാർഷിക മേഖല എന്നിവയിൽ കേരളത്തിനു മുന്നിൽ സാധ്യതകൾ തുറന്നു കിടക്കുകയാണ്. ഈ വിഭാഗത്തിൽ കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തിൽ നിന്നു ഈ പദ്ധതികളിലേക്ക് അപേക്ഷകർ തീരെയില്ല.’’ പറയുന്നത് കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ഡയറക്ടർ അതുൽ സക്സേന.
ഭക്ഷ്യ സംസ്കരണത്തെക്കുറിച്ച് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള ചേംബർ കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അതുൽ സക്സേന.

കേന്ദ്രസർക്കാർ ഭക്ഷ്യ സംസ്കരണ മേഖലയിൽ 31,400 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. തൊഴിൽ സൃഷ്ടിക്കുന്നതിനൊപ്പം കർഷകർക്കും പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.
പ്രധാൻ മന്ത്രി കിസാൻ സന്പദ യോജന (പിഎംകഐസ് വൈ) എന്നു പേരിട്ടു നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ 20 ലക്ഷം കർഷകർക്കു നേട്ടമുണ്ടാകുമെന്നും അഞ്ചു ലക്ഷത്തിലധികം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ സൃഷ്ടിക്കപ്പെടുമെന്നുമാണ് സക്സേന പറഞ്ഞത്.

ഭക്ഷ്യ സംസ്കരണ മേഖലയിൽ ഏഴ് പദ്ധതികൾ

ഭക്ഷ്യ സംസ്കരണം, കർഷകർക്ക് വരുമാനം ഉറപ്പാക്കൽ, കാർഷികോത്പന്നങ്ങൾ നശിച്ചു പോകുന്നത് തടയൽ എന്നിവയ്ക്കായി പ്രധാൻ മന്ത്രി കിസാൻ സന്പദ യോജന(പിഎംകഐസ്വൈ) പ്രകാരം കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതികൾ പരിശോധിക്കാം.

1. മെഗാ ഫുഡ് പാർക്ക്
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്ന മെഗ ഫുഡ് പാർക്കുകൾ വഴി കർഷകർ, കാർഷിക സംസ്കരണം നടത്തുന്നവർ, റീട്ടെയിലർമാർ എന്നിവരെ ഒന്നിച്ചു ചേർക്കുവാൻ ലക്ഷ്യമിടുന്നു. ഇതുവഴി കാർഷികോത്പന്നങ്ങളുടെ മൂല്യം വർധിപ്പിക്കുക, കാർഷിക ഉത്പന്നങ്ങൾ വെറുതെ കളയുന്നത് കുറയ്ക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക, ഗ്രാമ പ്രദേശങ്ങളിൽ തൊഴിൽ വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൂടിയുണ്ട്.

ഗ്രാന്‍റ്
ജനറൽ മേഖലയിലെ യോഗ്യതയുള്ള പദ്ധതികൾക്ക് 50 ശതമാനവും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ പ്രത്യേക പരിഗണന വേണ്ട പ്രദേശങ്ങൾക്ക് 75 ശതമാനവും ഗ്രാന്‍റ് ലഭിക്കും. പരമാവധി 50 കോടി രൂപവരെയാണ് ഗ്രാന്‍റ് അനുവദിക്കുന്നത്.

യോഗ്യത സ്ഥാപനങ്ങളും മാനദണ്ഡങ്ങളും

* സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ(എസ്പിവി) വഴിയാണ് മെഗാ ഫുഡ് പാർക്കുകൾ നടപ്പിലാക്കുന്നത്.
* എസ്പിവിയുടെ പ്രമോട്ടർമാർ, ഷെയർ ഉടമകൾ എന്നിവരുടെ സംയുക്ത നിക്ഷേപം 50 കോടി രൂപയിൽ കുറയാൻ പാടില്ല.
* ജനറൽ മേഖലയിൽ പദ്ധതിച്ചെലവിന്‍റെ 20 ശതമാനവും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ പ്രത്യേക പരിഗണന വേണ്ട പ്രദേശങ്ങളിൽ 10 ശതമാനവും ഓഹരിയായി എസ്പിവി ലഭ്യമാക്കണം
* ഭൂമിക്കുള്ള ചെലവ്, പ്രവർത്തനം തുടങ്ങുന്നതിനുമുന്പുള്ള ചെലവ്, പ്രവർത്തന മൂലധനത്തിന്‍റെ മാർജിൻ മണി എന്നിവ പദ്ധതയിൽ ഒഴിവാക്കപ്പെട്ടവയാണ്.
* ഒരു ജില്ലയിൽ ഒരു മെഗാ ഫുഡ് പാർക്കേ അനുവദിക്കുകയുള്ളു.
2. കോൾഡ് ചെയിൻ പദ്ധതി
കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾ, സംയുക്ത സ്ഥാപനങ്ങൾ, കാർഷിക ഉത്പാദന സംഘടനകൾ, എൻജിഒ, സഹകരണ സ്ഥാപനങ്ങൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, പ്രൊപ്പറൈറ്റർ സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ ( എസ് എച്ച്ജി) തുടങ്ങിയവയ്ക്ക് ഈ മേഖലയിൽ സംരംഭം ആരംഭിക്കാം.
* പ്രമോട്ടർമാരുടെയും ഓഹരിയുടമകളുടെയും വിഹിതം ലഭിക്കുന്ന ഗ്രാന്‍റിന്‍റെ 1.5 ഇരട്ടിയിൽ കുറവായിരിക്കരുത്.
* മൊത്തം പദ്ധതിചെലവിന്‍റെ 20 ശതമാനമേ വായ്പായി ലഭിക്കു.
* അപേക്ഷ നൽകുന്നതിനു മുന്പ് പദ്ധതി കമ്മീഷൻ ചെയ്യരുത്.

ഗ്രാന്‍റ്
* സ്റ്റോറേജ് അടിസ്ഥാന സൗകര്യങ്ങൾക്ക്: ജനറൽ മേഖലയിൽ പദ്ധതിച്ചെലവിന്‍റെ 35 ശതമാനവും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ പ്രത്യേക പരിഗണന വേണ്ട പ്രദേശങ്ങൾക്ക് 50 ശതമാനവും ഗ്രാന്‍റ് ലഭിക്കും.
* ഭക്ഷ്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക്: ജനറൽ മേഖലയിലെ 50 ശതമാനവും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ പ്രത്യേക പരിഗണന വേണ്ട പ്രദേശങ്ങൾക്ക് 75 ശതമാനവും ഗ്രാന്‍റ് ലഭിക്കും.
* പരമാവധി ഗ്രാന്‍റ്10 കോടി രൂപയായിരിക്കും.

ആവശ്യമായ സ്ഥാപനങ്ങൾ
* മിനിമൽ പ്രോസസിംഗ് സെന്‍റർ
തുക്കം നോക്കുക, തരംതിരിക്കുക, ഗ്രേഡ് ചെയ്യുക, പാക്ക് ചെയ്യുക തുടങ്ങിയ സൗകര്യങ്ങളുള്ള ഇന്‍റഗ്രേറ്റഡ് പാക്ക് ഹൗസ് വേണം. അതോടൊപ്പം പ്രീ കൂളിംഗ് യൂണിറ്റ്, കോൾഡ് സ്റ്റോറേജ് സൗകര്യം എന്നിവയും വേണം.
* ഡിസ്ട്രിബ്യൂഷൻ ഹബ്
വിവിധ ഉൗഷ്മാവിലുള്ള കോൾഡ് സ്റ്റോറേജുകൾ, കണ്‍ട്രോൾഡ് അറ്റ്മോസ്ഫിയർ സ്റ്റോറേജ്, വേരിയബിൾ ഹ്യുമിഡിറ്റി ചേന്പറുകൾ, പാക്കിംഗ് സൗകര്യം, സിഐപി ഫോഗ് ട്രീറ്റ്മെന്‍റ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് ഡിസ്ട്രിബ്യൂഷൻ ഹബ് തയ്യാറാക്കേണ്ടത്.
* റീഫർ ട്രാൻസ്പോർട്ട്
മൊബൈൽ പ്രീ കൂളിംഗ് ട്രക്ക്, റീഫർ ട്രക്ക്, കാർഷിക ഉത്പന്നങ്ങൾ, പഴം- പച്ചക്കറി, പാലുത്പന്നങ്ങൾ, മാംസം, മത്സ്യം എന്നിവ കൊണ്ടു പോകാനാവശ്യമായ ഇൻസുലേറ്റഡ് ടാങ്കറുകൾ എന്നിവ ഉൾപ്പെട്ടതാണ് റീഫർ ട്രാൻസ്പോർട്ട്.
3.ഭക്ഷ്യ സംസ്കരണം പരിപാലനം എന്നിവയ്ക്കാവശ്യമുള്ള യൂണിറ്റുകൾ
കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾ, സംയുക്ത സ്ഥാപനങ്ങൾ, കാർഷിക ഉത്പാദന സംഘടനകൾ, എൻജിഒ, സഹകരണ സ്ഥാപനങ്ങൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, പ്രൊപ്പറൈറ്റർ സ്ഥാപനങ്ങൾ
* പ്രമോട്ടർമാരുടെ ഓഹരി പദ്ധതിച്ചെലവിന്‍റെ 20 ശതമാനത്തിൽ കുറയാൻ പാടില്ല ജനറൽ ഏരിയയിൽ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളും പ്രത്യേക പരിഗണന വേണ്ട സ്ഥലങ്ങളിലും ഓഹരി വിഹിതം 10 ശതമാനത്തിലും കുറയാൻ പാടില്ല.
* പദ്ധതിച്ചെലവിന്‍റെ 20 ശതമാനം വരെ ടേം ലോണ്‍ ലഭിക്കും.

മുൻഗണന
* മെഗാ ഫുഡ് പാർക്കിലെ യൂണിറ്റുകൾക്ക്
* അഗ്രോ ക്ലസ്റ്ററുകൾ
* നിർദ്ദിഷ്ട ഫുഡ് പാർക്കുകൾ

ഗ്രാന്‍റ്

ജനറൽ മേഖലയിലെ യോഗ്യതയുള്ള പദ്ധതികൾക്ക് 35 ശതമാനവും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ പ്രത്യേക പരിഗണന വേണ്ട പ്രദേശങ്ങൾക്ക് 50 ശതമാനവും ഗ്രാന്‍റ് ലഭിക്കും. പരമാവധി 5 കോടി രൂപവരെയാണ് ഗ്രാന്‍റ് അനുവദിക്കുന്നത്.
യോഗ്യതയുള്ള മേഖലകൾ
* പഴ-പച്ചക്കറി സംസ്കരണ യൂണിറ്റുകൾ
* പാൽ സംസ്കരണം
* മാംസം, പൗൾട്രി, മത്സ്യ സംസ്കരണം
* റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഉത്പന്നങ്ങൾ
* ബ്രേക്ക്ഫാസ്റ്റ് സിറിയൽസ്, സ്നാക്സ് മുതലായ ഭക്ഷ്യോത്പന്നങ്ങൾ
* ധാന്യ പൊടികൾ, എണ്ണക്കുരുക്കൾ എന്നിവയ്ക്കായുള്ള മില്ലുകൾ
* അരി മില്ലുകൾ
* സുഗന്ധവ്യജ്ഞനങ്ങൾ, തേങ്ങ, കൂണ്‍, സോയബീൻ, തേൻ എന്നിവയ്ക്കായുള്ള യൂണിറ്റുകൾ
* പഴം-തേൻ എന്നിവ കൊണ്ടുള്ള വൈൻ
* പ്രകൃതിദത്തമായ ഭക്ഷണ ചേരുവകൾ, സത്തുകൾ, ഭക്ഷ്യ കളറുകൾ
* മൃഗങ്ങൾക്കുള്ള തീറ്റ
4. അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററുകൾ
കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾ, സംയുക്ത സ്ഥാപനങ്ങൾ, കാർഷിക ഉത്പാദന സംഘടനകൾ, എൻജിഒ, സഹകരണ സ്ഥാപനങ്ങൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, പങ്കാളി്ത സ്ഥാപനങ്ങൾ, പ്രൊപ്പറൈറ്റർ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ക്ലസ്റ്ററുകൾ രൂപീകരിക്കാം.

എന്നാൽ ഒരു ജില്ലയിൽ ഒരു ക്ലസ്റ്ററേ അനുവദിക്കുകയുള്ളു. മെഗാ ഫുഡ് പാർക്കുള്ള ജില്ലകളിൽ ക്ലസ്റ്ററിന് അനുമതി ലഭിക്കുകയില്ല.

യോഗ്യത

* അനുവദിച്ചിരിക്കുന്ന ഗ്രാന്‍റിനെക്കാളും 1.5 ഇരട്ടിയിൽ കുറയാൻ പാടില്ല പ്രമോട്ടർമാരുടെയും ഓഹരിയുടമകളുടെയും വിഹിതം.
* മൊത്തം പദ്ധതി ചെലവിന്‍റെ 20 ശതമാനമേ ടേം ലോണായി അനുവദിക്കു
* പദ്ധതിക്ക് കുറഞ്ഞത് 10 ഏക്കർ ഭൂമി വേണം
* കുറഞ്ഞ നിക്ഷേപം 25 കോടി രൂപ
* ഭൂമിക്കുള്ള ചെലവ്, പ്രവർത്തനം തുടങ്ങുന്നതിനുമുന്പുള്ള ചെലവ്, പ്രവർത്തന മൂലധനത്തിന്‍റെ മാർജിൻ മണി എന്നിവ പദ്ധതയിൽ ഒഴിവാക്കപ്പെട്ടവയാണ്.
* മെഗ ഫുഡ് പാർക്കുകളുടെ പ്രമോട്ടർമാർക്ക് ഇതിന്‍റെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കുകയില്ല.
ഗ്രാന്‍റ്
പദ്ധതിച്ചെലവിന്‍റെ 35 ശതമാനം ജനറൽ മേഖലയിലും 50 ശതമാനം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, പ്രത്യേക പരിഗണന വേണ്ട സ്ഥലങ്ങളിലും ഗ്രാന്‍റായി ലഭിക്കും. പരമാവധി 10 കോടി രൂപയാണ് ഗ്രാന്‍റായി ലഭിക്കുക.
5.ബാക്ക് വേഡ് ആൻഡ് ഫോർവേഡ് ലിങ്കേജ് സ്കീം
കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾ,സംയുക്ത സ്ഥാപനങ്ങൾ, കാർഷിക ഉത്പാദന സംഘടനകൾ, എൻജിഒ, സഹകരണ സ്ഥാപനങ്ങൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, പ്രൊപ്പറൈറ്റർ സ്ഥാപനങ്ങൾ, സ്വാശ്രയ സംഘങ്ങൾ, പങ്കാളിത്ത സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഈ പദ്ധതി ആരംഭിക്കാം.

ആർക്ക് അപേക്ഷിക്കാം

* നിലവിലുള്ള ഭക്ഷ്യ സംസ്കരണ യൂണിറ്റുകളുടെ പ്രമോട്ടർമാർ (മുന്പ് എംഒഎഫ്പിഐയുടെ ഗ്രാന്‍റ് ലഭിച്ചവരൊഴികെ).
* സഹകരണ സംഘങ്ങൾ, കാർഷിക ഉത്പാദന സംഘങ്ങൾ, കാർഷിക ഉത്പാദന കന്പനികൾ, സ്വാശ്രയ സംഘങ്ങൾ തുടങ്ങിയ ഗ്രൂപ്പുകൾ.
* കർഷകർ, കാർഷിക സംസ്കരണം നടത്തുന്നവർ എന്നിവരുമായി ബന്ധപ്പെട്ടിട്ടുള്ള റീട്ടെയിലർ
* ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലെ സംരംഭകർ.
ഗ്രാന്‍റ്
പദ്ധതിച്ചെലവിന്‍റെ 35 ശതമാനം ജനറൽ ഏരിയയിലും 50 ശതമാനം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, പ്രത്യേക പരിഗണന വേണ്ട സ്ഥലങ്ങൾ എന്നിവയ്ക്കു ലഭിക്കും. പരമാവധി അഞ്ചു കോടി രൂപയാണ് പദ്ധതിച്ചെലവ്.

യോഗ്യത ഘടകങ്ങൾ

1.ബാക്ക് വാർഡ് ലിങ്കേജ്
* ഇന്‍റഗ്രേറ്റഡ് പാക്ക് ഹൗസ്
* മിൽക്ക് ചില്ലിംഗ് മെഷീൻ, ബൾക്ക് മിൽക്ക് കൂളറുകൾ
* പ്രീ കൂളിംഗ് യൂണിറ്റുകൾ
* മൊബൈൽ പ്രീ കൂളിംഗ് യൂണിറ്റുകൽ
* റീഫർ ബോട്ടുകൾ
* പാക്കിംഗ് മെഷീനറി

2. ഫോർവാർഡ് ലിങ്കേജ്
*റൈപ്പനിംഗ് ചേന്പറുകൾ, കോൾഡ് റൂം, കോൾഡ് സ്റ്റോറേജ്
* ഫ്രീസ ്ചെയ്തു സൂക്ഷിക്കാനുള്ള സൗകര്യം, ഡീപ് ഫ്രീസറുകൾ, റഫ്രിജറേറ്റഡ് ഡിസ്പ്ലേ കാബിനറ്റുകൾ, കോൾഡ് റൂം, ചില്ലറുകൾ, പാക്കിംഗ് തുടങ്ങിയ സൗകര്യങ്ങളുള്ള റീട്ടെയിൽ ഒൗട്ട് ലെ്റ്റ് ചെയിനുകൾ പെട്ടന്നു നശിച്ചു പോകുന്ന ഉത്പന്നങ്ങൾ പ്രത്യേകിച്ച് മാംസം എന്നിവയ്ക്കായി വേണം.
3. ഗതാഗതം
*റഫ്രിജറേറ്റഡ്, ഇൻസുലേറ്റഡ് റീഫർ വാനുകൾ ബാക്ക് വാർഡ് ലിങ്കേജ്, ഫോർവാർഡ് ലിങ്കേജ് എന്നിവയുടെ ആവശ്യത്തിനനുസരിച്ച് .
6. ഭക്ഷ്യ സുരക്ഷയും ഗുണമേന്മയും
ഉറപ്പാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ
1. ഭക്ഷ്യപദാർഥങ്ങൾ പരിശോധിക്കാനുള്ള ലബോറട്ടറികൾ
യോഗ്യതയുള്ള സ്ഥാപനങ്ങൾ
* കേന്ദ്ര-സംസ്ഥാന സർ്ക്കാർ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, ഡീംഡ് യൂണിവേഴ്സിറ്റികൾ, സ്വാകര്യമേഖല സ്ഥാപനങ്ങൾ
ഗ്രാന്‍റ്
* ജനറൽ മേഖലയിൽ ലബോറട്ടറി ഉപകരണങ്ങളുടെ ചെലവിന് 50 ശതമാനവും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, പ്രത്യേക പരിഗണന വേണ്ട പ്രദേശങ്ങൾ എന്നിവിടങ്ങളിൽ 70 ശതമാനവും പൊതുമേഖലയിൽ നിന്നുള്ള സ്ഥാപനങ്ങൾക്ക് 100 ശതമാനവും ഗ്രാന്‍റ് ലഭിക്കും.
* ജനറൽ മേഖലയിൽ ടെക്നിക്കൽ പ്രവർത്തനങ്ങൾക്ക് 25 ശതമാനവും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, പ്രത്യേക പരിഗണന വേണ്ട പ്രദേശങ്ങൾ എന്നിവിടങ്ങളിൽ 33 ശതമാനവും ഗ്രാന്‍റ് ലഭിക്കും
2. എച്ച്എസിസിപി,ഐഎസ്ഒ സ്റ്റാൻഡാർഡ്, ഭക്ഷ്യ സുരക്ഷ,ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റം
കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ,ഐഐടികൾ, യൂണിവേഴ്സിറ്റികൾ,സ്വാകര്യമേഖലയിലുള്ള ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് ഈ മേഖലയിൽ സംരംഭം ആരംഭിക്കാം.

ഗ്രാന്‍റ്

* സംരംഭകർ ചെലവാക്കുന്ന തുകയുടെ 50 ശതമാനം ജനറൽ മേഖലയിലും 75 ശതമാനം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രത്യേക പരിഗണന വേണ്ട സ്ഥലങ്ങളിലും ലഭിക്കും. ഇവിടങ്ങളിലെ പരമാവധി പദ്ധതിച്ചെലവ് ജനറൽ മേഖലയിൽ 17 ലക്ഷം, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പ്രത്യേക പരിഗണനവേണ്ട സ്ഥലങ്ങൾക്ക് 22 ലക്ഷം എന്നിങ്ങനെയാണ്.
7.ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ്
1. ഗവേഷണത്തിനും വികസനത്തിനും
യോഗ്യതയുള്ള സ്ഥാപനങ്ങൾ
* യൂണിവേഴ്സിറ്റികൾ, ഐഐടി, കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ, സർക്കാർ ഫണ്ട് നൽകുന്ന സ്ഥാപനങ്ങൾ, ഗവേഷണ വികസന ലബോറട്ടറികൾ, സിഎസ്ഐആർ അംഗീകൃത സ്വാകര്യ മേഖലയിലുള്ള ഗവേഷണ വികസന യൂണിറ്റുകൾ.
ഗ്രാന്‍റ്
* സർക്കാർ സംഘടനകൾ, യൂണിവേഴ്സിറ്റികൾ, സ്ഥാപനങ്ങൾക്ക് പരമാവധി മൂന്നു വർഷം കാലാവധിയിലുള്ള പ്രോജക്ടുകൾക്ക് ഉപകരണങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ പ്രോജക്ട് സ്റ്റാഫുകൾക്കുള്ള ശന്പളം എന്നിങ്ങനെയുള്ള ഘടകങ്ങൾക്ക് 100 ശതമാനവും ഗ്രാന്‍റ് ലഭിക്കും.
* സ്വാകാര്യ സംഘടനകൾ, യൂണിവേഴ്സിറ്റികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ജനറൽ വിഭാഗത്തിന് ഉപകരണങ്ങളുടെ ചെലവിന് 50 ശതമാനവും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, പ്രത്യേക പരിഗണന അർഹിക്കുന്ന പ്രദേശങ്ങൾ എന്നിവയ്ക്ക് 70 ശതമാനവും ഗ്രാന്‍റ് ലഭിക്കും.
2. സ്കിൽ ഡെവലപ്മെന്‍റ്
യുജിസി അംഗീകരിച്ച യൂണിവേഴ്സിറ്റികൾക്കു കീഴിലുള്ള ഫുഡ് ടെക്നോളജി സ്ഥാപനങ്ങൾ, എൻഎസ്ഡിസി അംഗീകൃത സംസ്ഥാനങ്ങളിലെ സ്കിൽ ട്രെയിനിംഗ് കേന്ദ്രങ്ങൾ, എൻഐഎഫ്ടിഇഎം, ഐഐഎഫ്പിടി
ഗ്രാന്‍റ്
അംഗീകൃത ട്രെയിനിംഗ് മൊഡ്യൂളിന്‍റെ പ്ലാന്‍റ്, മെഷീനറി എന്നിവയ്ക്ക് 50 ശതമാനം ഗ്രാന്‍റ് ലഭിക്കും.
പരമാവധി 15 ലക്ഷം രൂപയാണ് ഗ്രാന്‍റായി ഒരു ട്രെയിനിംഗ് മൊഡ്യൂളിന് ലഭിക്കുക.
കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന് ഭക്ഷ്യ സംസ്കരണത്തിനും പരിപാലനത്തിനുമായി രണ്ടു സ്ഥാപനങ്ങളാണുള്ളത്
1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റർപ്രണർഷിപ് ആൻഡ് മാനേജ്മെന്‍റ്(എൻഐഎഫ്ടിഇഎം) -ഡീംഡ് യൂണിവേഴ്സിറ്റി.
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിംഗ് ടെക്നോളജി (ഐഐഎഫ്പിടി)-അഫിലിയേറ്റഡ് ടു തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി.
*ബി.ടെക്, എം.ടെക്, പി.എച്ച്ഡി പ്രോഗ്രാമുകൾ ഇവിടെയുണ്ട്
*കൂടാതെ നിരവധി ഹൃസ്വ കാലയളവിലേക്കുള്ള പരിശീലന പരിപാടികളുമുണ്ട്.

നൊമിനിറ്റ ജോസ്