തുടങ്ങാം, പുതുക്കാം ധനകാര്യ പ്ലാനുകൾ
തുടങ്ങാം, പുതുക്കാം ധനകാര്യ പ്ലാനുകൾ
Tuesday, January 22, 2019 2:34 PM IST
ജീവിതത്തിൽ ധനകാര്യ സുരക്ഷ ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. ധനകാര്യ സുരക്ഷ എല്ലാക്കാര്യത്തിലും വല്ലാത്തൊരു "സ്വാതന്ത്ര്യ’മാണ് നൽകുന്നത്. ചിലർക്കു പാരന്പര്യമായ സന്പത്തിലൂടെ ധനകാര്യ സുരക്ഷ ഉറപ്പായിരിക്കും. മറ്റു ചിലർക്ക് അതുണ്ടാക്കിയെടുക്കേണ്ടതായിട്ടുണ്ട്.

ലഭിച്ച ധനകാര്യ സുരക്ഷ നിലനിർത്താനും ലഭിക്കാത്ത സുരക്ഷ നേടിയെടുക്കാനും ധനകാര്യ ആസൂത്രണം ആവശ്യമാണ്. നല്ലൊരു പങ്ക് ആളുകളും രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നവരാണ്. എതു വിഭാഗത്തിലാണെങ്കിലും ഭാവിയിലെ ജീവിതത്തിനാവശ്യമായ കാഷ് ഫ്ളോ ലഭ്യമാക്കുന്നതിനുള്ള നിക്ഷേപമാണ് ധനകാര്യ സുരക്ഷയുടെ ആണിക്കല്ല്.

ആസ്തികൾ ഉണ്ടായിരിക്കും. അതു ജീവിതച്ചെലവിന് ആവശ്യമുള്ള കാഷ് ലഭ്യമാക്കുന്നില്ലെങ്കിൽ അതുകൊണ്ടു നമുക്കു പ്രയോജനമില്ലാതെ പോകും. സ്വർണാഭരണം അത് ആസ്തിയാണ്. അതു വിറ്റു പണമാകുന്നില്ലെങ്കിൽ അതു ഭാവിയിലേക്കുള്ള കാഷ് ലഭ്യമാക്കുന്നില്ല. താമസിക്കുന് വീട്, അല്ലെങ്കിൽ കാറ് അവയൊന്നും ഭാവി ജീവിതത്തിനാവശ്യമായ കാഷ് ഫ്ളോ നൽകുന്നില്ല.
ആസ്തിയിൽനിന്നു ജീവിതച്ചെലവിനുള്ള കാഷ് ഫ്ളോ ലഭ്യമാകണം. നിലവിലുള്ള ആസ്തികൾ അതിനു സഹായിക്കുന്നില്ലെങ്കിൽ അത്തരത്തിൽ കാഷ് ഫ്ളോ ലഭിക്കുന്ന ആസ്തികളിൽ നിക്ഷേപം നടത്തി ജീവിതച്ചെലവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ ഇത്തരം ആസ്തികളെ കാഷ് ഫ്ളോ ലഭിക്കുന്ന തരത്തിൽ മാറ്റിയെടുക്കണം. ഇതോടൊപ്പം അപ്രതീക്ഷിതമായുണ്ടാകുന്ന ധനകാര്യ ആവശ്യങ്ങളെ നിറവേറ്റാൻ സാധിക്കണം. എങ്കിൽ മാത്രമേ ധനകാര്യ സ്വാതന്ത്ര്യം ആർജിക്കുവാൻ സാധിക്കുകയുള്ളു.

ഇപ്പോൾ തുടങ്ങാം

ഇത്തരത്തിൽ ഓരോരുത്തരുടേയും മനസിലുള്ള ആഗ്രഹങ്ങൾ (വിനോദയാത്ര മുതൽ റിട്ടയർമെന്‍റ് ലക്ഷം വരെയുള്ള വൈവിധ്യമാർന്ന ആവശ്യങ്ങൾ) നിറവേറ്റാൻ സഹായിക്കുന്ന വിധത്തിൽ കാഷ് ഫ്ളോ ലഭ്യമാക്കുകയാണ് യഥാർത്ഥ ധനകാര്യ ആസൂത്രണത്തിന്‍റെ ഉദ്ദേശ്യവും ലക്ഷ്യവും. ഈ ലക്ഷ്യസാക്ഷാത്കാരത്തിൽ നിർണായക ഘടകമാണ് നല്ല റിട്ടേണ്‍ ലഭിക്കുന്ന ആസ്തികൾ സൃഷ്ടിച്ചെടുക്കുകയെന്നത്.

ചിലർക്കു ജോലിയുണ്ടാകും. നല്ല ശന്പളവുമുണ്ടാകും. എങ്കിലും ആ സ്ഥാപനത്തെ ആശ്രയിച്ചാണ് അയാളുടെ ധനകാര്യ സുരക്ഷ നിൽക്കുന്നത്. അതുകൊണ്ടുതന്നെ ധനകാര്യ സ്വാതന്ത്ര്യം നേടിയെന്നു പൂർണമായി പറയാൻ സാധിക്കുകയില്ല. ആ സ്ഥാപനത്തിനു കുഴപ്പം സംഭവിച്ചാൽ അയാളുടെ ധനകാര്യ സുരക്ഷ ഇല്ലാതാകുന്നു.

അതായത് ജീവിതച്ചെലവിന് ഉതകുന്ന കാഷ് ഫ്ളോ ലഭ്യമാകുന്ന ആസ്തികളുടെ ഉടമസ്ഥനാകുകയെന്നത് ധനകാര്യ സ്വാതന്ത്ര്യത്തിലേക്കു നയിക്കും. ഇത്തരത്തിലുള്ള ആസ്തികൾ കരസ്ഥമാക്കുന്നതിന് ധനകാര്യ ആസൂത്രണം സഹായിക്കും.
ഇതു വരെയും ധനകാര്യാസൂത്രണം നടത്തിയിട്ടില്ലെങ്കിൽ അത് ആരംഭിക്കാനുള്ള സമയമാണ് ഈ പുതുവർഷം. ധനകാര്യ ആസൂത്രണം തുടങ്ങിയവർക്കു അതു പുനരവലോകനം ചെയ്യുന്നതിനുള്ള സമയവുമാണ് പുതുവർഷം.

ലക്ഷ്യങ്ങൾ നിശ്ചയിക്കാം

ധനകാര്യ ആസൂത്രണത്തിന്‍റെ ആദ്യത്തെ ചുവടുവയ്പ്പ് ധനകാര്യ ലക്ഷ്യങ്ങൾ നിശ്ചയിക്കുകയെന്നതാണ്. ഒരു പക്ഷേ ധനകാര്യ സുരക്ഷിത യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവയ്പും ഇതുതന്നയായിരിക്കും. ലക്ഷ്യങ്ങൾ സ്പഷ്ടവും വ്യക്തവും അളക്കാവുന്നതുമാണെങ്കിൽ കാര്യങ്ങൾ എളുപ്പമായി. പ്രത്യേകിച്ചും ചെറുപ്പമാണെങ്കിൽ.
ഓരോ ലക്ഷ്യത്തിനുവേണ്ടിയും നിക്ഷേപം നടത്തുകയും അതിൽ എത്തിച്ചേരുകയും ചെയ്യാം. ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ പൂർത്തിയാക്കപ്പെടേണ്ട ലക്ഷ്യങ്ങൾ ഈ ആസൂത്രണത്തിൽ ഉൾപ്പെടുന്നു. ഒരേ സമയം നിരവധി ലക്ഷ്യങ്ങൾ ഉണ്ടാവും.

അതേപോലെ തന്നെ വരുമാനം, ജീവിതശൈലി, വ്യക്തിഗത സാഹചര്യം തുടങ്ങിയവമൂലം ഗോൾ പോസ്റ്റുകൾ പലപ്പോഴും മാറ്റിക്കൊണ്ടിരിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ധനകാര്യ ആസൂത്രണം പുനരവലോകനം ചെയ്യേണ്ടതുണ്ട്.

ഒരു വ്യക്തിയുടെ ആസ്തി ബാധ്യതകൾ കണക്കിലെടുത്തുവേണ് ധനകാര്യ പ്ലാനുകൾ തയാറാക്കാൻ. ഓരോ വ്യക്തിയേയും സംബന്ധിച്ചിടത്തോളം ധനകാര്യ ലക്ഷ്യങ്ങളുടെ മുൻഗണന വ്യത്യസ്തമായിരിക്കും.

റിട്ടയർമെന്‍റ് പ്രധാനപ്പെട്ടത്

ധനകാര്യ സ്വാതന്ത്ര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റിട്ടയർമെന്‍റ് പ്ലാനിംഗ്. റിട്ടയർമെന്‍റിന് മുന്പ് നയിച്ചിരുന്ന ജീവിതശൈലി റിട്ടയർമെന്‍റിനുശേഷവും തുടർന്നുകൊണ്ടുപോകാനുള്ള ശേഷിയാണ് ധനകാര്യ സ്വാതന്ത്ര്യം നൽകുന്നത്.

ജോലിക്കു കയറുന്ന സമയത്ത്, ചെറുപ്രായത്തിൽ റിട്ടയർമെന്‍റിനെക്കുറിച്ച് പ്ലാൻ ചെയ്യുന്നവർ വളരെക്കുറവേ ഇന്ത്യ മാഹരാജ്യത്തുള്ളു. റിട്ടയർമെന്‍റ് അടുക്കുന്പോഴാണ് അവർ അതേക്കുറിച്ച് ആലോചിക്കുന്നതുതന്നെ. ഉന്നത നിലയിൽ റിട്ടയർ ചെയ്ത് പലരുടേയും കാര്യത്തിൽപ്പോലും സ്ഥിതി വ്യത്യസ്തമല്ല. ജോലിക്കാലത്ത് റിട്ടയർമെന്‍റിന് അതിന്‍റേതായ പ്രാധാന്യം നൽകിയില്ല. അതായത് അതിനായി സന്പാദിക്കുകയും നിക്ഷേപിക്കുകയും ചെയ്തില്ല എന്നർത്ഥം.

ചെറുപ്പത്തിലെ ഇതിനായി സന്പാദ്യവും നിക്ഷേപവും ആരംഭിച്ചാൽ ആഗ്രഹങ്ങൾ ഒന്നും ബാക്കി വയ്ക്കാതെ റിട്ടയർമെന്‍റ് കാലത്തും ധനകാര്യ സ്വാതന്ത്ര്യം നിലനിർത്താൻ സാധിക്കും. ചെറിയ സന്പാദ്യവും നിക്ഷേപവും ഉപയോഗിച്ച് റിട്ടയർമെന്‍റ് കാലത്തേക്കാവശ്യമായ തുക സമാഹരിക്കുവാൻ സാധിക്കും. കാലവും ഇരട്ടപ്പെരുക്കവുമാണ് അതിനു സഹായിക്കുക.
റിട്ടയർമെന്‍റ് മാത്രമല്ല

ധനകാര്യ സ്വാതന്ത്ര്യത്തിൽ റിട്ടയർമെന്‍റ് മാത്രമല്ല വരുന്നത്. നല്ല ജോലിയിലാണെങ്കിൽ മിക്കവർക്കും സുരക്ഷ അനുഭവപ്പെടും. പക്ഷേ, ജോലിയിലെ സുരക്ഷിതത്വത്തിനു പരിധിയുണ്ട്. എപ്പോൾ വേണമെങ്കിലും മാറി മറിയാം. പണം ആവശ്യമുള്ളതിനാൽ ചിലർ ചത്തു പണിയെടുക്കും. ആസ്വദിച്ചു ജോലി ചെയ്യാൻ സാധിക്കില്ല. സന്പാദ്യം, നിക്ഷേപം എന്നിവയിലൂടെ നേടുന്ന ധനകാര്യ സ്വാതന്ത്ര്യം സമ്മർദ്ദമൊട്ടുമില്ലാതെ ജോലി ചെയ്യാൻ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും സഹായിക്കുന്നുവെന്നതാണ് വസ്തുത.
പലർക്കും ജീവിതിൽ വളരെ ഇഷ്ടമുള്ള കാര്യങ്ങളുണ്ട്. എന്നാൽ വ്യത്യസ്തമായ തൊഴിൽ ലഭിച്ചതിനാലും പണം ആവശ്യമായതിനാലും അതെല്ലാം അടക്കി വയ്ക്കുകയാണ് ചെയ്യാറ്. ധനകാര്യ സ്വാതന്ത്ര്യം ഈ ആഗ്രഹങ്ങളെ പൂർത്തീകരിക്കുവാൻ സഹായിക്കുന്നു. പണത്തിനായുള്ള സമ്മർദ്ദമില്ലെങ്കിൽ പാർട്ട് ടൈം ജോലിയിലേക്കു മാറുകയും പാഷൻ പൂർത്തീകരിക്കുകയും ചെയ്യാം.

ധനകാര്യ സ്വാതന്ത്ര്യത്തിലേക്ക് എങ്ങനെ എത്താം

എങ്ങനെ ഈ ധനകാര്യ സ്വാതന്ത്ര്യം നേടാമെന്നായിരിക്കും ഇപ്പോൾ പലരുടേയും ചിന്ത. പണം വളരെ സജീവമായ ഒന്നാണ്. ഉത്പാദന പരമായ ഒന്നാണ്. പണം ഉപയോഗിച്ചു പണം ഉണ്ടാക്കുവാൻ കഴിയും. ബുദ്ധിപൂർവം പണം നിക്ഷേപം നടത്തിയാൽ കാലം പോകുന്നതോടെ അതു വളരുന്നു. എല്ലാവർക്കും ഇത് അനുഭവമുള്ളതാണ്. സേവിംഗ്സ് ബാങ്ക് മുതൽ ഓഹരി വരെയുള്ള ആസ്തികളിലെ നിക്ഷേപം പണം വളർത്തുന്നു.

ബുദ്ധിപൂർവം പണം നിക്ഷേപിച്ചാൽ അതു വളരുന്നു. നിക്ഷേപത്തിൽനിന്നു നേടുന്ന വരുമാനം വീണ്ടും നിക്ഷേപിക്കുന്നു.അതു കൂടുതൽ പണം നേടിത്തരുന്നു. അങ്ങനെ പലിശയ്ക്കു മേൽ പലിശയും ലാഭത്തിനുമേൽ ലാഭവും ലഭിക്കുന്നു. ആദ്യത്തെ നിക്ഷേപം വളരുന്നു. ചെറിയ ഗോളമായി തുടങ്ങുന്ന മഞ്ഞുകട്ട ആ പ്രയാണത്തിൽ വലിയ ഹിമപാതമായി മാറുന്നതുപോലെ ചെറിയ നിക്ഷേപം കാലത്തിന്‍റെ തികവിൽ വൻതുകയായി മാറുന്നു.

സമയമാണ് പണമുണ്ടാക്കുന്നതിലെ മുഖ്യഘടകം. സമയം ലഭിക്കുന്തോറും പണം വളരാനുള്ള സാധ്യതയും വർധിക്കുന്നു. പണത്തിനു വളരാൻ കൂടുതൽ സമയം കൊടുത്താൽ അതു കൂടുതൽ വളരും. അതുകൊണ്ടാണ് കഴയുന്ന ചെറുപ്പത്തിലെ നിക്ഷേപം ആരംഭിക്കക്കണമെന്ന് എല്ലാവരും പറയുന്നത്.

നിക്ഷേപത്തിനു പണം വേണമെങ്കിൽ ആദ്യം സന്പാദിക്കണം. വ്യക്തികയുടേയും വരുമാനം, ലൈഫ് സ്റ്റൈൻ തുടങ്ങിയവ അനുസരിച്ച് സന്പാദിക്കാനുള്ള കഴിവും വ്യത്യസ്തമാണ്. എന്നാൽ എത്ര ചെറുതായാലും ഓരോ മാസവും സന്പാദിക്കുകയും ബുദ്ധിപൂർവം നിക്ഷേപിക്കുകയും ചെയ്താൽ കാലത്തിന്‍റെ തികവിൽ ധനകാര്യ സ്വാതന്ത്ര്യം നേടാമെന്നതിൽ സംശയം വേണ്ട.
ഉദാഹരണത്തിന് പ്രതിമാസം വെറും 2000 രൂപ വീതം 30 വർഷത്തേക്കു നിക്ഷേപിച്ചാൽ, 14 ശതമാനം വാർഷിക റിട്ടേണിൽ 1.1 കോടി രൂപയായി വളരും.

കെ. മനോജ്കുമാർ
Email: [email protected]