ആല്‍ഫി ത്രില്ലിലാണ്
ആല്‍ഫി ത്രില്ലിലാണ്
Saturday, April 21, 2018 4:07 PM IST
ചെന്നൈ ആക്‌സഞ്ചറില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ആല്‍ഫി പഞ്ഞിക്കാരന്‍ സിനിമയിലെത്തിയതു യാദൃച്ഛികമായിട്ടല്ല. മുമ്പ് ഒരു വനിതാ മാഗസിന്റെ ഫോട്ടോ ക്വീന്‍ ആയപ്പോള്‍ സിനിമ ചെയ്തുകൂടേ എന്നുചിലരൊക്കെ ആല്‍ഫിയോടു ചോദിച്ചിട്ടുണ്ട്. അങ്ങനെ അറിയാതെ ഒരാഗ്രഹം മനസില്‍ ഉണ്ടായി. പിന്നെപ്പിന്നെ കാണുന്ന സിനിമകളോട് ഇഷ്ടം വന്നുതുടങ്ങി. ക്രമേണ സിനിമ ആല്‍ഫിക്കു പാഷനായി. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യം വന്നു. ഇപ്പോള്‍ സിനിമയാണ് ആല്‍ഫിയുടെ ഏറ്റവും വലിയ പാഷന്‍. ശിക്കാരിശംഭുവില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി വേഷമി ആല്‍ഫി പഞ്ഞിക്കാരന്റെ വിശേഷങ്ങളിലേക്ക്...

സിനിമയിലേക്കുള്ള വഴി

അങ്കമാലിയിലായിരുന്നു സ്‌കൂള്‍പഠനം. അക്കാലത്തു കലാപരമായ ആക്ടിവിറ്റികളിലൊന്നും പങ്കെടുത്തിട്ടില്ല. ബിടെക്കും എംടെക്കും സേലത്തായിരുന്നു. പിന്നീടു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലികിട്ടിയപ്പോഴാണു ചെന്നൈയിലെത്തിയത്. ജോലിക്കു സമാന്തരമായി നാട്ടില്‍ ചെറിയ രീതിയില്‍ മോഡലിങ്ങ് ചെയ്തിരുന്നു, സിനിമയുടെ ഓഡിഷനുകളില്‍ പങ്കെടുത്തിരുന്നു. മധുരനാരങ്ങയുടെ ഓഡിഷനു പോയപ്പോഴാണ് സുഗീതേനെ പരിചയപ്പെട്ടത്. അന്നു സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നു. പക്ഷേ, സെലക്ടായില്ല. അതിനിടെ ജിസ്‌ജോയ് സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേയില്‍ ആസിഫ് അലിയുടെ അനിയത്തിയുടെ വേഷം ചെയ്തു. ചെറിയ വേഷം. നാലു ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. അതാണ് എന്റെ ആദ്യ സിനിമ.

ശിക്കാരിശംഭുവിലേക്ക്

ഇത്തവണ സുഗീതേന്‍ എന്നെ നേരിട്ടു വിളിക്കുകയായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികാവേഷമാണ് എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഏറെ ആവേശത്തിലായി. രണ്ടുമൂന്ന് ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ കിട്ടുമെന്നു വിചാരിക്കും, പക്ഷേ കിില്ല... അങ്ങനെയായിരുന്നു എന്റെ കാര്യങ്ങള്‍. പടം അനൗണ്‍സ് ചെയ്ത ഫങ്ഷന്‍ നടന്ന ദിവസമാണ് ഈ റോള്‍ എനിക്കു തന്നെയാണെന്ന് ഉറപ്പായത്. ഷൂിനു മുമ്പുതന്നെ സുഗീതേന്‍ എനിക്കു സ്‌ക്രിപ്റ്റ് അയച്ചുതന്നിരുന്നു.

കഥാപാത്രത്തെക്കുറിച്ച്

രേവതി എന്ന കോളജ് വിദ്യാര്‍ഥിനിയാണ് എന്റെ കഥാപാത്രം. ആ നാട്ടിലെ മെമ്പറിന്റെ മകള്‍. മണിയന്‍പിള്ള രാജു ചേനാണ് മെമ്പറായി വേഷമിട്ടിരിക്കുന്നത്. ഏറെ സാധാരണമായ ഒരു ഗ്രാമത്തില്‍ വളരുന്ന പെണ്‍കുട്ടി. കൂട്ടുകാരികള്‍ക്കൊപ്പം കോളജില്‍ പോകുന്നതും അതിനിടെ വിഷ്ണുവിന്റെ കഥാപാത്രവുമായുള്ള പ്രണയവുമൊക്കെയാണ് എന്റെ കഥാപാത്രത്തിന്റെ സഞ്ചാരവഴികള്‍. ഒരുവിധം എന്റെ കാരക്ടറുമായി എനിക്കു മാച്ച് ആയി തോന്നിയിരുന്നു രേവതി എന്ന കഥാപാത്രം.

ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു

ആദ്യമായി അഭിനയിക്കുന്നതിന്റെ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചില സ്ഥലങ്ങളിലൊക്കെ കൂടുതല്‍ ടേക്കുകളിലേക്കു പോയിരുന്നു. ആകെ 30 ദിവസം ഷൂട്ടുണ്ടായിരുന്നു. ആദ്യമായിായിരുന്നു ഇത്രയും ദിവസം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നത്. അതിന്‍േറതായ ബുദ്ധിമുട്ടുകള്‍ എനിക്കുണ്ടായിരുന്നുവെങ്കിലും കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതിനു കാര്യമായ പ്രയാസമുണ്ടായിരുന്നില്ല. ഞാന്‍ ഇതുവരെ ചെയ്യാത്ത കാര്യങ്ങള്‍ അഭിനയിക്കുന്നതിന്റെ ചെറിയ പ്രശ്‌നങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടായിരുന്നു. ഞാന്‍ എന്ന വ്യക്തി പണ്ട് എങ്ങനെയായിരുന്നു അല്ലെങ്കില്‍ എങ്ങനെ ആയിരിക്കാം എന്നു ലളിതമായി ഒന്നു മാറി ചിന്തിച്ചാല്‍ എനിക്കു കഥാപാത്രത്തിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നു.

ഡയറക്ടര്‍ സുഗീതിന്റെ പിന്തുണ

ഡയറക്ടര്‍ എന്ന രീതിയില്‍ സുഗീതേനെ എനിക്കു നേരത്തേ അറിയാമായിരുന്നു. അദ്ദേഹത്തിന് ഒരുപാട് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. പക്ഷേ, എന്നെ സെലക്ട് ചെയ്തപ്പോള്‍ത്തന്നെ സന്തോഷം തോന്നി. നമ്മളില്‍ വിശ്വാസമര്‍പ്പിച്ചാണ് സിനിമയിലേക്കു വിളിക്കുന്നത്. പക്ഷേ, പല സീനുകളിലും ടേക്കുകള്‍ കൂടിയതോടെ എനിക്കു തന്നെ വിഷമം തോന്നി. ആദ്യമായിട്ടാണല്ലോ പല കാര്യങ്ങും ചെയ്യുന്നത്. എനിക്ക് അറിയാത്ത കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞുതന്നിരുന്നു. അങ്ങനെ സിനിമയിലുടനീളം സുഗീതേന്‍ എന്നെ ഹെല്‍പ് ചെയ്തിട്ടുണ്ട്. ഞാന്‍ ഈ സിനിമയില്‍ കുറച്ചെങ്കിലും അഭിനയിച്ചിട്ടുണ്ടെങ്കില്‍ അതു സുഗീതേന്റെ കഴിവാണെന്നേ ഞാന്‍ പറയുകയുള്ളൂ.



ചാക്കോച്ചനൊപ്പമുള്ള അനുഭവങ്ങള്‍...

ചാക്കോച്ചനുമായി എനിക്ക് അധികം കോംബിനേഷന്‍ ഇല്ല. അടുത്തു വന്നു ചിരിച്ചിട്ട് നമ്മളെ ഏറെ കൂളാക്കാന്‍ ശ്രമിക്കും. എത്രയോ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ഏറെ ബഹുമാനത്തോടെയാണു കാണുന്നത്. സംസാരിക്കാന്‍ വരെ പേടിയായിരുന്നു. പക്ഷേ, വലിയ ആര്‍ട്ടിസ്റ്റ് എന്ന രീതിയിലൊന്നുമായിരുന്നില്ല ചാക്കോച്ചന്റെ പെരുമാറ്റം. വളരെ കൂളായി ഒരു ജാഡയുമില്ലാതെ വന്നു സംസാരിക്കും. വളരെ സിംപിള്‍, ഹംപിള്‍ മനുഷ്യനാണ്. അതിനാല്‍ ചാക്കോച്ചനെ എനിക്ക് ഏറെ ഇഷ്ടമായി.

സെറ്റ് അനുഭവങ്ങള്‍

മൊത്തത്തില്‍ സെറ്റ് എനിക്ക് ഏറെ ഇഷ്ടമായി. നല്ല ടീം ആയിരുന്നു. മൊത്തം ക്രൂവും നല്ല സപ്പോര്‍ട്ടായിരുന്നു. ഫൈസല്‍ അലി ആയിരുന്നു കാമറ. ചേട്ടന്റെ സിനിമാറ്റോഗ്രഫി നന്നായി എടുത്തുകാണിക്കുന്നവയാണു പാട്ടുകള്‍. കോതമംഗലം, ഭൂതത്താന്‍ കെട്ട് പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. ഇത്രയേറെ ഭംഗിയുള്ള സ്ഥലമായിരുന്നോ എന്നു സിനിമ കാണുമ്പോള്‍ നമുക്കു തോന്നിപ്പോകും. കാടിനു നടുവിലുള്ള വടാട്ടുപാറ എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം. അവിടെ കാട്ടാനയിറങ്ങും. അവിടെ ആനയെ പേടിച്ചു കമ്പിവേലി കെട്ടിയിരിക്കുകയാണ്. വൈകിട്ട് ആറരയ്ക്കുശേഷം അതിലൂടെ വൈദ്യുതി കടത്തിവിടും. ആനയിറങ്ങുന്ന സ്ഥലം ആയതിനാല്‍ എല്ലാവര്‍ക്കും അതിന്റെയൊരു പേടി ഉണ്ടായിരുന്നു. കടുവ പ്രസവിച്ചു കിടക്കുന്നതു കണ്ടതായി ചിലര്‍ പറഞ്ഞുകേട്ടിരുന്നു. ശിവദയടക്കം എല്ലാവരും ആനയെ കണ്ടു. ഓരോ ദിവസവും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഞാന്‍ മാത്രം കണ്ടില്ല. കുരങ്ങുകള്‍ ധാരാളമുണ്ടായിരുന്നു. ഷൂട്ടില്ലാത്ത ദിവസം ഫ്രണ്ട്‌സിനൊപ്പം ഇറങ്ങി നടന്നപ്പോള്‍ പാമ്പുകളെ കണ്ടിട്ടുണ്ട്. മലമ്പാമ്പ് റോഡ് ക്രോസ് ചെയ്യുന്ന ദൃശ്യം ഒരു ദിവസം സുഗീതേന്‍ അയച്ചുതന്നിരുന്നു.

വെല്ലുവിളിയായി തോന്നിയത്

ക്ലൈമാക്‌സ് സീനുകള്‍ ചലഞ്ചിംഗ് ആയിരുന്നു. അതു ചെയ്യാന്‍ കുറച്ചു ബുദ്ധിമുട്ടു തോന്നിയിരുന്നു. ഞാന്‍ വെള്ളത്തിലേക്കു വീഴുന്ന ഒരു സീനുണ്ട്. സ്റ്റണ്ട് മാസ്റ്ററുടെ നിര്‍ദേശാനുസരണമാണ് ആ സീനുകള്‍ ഷൂട്ട്് ചെയ്തത്. അതില്‍ കുറേ ടേക്കുകള്‍ പോയിുട്ടണ്ട്. വെള്ളത്തില്‍ വീണാല്‍ നനയും. അത് ഉണക്കിയിട്ടു വരണം അടുത്ത ടേക്കെടുക്കാന്‍. അങ്ങനെ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

സ്വന്തമായി ഡബ്ബിംഗും

ഞാന്‍ തന്നെയാണു രേവതിക്കു ശബ്ദം കൊടുത്തത്. ആദ്യമായി ഡബ്ബ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഞാന്‍ അങ്കമാലിക്കാരി ആയതിനാല്‍ എന്റെ സ്‌ളാങ് കുറച്ചു ഫാസ്റ്റ് ആയിട്ടണു പോകുന്നത്. അഭിനയിച്ചപ്പോഴും അങ്ങനെ ഫാസ്റ്റായിട്ടാണു പറഞ്ഞത്. അതുകൊണ്ടു ഞാന്‍തന്നെ ഡബ്ബ് ചെയ്യുന്നതാവും നല്ലതെന്ന് അവര്‍ക്കു തോന്നിക്കാണും. എന്താ, എന്തിനാന്നേ... എന്നൊക്കെത്തന്നെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. എനിക്കു ശരിക്കും അങ്കമാലി സ്റ്റൈല്‍ ഉണ്ട്. ഞാന്‍ അതു കളയാന്‍ ശ്രമിച്ചിില്ല. അതു കളയണമെന്ന് അവര്‍ പറഞ്ഞിട്ടുമില്ല.

ജോലിക്കൊപ്പം അഭിനയവും

എന്റെ അഭിനയം എങ്ങനെയുണ്ടായിരുന്നു എന്നു വിലയിരുത്തേണ്ടതു പ്രേക്ഷകരാണ്. സിനിമ തിയറ്ററിലെത്താന്‍ കാത്തിരിക്കുകയാണ്. അതിനുശേഷമേ പുതിയ പടത്തെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. സിനിമയ്ക്കുവേണ്ടി ഞാന്‍ രണ്ടുമാസം ലീവെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും ജോലിയില്‍ കയറി. എനിക്കു ജോലിയും വേണം. സിനിമയും വേണം. എന്റെ പ്രഫഷണല്‍ ലൈഫും പാഷനും ഒരുമിച്ചുകൊണ്ടുപോകാനാണു താത്പര്യം. നല്ല പ്രോജക്ടുകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. നല്ല കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമായി കാത്തിരിക്കുന്നു.

വീട്ടുവിശേഷങ്ങള്‍

അച്ഛന്‍ തോമസ് കമ്പനി ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഇപ്പോള്‍ ഫര്‍ണീച്ചര്‍ ഷോപ്പ് നടത്തുന്നു. അമ്മ മോളി അങ്കമാലി ഗവ. ആശുപത്രിയിലെ റിട്ട. ഹെഡ് നഴ്‌സ്. ചേച്ചി ദീപ സകുടുംബം കുമ്പളങ്ങിയില്‍ താമസിക്കുന്നു. ആദ്യമൊക്കെ ഫാമിലി ഒട്ടും സപ്പോര്‍ട്ട് ആയിരുന്നില്ല. ക്രമേണ ഞാന്‍ പറഞ്ഞുപറഞ്ഞ് അമ്മ സപ്പോര്‍ട്ട് ചെയ്യാന്‍തുടങ്ങി. അമ്മയാണ് എനിക്കൊപ്പം സെറ്റില്‍ വന്നിരുന്നത്. പാണ്ടൊക്കെ ഇറങ്ങിയശേഷം ആല്‍ഫി നന്നായി ചെയ്തല്ലോ എന്നൊക്കെ അഭിപ്രായം വന്നപ്പോഴാണ് ഫാമിലിയുടെ മൊത്തം സപ്പോര്‍ട്ട് കിട്ടിത്തുടങ്ങിയത്.

ടി.ജി.ബൈജുനാഥ്