വീട്ടിലിരുന്ന് വരുമാനം നേടാൻ ഓണ്‍ലൈൻ അധ്യാപനം
ഓണ്‍ലൈനിൽ വാങ്ങിയ പുതിയ സാരി, ഓണ്‍ലൈനിൽ ഓർഡർ ചെയ്ത പുതിയ മൊബൈൽ, കറണ്ട് ചാർജ്ജ് ഓണ്‍ലൈനിൽ അടയ്ക്കുന്നു, ഓണ്‍ലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നു, ചാറ്റ് ചെയ്യുന്നു എന്നിങ്ങനെ നിരവധി കാര്യങ്ങൾക്കായുള്ള ഓണ്‍ലൈൻ ഇടപാടുകളെക്കുറിച്ച് മലയാളികൾ കേട്ട് തുടങ്ങിയിട്ട് കാലം അധികം ആയിട്ടില്ല. ഇന്‍റർനെറ്റിന്‍റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി വിവധ കാര്യങ്ങൾക്കായി ഇന്ന് നമ്മൾ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഇന്‍റർനെറ്റ് വന്നതോട് കൂടി ഓണ്‍ലൈൻ വാങ്ങലുകൾ മലയാളികളുടെ ഉപഭോഗ സംസ്കാരം കുറച്ചു കൂടി സൗകര്യപ്രദമാക്കി എന്നു വേണം പറയാൻ.

പണമുണ്ടാക്കാനും വഴിയുണ്ട്

ഇന്‍റർനെറ്റിൽ പണം ചിലവഴിക്കുന്നതിനെ കുറിച്ചല്ലാതെ ഇന്‍റർനെറ്റുവഴി എങ്ങനെ പണം സന്പാദിക്കാം എന്ന് അധികം പേരും ചിന്തിച്ച് കാണുന്നില്ല. അധ്വാനിക്കാൻ നല്ലൊരു മനസും, കഴിവും, ചിട്ടയും ഉണ്ടെങ്കിൽ നൂറ് മേനി വിളവ് കൊയ്യാവുന്ന മേഖലകൾ ഇന്‍റർനെറ്റ് നമുക്കായി തുറന്നിടുന്നുണ്ട്. അത് കാണുവാനുള്ള കണ്ണ് നമ്മൾ മലയാളികൾ ഇനിയും കൈവരിക്കേണ്ടിയിരിക്കുന്നു.

വിദ്യ പകർന്നു നൽകുക എന്നത് എല്ലാ കാലഘട്ടത്തിലും ഏറ്റവും മഹത്തരമായി തന്നെ കണക്കാക്കുന്ന പ്രവൃത്തിയാണ്. ഈ ഓണ്‍ലൈൻ യുഗത്തിലും അതിന് മാറ്റമൊന്നും ഇല്ല. താൽപര്യമുള്ളവർക്ക് പഠിപ്പിക്കുക എന്നത് ഒട്ടും വിരസതയില്ലാത്ത കാര്യമാണെങ്കിലും ഈ അടുത്തകാലത്താണ് ഈ മേഖലയിലും ഒരു മേക്ക് ഓവർ സംഭവിച്ചത്. ഓണ്‍ലൈൻ അധ്യാപനം അല്ലെങ്കിൽ ഓണ്‍ലൈൻ ട്യൂഷൻ എന്ന പുതിയ ഒരു തൊഴിൽ മേഖല കൂടി നമ്മുടെ ഇടയിലേക്ക് കയറിവന്നു. തൊഴിലില്ലായ്മയുടെ അതിർവരന്പുകളെ മറികടന്ന് വീട്ടിൽ ഇരുന്നു തന്നെ മികച്ച വരുമാനം നേടുവാൻ ഉള്ള ഒരു മാർഗം കൂടിയാണ് ഓണ്‍ലൈൻ അധ്യാപനം.

അമേരിക്കയിൽ വളരെയധികം പ്രചാരമുള്ള ഈ സെക്ടറിൽ ഒൗട്ട്സോഴ്സിംഗ് സാധ്യതകൾ ഉപയോഗപ്പെടുത്തി ഇന്ത്യൻ സംരംഭകരും അധ്യാപകരും ഭാഗഭാക്കായിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയിലെ മാതപിതാക്കളിലേക്ക് ഈ ട്രെൻഡ് വന്നു തുടങ്ങുന്നതേയുള്ളു. അവരും കാലഘട്ടത്തിനനുസൃതമായി മാറി ചിന്തിക്കുന്നുണ്ട് എന്നതാണ്, ഈ മേഖലയിൽ വൻ നിക്ഷേപങ്ങളുമായി കോർപ്പറേറ്റ് ഭീമന്മാർ എത്തുന്നത് സൂചിപ്പിക്കുന്നത്. ബൈജൂസ് ലേണിംഗ് ആപ് ഇതിന് ഒരു ഉദാഹരണം മാത്രം. ഏതാണ്ട് പതിനഞ്ച് ബില്യണ്‍ ഡോളർ മൂല്യമുള്ള വിപണി ആയി ഓണ്‍ലൈൻ അധ്യാപനം ഉയരുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

എന്താണ് ഓണ്‍ലൈൻ അധ്യാപനം

നിങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നതിനായി ഇന്‍റർനെറ്റിന്‍റെ സാധ്യതകളെ ഉപയോഗിക്കുന്ന രീതിയാണ് ഓണ്‍ലൈൻ അധ്യാപനം അല്ലെങ്കിൽ ഓണ്‍ലൈൻ ട്യൂഷൻ. വിദേശത്തോ സ്വദേശത്തോ ഉള്ള വിദ്യാർത്ഥികൾക്ക് ഓണ്‍ലൈനായി അവർക്ക് പ്രയാസമേറിയ വിഷയങ്ങളെ പഠിക്കുവാൻ സഹായിച്ച് അവർക്കായി ചിലവഴിച്ച സമയത്തിന് മണിക്കൂർ അടിസ്ഥാനത്തിൽ ഫീസ് വാങ്ങുക എന്നതാണ് ഓണ്‍ലൈൻ അധ്യാപന രീതി.

വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ എങ്ങനെ കണ്ടെത്താം എന്നതിന് ഉത്തരമായാണ് അനേകം ഓണ്‍ലൈൻ ട്യൂഷൻ പ്ലാറ്റ്ഫോമുകൾ രംഗത്തുള്ളത്. തിരിച്ചും, മികച്ച അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി മാതാപിതാക്കൾ ഇത്തരം പ്ലാറ്റുഫോമുകളെ സമീപിക്കുന്നു. കുട്ടികളെയും, അവർക്ക് ആവശ്യമുള്ള വിഷയത്തിന് മികച്ച അധ്യാപകരേയും പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ഇത്തരം പ്ലാറ്റുഫോമുകളുടെ ദൗത്യം.

പ്രയോജനങ്ങൾ

അധ്യാപകരെ സംബന്ധിച്ച അവർക്കിഷ്ടമുള്ള സമയക്രമം തിരഞ്ഞെടുത്ത് പഠിപ്പിക്കാം. രാത്രിയോ പകലോ, നിങ്ങൾക്ക് ഉചിതമായ സമയം ഏതാണോ അത്. പക്ഷെ, നിങ്ങൾ പഠിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന കുട്ടികളുടെ സമയ ക്രമം കൂടി കണക്കിലെടുക്കേണ്ടി വരും. എവിടെ ഇരുന്നും പഠിപ്പിക്കാം. ആകെ വേണ്ടത് ഒരു ലാപ്ടോപ്പും ഇന്‍റർനെറ്റ് കണക്ഷനും മാത്രം. മണിക്കൂർ അടിസ്ഥാനത്തിൽ ആയിരിക്കും നിങ്ങളുടെ ജോലിക്കുള്ള വേതനം, ഇതിൽ ഒരു ചെറിയ ശതമാനം മാത്രം ഇൗ പ്ലാറ്റുഫോമുകൾക്ക് നൽകേണ്ടി വരും. ചിലർ സൗജന്യമായും അവരുടെ സർവ്വീസ് നൽകി വരുന്നുണ്ട്.

വിദ്യാർഥികളെ സംബന്ധിച്ച് പഠനത്തിനായി വേറെ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ട ആവശ്യകത വരുന്നില്ല. വീട്ടിൽ ഇരുന്ന് തന്നെ പഠിക്കാം. അതും മാതാപിതാക്കളുടെ മേൽനോട്ടത്തിൽ. അധ്യാപകനോട് ചോദ്യങ്ങൾ ചോദിക്കാനും വിശദീകരണങ്ങൾ തേടുവാനും ഹോംവർക്കുകൾ അയച്ചു കൊടുക്കുവാൻവരെ ഉള്ള സൗകര്യങ്ങൾ പല പ്ലാറ്റ്ഫോമുകളും ഒരുക്കുന്നുണ്ട്. ഒപ്പം തന്നെ അധ്യാപകനെ വിലയിരുത്താനും വിദ്യാർത്ഥികൾക്ക് കഴിയും. അങ്ങനെ അനേകം പേർ വിലയിരുത്തിയ മികച്ച അധ്യാപകനെ തിരഞ്ഞെടുക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കും. കൂടാതെ കുട്ടികളോടുള്ള ചൂഷണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ സുരക്ഷിതരായി ുട്ടികളെ മാതാപിതാക്കളുടെ കണ്‍വെട്ടത്തിരുത്തി ട്യൂഷൻ നൽകാം.


വരുമാനം

നിങ്ങളുടെ പ്രാവീണ്യത്തെ അടിസ്ഥാനമാക്കി ആയിരിക്കും നിങ്ങൾക്കുള്ള വേതനം ലഭിക്കുന്നത്. വോളിയം ബേസ്ഡ് ബിസിനസ് മോഡൽ ആണ് ഓണ്‍ലൈൻ അധ്യാപനം എന്നതിനാൽ മിക്ക പ്ലാറ്റുഫോമുകളും അധ്യാപകർക്ക് നല്ല തുക നൽകി വരുന്നുണ്ട്. മണിക്കൂർ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന വേതന സംവിധാനം ഓട്ടോമേറ്റഡ് ആണ്, നിങ്ങളുടെ പ്രവർത്തന സമയവും, മറ്റും വിലയിരുത്തി നിങ്ങളുടെ പ്രൊഫൈലുമായി ബന്ധിപ്പിച്ചിരിക്കുന്ന അകൗണ്ടിലേക്ക് പണം നിക്ഷേപിക്കും. ആഴ്ചയിലോ, മാസത്തിലോ ആകും പണം നിക്ഷേപിക്കുന്നത്. അത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും മിക്ക വെബ്സൈറ്റുകളും നൽകുന്നുണ്ട്. മണിക്കൂറിന് 300 രൂപ മുതൽ 2000 രൂപ വരെ ചാർജ്ജ് ചെയ്യുന്ന അധ്യാപകർ ഉണ്ട്. അഞ്ച് മണിക്കൂറിൽ കുറയാതെ ജോലി ചെയ്യാൻ സാധിച്ചാൽ നിങ്ങൾക്ക് ഒരു മാസം 50000 രൂപ എങ്കിലും സന്പാദിക്കാം.

എങ്ങനെ തുടങ്ങാം

താഴെ പറയുന്ന വെബ്ബ്സൈറ്റുകൾ ഇത്തരത്തിൽ ഓണ്‍ലൈൻ അധ്യാപകരെ തേടുന്നവരാണ്. ഈ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ പ്രാവീണ്യവും, ഇഷ്ട വിഷയങ്ങളും നൽകുക. നിങ്ങളുടെ സമയ ക്രമം മുതലായവ നൽകേണ്ടി വരും. നിങ്ങളുടെ പ്രാവീണ്യം വിലയിരുത്തുന്നതിനായി ഒരു സ്ക്രീനിംഗ് ടെസ്റ്റും ഉണ്ടായേക്കാം. അതുകഴിഞ്ഞാൽ അവരുടെ എൽഎംഎസ് (ലേണിംഗ് മാനേജ്മെന്‍റ് സിസ്റ്റം) നിങ്ങൾക്കുള്ള ലോഗിൻ ഐഡിയും പാസ് വേർഡും നൽകുന്നു. ഈ പ്ലാറ്റുഫോമുകളിൽ നിങ്ങൾക്ക് പഠിപ്പിക്കുവാൻ ആവശ്യമായ സോഫ്റ്റ് വേർ പ്ലഗിനുകൾ, വീഡിയോ കോളിനുള്ള സൗകര്യം,വൈറ്റ് ബോർഡ്, ചാറ്റ് ഇന്‍റർഫേസ് തുടങ്ങിയ സൗകര്യങ്ങൾ നൽകുന്നുണ്ട്.

https://www.brainnr.com/
http://demo.eduwizards.com
https://www.vedantu.com/become-a-teacher
മറ്റു ചില വെബ്സൈറ്റുകളിൽ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടവിഷയങ്ങളിൽ നിങ്ങളുടെ പേര് ചേർക്കാവുന്നതാണ്. ആവശ്യമുള്ളവർക്ക് കണ്ടെത്തി നിങ്ങളെ ബന്ധപ്പെടുവാനുള്ള വിവരങ്ങൾമാത്രമേ ഇത്തരം വെബ്സൈറ്റുകൾ നൽകുകയുള്ളൂ. നിങ്ങളുടേതായ മാർഗത്തിൽ, ബന്ധപ്പെടുന്ന വിദ്യാർഥികൾക്ക് ഓണ്‍ലൈൻ ട്യൂഷൻ നൽകാവുന്നതാണ്. മുൻപേ പറഞ്ഞ എൽഎംഎസ് പ്ലാറ്റുഫോമുകളിൽ നിന്നും വ്യത്യസ്തമായി നിങ്ങൾ തന്നെ ആയിരിക്കും ഒരു ബാച്ച് സംഘടിപ്പിക്കുന്നതും പഠിപ്പിക്കുന്നതും ഫീസ് വാങ്ങുന്നതും എല്ലാം.

കോഴ്സ് പാക്കേജ്

ഇനി മറ്റൊരു വിഭാഗം കൂടി ഉണ്ട്. നിങ്ങൾക്ക് നല്ലൊരു കോഴ്സ് ഉണ്ടാക്കാൻ സാധികുമോ? കോഴ്സ് മെറ്റീരിയൽസും വീഡിയോകളും ഒക്കെ ആയി ആ കോഴ്സിനെ ഒരു പാക്കേജ് ആക്കുവാൻ സാധിച്ചാൽ ഒരു തുകയിട്ട് നിങ്ങൾക്ക് ആ കോഴ്സുകൾ വിൽക്കുവാൻ സാധിക്കും. https://www.udemy.com
https://mirasee.com തുടങ്ങിയ വെബ്സൈറ്റുകളാണ് ഇത്തരം ഒരു സൗകര്യം ഒരുക്കുന്നത്. കോഴ്സ് ചെയ്യേണ്ടവർ ചെയ്ത് പൊക്കോളും പണം നമ്മുടെ പെട്ടിയിലും വീഴും. പുറം രാജ്യങ്ങളിലെ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്നതിൽ നല്ല പ്രാവീണ്യം ഉള്ളവർക്ക് ഈ വെബ്സൈറ്റുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. മികച്ച വേതനം ആണ് ഇവർ നൽകുന്നത്
https://www.chegg.com/tutors/
http://www.e-tutor.com
https://tutor.com/
https://www.tutorvista.com/

അധ്യാപകർക്ക് വേണ്ടത്

1 സ്കൈപ്പ് : വീഡിയോ കോളിങ്ങിനും വിദ്യാർത്ഥിയുമായും മുഖാമുഖം സംസാരിക്കുന്നതിനും
2. ഓണ്‍ലൈൻ വൈറ്റ് ബോർഡ് : വ്ർച്വൽ വൈറ്റ് ബോർഡുകൾ നിങ്ങളുടെ ക്ലാസുകൾക്ക് ഒരു പ്രൊഫഷണൽ മുഖം നൽകും. നിങ്ങൾ എഴുതുന്നത് ക്ലാസ്സ് മുറികളിലെന്ന പോല ലൈവ് ആയി വിദ്യാർത്ഥിയുടെ സ്ക്രീനിലും തെളിയുന്നു എന്നത് കൂടുതൽ സൗകര്യം നൽകുന്നു. സൗജന്യമായി ഉപയോഗിക്കാവുന്ന വ്ർച്വൽ വൈറ്റ് ബോർഡുകൾ ലഭ്യമാണ്
3. സ്റ്റോറേജ് സ്പേസ് : പഠനത്തിനുള്ള മെറ്റീരിയലുകൾ, ഡോക്യുമെന്‍റ് തുടങ്ങിയവ സൂക്ഷിക്കാൻ ക്ലൗഡ് സ്പേസുകളെ ആശ്രയിക്കാവുന്നതാണ്. ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ് ബോക്സ് തുടങ്ങിയവ പരിമിതമെങ്കിലും സൗജന്യമാണ്.
4. യൂട്യൂബ് : യൂട്യൂബ്, റഫറൻസ് വീഡിയോകൾ ചെയ്യുന്നതിന് ഉപയോഗിക്കാം.
5. ഡിജിറ്റൽ പേന : കണക്ക്, സിവിൽ, തുടങ്ങിയ വിഷയങ്ങളിൽ ഡിജിറ്റൽ പേന ഉണ്ടെങ്കിൽ സൗകര്യം ഏറെയാണ്.


വിവരങ്ങൾക്ക് കടപ്പാട്
സുജിത് കർത്ത
ഡയറക്ടർ, സ്കൂൾ ഓഫ് ഇന്‍റർനെറ്റ്
പാലാരിവട്ടം, കൊച്ചി, ഫോണ്‍:9645552494