ഇതു സ്ഥിര നിക്ഷേപത്തിനുള്ള സമയം
ഇതു സ്ഥിര നിക്ഷേപത്തിനുള്ള   സമയം
Thursday, April 4, 2019 3:25 PM IST
റസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരി ഏഴിലെ പണ നയത്തിൽ റീപോ നിരക്ക് 6.50 ശതമാനത്തിൽ നിന്നും 6.25 ശതമാനത്തിലേക്ക് കുറച്ചിരിക്കുകയാണ്. വായ്പക്കാരെ സംബന്ധിച്ച് ഇത് നല്ല വാർത്തയാണെങ്കിലും ഇത് നിക്ഷേപകർക്ക് നൽകുന്നത് അത്ര നല്ല സൂചനകളല്ല. കാരണം നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയാനുള്ള സാധ്യതകളാണുള്ളത്. അതായത് സ്ഥിര വരുമാനം ലഭ്യമാകുന്ന നിക്ഷേപങ്ങളിൽ പ്രധാനമായും ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇനിയും ഉയരുമെന്നു കരുതികാത്തിരിക്കേണ്ടതില്ല.

റിപോ റേറ്റ് കുറയുന്പോൾ ബാങ്കുകളുടെ കോസ്റ്റ് ഓഫ് ഫണ്ടിംഗ് തീർച്ചയായും ഇടിയും. അതിനാൽ ബാങ്കുകൾ അവരുടെ നിക്ഷേപത്തിന്‍റെ പലിശ നിരക്ക് വെട്ടിക്കുറക്കുവാൻ നിർബന്ധിതരാകും. അതിനാൽ വരും ദിവസങ്ങളിൽ തീർച്ചയായും സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കിൽ ബാങ്കുകൾ കുറവു വരുത്തും. അതുകൊണ്ടു തന്നെ ഇതാണ് ബാങ്കിൽ ഉയർന്ന പലിശയിൽ പുതിയ സ്ഥിര നിക്ഷേപങ്ങൾ ആരംഭിക്കാനുള്ള സമയം.

സ്ഥിര നിക്ഷേപം തുടങ്ങാൻ താമസിക്കേണ്ട

സ്ഥിര നിക്ഷേപമെന്നത് ദീർഘ കാലത്തേക്കുള്ള നിക്ഷേപമാണ്. സന്പത്തു കാലത്ത് ആപത്തുകാലത്തേക്കായി സൂക്ഷിച്ചുവെയ്ക്കുന്ന ഒന്ന്. അതിനു പുറമെ ഏറ്റവും പരന്പരാഗതവും ഏറ്റവും സുരക്ഷിതവുമായ നിക്ഷേപ ഓപ്ഷനുമാണിത്. സന്പത്ത് ഉണ്ടാക്കാനും നികുതി ലാഭിക്കാനുമൊക്കെയായി ഏറിയ പങ്ക് ആളുകളും സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നുണ്ട്.
റിട്ടയർമെന്‍റ് ജീവിതം നയിക്കുന്നവർക്ക് സ്ഥിരമായ ഒരു വരുമാനം ആവശ്യമാണ്. അതിനാൽ റിട്ടയർമെന്‍റ് ജീവിതം നയിക്കുന്നവരാണ് പ്രധാനമായും സ്ഥിര നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശയെ ആശ്രയിച്ചു ജീവിക്കുന്നത്. അവരെയാണ് പലിശ നിരക്ക് കുറയുന്നത് കാര്യമായി ബാധിക്കുന്നത്.

ഫെബ്രുവരി ഒന്നിന് ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്ക് ഉയർത്തിയരുന്നു. ഒരു വർഷത്തെ നിക്ഷേപത്തിന് ബാങ്ക് നൽകുന്നത് 7.30 ശതമാനം പലിശയാണ്.രണ്ടു വർഷത്തെ നിക്ഷേപത്തിന് 7.50 ശതമാനവും മൂന്നു മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് 7.25 ശതമാനം പലിശയും ബാങ്ക് ലഭ്യമാക്കുന്നുണ്ട്. എസ്ബിഐ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വർഷങ്ങളിലെ നിക്ഷേപത്തിന് 6.80 ശതമാനം പലിശയാണ് നൽകുന്നത്. അഞ്ചു വർഷത്തിനു മുകളിൽ 10 വർം വരെയുള്ള നിക്ഷേപത്തിന് 6.85 ശതമാനം പലിശ നൽകുന്നുണ്ട്.

നിക്ഷേപത്തിനായി നിരവധി ഓപ്ഷനുകൾ

നിക്ഷേപകർക്കു മുന്നിൽ നിരവധി നിക്ഷേപ ഓപ്ഷനുകളാണുള്ളത്. ഏതൊക്കെ ഓപ്ഷനുണ്ടെങ്കിലും നിക്ഷേപകരുടെയെല്ലാം ലക്ഷ്യങ്ങൾ പലപ്പോഴും ഒന്നായിരിക്കും. ഉയർന്ന റിട്ടേണ്‍ ലഭിക്കണം. അധികം റിസ്ക് ഉണ്ടാകരുത്. വേഗത്തിൽ റിട്ടേണ്‍ ലഭിക്കണം. പ്രത്യേകിച്ച് ഒരു നഷ്ടവും സംഭവിക്കരുത്. അതുകൊണ്ടു തന്നെ കുറച്ചു വർഷങ്ങൾകൊണ്ട് നിക്ഷേപം ഇരട്ടിയാകുന്ന മാർഗങ്ങളിലേക്കെ നിക്ഷേപകരുടെ ശ്രദ്ധപോകു.

ഓഹരി, മ്യൂച്വൽഫണ്ട്, പെൻഷൻ സ്കീം, പിപിഎഫ്, സ്ഥിര നിക്ഷേപം, മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപങ്ങൾ, റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിവയെല്ലാം നിക്ഷേപത്തിനുള്ള മാർഗങ്ങളാണ്. ഈ നിക്ഷേപ ഓപ്ഷനുകളിൽ വിപണിയുമായി ബന്ധപ്പെട്ടതുണ്ട്, സ്ഥിര റിട്ടേണ്‍ ലഭിക്കുന്നതുമുണ്ട്. ഇവയ്ക്ക് രണ്ടിനും ആസ്തി ഉണ്ടാക്കുകയാണ് ലക്ഷ്യവും ധർമ്മവും.

വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപമാണെങ്കിൽ ഉയർന്ന റിസ്കുള്ളതും ഉയർന്ന റിട്ടേണുള്ളതുമാണ്. എന്നാൽ സ്ഥിരമായ റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപമാണെങ്കിൽ റിസ്ക് കുറവായിരിക്കും. അതിനനുസരിച്ച് റിട്ടേണും വ്യത്യാസപ്പെട്ടിരിക്കും. നിശ്ചിത ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള നിക്ഷേപമാണെങ്കിൽ എപ്പോഴും സ്ഥിര റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപമായിരിക്കും നല്ലത്. ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്തുന്പോൾ രണ്ട് ഓപ്ഷനുകളും തെരഞ്ഞെടുക്കാം.

മറ്റു നിക്ഷേപ മാർഗങ്ങൾ

ബാങ്കുകൾ നിക്ഷേപങ്ങളുടെ നിരക്ക് കുറക്കുന്പോൾ പോസറ്റോഫീസ് നിക്ഷേപങ്ങൾക്കു ലഭിക്കുന്ന പലിശ നിരക്ക് ആകർഷകമാകുന്നുണ്ട്.

ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക് ബാങ്ക് 7 ശതമാനവും അഞ്ച് വർഷത്തെ നിക്ഷേപങ്ങൾക്ക് 7.8 ശതമാനം നിരക്കിൽ പലിശ നൽകുന്പോൾ പോസ്റ്റ് ഓഫീസിലെ മാസ നിക്ഷേപങ്ങൾക്ക് 7.3 ശതമാനം നിരക്കിൽ പലിശ ലഭിക്കുന്നുണ്ട്.


സീനിയർ സിറ്റിസണ്‍ സേവിംഗ് സ്കീമിന് 8.7 ശതമാനവും സുകന്യ സമൃദ്ധി നിക്ഷേപത്തിന് 8.5 ശതമാനവും പലിശ നൽകുന്നുണ്ട്. പിപിഎഫും 8 ശതമാനം പലിശ ഒരു വർഷം നൽകുന്നുണ്ട്. പെൻഷനായ നിക്ഷേപകർക്ക് നികുതിയിൽ നിന്നും രക്ഷ നേടാനുള്ള വഴിയാണ് സ്ഥിര നിക്ഷേപങ്ങൾ. എന്നാൽ, നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകണം. അതിനാൽ നിക്ഷേപകർക്കും, പ്രധാനമായും പെൻഷൻകാർക്കും അവരുടെ നിക്ഷേപങ്ങളെ സീനിയർ സിറ്റിസണ്‍ സേവിംഗസ്് സ്കീം, പോസ്റ്റ് ഓഫീസ്, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ എന്നിവയിൽ നടത്താം. നികുതി ബാധ്യത കുറക്കാം.

കന്പനി ഡിപ്പോസിറ്റുകൾ

നിശ്ചിത കാലയളവുകളിലേക്ക് നിശ്ചിത പലിശനിരക്കിൽ കന്പനികൾ പൊതു ജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കാറുണ്ട്. ഇതിനെയാണ് കന്പനി സ്ഥിര നിക്ഷഏപം എന്നു വിളിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങൾ ( എൻബിഎഫ്സി) തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ഡിപ്പോസിറ്റ് സ്വീകരിക്കാറുണ്ട്.

ഉയർന്ന പലിശനിരക്കാണ് കന്പനി ഡിപ്പോസിറ്റിന്‍റെ ആകർഷണീയത. എട്ടു മുതൽ 11 ശതമാനം വരെയുള്ള കന്പനി ഡിപ്പോസിറ്റുകൾ ലഭ്യമാണ്.

കന്പനി നിയമമനുസരിച്ചാണ് ഡിപ്പോസിറ്റുകൾ സ്വീകരിക്കുന്നത്. എന്നാൽ അണ്‍ സെക്യുവേഡ് ആണ്. അതായത് കന്പനി പാപ്പരായാൽ നിക്ഷേപം വീണ്ടെടുക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഉയർന്ന റിസ്ക് ആണിതിന്. ഉയർന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങളാണ് കന്പനികളുടെ സ്ഥിര നിക്ഷേപ ഉപകരണങ്ങൾ.

പക്ഷേ, ശ്രദ്ധയോടെ നിക്ഷേപിച്ചാൽ ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ മെച്ചപ്പെട്ട വരുമാനം നേടാൻ സാധിക്കും.

ഉയർന്ന പലിശയുടെ ആകർഷണീയതകൊണ്ടുതന്നെ കന്പനി ഡിപ്പോസിറ്റിന്‍റെ ഓരോ വർഷം ചെല്ലുന്പോഴും ജനപ്രീതി വർധിച്ചുവരികയാണ്.

* കന്പനി എഫ്ഡിയിൽ നിക്ഷേപം നടത്തുന്നതിനു മുന്പ് കന്പനിയുടെ റേറ്റിംഗ് പരിശോധിക്കുക. ക്രിസിൽ, ഇക്ര തുടങ്ങിയ റേറ്റിംഗ് ഏജൻസികൾ കന്പനിക്കും അതിന്‍റെ ഡിപ്പോസിറ്റിനും റേറ്റിംഗ് നൽകുന്നുണ്ട്. കന്പനി ഡിപ്പോസിറ്റിന് ന്ധട്രിപ്പിൾ എ’ റേറ്റിംഗ് ലഭിച്ചിട്ടുണ്ടെങ്കിൽ താരതമ്യേന സുരക്ഷിത നിക്ഷേപമായിരിക്കും. റേറ്റിംഗ് കുറയുന്തോറും പല വിധ റിസ്കുകളും ഉയർന്നുവരുമെന്നു കരുതുക.
* കന്പനിയുടെ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തുക. കഴിഞ്ഞ കാല പ്രകടനം, കസ്റ്റമർ സർവീസ, ധനകാര്യ പ്രകടനം തുടങ്ങിയവയെല്ലാം പരിശോധിക്കും. കന്പനിയുടെ പ്രമോട്ടർമാർ, ഡയറക്ടർമാർ തുടങ്ങിയവരെക്കുറിച്ചും ഗവേഷണം നടത്തുക. ഇതുവഴി കന്പനിയെക്കുറിച്ചു പൊതുചിത്രം ലഭിക്കും.
* കുറഞ്ഞ റേറ്റിംഗ് ഉള്ള കന്പനി ഡിപ്പോസിറ്റിൽ നിക്ഷേപം നടത്തുവാൻ ഉദ്ദേശിക്കുകയാണെങ്കിൽ ചെറിയ കാലയളവിലേക്കു മാത്രം നിക്ഷേപം നടത്തുക. നല്ല ആത്മവിശ്വാസം തോന്നുന്ന കന്പനികൾ മാത്രം നിക്ഷേപം നടത്തുക.
* നിക്ഷേപം നടത്തുന്നതിനു മുന്പ് ആപ്ലിക്കേഷൻ ഫോം, കന്പനിയുടെ ധനകാര്യ പ്രസ്താവന, സ്ഥിരം നിക്ഷേപം സംബന്ധിച്ച കന്പനി നൽകിയിരിക്കുന്ന വിവരങ്ങൾ തുടങ്ങിയവ വായിച്ചു മനസിലാക്കുക.

വിവിധ സ്ഥിര നിക്ഷേപങ്ങൾ റെഗുലർ സ്ഥിര നിക്ഷേപം

* ഏഴു ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപമാണ് റെഗുലർ സ്ഥിര നിക്ഷേപം
* ഇതിന്‍റെ പലിശ നിരക്ക് നേരത്തെ നിശ്ചയിച്ചതായിരിക്കും. അത് സേവിംഗ്സ് അക്കൗണ്ടിലെ പലിശയെക്കാൾ ഉയർന്നതായിരിക്കും.

നികുതി ലാഭിക്കാനുള്ള സ്ഥിര നിക്ഷേപം

* ഒരു വർഷം ഒന്നര ലക്ഷം രൂപയുടെ നിക്ഷേപത്തിന് നികുതി ഇളവു ലഭിക്കും.
* നിക്ഷേപത്തെ അഞ്ചു വർഷത്തേക്ക് ലോക്ക് ചെയ്യും. ഈ കലാവധി പൂർത്തിയാകുന്നതുവരെ നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല.

മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപം

മുതിർന്ന പൗരന്മാർക്കായി സ്ഥിര നിക്ഷേപമുണ്ട. ഇത് 60 വയസിനു മുകളിലേക്കുള്ളവർക്കാണ് നൽകുന്നത്. മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപത്തിൽ സാധാരണ നിക്ഷേപത്തിന് ലഭിക്കുന്നതിനെക്കാൾ അൽപ്പം ഉയർന്ന പലിശ ലഭിക്കും. ഇത് ബാങ്കുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.