ഫാഷൻ ഡിസൈനർമാരേ...ഇതിലേ...
എന്തിനും ഏതിനും ആപ്ലിക്കേഷനുകളുള്ള കാലത്ത് മൊബൈലിൽ മെമ്മറി തികയുമോ എന്നായിരിക്കും ഏറ്റവും വലിയ ആശങ്ക. ഈ ലക്കത്തിൽ പുതിയ കുറച്ച് ആപ്ലിക്കേഷനുകൾ നമുക്ക് പരിചയപ്പെടാം. ഫാഷൻ ഡിസൈനിംഗ് പ്രഫഷണലുകൾക്കുവേണ്ടിയാണ് ഈ ആപ്പുകൾ. ജോലി കൂടുതൽ എളുപ്പത്തിലാക്കാൻ സഹായിക്കുന്നവയാണ് ഇവ. എല്ലാം ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

കളർസ്നാപ്

വർണങ്ങളുടെ ലോകമാണല്ലോ ഫാഷൻ ഡിസൈനിംഗ്. പുതിയ നിറങ്ങളും കളർ സ്കീമുകളും കണ്ടെത്താൻ ഡിസൈനർമാരെ സഹായിക്കും ഈ ആപ്ലിക്കേഷൻ. മാച്ചിംഗ് കളറുകൾ തെരഞ്ഞെടുക്കൽ, ഇതുമായി ബന്ധപ്പെട്ട നിർദേങ്ങൾ നൽകൽ തുടങ്ങിയവ കളർ സ്നാപ് ചെയ്യും.

സ്മാർട്ട് റൂളർ

അളവെടുക്കുക എന്നത് ഒരു ഫാഷൻ ഡിസൈനറെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള കാര്യമാണല്ലോ. ഇൻബിൽറ്റ് റൂളറുമായാണ് സ്മാർട്ട് റൂളർ ആപ്പ് വരുന്നത്. അത്യാവശ്യ ജോലികൾ ചെയ്യുന്ന സമയത്ത് ഇനി ടേപ്പോ വുഡൻ റൂളറോ എടുക്കാൻ മറന്നുപോയാലും പ്രശ്നമില്ല, ഈ ആപ്പ് ഉണ്ടായാൽ മതി.

സ്കെച്ച്ബുക്ക് എക്സ്പ്രസ്

മൊബൈലുകളിലേതിനെക്കാൾ ആൻഡ്രോയ്ഡ് ടാബുകളിൽ വളരെ നന്നായി പ്രവർത്തിക്കുന്ന ആപ്പാണിത്. മിക്കപ്പോഴും പുതിയ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ രേഖാചിത്രങ്ങൾ വരയ്ക്കേണ്ടിവരും. ഇതൊരു പ്രഫഷണൽ ഡ്രോയിംഗ്, പെയിന്റിംഗ് ആപ്ലിക്കേഷനാണ്. വിവിധയിനം സ്കെച്ചിംഗ് ടൂളുകളുണ്ട് ഇതിൽ. ലളിതമായ യൂസർ ഇന്റർഫേസും ഇതിലുണ്ട്.


ഫാഷൻ സ്റ്റാർ ബുട്ടീക്

ഡിസൈനർമാർക്കും ഫാഷൻപ്രേമികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആപ്പ്. ക്രിയേറ്റിവിറ്റി, ഫാഷൻ സെൻസ് എന്നിവയുള്ളവർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരിടമാണിത്. ഫാഷൻ പ്രോഡക്ട്സ് വാങ്ങാനുള്ള സൗകര്യവും ആപ്പിലൂടെ ലഭിക്കും.

ഡ്രോപ്ബോക്സ്

ഈ ക്ലൗഡ് സർവീസ് മറ്റുപല ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ടെങ്കിലും ഡിസൈനർമാർക്ക് തങ്ങളുടെ ജോലി എളുപ്പത്തിലുള്ളതാക്കാൻ വളരെ പ്രയോജനപ്രദമാണ്. തങ്ങളുടെ ഡിസൈനുകളും ഫോട്ടോ രൂപത്തിലുള്ള ആശയങ്ങളും സ്റ്റോർ ചെയ്ത് സൂക്ഷിക്കാനും മറ്റു ഡിവൈസുകളിലേക്ക് സിൻക് ചെയ്യാനും ഡ്രോപ്ബോക്സ് ഉപയോഗപ്പെടുത്താം. (തുടരും)

<യ>–മിന്നു