പഞ്ചവർഷ ബാങ്ക് ഡിപ്പോസിറ്റ്: സ്ഥിരം റിട്ടേണും നികുതിലാഭവും
പഞ്ചവർഷ ബാങ്ക് ഡിപ്പോസിറ്റ്: സ്ഥിരം റിട്ടേണും നികുതിലാഭവും
Monday, January 7, 2019 2:32 PM IST
നികുതി ലാഭിക്കുവാനും സ്ഥിരമായി റിട്ടേണ്‍ നേടാനും സഹായിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതികൾ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിക്ഷേപ പദ്ധതിയിൽ നിക്ഷേപം നടത്തുന്നവർക്ക് ആദായനികുതി വകുപ്പ് 80 സി അനുസരിച്ച് 1.5 ലക്ഷം രൂപയുള്ള നിക്ഷേപത്തിന് നികുതിയിളവു കിട്ടും. ഇതൊരു പഞ്ചവർഷ ഡിപ്പോസിറ്റ് ആണ്. ഇതിന്‍റെ പലിശ പ്രതിമാസമോ ത്രൈമാസമോ ആയി വാങ്ങാം. പുനർനിക്ഷേപം നടത്തുകയും ചെയ്യാം.
സാധാരണയായി രണ്ടുതരം നികുതിലാഭ ഡിപ്പോസിറ്റുകളാണുള്ളത്.
1. സിംഗിൾ ഹോൾഡർ ഡിപ്പോസിറ്റ്
2. ജോയിന്‍റ് ഹോൾഡർ ഡിപ്പോസിറ്റ്.

സവിശേഷതകൾ
* വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും നികുതി ലാഭ ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാം.
* ഇന്ത്യക്കാർ, വിദേശ ഇന്ത്യക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിവർക്ക് നികുതി ലാഭ പഞ്ചവർഷ എഫ്ഡിയിൽ നിക്ഷേപിക്കാം.
* ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ്.
* നിക്ഷേപത്തിന് അഞ്ചുവർഷ ലോക്ക് ഇൻ പീരിയഡ് ഉണ്ട്.
* കാലാവധിക്കു മുന്പേ പിൻവലിക്കുവാൻ സാധിക്കുകയില്ല. എന്നാൽ നിക്ഷേപകൻ മരണമടഞ്ഞാൽ നോമിനിക്ക് കാലാവധി തികഞ്ഞില്ലെങ്കിലും നിക്ഷേപം അവസാനിപ്പിക്കാം.
* ഈ നിക്ഷേപം ഈടുവച്ച് വായ്പ എടുക്കുവാൻ സാധിക്കുകയില്ല.
* കുറഞ്ഞ നിക്ഷേപം അതാതു ബാങ്കുകളാണ് നിശ്ചയിക്കുന്നത്. നൂറു രൂപ മുതൽ നിക്ഷേപം നടത്താം. കൂടിയ നിക്ഷേപം 1.5 ലക്ഷം രൂപ.
* പൊതു, സ്വകാര്യമേഖല ബാങ്കുകൾ വഴി ഇതിൽ നിക്ഷേപം നടത്താം. എന്നാൽ സഹകരണ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ തുടങ്ങിയവയിലെ നിക്ഷേപത്തിന് നികുതിയിളവു ലഭിക്കുകയില്ല.

* പോസ്റ്റോഫീസിലെ പഞ്ചവർഷം ടൈം ഡിപ്പോസിറ്റിനും നികുതിലാഭത്തിനു പരിഗണിക്കും.
* ഒരു പോസ്്റ്റോഫീസിലെ നികുതി ലാഭ സ്ഥിര നിക്ഷേപം മറ്റു പോസ്റ്റോഫീസിലേക്കു മാറ്റാം.
* സിംഗിൾ, ജോയിന്‍റ് രീതികളിൽ എഫ്ഡി തുറക്കാം.പക്ഷേ നികുതിലാഭ ഇളവു ലഭിക്കുക ആദ്യത്തെ പേരുകാരനാണ്.
* ഈ നിക്ഷേപത്തിൽനിന്നു ലഭിക്കുന്ന പലിശ നികുതിദായകൻ ഏതു ബ്രാക്കറ്റിലാണോ വരുന്നത് അതനുസരിച്ച് നികുതി നൽകണം. ടിഡിഎസും ഇതിനു ബാധകമാണ്. ഇതിന്‍റെ പലിശ പ്രതിമാസം, ത്രൈമാസം എന്ന രീതിയിൽ നൽകാം. അതു പുനർനിക്ഷേപം നടത്തുകയും ചെയ്യാം. സ്രോതസിൽ നികുതി കിഴിക്കുന്നത് ഒഴിവാക്കാൻ 60 വയസിൽ താഴെയുള്ളവർ ഫോം 15ജിയും മുതിർന്ന പൗരന്മാർ ഫോം 15 എച്ചും ബാങ്കിൽ നൽകണം.
* നോമിനേഷൻ സൗകര്യം ഇതിനുണ്ട്
* മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിനു ബാങ്കുകൾ നൽകുന്ന അധിക പലിശ നികുതിലാഭ നിക്ഷേപത്തിനും മുതിർന്ന പൗരന്മാർക്കു ലഭിക്കും.

പാൻ നൽകണം

ഫിക്സഡ് ഡിപ്പോസിറ്റ് നടത്തുന്നവർ നിശ്ചയമായും പാൻ നൽകിയിരിക്കണം. സ്ഥിര നിക്ഷേപത്തിൽനിന്നുള്ള പലിശ വരുമാനം 10000 രൂപയ്ക്കു മുകളിലാണെങ്കിൽ ബാങ്കുകൾ സ്രോതസിൽ നികുതി കിഴിക്കും. പാൻ ഉണ്ടെങ്കിൽ അതു 10 ശതമാനവും പാൻ സമർപ്പിച്ചിട്ടില്ലെങ്കിൽ അത് 20 ശതമാനവുമായിരിക്കും.

5 വർഷ ബാങ്ക് ഡിപ്പോസിറ്റ് നിരക്ക്

ബാങ്കുകൾ അഞ്ചുവർഷത്തെ നിക്ഷേപത്തിനു നൽകുന്ന പലിശനിരക്കാണ് ചുവടെ നൽകുന്നത്. നികുതി ലാഭ നിക്ഷേപത്തിനും ഇതേ നിരക്കുകള് തന്നെയാണ് ബാധകമാകുക. മുതിർന്ന പൗരന്മാർക്ക് അര ശതമാനം പലിശ കൂടുതൽ ലഭിക്കും.