വാട്ടർ മെട്രോ ആദ്യഘട്ടം 2020 മാർച്ചിൽ
വാട്ടർ മെട്രോ  ആദ്യഘട്ടം 2020 മാർച്ചിൽ
Wednesday, October 16, 2019 4:47 PM IST
കൊച്ചിയുടെ ജലഗതാഗത മേഖലയെ ഹൈടെക് ആക്കാൻ ലക്ഷ്യമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ആവിഷ്കരിച്ച വാട്ടർ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം 2020 മാർച്ചിൽ പൂർത്തിയാകും. മഹാരാജാസ് തൈക്കൂടം മെട്രോ പാതയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കു തുടക്കംകുറിച്ചു വൈറ്റിലയിലെ വാട്ടർ മെട്രോ ഹബ്ബിന്‍റെ നിർമാണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ഒരു ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികൾക്കു പ്രയോജനകരമാകുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് നേരത്തെ തന്നെ ആരംഭം കുറിച്ചിരുന്നു. അത്യാധുനിക നിലവാരത്തിലുള്ള ശീതീകരണ സംവിധാനത്തോടെയുള്ള ബോട്ടുകളാണ് ഉപയോഗിക്കുന്നത് ഇതിന്‍റെ നിർമാണ ടെൻഡറും ഇന്നലെ കൊച്ചിൻ ഷിപ് യാർഡിന് കൈമാറി. ആദ്യഘട്ടത്തിൽ ആവശ്യമായി വരുന്ന 23 ബോട്ടുകളുടെ നിർമാണ ടെൻഡർ ആണ് കൈമാറിയത്. ആകെ 78 ബോട്ടുകളാണ് പദ്ധതിക്കായി നിർമിക്കുന്നത്.

ജർമൻ ധനകാര്യ സ്ഥാപനമായ കെഎഫ്ഡബ്ല്യുവിന്‍റെ സാന്പത്തിക സഹായത്തോടെ 747 കോടി മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 10 ദീപുകളെ ബന്ധിപ്പിച്ച് 16 റൂട്ടുകളിലായി 76 കിലോമീറ്ററാണ് സർവീസുള്ളത്. ഇതിനോടനുബന്ധിച്ച് 38 ജെട്ടികൾ നിർമിക്കും. ഇതിൽ 18 എണ്ണം ബോട്ട് ഹബുകളായിരിക്കും. ഒന്നാംഘട്ടത്തിൽ 19 ജെട്ടികളാണ് നിർമിക്കുന്നത്. ഇതിൽ വൈറ്റിലയിലെ ആദ്യ ടെർമിനലിന്‍റെ നിർമാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
ഏറ്റവും വലിയ ബോട്ട് ജെട്ടി കോംപ്ലക്സ് കെട്ടിടമാണ് വൈറ്റില മൊബൈലിറ്റി ഹബിനോട് ചേർന്ന് നിർമിക്കുന്നത്. 123 സെന്‍റ് സ്ഥലത്ത് ആധുനിക ബോട്ട് ജെട്ടിയോടൊപ്പം ബഹുനില ഷോപ്പിംഗ് കോംപ്ലക്സും ഉണ്ടാകും.

തേവരയിലും കാക്കനാട് കിൻഫ്രാ പാർക്കിനു സമീപത്തുമായി രണ്ടു ബോട്ട് യാർഡുകളും നിർമിക്കും. പൂർണമായും ശീതീകരിച്ച അൻപത് പേർക്കിരിക്കാവുന്നതും നൂറുപേർക്കിരിക്കാവുന്നതുമായ വൈദ്യുതികരിച്ച രണ്ടു തരം ബോട്ടുകളാണു വാട്ടർ മെട്രോയ്ക്കായി ഉപയോഗിക്കുന്നത്. യാർഡുകളിൽ നിന്നു വൈദ്യുതി ശേഖരിച്ചുവച്ചു ചാർജ് ചെയ്യും. ഭാവിയിൽ സൗരോർജത്തിൽ വാട്ടർ മെട്രോ പ്രവർത്തിപ്പിക്കാനും ആലോചനയുണ്ട്. കെഎഫ്ഡബ്ല്യുവിൽ നിന്നു 546 കോടിയാണ് കുറഞ്ഞ പലിശയ്ക്കു നൽകുന്നത്. സംസ്ഥാന സർക്കാർ 102 കോടി നൽകും. ഭൂമി ഏറ്റെടുക്കലിനുള്ളതാണ് 72 കോടി. ശേഷിക്കുന്നത് വിവിധ മാർഗങ്ങളിലൂടെ കണ്ടെത്തും. കെഎംആർഎലിന് കീഴിൽ രൂപീകരിക്കുന്ന ഉപകന്പനിയുടെ മേൽനോട്ടത്തിലാകും പദ്ധതിയുടെ നടത്തിപ്പ്.

ഇൻഫോപാർക്ക് മെട്രോപാത സജീവ പരിഗണനയിൽ: മന്ത്രി ഹർദീപ് സിംഗ് പുരി

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപർക്ക് വരെയുള്ള മെട്രോ പാതയുടെ നിർദേശം സജീവ പരിഗണനയിലാണെന്ന് കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഏറെ പ്രാധാന്യത്തോടെയാണ് വിഷയത്തെ കേന്ദ്ര സർക്കാർ കാണുന്നത്. പദ്ധതിക്ക് കേന്ദ്രാനുമതി നൽകുന്നത് സംബന്ധിച്ചുള്ള തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

നഗരഗതാഗത വികസനം ഏറെ ദുർഘടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം കടന്നുപോകുന്നത്. ജോലിക്കും മറ്റുമായി ജനങ്ങൾ കൂടുതലായി നഗരപ്രദേശങ്ങളിലേക്ക് കുടിയേറി പാർക്കുന്നു. ഇതുമൂലം നഗര ജനസംഖ്യ വർധിക്കുകയും അതിനാനുപാതികമായി ഗതാഗത മേഖലയിൽ വികസനം കൈവരിക്കാനാകാതെ വരുന്നതുമാണ് നഗരജീവിതം ദുർഘടമായി മാറുന്നത്. 2030 ൽ നഗര ജനസംഖ്യ 600 മില്യനായി ഉയരുമെന്നാണ് കണക്കുകൾ. ഇത്തരമൊരു സാഹചര്യത്തെ നേരിടണമെങ്കിൽ സുസ്ഥിരവും സാന്പത്തികമായി മെച്ചമുള്ളതും മുലധന നിക്ഷേപമില്ലാത്തതുമായ ആധുനിക ഗതാഗത പദ്ധതികൾ വരണം. നിലവിൽ 18 നഗരങ്ങളിലായി 650 കിലോമീറ്റർ മെട്രോപാത രാജ്യത്തുണ്ട്.രാജ്യത്ത് 27 നഗരങ്ങളിലായി 873 കിലോമീറ്റർ മെട്രോ പാതയുടെ നിർമാണം നടന്നുവരികയാണ്. പുതിയ മെട്രോ നയം പ്രാബല്യത്തിലായതോടെ രണ്ടും മൂന്നും നിരയിലുള്ള നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി ലഭിക്കാൻ തടസങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.


പേട്ട-തൃപ്പൂണിത്തുറ നിർമാണം

സ്ഥലമേറ്റെടുക്കൽ ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ കുടുങ്ങിക്കിടന്ന പേട്ട-തൃപ്പൂണിത്തുറ മെട്രോ പാതയ്ക്കുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തൈക്കൂടം പാത കമ്മീഷൻ ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നര കിലോമീറ്റർ വരുന്ന പേട്ട തൃപ്പൂണിത്തുറ പാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിന് അനുബന്ധമായി കൂട്ടിച്ചേർത്ത മെട്രോ പാത എസ്എൻ ജംഗ്ഷൻ കടന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെടും വിധമാണ് നിർമിക്കുന്നത്.

പാത നിർമാണം 356 കോടി രൂപ മുടക്കിയാണ്.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത കന്പനിയായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സ്വന്തമായി നിർമാണം നടത്തുന്നു എന്ന പ്രത്യേകതയും പേട്ട-തൃപ്പൂണിത്തുറ പാതയ്ക്കുണ്ട്. കൊച്ചി മെട്രോയുടെ ഇതുവരെയുള്ള നിർമാണം ഡൽഹി മെട്രോ റെയിൽ കോർപറേഷനായിരുന്നു. കാക്കനാട്, അങ്കമാലി പാതകളുടെ നിർമാണം ഭാവിയിൽ സ്വന്തം നിലയ്ക്ക് ചെയ്യുന്നതിനുള്ള ആദ്യ പടികൂടിയാണ് തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ പാത.

തൃപ്പൂണിത്തുറ മെട്രോപാത കെഎംആർഎൽ നേരിട്ട് നിർമിക്കുമെന്ന തീരുമാനം ഏലിയാസ് ജോർജ് എംഡിയായിരുന്ന കാലത്താണ് എടുക്കുന്നത്. ഇതിനു മുന്നോടിയായിതന്നെ പേട്ടവരെയുള്ള ഒന്നാംഘട്ടം പൂർത്തിയാകുന്നതോടെ കൊച്ചി മെട്രോയുമായുള്ള കരാർ അവസാനിപ്പിക്കുമെന്ന് ഡിഎംആർസിയും പ്രഖ്യാപിച്ചിരുന്നു. എസ്എൻ ജംഗ്ഷൻവരെയുള്ള 1.2 കിലോമീറ്റർ പാതയിൽ രണ്ട് സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകളുടെ ടെൻഡർ നടപടികൾ തുടങ്ങി. സ്റ്റേഷനുകളുടെ നിർമാണത്തിന് ഫ്രഞ്ച് ധനകാര്യ ഏജൻസിയായ എഎഫ്ഡി 189 കോടി വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്റ്റേഷനുകൾ മോടിപിടിപ്പിക്കാനാകും ഈ പണം വിനിയോഗിക്കുക. പാണംകുട്ടി പുഴയ്ക്കുമേലെയുള്ള പാലവും മെട്രോയുടെ ഭാഗമായി പുനർനിർമിക്കും.

പദ്ധതിക്കായി 4.75 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഇതിന്‍റെ നടപടികൾ പൂർത്തിയായി വരുന്നു. മെട്രോ സ്റ്റേഷനുകൾക്ക് മാത്രമായി രണ്ടേക്കർ സ്ഥലം വേണം.

വടക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ എന്നീ രണ്ടു സ്റ്റേഷനുകൾ ഉൾപ്പട്ട പാതയിൽ കടകളും വീടുകളും ഉൾപ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. രണ്ട് വർഷത്തിനുള്ളിൽ തൃപ്പൂണിത്തുറ പാതയുടെ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.