80 സി കിഴിവിനായി ELSS
Tuesday, March 24, 2020 12:44 PM IST
നികുതിദായകരെ സംബന്ധിച്ചിടത്തോളം 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി എത്രയാണെന്ന് കണക്കാക്കി നികുതിഭാരം കുറച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന നിക്ഷേപം തെരഞ്ഞെടുക്കേണ്ട സമയം അതിക്രമിക്കുകയാണ്. 2020 മാര്‍ച്ച് 31-ന് അകം നടപ്പുവര്‍ഷത്തെ നികുതി ലാഭ നിക്ഷേപങ്ങള്‍ നടത്തിയിരിക്കണം.
നികുതി ബാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന നിക്ഷേപങ്ങളുടെ ഗുണവും ദോഷവും ശരിയായ രീതിയില്‍ വിശകലനം ചെയ്ത് മികച്ച നിക്ഷേപം ഏതാണെന്ന് ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കുക എന്നതാണ് ഏതൊരു നികുതിദായകന്‍റെയും മുന്നിലുള്ള വെല്ലുവിളി. നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസൃതമായി നികുതിഭാരം കുറയ്ക്കാം എന്നതിലുമുപരി ഇത്തരം നിക്ഷേപങ്ങള്‍ മികച്ച റിട്ടേണ്‍ കൂടി നല്‍കാന്‍ കഴിവുള്ളതാണോയെന്നു ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.
ആദായനികുതി നിയമത്തിലെ ഏറ്റവും ജനകീയ വകുപ്പായ 80 സി പ്രകാരം ഒന്നരലക്ഷം രൂപയുടെ നിക്ഷേപം പരമാവധി 46800 രൂപയുടെ ഇളവ് നികുതി ബില്ലില്‍ ലഭ്യമാക്കിതരുന്നു. നിലവിലെ ഉയര്‍ന്ന നികുതി സ്ലാബായ 30 ശതമാനം നിരക്കിനോടൊപ്പം 4 ശതമാനം ആരോഗ്യ വിദ്യാഭ്യാസ സെസ് കൂടെ ചേര്‍ക്കുമ്പോള്‍ ലഭ്യമാകുന്ന ഇളവാണ് താരതമ്യേന വലിയ ഒരു തുകയായ ഈ 46800 രൂപ.
ഈ ലാഭത്തോടൊപ്പം വരുമാനം ലഭിക്കുകയും വരുമാനത്തിനു നികുതി നല്‍കേണ്ടതില്ലാത്തതുമാണെങ്കില്‍ ഇത്തരം നിക്ഷേപം നല്‍കുന്ന നേട്ടം നികുതിലാഭത്തേക്കാള്‍ എത്രയോ വലിയതായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു.
പ്രധാനപ്പെട്ട 80 സി നിക്ഷേപങ്ങള്‍
പബ്ലിക് പ്രോവിഡന്‍റ് ഫണ്ട്, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് സേവിംഗ് മ്യൂച്വല്‍ ഫണ്ടുകള്‍ അഥവാ ഇഎല്‍എസ എസ്, അഞ്ചു വര്‍ഷത്തില്‍ കുറയാത്ത ബാങ്ക് സ്ഥിര നിക്ഷേപം, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ അഥവാ യൂലിപ്, നാഷണല്‍ പെന്‍ഷന്‍ സ്‌കീം മുതലായവയാണ് പ്രചാരത്തിലിരിക്കുന്ന ജനപ്രിയ 80 സി നിക്ഷേപങ്ങള്‍. ഇവ തമ്മിലുള്ള ഒരു താരതമ്യ പഠനം താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു.
ഇഎല്‍എസ്എസിനുള്ള മേന്മകള്‍
80 സി നിക്ഷേപങ്ങളില്‍ കൂടുതല്‍ പ്രചാരത്തിലിരിക്കുന്ന ഒരു നിക്ഷേപാസ്തിയാണ് ഇഎല്‍എസ്എസ് അഥവാ ടാക്‌സ് സേവിംഗ് മ്യൂച്വല്‍ ഫണ്ടുകള്‍. ഓഹരി അധിഷ്ഠിത മ്യുച്വല്‍ ഫണ്ടുകളില്‍ നടത്തുന്ന നിക്ഷേപമായതിനാല്‍ അതിന്‍റേതായ റിസ്‌ക് ഉണ്ടെങ്കിലും കൂടുതല്‍ കാലത്തേക്ക് നിക്ഷേപം നിലനിര്‍ത്തി മികച്ച റിട്ടേണ്‍ നേടാന്‍ സാധിക്കുന്നു എന്നതാണ് ഇഎല്‍എസ്എസിന്‍റെ പ്രത്യേകത. മറ്റു നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് ഇഎല്‍എസ്എസിനുള്ള സവിശേഷതകള്‍ പരിശോധിക്കാം.
1. താരതമ്യേന കുറഞ്ഞ ലോക്ക് ഇന്‍ പീരിയഡ് (നിക്ഷേപം നിലനിര്‍ത്തേണ്ട മിനിമം കാലാവധി) ആയ 3 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തേണ്ടത്. മറ്റെല്ലാ 80 സി നിക്ഷേപങ്ങള്‍ക്കും 5 വര്‍ഷമോ അതില്‍ കൂടുതലോ ആണ് ലോക്ക് ഇന്‍ പീരിയഡ്.
2. മ്യൂച്വല്‍ ഫണ്ടുകള്‍ ആയതിനാല്‍ തന്നെ പ്രതിമാസ തവണകളായി എസ്്‌ഐപി രൂപത്തിലും നിക്ഷേപം നടത്താമെന്നത് ചെറിയ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. ഉദാഹരണത്തിന് പ്രതിമാസം 5000 രൂപ വീതമുള്ള എസ്‌ഐപി നിക്ഷേപം അഞ്ചു മാസംകൊണ്ട് 60,000 രൂപയുടെ ആകെ നിക്ഷേപമാവുന്നു. ഇതേ തുക 20 ശതമാനം നിരക്കില്‍ നികുതി അടയ്‌ക്കേണ്ടതായ വ്യക്തിക്ക് 12,000 രൂപയുടെ ടാക്‌സ് ഇളവാണ് നില്‍കുന്നത്. ഇഎല്‍എസ്എസില്‍ നടത്തിയ 60,000 രൂപയുടെ നിക്ഷേപം മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മികച്ച മൂലധന നേട്ടവും നല്‍കുമെന്നത് പ്രത്യേകം ഓര്‍ക്കുക.
3. ഇഎല്‍എസ്എസ് മൂലധന വളര്‍ച്ചയ്ക്ക് പുറമേ ലാഭവിഹിതത്തിന്‍റെ രൂപത്തിലും നിക്ഷേപകര്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നു.
4. മുന്‍പു സൂചിപ്പിച്ചപോലെ തെരഞ്ഞെടുത്ത ഓഹരികളിലാണ് ഇ.എല്‍എസ്.എസ്. വഴി നിക്ഷേപം നടക്കുന്നത്. വിദഗ്ധരായ ഫണ്ടുമാനേജര്‍മാരാണ് നിക്ഷേപത്തിനായിലുള്ള ഓഹരികള്‍ തെരഞ്ഞെടുക്കുന്നത്. മികച്ച കമ്പനികളുടെ ഓഹരികളില്‍ നടത്തപ്പെടുന്ന നിക്ഷേപം മികച്ച റിട്ടേണ്‍ നേടിക്കൊടുക്കാനും നിക്ഷേപകരെ സഹായിക്കുന്നു.
5. സാമ്പത്തിക ലക്ഷ്യങ്ങള്‍ സമയബന്ധിതമായി കൈവരിക്കാന്‍ ഓഹരി നിക്ഷേപം വ്യക്തികളെ സഹായിക്കുന്നു. മൂന്നു വര്‍ഷത്തിനും മുകളില്‍ കാലാവധിവച്ച് മികച്ച ഓഹരികളിലായി ഇഎല്‍എസ്എസില്‍ നടത്തുന്ന നിക്ഷേപം മറ്റു മാര്‍ഗങ്ങളെ അപേക്ഷിച്ച് മികച്ച റിട്ടേണ്‍ നല്‍കാന്‍ കഴിവുള്ളവയായതിനാല്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുവാനായി നിക്ഷേപകര്‍ക്ക് ആശ്രയിക്കാവുന്നതാണ്.
മികച്ച പ്രകടനം നടത്തിവരുന്ന ഏതാനും ചില ഇ.എല്‍.എസ്.എസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു. ഒരു ലക്ഷം രൂപ വീതം വിവിധ സ്‌കീമുകളില്‍ നിക്ഷേപം നടത്തിയിരുന്നെങ്കില്‍ വിവിധ കാലായളവുകളില്‍ നിക്ഷേപകന് ലഭ്യമായേക്കാവുന്ന റിട്ടേണ്‍ എത്രയാണെന്നും പട്ടികയില്‍ കാണാം.
മുന്‍പു പരാമര്‍ശിച്ചതുപോലെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരിയധിഷ്ഠിത മ്യുച്വല്‍ ഫണ്ട് സ്‌കീമുകള്‍ മികച്ച റിട്ടേണ്‍ നല്‍കി വരുന്നുവെന്നത് പട്ടികയില്‍ വ്യക്തമാണ്. ഇഎല്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായ റിട്ടേണിനൊപ്പം 80 സി പ്രകാരമുള്ള നികുതിയിളവും നിക്ഷേപകന് ലഭ്യമാക്കാമെന്നുള്ളതാണ് എടുത്തു പറയേണ്ട സവിശേഷത.
-കെ.സി. ജീവന്‍കുമാര്‍