ബാങ്കിംഗ് സേവനങ്ങൾ കരുതലോടെ...
ബാങ്കിംഗ് സേവനങ്ങൾ കരുതലോടെ...
Monday, May 6, 2019 3:19 PM IST
മൂന്നരവർഷം. രാജ്യത്തെ ബാങ്കുകൾ രണ്ടുതരം ഫൈൻ വഴി നേടിയത് നീരവ് മോദിയും വിജയ് മല്യയും ബാങ്കുകൾക്കു നൽകേണ്ട തുകയേക്കാൾ കൂടുതൽ.

അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും എടിഎമ്മിൽനന്നു പ്രതിമാസം സൗജന്യമായി പണം പിൻവലിക്കുന്നതിനു അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ തവണ പിൻവലിച്ചതിനും ബാങ്കുകൾ പിഴയായി ഈടാക്കിയ തുകയുടെ കാര്യമാണ് പറയുന്നത്.(മല്യ വിവിധ ബാങ്കുകൾക്കു നൽകാനുള്ളത് 9000 കോടി രൂപയാണ്. നീരവ് മോദി 11300 കോടി രൂപയും). 2015 ഏപ്രിൽ മുതൽ 2018 ഓഗസ്റ്റ് വരെയുള്ള മൂന്നര വർഷക്കാലത്ത് ബാങ്കുകൾ ഈ രണ്ടു ഫൈനുകളിലായി ഇടപാടുകാരിൽനിന്ന് ഈടാക്കിയത് 10400 കോടി രൂപയാണ്.

2017-18-ൽ മാത്രം രാജ്യത്തെ 21 പൊതുമേഖല ബാങ്കുകൾ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ഇടപാടുകാരിൽനിന്ന് ഈടാക്കിയത് 5000 കോടി രൂപയാണ്. മൂന്നു മുൻനിര സ്വകാര്യ ബാങ്കുകൾ 1450 കോടി രൂപയോളം പിഴയായി നേടി. എടിഎമ്മിൽ നിന്നു കൂടുതൽ തവണ പണം എടുത്തതിന് ഈടാക്കിയത് പുറമേ...

പണമിടപാടുകൾക്ക് ബാങ്കുകളെ ആശ്രയിക്കാതിരിക്കാൻ പൊതുജനങ്ങൾക്കിന്ന് സാധ്യമാകാത്ത കാലമാണ്. നിക്ഷേപിക്കാൻ, പണമയക്കാൻ, കടമെടുക്കാൻ തുടങ്ങി നിരവധി കാര്യങ്ങൾക്കു ബാങ്കിനെ ആശ്രയിച്ചേ മതിയാകു.

ഇന്ത്യൻ സന്പദ് വ്യവസ്ഥ കാഷ് ലെസ് ആകാനുള്ള ശ്രമത്തിലും കൂടിയായതിനാൽ ഡിജിറ്റൽ ബാങ്കിംഗിന് കാര്യമായ പ്രോത്സാഹനവും ഇക്കാലത്ത് കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ബാങ്കിംഗ് പ്ലാറ്റ് ഫോമിനെ ആശ്രയിച്ചേ തീരു.

ബാങ്ക് നൽകുന്ന സേവനങ്ങളിൽ സൗജന്യമായുള്ളതുണ്ട്. പണം കൊടുക്കേണ്ടതായിട്ടുള്ളതുണ്ട്. പല സൗജന്യ സേവനങ്ങളും പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സൗജന്യമായി ബാങ്ക് തരുന്ന സേവനങ്ങളെ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ചിന്തിക്കരുത് കാരണം സൗജന്യ സേവനങ്ങൾ ബാങ്കുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. ആ പരിമിതിക്കുള്ളിൽ നിന്നും സേവനങ്ങളെ പ്രയോജനപ്പെടുത്താൻ ശ്രദ്ധിച്ചാൽ ബാങ്കിംഗ് സേവനങ്ങൾ ഒരു ഭാരമായി തോന്നില്ല. അല്ലെങ്കിൽ സർവീസ് ചാർജുകളായും പിഴയായും സാന്പത്തിക ഭാരം കൂടുകയേയുള്ളു. ബാങ്കുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഈടാക്കുന്ന ചാർജുകളും പിഴയുമാണ് ചുവടെ നൽകിയിരിക്കുന്നത്.

മിനിമം ബാലൻസ്

മിനിമം ബാലൻസ് സൂക്ഷിച്ചില്ല എങ്കിൽ എല്ലാ ബാങ്കുകളും പിഴ ഈടാക്കാറുണ്ട്. ഗ്രാമീണ മേഖല, അർധ നഗരം, നഗരം എന്നിങ്ങനെ വിവിധ മേഖലകൾക്കനുസരിച്ചാണ് പിഴ. എല്ലാ ബാങ്കുകളും ഒരേപോലെയല്ല ഈ വീഴ്ചയ്ക്ക് പിഴ ഈടാക്കുന്നത്. ഓരോ ബാങ്കിനും അവരുടേതായ മിനിമം ബാലൻസ് നിബന്ധനയും പിഴയുമുണ്ട്.

പിഴയായി ചെറിയ തുക ഈടാക്കുന്നതിനാൽ അതു ഇടപാടുകാരൻ അത്ര കാര്യമാക്കുന്നില്ല. എന്നൽ പലതുള്ളി പെരുവെള്ളം എന്നു പറഞ്ഞതുപോലെ പിഴയിനത്തിൽ ബാങ്കുകൾ ഈടാക്കുന്നത് വലിയ തുകയാണ്.

അതുകൊണ്ട് മിനിമം ബാലൻസ് എപ്പോഴും സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ പിന്നീട് പണം നിക്ഷേപിക്കുന്പോൾ അത് പിഴയിനത്തിൽ ബാങ്ക് ഈടാക്കും എന്നതോർക്കുക.

ഡെബിറ്റ് കാർഡും എ ടി എമ്മും

ഇടപാടുകാർക്ക് ബാങ്കിൽ എത്താതെ പണം പിൻവലിക്കുന്നതിനുളള സൗകര്യമാണ് എടിഎമ്മിലൂടെ ലഭ്യമാക്കിയിട്ടുളളത്. ഇതുപയോഗിക്കുന്പോഴും സൂക്ഷിച്ചില്ലെങ്കിൽ പിഴയും മറ്റു ചാർജുകളും നല്കേണ്ടതായി വരും.

സാധാരണ എസ് ബി അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്പോൾ സൗജന്യമായി ഡെബിറ്റ് കാർഡും നല്കുന്നു. ഒരു വർഷം പൂർത്തിയായശേഷം ചില ബാങ്കുകൾ വാർഷിക ഫീസ് ഈടാക്കാറുണ്ട്. 99 രൂപ മുതൽ 350 രൂപ വരെയാണ് ചാർജ്. ഈ കാർഡുകൾക്കൊപ്പം ആഡ് ഓണ്‍ കാർഡ് ( രണ്ടാം കാർഡ്) വേണമെങ്കിൽ 50 രൂപ ചാർജ് ഈടാക്കുന്നു.

കാർഡ് നഷ്ടപ്പെടുകയോ ചീത്തയാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഡ്യൂപ്ളിക്കേറ്റ് കാർഡ് ലഭിക്കുവാൻ 100-200 രൂപ നല്കണം. ഫോട്ടോ പതിച്ച കാർഡ് വേണമെങ്കിൽ 25 രൂപ കൂടി നല്കണം. ഡ്യൂപ്ളിക്കേറ്റ് പിൻ ലഭിക്കുവാൻ 25-50 രൂപ നല്കണം. എ ടി എം കാർഡ്/ പിൻ തുടങ്ങിയ കിറ്റ് സ്വീകരിക്കാതെ മടങ്ങിയാൽ 50 രൂപ അക്കൗണ്ടിൽ കുറയും. ബാലൻസ് കുറവാണെങ്കിൽ പണം പിൻവലിച്ചാൽ 20 രൂപയാണ് ചില ബാങ്കുകൾ ഈടാക്കുന്നത്.
കാർഡ് ഇഷ്യു ചെയ്ത ബാങ്കുകളുടേതല്ലാ ത്ത എ ടി എമ്മുകളിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിൽ പരിമിതിയുണ്ട്. കാഷ് പിൻവലിക്കുന്നതും ബാലൻസ് ഇൻക്വയറിയും ഉൾപ്പെടെ മാസം അഞ്ചു തവണയെ മറ്റ് എ ടി എമ്മുകളിൽ സൗജന്യമായി ഡെബിറ്റ് കാർഡ് ഉപയോഗിക്കുവാൻ കഴിയൂ. തുടർന്ന് ഇടപാടു നടത്തിയാൽ 10-25 രൂപ വരെ ചാർജ് നല്കണം. കാഷ് ഇതര ആവശ്യങ്ങൾക്ക് 5 രൂപ മുതലാണ് ചാർജ്. ചില ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 2 ശതമാനം വരെ സർവീസ് ചാർജ് നല്കേണ്ടതായി വരും.
ചുരുക്കത്തിൽ കഴിയുന്നതും കാർഡ് ഇഷ്യു ചെയ്ത ബാങ്കിന്‍റെ എ ടി എമ്മുകളിൽ നിന്നും പണമെടുക്കുക. പിൻകോഡും മറ്റും മറക്കാതിരിക്കുക.

ക്രെഡിറ്റ് കാർഡ് ചാർജുകൾ

ക്രെഡിറ്റ് കാർഡിന്‍റെ കാര്യത്തിൽ ചാർജുകൾ ഡെബിറ്റ് കാർഡിനേക്കാൾ കൂടുതലാണ്. വാർഷിക ഫീസ്, പുതുക്കാനുള്ള ഫീസ്, കണ്‍വീനിയൻസ് ഫീസ് അങ്ങനെ നിരവധി ഫീസുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ നൽകണം. ഇനി ക്രെഡിറ്റ് കാർ ഉപയോഗിച്ചുള്ള പേമെന്‍റെങ്ങാനും താമസിച്ചാൽ പിഴ ഉറപ്പ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിച്ചാൽ അ്പ്പോഴും സർവീസ് ചാർജ് നൽകണം. അതും ഓരോ സേവനദാതാക്കൾക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.


റെക്കറിംഗ് ഡെപ്പോസിറ്റ് മുടങ്ങിയാൽ

റെക്കറിംഗ് ഡെപ്പോസിറ്റിന്‍റെ അടവു മുടങ്ങിയാൽ ബാങ്കുകൾ പിഴ ഈടാക്കാറുണ്ട്. തുടർച്ചയായി മൂന്നു മാസം മുടങ്ങിയാലാണ് പിഴ ഈടാക്കുന്നത്. സർവീസ് ചാർജായി 10 രൂപയാണ് ഈടാക്കുന്നത്.

അഞ്ചു വർഷത്തിൽ താഴെയുള്ള റെക്കറിംഗ് ഡെപ്പോസിറ്റാണെങ്കിൽ 100 രൂപക്ക് 1.50 പൈസ എന്ന നിരക്കിലാണ് പിഴ ഈടാക്കുന്നത്. അഞ്ചു വർഷത്തിൽ കൂടുതലുള്ള റെക്കറിംഗ് ഡെപ്പോസിറ്റാണെങ്കിൽ 100 രൂപക്ക് 2 രൂപ വീതം പിഴ ഈടാക്കും. അതതു തീയ്യതികളിൽ തന്നെ റെക്കറിംഗ് ഡെപ്പോസിറ്റിൽ തുക നിക്ഷേപിക്കുക. പിഴ ഒഴിവാക്കുക. കാരണം പല തവണ പിഴ അടച്ചാൽ അതിന്‍റെ പലിശ അതിനു മതിയാകെ വരും. അതോടെ റെക്കറിംഗ് ഡിപ്പോസിറ്റിന്‍റെ ലക്ഷ്യം തന്നെ ഇല്ലാതാകുന്നു.

പാസ്ബുക്ക് സൂക്ഷിക്കുക

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുന്പോൾ ബാങ്ക് സൗജന്യമായി പാസ് ബുക്ക് തരുന്നു. സൗജന്യം അവിടെ തീർന്നു. ഇനി ശ്രദ്ധിച്ചില്ലെങ്കിൽ ചാർജുകൾ വന്നുകൊണ്ടിരിക്കും. പാസ് ബുക്ക് നഷ്ടപ്പെട്ടാൽ പുതിയതു കിട്ടുവാൻ ചാർജ് നല്കണം. 100 രൂപ മുതൽ 1000 രൂപ വരെയാണ് ചാർജ്. അപ്പോഴുളള ബാലൻസ് മാത്രം പ്രിന്‍റ് ചെയ്ത് ലഭിക്കുന്ന പാസ് ബുക്കിനാണ് 100 രൂപ. മുൻകാല ഇടപാടുകൾ പ്രിന്‍റ് ചെയ്യണമെങ്കിൽ ചില ബാങ്കുകൾക്ക് 100 രൂപ കൂടി നല്കണം. ചില ബാങ്കുകൾക്ക് പേജിന് 25 രൂപ നല്കണം. മറ്റു ചിലതിന് ഒരു എൻട്രിക്ക് 2 രൂപ വീതം നല്കണം. മാക്സിമം 1000 രൂപ വരെയാണ് എൻട്രി പൂർണമായും പ്രിന്‍റ് ചെയ്ത് കിട്ടുന്നതിന് നല്കേണ്ടി വരിക.

മിക്ക ബാങ്കുകളും മാസത്തിൽ ഒരുതവണയാണ് പാസ് ബുക്കിൽ പ്രിന്‍റ് ചെയ്ത് നല്കുക. കൂടുതൽ തവണ പ്രിന്‍റ് ചെയ്യിച്ചാൽ ചാർജ് നല്കേണ്ടതായി വരും. ബാങ്കിൽനിന്ന് ഡ്യൂപ്ളിക്കേറ്റ് സ്റ്റേറ്റ്മെന്‍റ് എടുക്കുവാൻ 100 രൂപ ചാർജ് നല്കണം. ഒരു വർഷം വരെ പഴക്കുമുളള ഡോക്കുമെന്‍റിന് 100 രൂപയാണ് ചാർജ് ഒരു വർഷത്തിനു മുകളിലുളള ഡോക്കുമെന്‍റുകൾക്ക് 300 രൂപ യാണ് ചാർജ്. ബാലൻസ് സർട്ടിഫിക്കറ്റിന് 50-100 രൂപ നല്കണം.

ചുരുക്കത്തിൽ പാസ്ബുക്കും സ്റ്റേറ്റ്മെന്‍റും സൂക്ഷിച്ചു വയ്ക്കുക. ബാങ്കിൽ ചെല്ലുന്പോഴൊക്കെ പാസ് ബുക്കിൽ ഇടപാട് പ്രിന്‍റ് ചെയ്യുന്ന സ്വഭാവമുണ്ടെങ്കിൽ അത് ഒഴിവാക്കുക. മാസത്തിൽ ഒരിക്കൽ മാത്രം പാസ് ബുക്ക് അപ്ഡേറ്റ് ചെയ്യുക.

ചെക്ക് ഒഴിവാക്കാം നെറ്റ് ബാങ്കിംഗ് ശീലമാക്കാം

സൗജന്യമായി ലഭിക്കുന്ന ചെക്കുബുക്കുകൾക്ക് ശേഷം അഡീഷണലായി വാങ്ങിക്കുന്ന ചെക്കിന് പണം നൽകേണ്ടതായി വരും. 20 രൂപ മുതൽ 50 രൂപവരെ ഒരോ ചെക്ക് ബുക്കിനു നൽകേണ്ടതായി വരും. ഇത് ഒഴിവാക്കാൻ നെറ്റ് ബാങ്കിംഗിനെ ആശ്രയിക്കാം. ഇവിടെ ഇടപാടുകൾ നടത്തുന്നതിന് ഇത്രയും തുക നൽകേണ്ടതായി വരില്ല.

ക്രെഡിറ്റ് കാർഡ് ബില്ലുകൾ സമയത്ത് അടയ്ക്കാം

ക്രെഡിറ്റ് കാർഡിൽ അടച്ചു തീർക്കാൻ തുക ബാക്കിയുണ്ടെങ്കിൽ അത് അടച്ചു തീർക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ 39 ശതമാനം മുതൽ 42 ശതമാനം വരെ വാർഷിക പലിശയായി നൽകേണ്ടി വരും.
ക്രെഡിറ്റ് കാർഡിന്‍റെ പരിധിയിൽക്കവിഞ്ഞ് ചെലഴിച്ചാൽ അതിന് കാർഡ് ഇഷ്യു ചെയ്തിരക്കുന്ന കന്പനി പിഴ ചുമത്തും.

ഓട്ടോ ഡെബിറ്റ് റൂട്ട് തയ്യാറാക്കാം

ഓട്ടോ മാറ്റിക്കായി അടവുകൾക്കുള്ള തുക കൃത്യമായ തീയ്യതികളിൽ അക്കൗണ്ടിൽ നിന്നും പിൻവലിക്കാനായി ഇസിഎസ് പോലുള്ള സംവിധാനങ്ങൾ ചെയ്തിടുക.

ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യാം

ജോലി മാറുന്നതിനനുസരിച്ച് പലരുടെയും ബാങ്ക് അക്കൗണ്ടുകളും മാറിക്കൊണ്ടിരിക്കും. പക്ഷേ, ആദ്യം ഉണ്ടായിരുന്ന അക്കൗണ്ട് നിലനിർത്തിക്കൊണ്ടു തന്നെയാകും പുതിയ അക്കൗണ്ടുകൾ തുറക്കുന്നത്.

പക്ഷേ, അത് ഉപയോഗിക്കുന്നില്ലല്ലോ എന്നു കരുതി സ്വസ്ഥമായി അടുത്ത അക്കൗണ്ട് ഉപയോഗിക്കാം എന്നു കരുതിയാൽ തെറ്റി. അവിടെ പണമൊന്നും ഇടാതെ കുറെ നാളുകൾക്കുശേഷം പണം കൊണ്ടുപോയി ഇട്ടാൽ അതു മുഴുവൻ മിനിമം ബാലൻസ് അതുവരെ സൂക്ഷിക്കാത്തതിന് പിടിച്ചെടുക്കും. പണം നഷ്ടപ്പെട്ടതു മിച്ചവും.

അതുകൊണ്ട് എത്ര അക്കൗണ്ടുകളുണ്ടെന്ന് പരിശോധിക്കാം. പണമില്ലാത്തതും ആവശ്യമില്ലാത്തതുമായ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാം. അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ബാങ്കുകൾ നിശ്ചിത തുക ഫീസായി ഈടാക്കും എന്നതുകൂടി ഓർമിക്കുക. അക്കൗണ്ട് തുറന്ന് ആറുമാസത്തിനുള്ളിലാണ് ക്ലോസ് ചെയ്യുന്നതെങ്കിൽ പണമൊന്നും നൽകേണ്ടതായി വരില്ല.

ബാങ്കിംഗ് ചാർജുകളും പിഴയും ഒഴിവാക്കാൻ എടിഎം ബുദ്ധിപൂർവ്വം ഉപയോഗിക്കാം
മിക്ക ബാങ്കുകളും അഞ്ചു തവണയെ സൗജന്യമായി എടിഎം ഉപയോഗിക്കാൻ അനുവദിക്കുന്നുള്ളു. അതിനുശേഷമുള്ള ഉപയോഗത്തിന് പണം നൽകേണ്ടതായി വരും. അതുകൊണ്ടു തന്നെ അടുത്ത രണ്ടാഴ്ചത്തേയ്ക്കുള്ള പണം എടുത്ത് കയ്യിൽ സൂക്ഷിക്കുക.
ബാലൻസ് എൻക്വയറി തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കാതിരിക്കുക. അഞ്ച രൂപ മുതൽ 8.50 പൈസ വരെ ഇതിനു നൽകുന്നത് ഒഴിവാക്കാം. പകരം നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പ് തുടങ്ങിയവ ഉപയോഗിക്കുക. ഇവ സൗജന്യമാണ്.