മില്ലേനിയൽ ജനറേഷന് തൊഴിൽ മാത്രം പോര
മില്ലേനിയൽ ജനറേഷന്  തൊഴിൽ മാത്രം പോര
Friday, November 16, 2018 4:23 PM IST
"ന്യൂ ജനറേഷന് ജോലിയിൽ ഒന്നും വലിയ താല്പര്യം ഇല്ല. അവർ വന്നു കഴിഞ്ഞാൽ പിന്നെ ഭയങ്കര ബഹളവും ശല്യവും ആണ്. ഒന്നിനോടും ഒരു ആത്മാർത്ഥത ഇല്ല, അഭിപ്രായങ്ങൾ ഒരുപാട് ആണ്. കൂടാതെ എന്തെങ്കിലും പറഞ്ഞാൽ ഉടൻ തന്നെ ജോലി രാജിവെച്ചു പോകുകയും ചെയ്യും....’’ പൊതുവെ മില്ലേനിയൽ അഥവാ ജെൻ ദ വിഭാഗത്തിൽ പെടുന്ന പുതു തലമുറ ജീവനക്കാരെ കുറിച്ച് തൊഴിൽ ദാതാവിന്‍റെ പരാതികൾ ആണ് ഇവ. കാലം മാറി എന്ന് നാം അംഗീകരിക്കേണ്ടി ഇരിക്കുന്നു. കൂടെ തന്നെ നാമും നമ്മുടെ തൊഴിൽ ഇടങ്ങളിലെ അന്തരീക്ഷവും മാറേണ്ടത് അത്യന്താപേക്ഷിതം ആണ്.

തൊഴിലിടത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തൊഴിലിടത്തിൽ തൊഴിലുടമ അല്ലെങ്കിൽ സ്ഥാപന മേധാവി ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ന്യൂജനറേഷനെ തൊഴിലിൽ ഒപ്പം കൂട്ടി മുന്നേറാം.

1 . ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും നൽകുക

ജോലികൾ കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതും, ഒരു പാട് വെല്ലുവിളികൾ നിറഞ്ഞതും ആകുന്നതാണ് പുതുതലമുറക്ക് താല്പര്യം. അവരുടെ കൂടി സംഭാവനകൾ നൽകുവാൻ ഉള്ള അവസരങ്ങൾ നൽകുക, കൂടുതൽ പഠിച്ചു വളരുവാൻ ഉള്ള അവസരങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങൾ പുതു തലമുറ ജോലിയെ ഇഷ്ടപ്പെടുവാൻ സഹായിക്കും. ഭാവിയിൽ അവരുടെ മുന്നിൽ വരാൻ പോകുന്ന അവസരങ്ങളും കന്പനിയുടെ ഭാവി പദ്ധതികളും അവരുമായി കൂടി ചർച്ച ചെയ്യുക എന്നതും അവരിൽ താല്പര്യം ജനിപ്പിക്കും.

അവർ ചെയ്യുന്ന ജോലി എങ്ങനെ കന്പനിയെ സംബന്ധിച്ച് പ്രാധാന്യം ഏറിയതാകുന്നു എന്ന ഒരു വിവരണവും അവർക്കു നൽകുക എന്നതും അത്യന്താപേക്ഷിതം ആണ്.

2. തൊഴിലുടമ/ലീഡർ മെന്‍റർ ആകുക. ഒരിക്കലും ബോസ് ആകരുത്

പുതിയ ജീവനക്കാർ വരുന്ന ആദ്യ ദിവസങ്ങളിൽ തന്നെ അവരുടെ കരിയർ സ്വപ്നങ്ങളെകുറിച്ച് ചോദിച്ചറിഞ്ഞു അതിലേക്കു എത്തിച്ചേരുവാൻ സഹായിക്കുന്ന ഒരു മെന്‍റർ ആയി മാറുവാൻ ശ്രമിക്കുക അല്ലെങ്കിൽ സ്ഥാപനത്തിന്‍റെ അകത്തു തന്നെ പറ്റിയ ഒരു മെന്‍ററെ കണ്ടു പിടിച്ചു നൽകുക. കന്പനിയിലെ ഓരോ ഡിപ്പാർട്മെന്‍റുകളെ കുറിച്ചും അവരുടെ സ്വപ്നങ്ങൾ അനുസരിച്ചു വളരുവാൻ ഉതകുന്ന സാഹചര്യങ്ങളെ കുറിച്ചും വ്യക്തമായ ഒരു പ്ലാൻ നൽകിയാൽ ദീർഘകാലം ആ ജീവനക്കാരൻ അതെ സ്ഥാപനത്തിൽ തുടരുന്നതിനു താല്പര്യം കാണിക്കും.

3. കൃത്യമായ പ്രോത്സാഹനം

കൃത്യമായ പ്രോത്സാഹനവും പാരിതോഷികങ്ങളും നൽകുക.പുതു തലമുറ എപ്പോഴും അവർ ചെയ്യുന്നതിനെ വലിയ ഒരു കാര്യം ആയി കാണുകയും പ്രോത്സാഹനങ്ങളും നല്ല വാക്കുകളും അംഗീകാരങ്ങളും പ്രതീക്ഷിക്കുകയും ചെയ്യും. ചെറുതാണ് എങ്കിലും എന്തെങ്കിലും കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ അവരെ പരസ്യമായി തന്നെ പ്രോത്സാഹിപ്പിക്കുകയും അവാർഡുകൾ ഒക്കെ ഏർപ്പെടുത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുവാൻ അവർ പരിശ്രമിക്കും എന്നതിൽ സംശയമില്ല. മാത്രവുമല്ല നല്ലതിനെ പ്രോത്സാഹിപ്പിക്കുന്നവർക്കു മാത്രമേ തെറ്റ് കണ്ടാൽ വിമർശിക്കുവാനും അവസരം ഉള്ളൂ എന്ന് ഓർക്കുകയും ചെയ്യുക.

4. ജോലി സമയം ഫ്ളെക്സിബിളാക്കുക


ഫ്ളെക്സിബിൾ ആയിട്ടുള്ള ഒരു ഷെഡ്യൂൾ അനുവദിക്കുക. പുതു തലമുറ അവരുടേതായ രീതിയിൽ കുറച്ചൊക്കെ ആസ്വദിച്ചു ജീവിക്കുന്നവർ ആണെന്ന് മനസ്സിലാക്കുക. കന്പനിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ അവർക്കു ജോലി സമയത്ത് കുറച്ചൊക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറുവാൻ കഴിയുന്ന രീതിയിൽ ഒരു ജോലി സമയം നൽകുക. ഓരോ ദിവസവും പൂർത്തിയാക്കേണ്ട ജോലി നൽകുകയും അത് പൂർത്തീകരിച്ചാൽ പിന്നെ ഓഫീസിൽ ഇരിക്കാത്തതിന്‍റെ പേരിൽ ശകാരിക്കുന്നതും ഒഴിവാക്കുക.



5. ആശയവിനിയമത്തിലും പുതുമ

പുതു തലമുറയുടെ ആശയവിനിമയ താല്പര്യം കൂടി കണക്കിലെടുത്തു കന്പനിയുടെ ആശയ വിനിമയ സംവിധാനങ്ങൾ പരിഷ്കരിക്കുക. മീറ്റിംഗുകൾ ഓണ്‍ലൈൻ ആക്കുക,മെസ്സേജ് ആപ്പുകൾ കൂടുതൽ ഉപയോഗിക്കുക , സ്ഥാപനത്തിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വേർ മൊബൈൽ ആപ്പ് കൂടി ഉൾപെടുത്തുക .അതോടൊപ്പം തന്നെ ജീവനക്കാരെ അവരുടെ സ്വകാര്യ മൊബൈലും ലാപ്ടോപ്പും ഉപയോഗിക്കുവാൻ അനുവദിക്കുക. അത് സ്ഥാപനത്തിന്‍റെ നെറ്റ് വർക്കിൽ പ്രശ്നം സൃഷ്ടിക്കാതിരിക്കുവാൻ ഉള്ള മുൻ കരുതലുകൾ സ്ഥാപനം എടുക്കുക. പുതു തലമുറയുടെ മൊബൈൽ ഉപയോഗം വിലക്കുക, കൂടുതൽ കടുത്ത നിയമങ്ങൾ കൊണ്ട് വരിക എന്നിവ ചെയ്യുന്നതിലൂടെ അവർ ജോലി മടിക്കുന്ന ഒരു സ്ഥിതി വിശേഷം ആണ് സൃഷ്ടിക്കപ്പെടുന്നത്.

6. കൃത്യമായ ഫീഡ്ബാക്ക് എടുക്കുക, അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുക

അവർ ചെയ്യുന്നത് ശരി ആണെങ്കിൽ അഭിനന്ദിക്കുകയും തെറ്റിനെ തിരുത്തുകയും ചെയ്യുന്നതിനെ മില്ലേനിയൽ ജീവനക്കാർ ഏറെ പ്രോത്സാഹിപ്പിക്കുന്നതായി കാണാം. മാത്രവുമല്ല ഒരു വർഷം വരെ ഒക്കെ കാത്തു നിന്ന് ഒരു ഫീഡ്ബാക്ക് ലഭിക്കുന്നതിന് അവർ ഇഷ്ടപെടുന്നുമില്ല .ഒപ്പം ഒരു ചായ കുടിക്കാൻ കൂടിയോ ഇടയ്ക്കു അവരുടെ അടുത്ത് പോയിരുന്നു ഫോർമൽ ആയ രീതിയിലോ ഒക്കെ ഫീഡ്ബാക്ക് എടുക്കാം. ഫീഡ്ബാക്ക് എടുത്താൽ മാത്രം പോരാ, അതിൽ സ്ഥാപനത്തിന്‍റെ ഭാഗത്തു നിന്ന് സാധ്യം ആയ എന്തെങ്കിലും മാറ്റം അവർ ആവശ്യപ്പെടുന്നു എങ്കിൽ അത് നടപ്പിൽ വരുത്തുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക .

പണം മാത്രം പോര

പണം മാത്രം അല്ല പുതു തലമുറക്ക് ആവശ്യം എന്ന് മനസ്സിലാക്കി അവർക്കു വളരുവാൻ ഉള്ള സാഹചര്യങ്ങൾ ഒരുക്കി നൽകി കൂടുതൽ സൗഹാർദ്ദ പരമായ ഒരു അന്തരീക്ഷം സ്ഥാപനത്തിൽ സൃഷ്ടിച്ചാൽ സ്ഥാപനത്തിന്‍റെ വളർച്ചയെ വളരെ അധികം സഹായിക്കുന്ന പുതു തലമുറ ജീവനക്കാരെ നമുക്ക് വളർത്തുവാൻ സാധിക്കും. പഠിക്കുവാനും വളരുവാനും അവസരങ്ങൾ ഉണ്ട് എന്നറിഞ്ഞാൽ പിന്നെ അവർ അവരുടെ നൂറു ശതമാനം കഴിവും സ്ഥാപനത്തിന് വേണ്ടി വിനിയോഗിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല.

(സംരംഭങ്ങൾക്കും സംരംഭകർക്കും ഛഉക, ലീഡർഷിപ് കോച്ചിങ് എന്നിവ നൽകുന്ന ഒരു സർട്ടിഫൈഡ് ലീഡർഷിപ് കോച്ച്, സോഫ്റ്റ്വേർ കണ്‍സൾട്ടന്‍റ എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ് ലേഖകൻ.

പി.കെ ഷിഹാബുദീൻ
ഫോണ്‍: 9961429066 ഇമെയിൽ: [email protected])