ശീതയുദ്ധം RBI V/S Govt
റിസർവ് ബാങ്ക് ഒരു സ്വതന്ത്ര സ്ഥാപനമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. 1935ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം രൂപംകൊടുത്ത് ഈ സ്ഥാപനത്തിനു തുടക്കമിട്ടപ്പോൾ മുതൽ ഇതു സ്വതന്ത്രമായിരുന്നു. സ്വതന്ത്ര പ്രവർത്തനം അനുവദിക്കുന്നില്ല എന്നു കണ്ടാൽ രാജിവയ്ക്കാൻ റിസർവ് ബാങ്ക് ഗവർണർമാർ മടിച്ചിട്ടില്ല. പ്രഥമ ഗവർണർ ഓസ്ബോണ്‍ സ്മിത്ത് ഇങ്ങനെ 1937ൽ രാജിവച്ചു. ധനമന്ത്രി ടി.ടി. കൃഷ്ണമാചാരിയുമായി ഉടക്കി 1957ൽ ബി. രാമറാവുവും രാജിവച്ചിട്ടുണ്ട്.

(1977ൽ കെ.ആർ. പുരിയുടെ രാജി ജനതാ ഗവണ്‍മെന്‍റ് നിർബന്ധമായി ചോദിച്ചുവാങ്ങുകയായിരുന്നു. 1990ൽ ആർ.എൻ. മൽഹോത്ര രാജിവച്ചതിന്‍റെ കാരണങ്ങൾ പറഞ്ഞിട്ടില്ല.)

വീണ്ടും പൊട്ടിത്തെറിക്കാം

ഇത്തവണ പ്രശ്നങ്ങൾ വന്നപ്പോൾ ഡോ. ഉർജിത് പട്ടേലിനു തത്കാലം രാജിവയ്ക്കാതെ തന്‍റെ നിലപാട് സ്ഥാപിച്ചെടുക്കാനായി. പക്ഷേ, വിവാദ വിഷയങ്ങളിൽ പരിഹാരമായിട്ടില്ല. വരുംനാളുകളിൽ അതു വീണ്ടും പൊട്ടിത്തെറിയിലേക്കു നയിച്ചെന്നുവരാം.
റിസർവ് ബാങ്ക് ഈ രാജ്യത്തെ ബാങ്കിംഗിന്‍റെ നിയന്താവ് (റെഗുലേറ്റർ) ആണ്. പണവിപണിയും അതിന്‍റെ കീഴിലാണ്. സർക്കാരിന്‍റേതിൽനിന്നു ഭിന്നമായ താത്പര്യങ്ങളും കാഴ്ചപ്പാടും റിസർവ് ബാങ്കിന് ഉണ്ടാവുക സ്വാഭാവികം.

ട്വന്‍റി 20യും ടെസ്റ്റും

ക്രിക്കറ്റിന്‍റെ ഉദാഹരണം പറഞ്ഞാണ് ഒരു പ്രസംഗത്തിൽ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ അതിനെ വിശദീകരിച്ചത്. ഗവണ്‍മെന്‍റ് ട്വൻറി 20 കളിക്കുന്ന ടീമിനെപ്പോലെയാണ്. റിസർവ് ബാങ്ക് ടെസ്റ്റ് ടീമിനെപ്പോലെയും.’ ഗവണ്‍മെൻറ് താത്കാലിക ലക്ഷ്യങ്ങൾക്കായും റിസർവ് ബാങ്ക് ദീർഘകാല ലക്ഷ്യങ്ങൾക്കായും കളിക്കുന്നു എന്നാണ് ആചാര്യ പറഞ്ഞത്. റിസർവ് ബാങ്കിന്‍റെ സ്വയംഭരണം ഭീഷണി നേരിടുകയാണെന്ന് ആചാര്യ പറഞ്ഞു. കേന്ദ്രബാങ്കുകളിൽ സർക്കാർ ഇടപെടുന്നതു സാന്പത്തിക അരാജകത്വത്തിലേക്കു നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡോ. പട്ടേലിന്‍റെആഗ്രഹപ്രകാരമായിരുന്നു ആ പ്രസംഗം.

ഡെപ്യൂട്ടി ഗവർണറുടെ എതിരഭിപ്രായത്തെ പിന്തുണയ്ക്കുകയാണ് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ചെയ്തത്. അതിനായി രണ്ടു ഉപമകൾ അദ്ദേഹം ഉപയോഗിക്കുകയും ചെയ്തു. റിസർവ് ബാങ്ക് ഗവണ്‍മെന്‍റിന്‍റെ സീറ്റ് ബെൽറ്റാണെന്നാണ് അദ്ദേഹം പറഞ്ഞത്. അത് അപകടത്തിൽനിന്നു രക്ഷ നൽകുന്നു.

ഇന്ത്യൻ ക്രിക്കറ്റിൽ വൻമതിൽ രാഹുൽ ദ്രാവിഡിനോടാണ് റിസർവ് ബാങ്ക് ബോർഡിനെ രാജൻ ഉപമിച്ചത്. ആലോചനയോടെ, യുക്തിയോടെ കളിക്കുന്ന ദ്രാവിഡിനെപ്പോലെ റിസർവ് ബാങ്ക് കളിക്കണം. (എല്ലാ ബഹുമാനത്തോടുകൂടെ പറയട്ടെ) സിദ്ദുവിനെപ്പോലയല്ല.’
റിസർവ് ബാങ്കിന്‍റെ സ്വയംഭരണാധികാരത്തെ എല്ലാവരും ബഹുമാനിക്കണം. ഗവണ്‍മെന്‍റ് നിയമിക്കുന്ന ഗവർണറുടെ അല്ലെങ്കിൽ ഡെപ്യൂട്ടി ഗവർണറുടെ വാക്കുകൾക്ക് ചെവി കൊടുക്കണം. അവരെ ബഹുമാനിക്കണം. കേന്ദ്ര ബാങ്കിന്‍റെ മേൽ കുതിര കയറുന്നത് ഏതൊരു സന്പദ്ഘടനയ്ക്കും അത്ര നല്ലതല്ല. ഗവണ്‍മെന്‍റ് അവരുടെ ഭാഗം റിസർവ് ബാങ്കിനെ അറിയിക്കുക. തീരുമാനം റിസർവ് ബാങ്കിന് വിട്ടുകൊടുക്കുക: ഡെപ്യൂട്ടി ഗവർണറുടെ ആഭിപ്രായത്തെ പിന്തുണച്ചുകൊണ്ടു രഘുറാം രാജൻ പറഞ്ഞു.

അധികാരം പ്രയോഗിക്കും

ഏതായാലും ചില പ്രധാന വിഷയങ്ങളിൽ ഗവണ്‍മെന്‍റും റിസർവ് ബാങ്കും തെറ്റി. ഇതേച്ചൊല്ലി റിസർവ് ബാങ്ക് നിയമത്തിലെ 7(1) വകുപ്പ് പ്രകാരമുള്ള കത്ത് ബാങ്കിനു സർക്കാർ അയച്ചു. ഇതാണ് വിഷയം.

1935 മുതൽ ഇന്നുവരെ ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ല. 1991ലെ വിദേശനാണ്യ പ്രതിസന്ധിയോ 1997ലെ ഏഷ്യൻ പ്രതിസന്ധിയോ 2008ലെ ആഗോളമാന്ദ്യമോ വന്നപ്പോഴൊന്നും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ല.

അതെന്തായാലും ഒരിക്കലും ഉപയോഗിക്കാത്ത വകുപ്പു പ്രകാരം കത്തുകൾ അയച്ചു എന്നു വ്യക്തം. ധനമന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്ത പ്രസ്താവനയിൽ അതു പറഞ്ഞിട്ടില്ല. പകരം എല്ലാ റെഗുലേറ്റർമാരുമായും കൂടിയാലോചനകൾ നടത്താറുണ്ടെന്നും അക്കാര്യം പരസ്യമാക്കാറില്ലെന്നും തീരുമാനം മാത്രമേ പുറത്തുവിടാറുള്ളൂ എന്നുമാണ് മന്ത്രാലയം പറഞ്ഞത്.

കൂടിയാലോചനയ്ക്കും 7(1) പ്രകാരം നിർദേശം നല്കാനുമുള്ള അധികാരം പ്രയോഗിക്കും എന്നുതന്നെയാണ് പ്രസ്താവനയുടെ ചുരുക്കം. റിസർവ് ബാങ്ക് നിയമപ്രകാരമുള്ള സ്വയംഭരണമേ നല്കൂ എന്നും അതിൽ പറയുന്നു.

ആർക്കുവേണ്ടി

ഇപ്പോൾ ഈ നിയമം ഉപയോഗിച്ചത് എന്തിനുവേണ്ടിയാണ്?
1. ഫെബ്രുവരി 12ലെ സർക്കുലറിൽ ഇളവു നല്കാൻ: റിസർവ് ബാങ്ക് പുറപ്പെടുവച്ചിട്ടുള്ള ആ സർക്കുലർ സംബന്ധിച്ച് ഒരുദിവസം കുടിശികയായാൽപോലും വായ്പ കുടിശികപ്പട്ടികയിലാകും. പിന്നെ ത്വരിത പരിഹാരം കണ്ടേ പറ്റൂ. ഒപ്പം കിട്ടാക്കടങ്ങൾ കൂടുതലുള്ള ബാങ്കുകൾ പുതിയ വായ്പ നല്കുന്നതും ശാഖകൾ തുറക്കുന്നതും ജോലിക്കാരെ എടുക്കുന്നതും വിലക്കി. ഇതിൽ ഇളവുവരുത്തുക എന്നാൽ കുടിശിക വരുത്തുന്ന വ്യവസായികളെയും അതിനു കൂട്ടുനിൽക്കുന്ന ബാങ്കുകളെയും വെറുതേവിടുക എന്നർഥം.

2. മിച്ചധനത്തിൽ കണ്ണ് : റിസർവ് ബാങ്കിന്‍റെ പക്കൽ 9.63 ലക്ഷം കോടി രൂപയുടെ മിച്ചധനമുണ്ട്. ഇതിലൊരുഭാഗം ഗവണ്‍മെന്‍റിനു നല്കണം. വേറൊരു ഭാഗം ഇപ്പോൾ കുഴപ്പത്തിലായിട്ടുള്ള ബാങ്കിതര ധനകാര്യ കന്പനികളുടെ പണഞെരുക്കം അവസാനിപ്പിക്കാൻ ഉപയോഗിക്കുക. അതായത് സർക്കാരിന്‍റെ കമ്മി നികത്താനും ധനകാര്യ കന്പനികളുടെ വീഴ്ചകൾ മറയ്ക്കാനും ഈ പണം വേണം. അതിനായി 3.6 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് അതിന്‍റെ കരുതൽ ധനത്തിൽ നിന്നു നൽകണമെന്നാണ് ഗവണ്‍മെന്‍റ് പറയുന്നത്.

അർജന്‍റീനയിൽ ഇങ്ങനെ കേന്ദ്രബാങ്കിന്‍റെ പണം ഉപയോഗിച്ചു. പിന്നീട് വിദേശനാണയ പ്രതിസന്ധി വന്നപ്പോൾ കൈകാര്യം ചെയ്യാൻ ആ കേന്ദ്രബാങ്കിനു വേണ്ടത്ര പണമില്ലാത്ത അവസ്ഥ വന്നു. അർജന്‍റീന സാന്പത്തികത്തകർച്ചയിലായി. ഡെപ്യൂട്ടി ഗവർണർ ഡോ. വിരൽ ആചാര്യ ഇതു ചൂണ്ടിക്കാട്ടുകയും ചെയ്തു. ബാങ്കിന്‍റെ മിച്ചം സർക്കാരിനും പൊളിഞ്ഞ കന്പനികൾക്കും നല്കിയാൽ റിസർവ് ബാങ്കിനു പലതും ചെയ്യാൻ പറ്റാതെവരും. രൂപയുടെ വില, പലിശനിരക്ക്, പണലഭ്യത തുടങ്ങിയവ നിയന്ത്രിക്കാൻ വലിയ കരുതൽശേഖരം കൂടിയേ പറ്റൂ.

3. അദാനിക്കുവേണ്ടി : വൈദ്യുതോത്പാദന മേഖലയിൽ ഒട്ടേറെ കന്പനികൾ കുഴപ്പത്തിലായി. സർക്കാരിന്‍റെ നയംമാറ്റം, പരിസ്ഥിതിപരമായ എതിർപ്പ് തുടങ്ങിയവയൊക്കെ അതിനു കാരണമായിട്ടുണ്ട്. അദാനി, എസാർ, ടാറ്റ തുടങ്ങിയ വന്പന്മാർ ആ ഗണത്തിലുണ്ട്. അവരുടെ കടത്തിന്‍റെ കാര്യത്തിൽ റിസർവ് ബാങ്ക് മൃദുസമീപനം കാണിക്കണമത്രേ.
ഇതൊക്കെയാണു പ്രശ്നങ്ങൾ. ചില വ്യസായികളെയും കന്പനികളെയും സഹായിക്കുന്നതല്ല, തെരഞ്ഞെടുപ്പുവർഷത്തിൽ പരമാവധി വളർച്ച ഉറപ്പാക്കുന്നതിനാണ് ഗവണ്‍മെന്‍റ് ഇതു ചെയ്യുന്നതെന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാൽ പട്ടേൽ ഉറച്ചുതന്നെ
എന്തും തുറന്നടിക്കുന്ന ഡോ. രഘുറാം രാജനു കാലാവധി നീട്ടിനൽകാതെ, മൃദുഭാഷിയായ ഡോ. ഉർജിത് പട്ടേലിനെ രാജന് പകരം നിയമിച്ചപ്പോൾ സർക്കാരിന്‍റെറ ഹിതാനുവർത്തിയാകും അദ്ദേഹം എന്നു പലരും കരുതി. പക്ഷേ മറിച്ചാണു സംഭവിക്കുന്നത്.
പട്ടേൽ ഉറച്ചുതന്നെയാണ്.

അതുകൊണ്ടുതന്നെയാണ് പട്ടേൽ രാജിവയ്ക്കുമോ എന്ന അത്യസാധാരണമായ ഈ ചോദ്യം ഉയർന്നിരിക്കുന്നത്. ഒരു സ്വതന്ത്ര റെഗുലേറ്ററി സ്ഥാപനത്തെ വരുതിയിലാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന കുതന്ത്രങ്ങളുടെ സ്വാഭാവികഫലം.

വിരുദ്ധ നിലപാടുകൾ

കറൻസി റദ്ദാക്കൽ തീരുമാനത്തെ ഡോ. പട്ടേൽ തുറന്നെതിർത്തില്ല. അതു പക്ഷേ, റിസർവ് ബാങ്കിനു വീറ്റോ അധികാരമുള്ള കാര്യമായിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിനു കൈക്കൊള്ളാവുന്ന തീരുമാനമായിരുന്നു.

എന്നാൽ കറൻസി റദ്ദാക്കലിനു കാരണമായി ഗവണ്‍മെന്‍റ് നിരത്തിയ വാദങ്ങളെ ( കള്ളപ്പണം തടയും, കള്ളപ്പണം തടയും തുടങ്ങിയവയെ) റിസർവ് ബാങ്ക് നിരാകരിക്കുകതന്നെ ചെയ്തു. കറൻസി റദ്ദാക്കൽ ജിഡിപിയിൽ പ്രതികൂലമായ ഫലമുണ്ടാക്കുമെന്നു നിരീക്ഷിക്കുകയുംചെയ്തു. റിസർവ് ബാങ്ക് ബോർഡിന്‍റെ ഈ നിരീക്ഷണങ്ങൾ അടങ്ങിയ മിനിട്സിൽ പട്ടേൽ 2016 ഡിസംബർ 15-ന് ഒപ്പു വയ്ക്കുകയും ചെയ്തു.

പക്ഷേ, പിന്നീടങ്ങോട്ട് നിരവധി വിഷയങ്ങളിൽ സർക്കാരും റിസർവ് ബാങ്കും വിരുദ്ധ നിലപാടുകളെടുത്തു. പലിശനിരക്ക് കുറയ്ക്കണമെന്നു സർക്കാർ പരസ്യമായും രഹസ്യമായും ആവശ്യപ്പെട്ടു. റിസർവ് ബാങ്ക് വഴങ്ങിയില്ല. പകരം രണ്ടു തവണയായി റീപോ നിരക്ക് അര ശതമാനം കൂട്ടി.

കിട്ടാക്കടം കുറയ്ക്കൽ

കിട്ടാക്കടം മൂലം വലയുന്ന ബാങ്കുകളെ നേർവഴിക്കു കൊണ്ടുവരാൻ റിസർവ് ബാങ്ക് നടപടിയെടുത്തതും ഗവണ്‍മെന്‍റിനു രസിച്ചില്ല. വലിയ വായ്പകളിൽ ഒരു ദിവസമെങ്കിലും ഗഡു മുടങ്ങിയാൽ അതു പ്രശ്നവായ്പയായി പ്രഖ്യാപിക്കണം. 180 ദിവസത്തിനുള്ളിൽ ആ വായ്പയിൽ പരിഹാരമുണ്ടായില്ലെങ്കിൽ കന്പനിക്കെതിരേ പാപ്പർ നടപടി തുടങ്ങണം. ഇതായിരുന്നു കഴിഞ്ഞ ഫെബ്രുവരി 12ന് റിസർവ് ബാങ്ക് ഇറക്കിയ വിജ്ഞാപനത്തിന്‍റെ ഒരു ഭാഗം.

വലിയ ഉൗർജകന്പനികളടക്കം പണിമുടങ്ങിക്കിടക്കുന്ന കന്പനികൾക്കു വലിയ തിരിച്ചടിയായി ഇത്. ബാങ്കുകൾക്കും പ്രശ്നമായി. വായ്പ പ്രശ്നവായ്പയും പിന്നെ നിഷ്ക്രിയ വായ്പയും ആയി പ്രഖ്യാപിക്കുന്പോൾ വായ്പയിൽ നഷ്ടംവരാവുന്ന തുകയ്ക്കു തുല്യമായ തുക വകയിരുത്തണം. അതു ചെയ്യുന്പോൾ ബാങ്കുകൾ നഷ്ടത്തിലാകും. പൊതുമേഖലാ ബാങ്കുകൾക്കാണ് ഈ പ്രശ്നം കൂടുതലും. നഷ്ടം വന്നാൽ മൂലധനം കൂടുതൽ വേണം. അതു നൽകാൻ ഉടമയായ കേന്ദ്രസർക്കാരിനു പണവുമില്ല.

എങ്കിൽ ഉത്തരവ് നൽകൂ

സർക്കുലർ പിൻവലിക്കണമെന്നു ഗവണ്‍മെന്‍റ് പലവട്ടം ആവശ്യപ്പെട്ടു. ഭാവിയിൽ വലിയ കിട്ടാക്കടപ്രശ്നം ഉണ്ടാകാതിരിക്കാൻ ഇപ്പോൾ കർശനമായി ഇടപെട്ടേ മതിയാകൂ എന്നാണ് റിസർവ് ബാങ്ക് ആവർത്തിച്ചത്. സർക്കുലർ പിൻവലിക്കണമെങ്കിൽ ഗവണ്‍മെന്‍റ് തങ്ങൾക്കുള്ള സവിശേഷാധികാരം ഉപയോഗിച്ച് ഉത്തരവ് നൽകണമെന്നും ആവശ്യപ്പെട്ടു.
പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ (ത്വരിത തിരുത്തൽ നടപടി- പിസിഎ) എന്നു റിസർവ് ബാങ്ക് പേരിട്ട നടപടിയിൽ മറ്റൊരുഭാഗംകൂടി ഉണ്ടായിരുന്നു. നിശ്ചിത മാനദണ്ഡപ്രകാരമുള്ള കാര്യങ്ങൾ ഇല്ലാത്ത ബാങ്കുകൾ പുതിയ വായ്പ അനുവദിക്കുന്നതും ലാഭവീതം നൽകുന്നതും പുതിയ ശാഖകൾ തുറക്കുന്നതും വിലക്കി. 21 പൊതുമേഖലാ ബാങ്കുകളിൽ പതിനൊന്നും ഇങ്ങനെ വിലക്കിലായി.

വായ്പ കുറഞ്ഞു

ഈ വിലക്ക് ചെറുകിട വ്യവസായങ്ങൾക്കും വ്യാപാരമേഖലയ്ക്കും തിരിച്ചടിയായി. പുതിയ വായ്പകൾ കിട്ടുന്നില്ല. വായ്പാ പരിധി വർധിപ്പിക്കുന്നുമില്ല.
തെരഞ്ഞെടുപ്പ് വരുംതോറും ഗവണ്‍മെന്‍റിന് തലവേദനയാണ് ഈ വിഷയം. പലിശ കൂടിനിൽക്കുന്നു, പകുതിയിലേറെ പൊതുമേഖലാ ബാങ്കുകൾ വായ്പ നൽകുന്നുമില്ല.

നേരിട്ട് ഇടപെടുന്നു

റിസർവ് ബാങ്കിന്‍റെ ഈ നിലപാടുകളെല്ലാം ഗവണ്‍മെന്‍റിനെ ചൊടിപ്പിച്ചു. ഇതോടെയാണു റിസർവ് ബാങ്കിൽ നേരിട്ട് ഇടപെടാൻ ഗവണ്‍മെന്‍റ് തുനിഞ്ഞത്. കടുത്ത ആർഎസ്എസ് സഹചാരിയായ എസ്. ഗുരുമൂർത്തിയെയും സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്ന സതീഷ് മാറാഠെയെയും ഓഗസ്റ്റ് ആദ്യം റിസർവ് ബാങ്കിൽ പാർട്ട് ടൈം ഡയറക്ടർമാരാക്കി. സ്വദേശി ജാഗരണ്‍ മഞ്ച് കണ്‍വീനറായിരുന്നു ഗുരുമൂർത്തി.

ഒപ്പം ഡയറക്ടർ പദത്തിൽനിന്ന് നചികേത് മോറിനെ നീക്കം ചെയ്തു. രണ്ടുവർഷം കാലാവധി ബാക്കിയുണ്ടായിരുന്നപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെയാണു മോറിനെ മാറ്റിയത്.

പണത്തെച്ചൊല്ലി തർക്കം

വേറെയും വിഷയങ്ങൾ ഉണ്ടായി. റിസർവ് ബാങ്കിന്‍റെ മിച്ചം തുകയിൽനിന്നു കൂടുതൽഭാഗം കേന്ദ്രസർക്കാരിനു നൽകണമെന്നു ധനമന്ത്രാലയം ശഠിച്ചു. അതു പറ്റില്ല, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നല്ല തുക റിസർവ് ബാങ്ക് കരുതിയേ മതിയാകൂ എന്നു പട്ടേൽ നിലപാടെടുത്തു. ഏതാണ്ട് 9.63 ലക്ഷം കോടിയുണ്ട് മിച്ചംതുക. അതിൽ 3.6 കോടി വേണമെന്നാണ് സർക്കാർ ആവശ്യം.

കറൻസി അടിക്കുന്നതിനുള്ള അധികാരം റിസർവ് ബാങ്കിനുള്ളതുകൊണ്ടാണ് വലിയതുക മിച്ചമുണ്ടാകുന്നതെന്നാണു സർക്കാരിന്‍റെ മറുവാദം. ചില രാജ്യങ്ങളിൽ കറൻസി അടിപ്പിക്കുന്നതു സർക്കാരാണെന്നു ചൂണ്ടിക്കാട്ടി പരോക്ഷ ഭീഷണിയും മുഴക്കി. റിസർവ് ബാങ്കിന്‍റെ മിച്ചം ഉപയോഗിച്ച് കമ്മി കുറയ്ക്കാനുള്ള ശ്രമം അനുവദിക്കാനില്ലെന്ന നിലപാടിൽ പട്ടേൽ ഉറച്ചുനിന്നു.

ഇപ്പോൾ സർക്കാർ അൽപ്പം അയഞ്ഞിട്ടുണ്ട്. ഗവണ്‍മെന്‍റിന്‍റെ ധനകമ്മി ശരിയായ പാതയിലാണെന്നും റിസർവ് ബാങ്കിനോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്‍റ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വ്യക്തിമാക്കിയിട്ടുണ്ട്. റിസർവ് ബാങ്ക് എത്രമാത്രം മിച്ചംതുക സൂക്ഷിക്കണമെന്നതിൽ വ്യക്തമായ നിർവചനമുണ്ടാകണമെന്ന് ഗവണ്‍മെന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 19-ലെ റിസർവ് ബാങ്കിന്‍റെ ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതു മുഖ്യചർച്ചാ വിഷയമാകുമെന്നാണ് വിലയിരുത്തുന്നത്.

ബാങ്കിതര ധനകാര്യ കന്പനികൾ

മറ്റൊരു വിവാദവിഷയം ബാങ്കിതര ധനകാര്യ കന്പനി(എൻബിഎഫ്സി)കളുടേതാണ്. ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷൽ സർവീസസ് (ഐഎൽ ആൻഡ് എഫ്എസ്) എന്ന കന്പനി പാപ്പരാകുന്ന സാഹചര്യമുണ്ടായി. ഇതു ധനകാര്യ റഗുലേറ്ററായ റിസർവ് ബാങ്കിന്‍റെ നോട്ടപ്പിശകുകൊണ്ടാണെന്നു സർക്കാർ വാദിക്കുന്നു. നേരത്തേ നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 14,000 കോടി രൂപ പറ്റിച്ചപ്പോഴും റിസർവ് ബാങ്കിനെയാണ് ധനമന്ത്രാലയം കുറ്റപ്പെടുത്തിയത്. അന്നു പൊതുമേഖലാ ബാങ്കുകളുടെമേൽ തങ്ങൾക്കു വേണ്ടത്ര അധികാരമില്ലെന്നാണു പട്ടേൽ വാദിച്ചത്.

ഐഎൽ ആൻഡ് എഫ്എസ് തകർച്ചയെത്തുടർന്ന് എൻബിഎഫ്സികൾക്ക് ഉദാരമായി വായ്പയെടുക്കാവുന്ന സാഹചര്യം ഉണ്ടാക്കണമെന്നു റിസർവ് ബാങ്കിനോടു ഗവണ്‍മെന്‍റ് ആവശ്യപ്പെട്ടു. അതിനനുസരിച്ചു നീങ്ങാൻ റിസർവ് ബാങ്ക് തയാറായില്ല.

ബോർഡിൽ ഉടക്ക്

ഇങ്ങനെ വിവിധ വിഷയങ്ങൾ ചൂടായി നിൽക്കുന്പോഴാണ് അടുത്തയിടെ റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേരുന്നത്. അതിൽ ഗുരുമൂർത്തി, മറാഠെ, രേവതി അയ്യർ, സച്ചിൻ ചതുർവേദി തുടങ്ങിയ അനൗദ്യോഗിക അംഗങ്ങൾ പട്ടേലിന്‍റെ നിലപാടുകൾക്കെതിരേ കത്തിക്കയറി.

ഫെബ്രുവരി 12ലെ സർക്കുലറിനെതിരേ ആയിരുന്നു അവരുടെ രോഷപ്രകടനം. കറൻസി റദ്ദാക്കലിനെ ഉൗറ്റമായി പിന്തുണച്ചിരുന്ന ഗുരുമൂർത്തി, കറൻസി റദ്ദാക്കൽമൂലം ചെറുകിട വ്യവസായമേഖല തകർച്ചയിലായി എന്നു ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമായി. അന്നു ചർച്ച പൂർത്തിയായില്ല. നവംബർ 19-ന് ബോർഡ് വീണ്ടും ചേരും.

വേറൊരു റെഗുലേറ്റർ

ഇതിനിടെ പേമെന്‍റ് സംവിധാനങ്ങൾ (എടിഎം മുതൽ പേമെന്‍റ് ആപ്പുകളും പേടിഎം പോലുള്ള കന്പനികളും ഉൾപ്പെട്ട മേഖല) നിയന്ത്രിക്കാൻ ഒരു പ്രത്യേക റെഗുലേറ്ററെ നിയമിക്കാൻ കേന്ദ്രം നീക്കംതുടങ്ങി. റിസർവ് ബാങ്കിനു കീഴിലല്ലാതെ അത്തരമൊന്ന് ഉണ്ടാക്കുന്നതു ശരിയാകില്ലെന്ന ശക്തമായ നിലപാടിലാണു റിസർവ് ബാങ്ക്.

വിഷയത്തെപ്പറ്റി പരോക്ഷമായി സൂചിപ്പിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി സർക്കാർ നിലപാടിൽ മാറ്റമില്ലെന്നു സൂചിപ്പിച്ചു. റെഗുലേറ്റർമാർ ഭരണകൂടത്തിനു കീഴിലാണ്, പാർലമെന്‍റിനു കീഴിലാണ് ഏതു സ്ഥാനവും എന്നാണ് ജയ്റ്റ് ലി വാദിച്ചത്. ഇത്രയുമൊക്കെ ആയപ്പോഴാണ് റിസർവ് ബാങ്ക് ഗവർണർ രാജിവയ്ക്കുമോ എന്ന ചോദ്യം ഉയർന്നത്. നവംബർ 19-ലെ ബോർഡ് യോഗത്തിനുശേഷം പട്ടേൽ രാജിവച്ചേക്കുമെന്ന ഉൗഹോപോഹം വളരെ ശക്തമാണ്.

മറ്റു ഭരണഘടനാ സ്ഥാപനങ്ങൾ പലതും വരുതിയിലാക്കിയതുപോലെ റിസർവ് ബാങ്കിനെ ചൊൽപ്പടിയിലാക്കാനുള്ള ശ്രമത്തിനു ചെറുത്തുനിൽപ് മോദി പ്രതീക്ഷിച്ചതായിരുന്നില്ല.

വിവാദവകുപ്പ് (ഏഴാം വകുപ്പ്) ഇങ്ങനെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ ഏഴാം വകുപ്പ്
7(1) പൊതുതാത്പര്യത്തിന് ആവശ്യമാണെന്നു തോന്നിയാൽ, ബാങ്കിന്‍റെ ഗവർണറുമായി കൂടിയാലോചിച്ചശേഷം കേന്ദ്രഗവണ്‍മെന്‍റിന്, അതതു സമയങ്ങളിൽ (റിസർവ്) ബാങ്കിനു നിർദേശങ്ങൾ നല്കാവുന്നതാണ്.
(2) ഇതിനു വിധേയമായി ബാങ്കിന്‍റെ പൊതുവായ മേൽനോട്ടവും കാര്യങ്ങളുടെയും ബിസിനസിന്‍റെയും നടത്തിപ്പും (ബാങ്കിന്‍റെ) കേന്ദ്ര ഡയറക്ടർ ബോർഡിനെ ചുമതലപ്പെടുത്തേണ്ടതാണ്. ബാങ്ക് പ്രയോഗിക്കേണ്ട എല്ലാ അധികാരങ്ങളും പ്രയോഗിക്കുന്നതും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഈ ബോർഡാണ്.
(3) കേന്ദ്രബോർഡ് തയാറാക്കുന്ന ചട്ടങ്ങളിൽ മറ്റു രീതിയിൽ പറഞ്ഞിട്ടില്ലെങ്കിൽ ബാങ്കിന്‍റെ കാര്യങ്ങൾ നിയന്ത്രിക്കുകയും പൊതുമേൽനോട്ടം നിർവഹിക്കുകയും ബാങ്ക് പ്രയോഗിക്കേണ്ട അധികാരങ്ങൾ പ്രയോഗിക്കുകയും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നതു ബാങ്ക് ഗവർണറോ അദ്ദേഹത്തിന്‍റെ അഭാവത്തിൽ അദ്ദേഹം ചുമതലപ്പെടുത്തിയ ഡെപ്യൂട്ടി ഗവണറോ ആണ്.

റിസർവ് ബാങ്കിന് ആസ്തികൾ നാലിനം

റിസർവ് ബാങ്കിന് നാലിനം ആസ്തികളാണ് ഉള്ളത്.
1. വിദേശനാണ്യശേഖരം. ഇതു പ്രധാനമായും വിദേശരാജ്യങ്ങളുടെയും ഐഎംഎഫിന്‍റെയും കടപ്പത്രങ്ങളാണ്.
2. സ്വർണം.
3. സർക്കാരിനു നൽകിയ വായ്പ.
4. കൈവശമുള്ള മറ്റു കടപ്പത്രങ്ങളും കറൻസിയും.
ഇതിൽ സ്വർണവും വിദേ  ശനാണ്യശേഖരവും കുറയ്ക്കാൻ പറ്റില്ല. പിന്നെയുള്ളത് സർക്കാരിന്‍റെ കടപ്പത്രങ്ങൾ വാങ്ങിവച്ചിട്ടുള്ളതാണ്. അതു കുറയ്ക്കണമെങ്കിൽ സർക്കാരോ മറ്റാരെങ്കിലുമോ അതു വാങ്ങണം. 3.6 ലക്ഷം കോടിയുടെ കടപ്പത്രം വിപണിയിലിറക്കിയാൽ പെട്ടെന്നുതന്നെ രാജ്യത്ത് ധനകാര്യ പ്രതിസന്ധി ഉണ്ടാകും.
റിസർവ് ബാങ്ക് സർക്കാരിന്‍റെ മാത്രം ഉടമസ്ഥതയിലുള്ളതാണ്. അതിലിരിക്കുന്ന മിച്ചം സർക്കാരിന്‍റേതാണ്. അതു സർക്കാരിന്‍റെ ബജറ്റ് കമ്മി കുറയ്ക്കാനായി ഉപയോഗിക്കുന്പോൾ സർക്കാരിന്‍റെ ആസ്തിയിലാണ് കുറവുവരുന്നത്.

റ്റി.സി. മാത്യു