പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്: ആരോഗ്യം സംരക്ഷിക്കാം, നികുതിയും ലാഭിക്കാം
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്:  ആരോഗ്യം സംരക്ഷിക്കാം, നികുതിയും ലാഭിക്കാം
Monday, November 5, 2018 2:51 PM IST
ഏറ്റവും സുരക്ഷിതത്വമുള്ള ദീർഘകാല ഡെറ്റ് നിക്ഷേപമാണ് പിപിഎഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പബ്ളിക് പ്രൊവിഡന്‍റ് ഫണ്ട്. ഏറ്റവും ഉയർന്ന റിട്ടേണ്‍ ലഭിക്കുന്നുവെന്നു മാത്രമല്ല, നിക്ഷേപത്തിനും റിട്ടേണിനും നികുതിയിളവും ലഭിക്കുന്നുവെന്നതാണ് ഇതിന്‍റെ ഏറ്റവും ആകർഷണീയമായ വശം. കേന്ദ്ര സർക്കാരിന്‍റെ ഗാരന്‍റിയുള്ളതിനാൽ നിക്ഷേപം 100 ശതമാനം സുരക്ഷിതം.

നികുതിയിളവുകൾ

ഒരു വർഷം ഒന്നര ലക്ഷം രൂപ വരെയാണ് പിപിഎഫിൽ നിക്ഷേപിക്കാവുന്നത്. ആദാനികുതി നിയമത്തിൽ 80 സി വകുപ്പ് പ്രകാരം ഈ നിക്ഷേപത്തിന് പൂർണമായും നികുതിയിളവും കിട്ടും. നിക്ഷേപത്തിൽനിന്നുള്ള റിട്ടേണിനും നികുതി നൽകേണ്ട എന്നതാണ് ഇതിന്‍റെ മറ്റൊരു ആകർഷണീയത.

കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. അക്കൗണ്ട് സജീവമായി നിലനിർത്താൻ വർഷം 500 രൂപയെങ്കിലും നിക്ഷേപം നടത്തണം. ഒരു വർഷം 12 തവണകളായും നിക്ഷേപം നടത്താം.
ജോലിക്കാർക്കും ബിസിനസുകാർക്കും സംരംഭകർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ആർക്കും ഇതിൽ നിക്ഷേപം നടത്താം.

പലിശ നിരക്ക്

പിപിഎഫ് നിക്ഷേപത്തിന്‍റെ പലിശ നിരക്ക് ഓരോ ക്വാർട്ടറിലും സർക്കാരാണ് നിശ്ചയിക്കുന്നത്. ഏറ്റവും ഒടുവിൽ ഒക്ടോബർ- ഡിസംബർ കാലയളവിൽ എട്ടു ശതമാനമാണ് പലിശ. ഒരു കാലത്ത് 12 ശതമാനം റിട്ടേണ്‍ ഉണ്ടായിരുന്നതാണ.് പിപിഎഫ് നിക്ഷേപങ്ങൾ വിപണിയുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ വിപണിയിലെ ചാഞ്ചാട്ടങ്ങൾ പിപിഎഫ് റിട്ടേണിനെ ബാധിക്കില്ല.

അക്കൗണ്ട് തുറക്കൽ

ബാങ്ക്, പോസ്റ്റോഫീസ്, നിശ്ചയിച്ചിട്ടുള്ള സ്വകാര്യമേഖല ബാങ്കുകൾ തുടങ്ങിയവയിൽ അക്കൗണ്ട് തുറക്കാം. ഒരു വ്യക്തിക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുറക്കാൻ സാധിക്കു. ബാങ്കിൽ പിപിഎഫ് അക്കൗണ്ട് തുറന്നെങ്കിൽ പിന്നെ പോസ്റ്റോഫീസിൽ അക്കൗണ്ട് തുറക്കാൻ സാധിക്കില്ല. താമസം മാറകയോ, ജോലി മാറുകയോ ചെയ്താൽ അക്കൗണ്ടും മാറ്റാനുള്ള സൗകര്യമുണ്ട്. ഓണ്‍ലൈനായും അക്കൗണ്ട് തുറക്കാം.

അബദ്ധത്തിൽ ഒരേ പേരിൽ രണ്ട് അക്കൗണ്ട് തുറന്നു എന്നിരിക്കട്ടെ അങ്ങനെയെങ്കിൽ രണ്ടാമത്തെ അക്കൗണ്ട് സാധുതയില്ലാത്ത അക്കൗണ്ടായി മാറും.

അക്കൗണ്ട് ക്ലോസ് ചെയ്യൽ

അക്കൗണ്ട് ഉടമ മരണമടഞ്ഞാൽ കാലാവധി പൂർത്തിയാകുന്നതിനു മുന്പേ അക്കൗണ്ട് ക്ലോസ് ചെയ്യാം.

നേരത്തെ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് വായ്പ എടുക്കാനും പണം പിൻവലിക്കാനുമുള്ള അവസരമായിരുന്നു .ഇപ്പോൾ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് നിബന്ധനകൾക്കു വിധേയമായി അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള അവസരവുമുണ്ട്. പക്ഷേ, അക്കൗണ്ട് ആരംഭിച്ചിട്ട് അഞ്ചു സാന്പത്തിക വർഷങ്ങൾ പിന്നിട്ടിരിക്കണം.

അക്കൗണ്ട് ഉടമയ്ക്കോ, പങ്കാളിക്കോ, ആശ്രിതരായ മക്കൾക്കോ മാതാപിതാക്കൾക്കോ ഗുരുതരമായ രോഗം തുടങ്ങിയ കാരണങ്ങളാൽ അക്കൗണ്ട് ക്ലോസ് ചെയ്യാം. വ്യക്തമായ കാരണം ബന്ധപ്പെട്ട അധികാരികളിൽ നിന്നും സാക്ഷ്യപ്പെടുത്തി രേഖ ഹാജരാക്കണം.

അക്കൗണ്ട് ഉടമയ്ക്ക് അത് മൈനർ അക്കൗണ്ട് ഉടമയാണെങ്കിലും ഇന്ത്യയിലോ ഇന്ത്യയ്ക്കു പുറത്തോ ഉള്ള ഉന്നത വിദ്യാഭ്യാസത്തിനായി അക്കൗണ്ട് ക്ലോസ് ചെയ്യാം. അഡ്മിഷൻ ലഭിച്ചു എന്നുറപ്പാക്കാനായി സ്ഥാപനം നൽകുന്ന ഫീസിന്‍റെ ബില്ല് തുടങ്ങിയ രേഖകൾ ഹാജരാക്കണം.

സുരക്ഷിതമായ നിക്ഷേപം

പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപം സുരക്ഷിതമായ നിക്ഷേപമാണ്. ഒന്നാമതായി സർക്കാരാണ് ഈ നിക്ഷേപ ഉപകരണത്തെ പ്രമോട്ട് ചെയ്യുന്നത്. കൂടാതെ എന്തെങ്കിലും കട ബാധ്യതകൾ വന്നാൽ കോടതി സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടാലും പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപം കണ്ടു കെട്ടാൻ സാധിക്കില്ല. നികുതി വെട്ടിപ്പു നടത്തിയാൽ നികുതി ബാധ്യതകൾ തീർക്കാനായി ആദായ നികുതി വകുപ്പിന് പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപം എടുക്കാം.

ദീർഘകാല ലക്ഷ്യം

പിപിഎഫിലെ നിക്ഷേപം 15 വർഷത്തോളം നീണ്ടു നിൽക്കുന്നതാണ്. അതുകൊണ്ടുതന്നെ ദീർഘകാല ലക്ഷ്യങ്ങൾക്കു അനുയോജ്യമായ നിക്ഷേപവുംകൂടിയാണ്.

പിപിഎഫ് സവിശേഷതകൾ

* പിപിഎഫിന്‍റെ മച്യൂരിറ്റി കാലാവധി 15 വർഷമാണ്. പക്ഷേ മച്യൂരിറ്റി കാലാവധി കണക്കാക്കുന്നത് നിക്ഷേപം നടത്തിയ ധനകാര്യ വർഷത്തിന്‍റെ അവസാനതീയതിയായ മാർച്ച് 31 മുതലാണ്. അക്കൗണ്ട് തുറന്ന തീയതി, മാസം തുടങ്ങിയവ പ്രശ്നമല്ല.


* ഓരോ ക്വാർട്ടറിലും ഗവണ്‍മെന്‍റ് പലിശ നിരക്ക് പുതുക്കി നിശ്ചയിക്കും. 2018 ഒക്ടോബർ- ഡിസംബർ ക്വാർട്ടറിലെ പലിശനിരക്ക് 8 ശതമാനം. ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ കൂടുതലാണിത്.

* കൂട്ടു പലിശയാണ് ബാധകമാക്കിയിരിക്കുന്നത്. ഒരോ മാസത്തിലും അഞ്ചിനും അവസാന തീയതിക്കും ഇടയിലെ ഏറ്റവും കുറഞ്ഞ ബാലൻസിലാണ് പലിശ കണക്കാക്കുന്നത്.അതിനാൽ അഞ്ചാം തീയതിക്കു മുന്പേ നിക്ഷേപം നടത്തുക.
വാർഷികാടിസ്ഥാനത്തിലാണ്നിക്ഷേപമെങ്കിൽ ഏപ്രിൽ അഞ്ചിനു മുന്പ് നിക്ഷേപം നടത്തുക.

* പലിശയും മച്യൂരിറ്റി തുകയും നികുതി വിമുക്തമാണ്.

* ഒരാൾക്ക് അയാളുടെ പേരിൽ ഒരു പിപിഎഫ് അക്കൗണ്ടേ തുറക്കാനാകൂ. ജോയിന്‍റ് അക്കൗണ്ടുകൾ അനുവദനീയമല്ല. രണ്ടാമതൊരു അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കിൽ അതു ക്ലോസ് ചെയ്യണം. ഇതിലെ നിക്ഷേപം മാത്രമേ തിരികെ ലഭിക്കുകയുള്ളു. പലിശ ലഭിക്കില്ല.

* വിദേശ ഇന്ത്യക്കാർക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാൻ അനുമതിയില്ല. എന്നാൽ അക്കൗണ്ട് തുറന്നതിനുശേഷമാണ് വിദേശ ഇന്ത്യക്കാരൻ ആയതെങ്കിൽ ആ അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതുവരെ തുടരാം.

എൻആർഇ, അല്ലെങ്കിൽ എൻആർഒ അക്കൗണ്ടിൽനിന്നും പിപിഎഫിലേക്ക് പണമടയ്ക്കണം. ഒരു വർഷം കുറഞ്ഞത് 500 രൂപയെങ്കിലും അടച്ചിട്ടുണ്ടെങ്കിലേ അക്കൗണ്ട് സജീവമായിരിക്കുകയുള്ളു. അക്കൗണ്ട് കാലാവധി പൂർത്തിയായാൽ വിദേശ ഇന്ത്യക്കാർക്ക് അതു നീട്ടുവാൻ അനുവാദമില്ല.

* കാലാവധി 15 വർഷമാണെങ്കിലും നിബന്ധനകൾക്കു വിധേയമായി ഭാഗികമായി തുക പിൻവലിക്കാനും വായ്പ എടുക്കുവാനും അവസരമൊരുക്കിയിട്ടുണ്ട്.

മൂന്നുവർഷം അക്കൗണ്ടു പൂർത്തിയാക്കിയവർക്കു വായ്പ എടുക്കാൻ യോഗ്യതയുണ്ട്. ഏഴാം വാർഷം മുതൽ വായ്പ ലഭിക്കുകയില്ല. വായ്പയ്ക്ക് പിപിഎഫ് പലിശനിരക്കിനേക്കാൾ രണ്ടു ശതമാനം പലിശ നൽകണം. ആ പലിശ സർക്കാരിലേക്കു മുതൽക്കൂട്ടും. തലേവർഷം അവസാനം അക്കൗണ്ടിലുള്ള തുകയും 25 ശതമാനമാണ് വായ്പായി ലഭിക്കുക. വായ്പയ്ക്ക് ഒരിക്കൽ പലിശനിരക്ക് നിശ്ചയിച്ചു കഴിഞ്ഞാൽ തിരിച്ചടവു വരെ ആ നിരക്ക് പലിശയായി നൽകിയാൽ മതിയാകും.

എടുത്ത വായ്പ പൂർണമായും തിരിച്ചടയ്ക്കുന്നതുവരെ പുതിയ വായ്പ അനുവദിക്കുകയില്ല. വായ്പയുടെ കാലാവധി 36 മാസമാണ്. വായ്പ അനുവദിക്കുന്ന മാസം കഴിഞ്ഞുവരുന്ന മാസത്തിലെ ഒന്നാം തീയതി മുതലാണ് വായ്പയുടെ കാലാവധി കണക്കാക്കുന്നത്.

* ഏഴാം വർഷം മുതൽ ഭാഗികമായി തുക പിൻവലിക്കുവാൻ യോഗ്യത നേടാം. പിൻവലിക്കാവുന്ന തുകയ്ക്കു പരിധിയുണ്ട്. ഇതിനു നികുതിയും നൽകേണ്ടതില്ല.

* പിപിഎഫ് നിക്ഷേപം കാലാവധി പൂർത്തിയാക്കിയാലും അഞ്ചുവർഷം കൂടി നിക്ഷേപം നീട്ടാൻ അനുവദിക്കും. ആ സമയത്ത് തുക അടയ്ക്കുകയോ അടയ്ക്കാതിരിക്കുകയോ ചെയ്യാം. അക്കൗണ്ടിലെ ബാലൻസ് തുകയ്ക്ക് പലിശ ലഭിച്ചുകൊണ്ടിരിക്കും.

* നോമിനേഷൻ സൗകര്യമുണ്ട്. പിപിഎഫ് അക്കൗണ്ട് തുറക്കാനുള്ള അപേക്ഷ ഫോമിൽ നോമിനിയുടെ പേരു വെയ്ക്കാൻ സാധിക്കില്ല. നോമിനിയെ വെയ്ക്കണമെങ്കിൽ മറ്റൊരു ഫോം (ഫോം -ഇ) വാങ്ങിച്ചു പൂരിപ്പിച്ചു നൽകണം. ഒന്നിൽ കൂടുതൽ നോമിനികളെ വയ്ക്കാം. അക്കൗണ്ട് ഉടമ മരിച്ചതിനുശേഷം ആ അക്കൗണ്ടിൽ പണം അടയ്ക്കുവാൻ നോമിനിയെ അനുവദിക്കില്ല. നോമനിയെ വച്ചിട്ടില്ലെങ്കിൽ തുക നിയമപരമായ പിൻഗാമിക്കു ലഭിക്കും.

* പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ രക്ഷാകർത്താവിന് അക്കൗണ്ട് തുറക്കാം. കുട്ടിയുടെ അച്ഛൻ, അമ്മ എന്നിവർക്ക് കുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കാം. പക്ഷേ ഒരേ കുട്ടിയുടെ പേരിൽ രണ്ടു പേർക്കും അക്കൗണ്ട് തുറക്കാൻ സാധിക്കുകയില്ല.

* അക്കൗണ്ട് ഉടമയുടെ പങ്കാളി പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപം നടത്തിയാലും അത് അക്കൗണ്ട് ഉടമയ്ക്ക് ക്ലയിം ചെയ്യാൻ സാധിക്കില്ല. പങ്കാളിക്ക് നികുതിയിളവു ലഭിക്കും.

* മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപം നടത്തിയാലും അക്കൗണ്ട് ഉടമയ്ക്ക് നികുതിയിളവു ലഭിക്കുകയില്ല.