സൗരോർജ ബിസിനസിൽ ഉൗർജസ്വലതയോടെ ടോം രാജ്
സ്വന്തം സംരംഭവുമായി ബിസിനസ് ലോകത്തേക്ക് ഇറങ്ങുന്പോൾ കൂത്താട്ടുകുളം ഉപ്പഴക്കാട്ട് ടോം രാജിനുമുന്നിൽ അനുകരിക്കാൻ മാതൃകകളോ നിർദേശങ്ങൾ നൽകാൻ അനുഭവ സന്പത്തുള്ളവരോ ഉണ്ടായിരുന്നില്ല. സ്വന്തം പ്രയ്ത്നംകൊണ്ട് മുന്നേറുക എന്ന ഒരൊറ്റ വഴിമാത്രമേ ടോമിനു മുന്നിലുണ്ടായിരുന്നുള്ളു. ആ വഴിയിലൂടെ നിശ്ചയദാർഢ്യത്തോടെ നടന്നുവെന്നതിന്‍റെ തെളിവാണ് സോളസിസ് പവർ സൊലൂഷൻസ് എന്ന സംരംഭത്തിന്‍റെയും ടോം രാജ് എന്ന സംരംഭകന്‍റെയും പിന്നിലെ വിജയം.

വീടുകൾക്കും വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും സോളാർ പ്രോജക്ടുകൾ സ്ഥാപിച്ചു നൽകുന്നതാണ് എറണാകുളം ജില്ലയിലെ കാക്കനാട് ആസ്ഥനമാക്കി പ്രവർത്തിക്കുന്ന സോളസിസ് പവർ സൊലൂഷൻസിന്‍റെ പ്രധാന പ്രവർത്തനം. ഇതിനു പുറമേ സോളാർ വാട്ടർ ഹീറ്ററുകൾ, ബാറ്ററികൾ, ഇൻവേർട്ടറുകൾ/യുപിഎസുകൾ എന്നിവയും ലഭ്യമാക്കുന്നുണ്ട്.
മാർക്കറ്റിംഗ് ആൻഡ് ഫിനാൻസിൽ എംബിഎ നേടി. രണ്ടു വർഷം വിദേശത്ത് ജോലി ചെയ്തു. അപ്പോഴൊക്കെയും സ്വന്തമായൊരു സംരംഭത്തെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു. ഭാവിയിലേക്കുള്ള എന്തെങ്കിലുമായിരിക്കണം സംരംഭമായി തുടങ്ങേണ്ടതെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് സോളാറിലേക്ക് എത്തിപ്പെടുന്നത്. അത് ഒരിക്കലും തെറ്റിയില്ല എന്നു തെളിയിക്കുന്നതാണ് ഇതുവരെയുള്ള വളർച്ച.’ ടോം പറയുന്നു.

ഓണ്‍ഗ്രിഡും ഓഫ്ഗ്രിഡും ചെയ്തു നൽകും

വീടുകൾക്കാവശ്യമായ സോളാർ പ്രോജക്ടുകളാണ് കൂടുതലായും ഇവർ ചെയ്യുന്നത്. സോളാർ പ്രോജക്ടുകൾ രണ്ടു തരമുണ്ട്. ഓണ്‍ഗ്രിഡും ഓഫ്ഗ്രിഡും. ഓണ്‍ഗ്രിഡ് നേരിട്ട് കെഎസ്ഇബിയിലേക്ക് വൈദ്യുതി നൽകുന്ന രീതിയാണ്. ഇവിടെ ബാക്ക് അപിന് ബാറ്ററി വേണ്ട.
ഉത്പാദിപ്പിക്കുന്ന സൗരോർജം മുഴുവൻ ബാറ്ററിയിലേക്ക് സൂക്ഷിക്കുന്നതാണ് ഓഫ് ഗ്രിഡ് രീതി. ഇത് ഓണ്‍ഗ്രിഡ് രീതിയേക്കാൾ ചെലവേറിയതാണ്. കാരണം ബാറ്ററിക്ക് അഞ്ച്-ആറ് വർഷം വരെയെ ശേഷിയുണ്ടാകു. അതു കഴിയുന്പോൾ അത് മാറ്റി പുതിയതു വയ്ക്കണം. ബാറ്ററിക്കായി പിന്നെയും പണം മുടക്കേണ്ടി വരും. ഓഫ്ഗ്രിഡ് രീതിക്ക് ഇങ്ങനെ ഇടയ്ക്കിടക്ക് നിക്ഷേപം വേണ്ടി വരും. എന്നാൽ ഓണ്‍ഗ്രിഡാണെങ്കിൽ ഇങ്ങനെയൊരു നിക്ഷേപത്തിന്‍റെ ആവശ്യമില്ല. എല്ലാ വീട്ടിലും ഇപ്പോൾ ഇൻവേർട്ടറുകൾ ഉപയോഗിക്കുന്നുണ്ട.് അതുകൊണ്ടു തന്നെ ബാറ്ററിയുടെ ആവശ്യവും വരുന്നില്ല. സോളസിസ് രണ്ടും ചെയ്യുന്നുണ്ട്. ഓണ്‍ഗ്രിഡാണ് കൂടുതലും ചെയ്യുന്നത്. നിലിവലെ സാഹചര്യമനുസരിച്ചും ഓണ്‍ഗ്രിഡാണ് മികച്ചത്.

ദിവസം മൂന്നു കിലോ വാട്ട് സൗരോർജം ഉത്പാദിപ്പിക്കാനാവശ്യമായ ഓണ്‍ഗ്രിഡ് ഒരു യൂണിറ്റിന് രണ്ടു ലക്ഷം രൂപ മുതൽ മുകളിലേക്കാണ് ചെലവ്. ഓഫ് ഗ്രിഡാണെങ്കിൽ ഒരു കിലോ വാട്ടിന് 55,000 രൂപമുതൽ ചെലവു വരും. ഓരോ യൂണിറ്റും ഉപഭോക്താവിന്‍റെ ആവശ്യം മനസിലാക്കിയാണ് ചെയ്യുന്നത്.

ഉപഭോക്തൃ സൗഹൃദമാണ് ഓരോ പ്രോജക്ടും

തിരുവനന്തപുരം മുതൽ മലപ്പുറംവരെ നിലവിൽ ഇവർക്ക് ഉപഭോക്താക്കളുണ്ട്. ചെയ്തിരിക്കുന്നതിൽ 60 മുതൽ 70 ശതമാനത്തോളം വീടുകളാണ്. അതിൽ തന്നെ എൻആർഐ ഉപഭോക്താക്കളാണ് കൂടുതലും. അതുകൊണ്ടു തന്നെ മുഴുവൻ ഉത്തരവാദിത്തവും ഉപഭോക്താക്കൾ കന്പനിയെ ഏൽപ്പിച്ചാണ് പോകുന്നത്. ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതെ കെഎസ്ഇബിയുടെ പേപ്പർ വർക്കുകളെല്ലാം ചെയ്തു നൽകുന്നതും കന്പനിയാണ്. ബ്രാൻഡഡ് ഉത്പന്നങ്ങൾ മാത്രമാണ് ഇവർ ചെയ്യുന്നത്.

വിഗാർഡ്, എക്സൈഡ്, ബോഷ്, ഹണിവെൽ, ഹവെൽസ്, ലൂക്കർ തുടങ്ങിയവയാണ് ബ്രാൻഡുകൾ. ഉപഭോക്താക്കൾക്ക് സേവനം നൽകി തിരിച്ചുപോരുകയല്ല ഇവർ ചെയ്യുന്നത്. കൃത്യമായി ഫോളോ അപ്പ് ചെയ്യാറുണ്ട്.

സംരംഭം തുടങ്ങി ആദ്യത്തെ ആറുമാസത്തോളം മാർക്കറ്റിംഗ് പ്രതിസന്ധിയുണ്ടായിരുന്നു. പക്ഷേ, പിന്നീടത് മറികടക്കാൻ സാധിച്ചു. ഉപഭോക്താക്കളിൽ നിന്നും പറഞ്ഞു കേട്ട് എത്തുന്ന വർക്കുകളാണ് ഇപ്പോൾ ഏറെയും.’ ടോം പറയുന്നു.

കൂത്താട്ടുകുളത്തും പത്തനംതിട്ടയിൽ റാന്നിക്കടുത്ത് പെരുംപെട്ടിയിലും ഓരോ ബ്രാഞ്ചുകൾ നിലവിൽ സംരംഭത്തിനുണ്ട്. ബിസിനസ് വളർച്ചയോടൊപ്പം ബ്രാഞ്ചുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ടോം. കൂത്താട്ടുകുളം ഉപ്പഴക്കാട്ട് രാജൻ തോമസും ജെസിയുമാണ് ടോമിന്‍റെ മാതാപിതാക്കൾ. ഭാര്യ റിൻസി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു. ബിടെക് ഇലക്ട്രോണിക്സ് കഴിഞ്ഞ റിൻസിയുടെ പിന്തുണയും സംരംഭത്തിനുണ്ട്. മൂന്നു വയസുകാരി നതാനിയയാണ് മകൾ.