സ്ത്രീകൾക്കും വേണം വ്യക്തിഗത ഇൻഷുറൻസ് പോളിസികൾ
സ്ത്രീകൾക്കും വേണം വ്യക്തിഗത ഇൻഷുറൻസ്  പോളിസികൾ
Friday, October 5, 2018 4:28 PM IST
സ്ത്രീകൾ വിവിധ മേഖലകളിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന നാളുകളാണിത്. ധനകാര്യ മേഖലകളിലും സ്ത്രീകൾ ശ്രദ്ധേയമായ പദവികൾ നേടിയെടുക്കുന്നുണ്ട്. പക്ഷേ, കുടുംബത്തിലേക്ക് എത്തുന്പോൾ അല്ലെങ്കിൽ കുടുംബത്തിലെ സാന്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള സംസാരം വരുന്പോൾ പല സ്ത്രീകളും നിശബ്ദരാകും. കാരണം അവിടെ എല്ലാം നിശ്ചയിക്കുന്നത് ഭർത്താക്കൻമാരാണ്, പിതാക്കൻമാരാണ്. അല്ലെങ്കിൽ കുടുംബത്തിലെ മുതിർന്നവരാണ്.

സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കുന്ന പണംപോലും ചെലവഴിക്കാൻ സ്ത്രീകൾക്ക് അവകാശമില്ലാത്ത സാഹചര്യങ്ങളുമുണ്ട്. സ്ത്രീകളാണെങ്കിലോ തങ്ങളുടെ സുരക്ഷിതത്വം നോക്കി ഭർത്താവിനെയോ അച്ഛനെയോ സാന്പത്തിക കാര്യങ്ങൾ ഏൽപ്പിക്കും.

സാന്പത്തിക കാര്യങ്ങളെക്കുറിച്ച് സ്ത്രീകളും അറിഞ്ഞിരിക്കണം

മാതാപിതാക്കളാണെങ്കിലോ, പെണ്‍കുട്ടികളുടെ കല്യാണത്തിനുവേണ്ടിയാണ് സന്പാദ്യമെല്ലാം എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. അവരുടെ ഭാവിക്കായി പ്രത്യേകിച്ചൊന്നും ചെയ്യാറുമില്ല.
പെണ്‍കുട്ടികളെ ചെറുപ്പം മുതൽ സാന്പത്തിക കാര്യങ്ങൾ കൂടി കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കേണ്ടതുണ്ട്.വീട്ടിലും സുഹൃത്തുക്കൾക്കിടയിലും സാന്പത്തിക കാര്യങ്ങൾ സംസാരിക്കാനുള്ള അവരുടെ മടി ഇല്ലാതാക്കാൻ കൂടി ഇത് സഹായിക്കും. ഒരു വീടിനുള്ളിലെ എല്ലാക്കാര്യങ്ങളും കടന്നു പോകുന്നത് സ്ത്രീകളുടെ കൈകളിലൂടെയാണ്. ടൂത്ത് പേസ്റ്റും ഹാൻഡ് വാഷും എന്നു തുടങ്ങി ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ തീരുന്നത് അറിയുന്നതും അതിനനുസരിച്ച് വാങ്ങിപ്പിക്കുന്നതുമെല്ലാം സ്ത്രീകളാണ്.
പക്ഷേ, സ്വന്തം ആരോഗ്യത്തിന്‍റെ കാര്യത്തിൽ മിക്ക സ്ത്രീകളും വേണ്ടത്ര ശ്രദ്ധ നൽകുന്നേയില്ല എന്നതാണ് വസ്തുത.

ആരോഗ്യ ഇൻഷുറൻസ് കന്പനികളുടെ അഭിപ്രായത്തിൽ സ്ത്രീകളാണ് പുരുഷൻമാരേക്കാൾ ഇൻഷുറൻസ് പോളിസി എടുക്കേണ്ടവർ. അതിനു കാരണമുണ്ട്. കൂടുതൽ കാലം ജീവിച്ചിരിക്കുന്നതും കൂടുതൽ ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യതയും സ്ത്രീകൾക്കാണ്. പുരുഷൻമാരേക്കാൾ കൂടുതലായി ഡോക്ടർമാരെ സന്ദർശിക്കുന്നതും സ്ത്രീകളാണ്. അസുഖം മൂലമോ അല്ലെങ്കിൽ ഗർഭകാലത്തോ ഒക്കെയാവാം ഇത്. സ്ത്രീകൾ പൊതുവേ തീരുമാനങ്ങൾ എടുക്കുന്നതിൽ, പ്രത്യേകിച്ച് സാന്പത്തികമായ തീരുമാനങ്ങളെടുക്കുന്നതിൽ, വളരെ പിന്നിലാണ്. അവരെപ്പോഴും ജോലിത്തിരിക്കിലും വീട്ടിലെ തിരക്കുകളിലുമായിരിക്കും.

എന്തായാലും മികച്ച ആരോഗ്യ പോളിസിയുണ്ടായിരിക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ജോലിയും വരുമാനവുമൊക്കെയുണ്ടെങ്കിലും ഇല്ലെങ്കിലും ആവശ്യത്തിനുള്ള കവറേജുള്ള ആരോഗ്യ പോളിസി ഓരോ സ്ത്രീയും ജീവിതം തുടങ്ങുന്പോൾ തന്നെ ഉറപ്പാക്കുക. അതു ഭർത്താവിനോടായാലും പിതാവിനോടായാലും സഹോദരനോടായാലും മക്കളോടായാലും പറഞ്ഞു പോളിസി ഉറപ്പാക്കുക. ഓരോ വർഷവും അതു പുതക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുക.

അതിന്‍റെ ഗുണം അപ്രതീക്ഷിതമായി രോഗം വന്നാൽ നല്ല ചികിത്സയ്ക്കായി ആരുടേയും മുന്നിൽ കൈനീട്ടേണ്ട എന്നതാണ്.

വ്യക്തിഗത പോളിസികൾ അത്യാവശ്യമാണ്

ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഗർഭാശയസംബന്ധമായ രോഗങ്ങൾ, കാൻസർ, പ്രത്യുൽപ്പാദന ശേഷി സംബന്ധമായ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം തുടങ്ങിയവയാണ് ഇന്ത്യയിലെ സ്ത്രീകൾ ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടുന്നതിന്‍റെ ആവശ്യകത വെളിവാക്കുന്ന ചില രോഗങ്ങൾ. മലിനീകരണം, മായം ചേർക്കൽ, ജീവിത ശൈലി രോഗങ്ങൾ എന്നിവയെല്ലാം പെരുകി വരുന്നതായിട്ടാണ് കാണുന്നത്. വന്ധ്യതയ്ക്കുള്ള ചികിത്സയും ഇന്ന് കൂടി വരുന്നു.

ചികിത്സാച്ചെലവ് ഓരോ വർഷവും കുതിച്ചുയരുകയാണ്. മെഡിക്കൽ ഇൻഫ്ളേഷൻ 13-15 ശതമാനമാണിപ്പോൾ. ചികിത്സാച്ചെലവ് കുടുംബത്തിന്‍റെ സാന്പത്തിക ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. സ്ത്രീകൾക്കിടയിൽ വ്യക്തിഗത പോളിസികൾ വളരെക്കുറവാണ്. ഭർത്താവ് അല്ലെങ്കിൽ മാതാപിതാക്കൾ എടുക്കുന്ന ഫാമിലി ഫ്ളോട്ടർപോളിസിക്കുള്ളിൽ പലപ്പോഴും സ്ത്രീകളുടെ പോളിസികളും ഒതുങ്ങുന്നു.


വ്യക്തിഗത പോളിസി എടുക്കാം

ഫ്ളോട്ടർ പോളിസികൾ എടുക്കുകയാണെങ്കിൽ കുട്ടികൾക്ക് 21 വയസാകുന്നതുവരെ അതിൽ ഉൾപ്പെടും. അതിനുശേഷം ജോലിക്കു പോകുന്ന സ്ത്രീകളാണെങ്കിൽ കന്പനികൾ നൽകുന്ന ഇൻഷുറൻസിൽ ഇവർ ഉൾപ്പെടും. ഇനി ജോലിക്കു പോകുന്നില്ലെങ്കിൽ കല്യാണം കഴിഞ്ഞ് ഭർത്താവ് എടുക്കുന്ന ഫ്ളോട്ടർ പോളിസിയിൽ അംഗമാകും.

കന്പനികൾ നൽകുന്ന ഇൻഷുറൻസിലോ അല്ലെങ്കിൽ കുടുംബത്തിനുവേണ്ടിയുള്ള ഫ്ളോട്ടർ പോളിസിയിലോ സ്ത്രീകളുടെ പോളിസികളെ ഒതുക്കരുത്. ജോലി നേടിക്കഴിഞ്ഞാൽ ഒരു വ്യക്തിഗത പോളിസി സ്ത്രീകൾ സ്വന്തമാക്കിയിരിക്കണം.

സ്ത്രീകൾ തന്നെ വേണം തങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവെയ്ക്കാൻ. കാരണം വീടിനും ജോലിക്കും വേണ്ടി ഏറ്റവും അധികം ഓടുന്നത് സ്ത്രീകളാണ്. പുരുഷൻമാരുമായി താരതമ്യം ചെയ്യുന്പോൾ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ വ്യത്യസ്തമാണ്. എന്നാൽ വളരെക്കുറച്ചു സ്ത്രീകൾമാത്രമേ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നുള്ളു എന്നതാണ്. ഭൂരിഭാഗം പേരും ആരോഗ്യത്തെ മനപ്പൂർവം അവഗണിച്ച് കൂടെയുള്ളവർക്കുവേണ്ടി ജീവിച്ചു തീർക്കുകയാണ്. ചിലരാകട്ടെ ഓഫീസും വീടുമായിട്ടുള്ള ഓട്ടത്തിലുമാണ്.

എന്തുകൊണ്ട് ലൈഫ് ഇൻഷുറൻസ് പോളിസി?

സാന്പത്തിക സുരക്ഷിതത്വം

ഭർത്താവിനൊപ്പം തന്നെ സാന്പത്തിക ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കുന്ന വ്യക്തിയാണെങ്കിൽ സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി അത്യാവശ്യമാണ്. ഭാവിയിൽ ആശ്രിതർക്ക് സുരക്ഷിതമായൊരു ജീവിതം ഉറപ്പുവരുത്താൻ സാധിക്കും. ഏറ്റവും കുറഞ്ഞ നിരക്കിൽ ടേം പോളിസിയിലൂടെ ഈ ലക്ഷ്യം നേടാൻ സാധിക്കും.
ജോലിയില്ലെങ്കിൽപോലും ടേം പോളിസി എടുക്കുന്നത് കുടുംബത്തിന് നല്ലതാണ്. അപ്രതീക്ഷിതമായതു സംഭവിച്ചാൽ വീട്ടിലെ കാര്യങ്ങൾ സാധാരണപോലെ കൊണ്ടുപോകുവാനുള്ള ചെലവ് എന്തായിരിക്കുമെന്ന് ആർക്കും ആലോചിക്കാവുന്നതേയുള്ളു. അതു നികത്താൻ ടേം ഇൻഷുറൻസിലൂടെ കവറേജ് ഉറപ്പാക്കാവുന്നതേയുള്ളു.

സന്പാദ്യ ശീലം വളർത്തും

സ്ത്രീകൾ പലപ്പോഴും പ്രാദേശികമായുള്ള ചിട്ടികളിലോ അല്ലെങ്കിൽ വീട്ടിൽ തന്നെയോ ആണ് തന്‍റെ സന്പാദ്യങ്ങളെല്ലാം സൂക്ഷിക്കാറ്. എന്നാൽ വിപണിയുമായി ബന്ധപ്പെട്ട യുലിപ് (യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ) തുടങ്ങിയവയാണെങ്കിൽ സന്പാദ്യവും സുരക്ഷിതത്വവും ഒരുമിച്ച് ലഭ്യമാകും. ടേം ഇൻഷുറൻസ് ഉള്ളവർക്ക് മറ്റ് ലൈഫ് ഇൻഷുറൻസ് കവറേജുകൾ അത്യാവശ്യമൊന്നുമില്ല.

ഗുരുതര രോഗങ്ങൾക്ക് കവറേജ് ലഭിക്കും

ചികിത്സ ചെലവുകൾ ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുതര രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഗുരുത രോഗങ്ങളുടെ കവറേജു ക്രിട്ടിക്കൽ ഇൻഷുറൻസ് എടുക്കുന്നത് സാന്പത്തിക പ്രത്യാഘാതം ഗണ്യമായി കുറയ്ക്കും. അടിസ്ഥാന ആരോഗ്യ പോളിസി ഉള്ളവർക്ക് വളരെ കുറഞ്ഞ നിരക്കിൽ ക്രിട്ടിക്കൽ ഇൽനെസ് പോളിസി എടുക്കാൻ സാധിക്കും. മുപ്പത്തഞ്ചോളം മാരകരോഗങ്ങൾക്കു കവറേജ് ലഭിക്കുന്ന പോളിസികൾ ഇപ്പോൾ ലഭ്യമാണ്.

സ്ത്രീകൾ പോളിസികൾ എടുക്കുന്പോൾ ശ്രദ്ധിക്കാൻ

1. സ്തനാർബുദം, ഗർഭാശയ കാൻസർ, ഫലോപിയൻ ട്യൂബ് കാൻസർ, സെർവിക്കൽ കാൻസർ, വജൈനൽ കാൻസർ, ഓവേറിയൻ കാൻസർ എന്നിവയ്ക്കുള്ള കവറേജുള്ള പോളിസികൾ എടുക്കുക
2. മറ്റേണിറ്റി കവറേജ് ലഭിക്കുന്ന പോളിസികൾ എടുക്കുക
3. അപകടത്തിനുള്ള കവറേജ്