അനുയോജ്യമായ പോളിസി അല്ലേ? ഫ്രീ ലുക്ക് പീരിയഡിൽ റദ്ദാക്കാം
കുറെ നാളായി നല്ലൊരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കണം എന്ന് കിരണ്‍ ചിന്തിക്കാൻ തുടങ്ങിയിട്ട്. അങ്ങനെ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തു. യാത്രക്കിടയിൽ പരിചയപ്പെട്ട ഒരു ഏജന്‍റിന്‍റെ നിർദ്ദേശ പ്രകാരമാണ് പോളിസി എടുത്തത്. പോളിസി രേഖകൾ കയ്യിൽ കിട്ടിയപ്പോൾ കിരണ്‍ ഞെട്ടി. അവർ പറഞ്ഞതു പോലെയല്ലല്ലോ നിർദേശങ്ങളൊന്നും. ഉദ്ദേശിച്ചിരുന്ന പോളിസിയേ അല്ല ലഭിച്ചിരിക്കുന്നത്. പ്രീമിയമാണെങ്കിൽ നൽകുകയും ചെയ്തു. ഇനി ഇപ്പോ എന്തു ചെയ്യും?

ആ പണം നഷ്ടമായി എന്നോർത്തിരിക്കുന്പോഴാണ് ഏജന്‍റ് ഒരിക്കൽ ഫ്രീ ലുക്ക് പീരിയഡിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ എന്ന് കിരണ്‍ ഓർത്തത്. പോളിസി അനുയോജ്യമല്ലെങ്കിൽ റദ്ദാക്കാനുള്ള അവസരമാണ് ഫ്രീലുക്ക് പീരിയഡ് ഒരുക്കുന്നത്. അപ്പോൾ തന്നെ ഫ്രീ ലുക്ക് പീരിയഡിനെക്കുറിച്ച് അന്വേഷിച്ച് കിരണ്‍ പോളിസി റദ്ദാക്കി.

ഫ്രീ ലുക്ക് പീരിയഡിന്‍റെ പ്രാധാന്യം

പോളിസി ഉടമയ്ക്ക് തന്‍റെ പോളിസിയെ വിലയിരുത്താനുള്ള രണ്ടാമത്തെ അവസരമാണ് ഫ്രീ ലുക്ക് പീരിയഡ് നൽകുന്നത്. എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടോ എന്തെങ്കിലും കാര്യങ്ങൾ വിട്ടുപോയിരുന്നോ എന്നതെല്ലാം അന്വേഷിക്കാനും തിരുത്തലുകളുണ്ടെങ്കിൽ തിരുത്താനും ഇതുവഴി സാധിക്കും.

ലൈഫ് ഇൻഷുറൻസ് പോളിസികൾക്കും ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കും ഫ്രീ ലുക്ക് പീരിയഡുണ്ട്. സാധാരണയായി 15 ദിവസമാണ് ഫ്രീ ലുക്ക് പീരിയഡ്. പൊതുവേ ഹെൽത്ത് പോളിസികളെല്ലാം ഒരു വർഷത്തേക്കുള്ള കരാറുകളാണ്. എല്ലാ വർഷവും അത് പുതുക്കണം. ആദ്യത്തെ തവണ പോളിസി എടുക്കുന്പോൾ മാത്രമേ ഫ്രീലുക്ക് പീരിയഡ് ലഭിക്കുകയുള്ളു. പുതുക്കുന്പോൾ ഫ്രീലുക്ക് പീരിയഡ് ലഭിക്കില്ല. സറണ്ടർ ചാർജുകളൊന്നും ഇല്ലാതെ ഒരാൾക്ക് പോളിസി അവസാനിപ്പിക്കാനുള്ള അവസരം കൂടിയാണിത്. ഇൻഷുറൻസ് ആൻഡ് റെഗുലേറ്ററി അതോറിറ്റിക്ക് (ഐആർഡിഎ) ഇത്തരമൊരു അവസരം ഉപഭോക്താക്കൾക്ക് നൽകുന്നതിലൂടെ ഇൻഷുറൻസ് മേഖലയെ ഉപഭോക്തൃ സൗഹൃദമാക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്.

ഫ്രീ ലുക്ക് പിരീഡ്

* ഇത് ലൈഫ് ഇൻഷുറൻസ് പോളിസികൾക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസിക്കും മാത്രമേ ബാധകമായിട്ടുള്ളു.
* പോളിസി രേഖകൾ ലഭിച്ച് 15 ദിവസം വരെയാണ് ഫ്രീ ലുക്ക് പീരിയഡ് കാലാവധി.
* എന്തെങ്കിലും പരാതികളുണ്ടെങ്കിൽ കന്പനിയുമായി ബന്ധപ്പെടാവുന്നതാണ്.
* കവർ ചെയ്ത ദിവസങ്ങളിലെ പ്രീമിയം,മെഡിക്കൽ പരിശോധനകൾക്കായി ചെലവായ തുക, സ്റ്റാംപ് ഡ്യൂട്ടി എന്നിവ കിഴിച്ച ശേഷമുള്ള തുകയാണ് തിരികെ നൽകുക.

എത്ര ദിവസമാണ് പോളിസിറദ്ദാക്കാനായി ലഭിക്കുന്നത്

* ഏജന്‍റിൽ നിന്നോ, ബാങ്കിൽ നിന്നോ, ഇൻഷുറൻസ് കന്പനികളിൽ നിന്നോ നേരിട്ട് പോളിസികൾ വാങ്ങിച്ചാൽ 15 ദിവസമാണ് ഫ്രീ ലുക്ക് പീരിയഡ്. പോളിസിയുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചതിനുശേഷമുള്ള 15 ദിവസമാണ് ഫ്രീ ലുക്ക് പീരിയഡായി കണക്കാക്കുന്നത്.
* എന്നാൽ ഓണ്‍ലൈനായോ ടെലിഫോണ്‍ വഴിയോ ആണ് പോളിസി വാങ്ങിച്ചതെങ്കിൽ 30 ദിവസമാണ് ഫ്രീ ലുക്ക് പീരിയഡ്. പോളിസി ഇഷ്യു ചെയ്ത തീയ്യതി മുതലല്ല ഇവിടെയും കണക്കാക്കുന്നത്. പോളിസി രേഖകൾ ലഭിച്ചതിനുശേഷമുള്ള 30 ദിവസമാണ് കണക്കാക്കുന്നത്.
ഫ്രീ ലുക്ക് പീരിയഡിനുള്ളിൽ പോളിസി റദ്ദാക്കാൻ സാധിച്ചില്ലെങ്കിൽ പോളിസി സറണ്ടർ ചെയ്യാനേ സാധിക്കു. പോളിസി സറണ്ടർ ചെയ്യുന്നത് അൽപ്പം ചെലവേറിയ കാര്യമാണ് അതുകൊണ്ട്. ഫ്രീ ലുക്ക് പിരീഡിൽ തന്നെ പോളിസി അനുയോജ്യമാണോ അല്ലയോ എന്ന് മനസിലാക്കി റദ്ദാക്കാനാഗ്രഹിക്കുന്നുവെങ്കിൽ അതു ചെയ്യണം.

ഫ്രീ ലുക്ക് പീരിയഡ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

1. ബന്ധപ്പെടാനുള്ള കൃത്യമായ വിവരങ്ങൾ നൽകുക
ഇൻഷുറൻസ് പോളിസി വാങ്ങുന്പോൾ ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകേണ്ടിടത്ത് കൃത്യമായ വിവരങ്ങൾ നൽകണം.

2. പോളിസി രേഖകൾ
പോളിസി രേഖകൾ കയ്യിൽ കിട്ടിയ അന്നു മുതലാണ് 15 ദിവസത്തെ ഫ്രീ ലുക്ക് പീരിയഡ് ആരംഭിക്കുന്നത്. അതുകൊണ്ട് പോളിസി രേഖകൾ കയ്യിൽ ലഭിക്കുന്ന തീയതി ഓർത്തുവെയ്ക്കുക.
3. ഇൻഷുറൻസ് കന്പനിയെ നേരിട്ടു തന്നെ റദ്ദാക്കലിന്‍റെ വിവരങ്ങൾ അറിയിക്കുക
പോളിസി റദ്ദാക്കാൻ തീരുമാനിച്ചാൽ അത് ഇൻഷുറൻസ് കന്പനിയെ നേരിട്ട് അറിയിക്കുക. ഏജന്‍റിനെ ഫോണിലൂടെ അറിയിച്ചതുകൊണ്ട് പോളിസി റദ്ദാക്കപ്പെടമണെന്നോ നിക്ഷേപിച്ച തുക തിരികെ ലഭിക്കണമെന്നോ ഇല്ല.
4. മുഴുവൻ തുകയും തിരികെ പ്രതീക്ഷിക്കേണ്ട
പോളിസി റദ്ദാക്കുന്പോൾ നിക്ഷേപിച്ച മുഴുവൻ തുകയും തിരികെ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. ഫ്രി ലുക്ക് പീരിയഡിൽ തന്നെ പോളിസി റദ്ദാക്കിയാലും മെഡിക്കൽ ടെസ്റ്റുകൾ, സ്റ്റാംപ് ഡ്യൂട്ടി തുടങ്ങിയവയുടെ തുക കിഴിക്കും. റിസ്ക് പ്രീ മിയം കൂടി കിഴിച്ചതിനുശേഷമുള്ള തുകയെ നൽകുകയുള്ളു.
5. യുലിപിന്‍റെ റീഫണ്ട് പ്രക്രിയ മനസിലാക്കിയിരിക്കണം യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസുകളുടെ കാര്യത്തിൽ ഫ്രീ ലുക്ക് പിരീഡിനുശേഷം പോളിസി ഉടമ പോളിസി തിരികെ നൽകുകയാണെങ്കിൽ ആ ദിവസത്തെ നെറ്റ് അസറ്റ് വാല്യുവാണ് തിരികെ ലഭിക്കുന്നത്.
ഉദാഹരണത്തിന്: പ്രീമിയം 100 രൂപയാണെന്നിരിക്കട്ടെ ഇൻഷുറൻസ് കന്പനി അതിൽ നിന്നും 20 രൂപ കുറച്ച് 80 രൂപ നിക്ഷേപം നടത്തി. പോളിസി പിൻവലിക്കുന്ന ദിവസമായപ്പോഴേക്കും നിക്ഷേപം 85 രൂപയായി ഉയർന്നുവെന്നിരിക്കട്ടെ, ഇൻഷുറൻസ് ഉടമ 85 രൂപയോടൊപ്പം 20 രൂപ കൂടിച്ചേർത്ത് 105 രൂപയാണ് നിക്ഷേപകന് നൽകുന്നത്. എന്നാൽ സ്റ്റാംപ് ഡ്യൂട്ടി, മെഡിക്കൽ, മോർട്ടാലിറ്റി ചാർജുകൾ എന്നിവയെല്ലാം ഇതിൽ നിന്നും പിടിക്കും.

ഫ്രീ ലുക്ക് പീരിയഡിൽ പോളിസി റദ്ദാക്കിയാൽ നൽകേണ്ട ചാർജുകൾ

പോളിസി എന്താണെന്ന് മനസിലാക്കി അത് റദ്ദു ചെയ്യാൻ തീരുമാനിച്ചാലും കന്പനിക്ക് നൽകിയ മുഴുവൻ തുകയും ഒരിക്കലും ലഭിക്കില്ല. കന്പനി അവർക്ക് ചെലവായ തുക പിടിച്ചതിനുശേഷമേ ബാക്കി തുകയേ തിരികെ നൽകു.

1. സ്റ്റാംപ് ഡ്യൂട്ടി ചാർജ്: പോളിസി ഇഷ്യു ചെയ്താൽ ഇൻഷുറൻസ് കന്പനി സർക്കാരിന് സ്റ്റാംപ് ഡ്യൂട്ടി നൽകേണ്ടതുണ്ട്. ഇത് പോളിസി റദ്ദാക്കിയാലും സർക്കാർ, കന്പനിക്ക് തിരികെ നൽകില്ല. അതുകൊണ്ട് പോളിസി ഉടമയ്ക്കും ഈ പണം ലഭിക്കില്ല. ഈ ചാർജ് സം അഷ്വേഡ് തുകയുടെ 0.2 ശതമാനത്തോളം വരും.

2. ഇൻഷുറൻസ ് അഡ്മിനിസ്ട്രേറ്റീവ് ചാർജ്: പോളിസിക്കു വേണ്ടിയുള്ള സൂക്ഷ്മ പരിശോധന, അതിന്‍റെ നടപടിക്രമങ്ങൾ, പോളിസി ഇഷ്യു ചെയ്യുന്നത് തുടങ്ങിയവയെല്ലാം ഇൻഷുറൻസ് അഡ്മിനിസ്ട്രേറ്റീവ് ചാർജിലാണ് വരുന്നത്. ഇത് ഓരോ കന്പനിക്കും വ്യത്യസ്തമായിരിക്കും.

3. മെഡിക്കൽ പരിശോധനകളുടെ ചാർജ്:
പോളിസിക്ക് മെഡിക്കൽ പരിശോധനകൾ ആവശ്യമാണെങ്കിൽ അതിനുള്ള ചാർജും കന്പനി ഈടാക്കും.
4. റിസ്ക് കവറേജിനുള്ള തുക: പോളിസി ആരംഭിച്ചതുമുതൽ റദ്ദാക്കാൻ അപേക്ഷ നൽകുന്നതുവരെ കന്പനി റിസ്ക് കവറേജ് നൽകുന്നുണ്ട്. ഈ കവറേജിന് നിശ്ചിത തുക ചെലവായി ഈടാക്കും. എത്ര ദിവസം കവറേജു നൽകി എന്നു കണക്കാക്കി ആനുപാതികമായി ഒരു തുക ഇതിനായി കന്പനി ഈടാക്കാറുണ്ട്.

റദ്ദാക്കൽ പ്രക്രിയ

* ഫ്രീ ലുക്ക് പീരിയഡിൽ പോളിസി റദ്ദാക്കുകയാണെങ്കിൽ കന്പനിക്ക് ഇതു സംബന്ധിച്ച അപേക്ഷ എഴുതി സമർപ്പിക്കണം. ഫ്രീ ലുക്ക് പീരിയഡിനുള്ളിൽ തന്നെ ഇത് സമർപ്പിക്കാൻ ശ്രദ്ധിക്കണം. പോളിസി റദ്ദാക്കി കഴിയുന്പോൾ കന്പനി അതു സംബന്ധിച്ച് ഒരു അറിയിപ്പ് ഉപഭോക്താവിന് നൽകും. ഇത് ലഭിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഫ്രീ ലുക്ക് പീരിയഡ് ഏതൊക്കെ ഇൻഷുറൻസ് പോളിസികൾക്ക്

* എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികൾ
* എല്ലാ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ